മാലിന്യം തള്ളേണ്ടത് ഓടകളിലല്ല | മുഖപ്രസംഗം

എറണാകുളത്ത് കടവന്ത്രയിലെ നടപ്പാത നവീകരണത്തിന്‍റെ ഭാഗമായി ഓടകൾ തുറന്നപ്പോൾ പ്ലാസ്റ്റിക് കുപ്പികളടക്കം മാലിന്യക്കൂമ്പാരവും ചെളിയും കണ്ടെത്തിയതോടെ നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായിരിക്കുകയാണ്.
മാലിന്യം തള്ളേണ്ടത് ഓടകളിലല്ല | മുഖപ്രസംഗം

നല്ലൊരു മഴ പെയ്താൽ നഗരത്തിലെ റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ് എറണാകുളത്തു പലയിടത്തും. മാലിന്യം നിറഞ്ഞ വെള്ളമൊഴുകുന്ന തോടായി റോഡുകൾ മാറുമ്പോൾ മെട്രൊ നഗരത്തിലെത്തുന്ന ആയിരക്കണക്കിനാളുകളാണ് അതിന്‍റെ ദുരിതം അനുഭവിക്കേണ്ടിവരുന്നത്. എറണാകുളത്തു മാത്രമല്ല, സംസ്ഥാനത്തെ പല നഗരങ്ങളിലും ഇങ്ങനെ റോഡുകളിൽ വെള്ളം കെട്ടുന്ന നിലയുണ്ട്. അതിനൊരു പ്രധാന കാരണം ഹോട്ടലുകളടക്കം സ്ഥാപനങ്ങളിലെ മാലിന്യം ഓടകളിലേക്ക് ഒഴുക്കിവിടുന്നതാണ്. മാലിന്യം നിറഞ്ഞ് ഓടകൾ അടയുമ്പോൾ വെള്ളം ഒഴുകിപ്പോകാതെയാവുന്നു. കൂടെക്കൂടെ ഓടകൾ വൃത്തിയാക്കിയതു കൊണ്ടു മാത്രമായില്ല, മാലിന്യങ്ങൾ ഓടയിലേക്കു മനപ്പൂർവം തള്ളുന്നതും അവസാനിപ്പിച്ചാലേ വെള്ളക്കെട്ടു ഭീഷണിയിൽ നിന്ന് നഗരപ്രദേശങ്ങൾ മുക്തമാവൂ. റോഡരികിലുള്ള സ്ഥാപനങ്ങളിൽ നിന്ന് പൈപ്പ് വഴി ഓടകളിലേക്കു മാലിന്യം എത്തിക്കുന്നത് അതു ചെയ്യുന്നവർക്കു സൗകര്യപ്രദമായി തോന്നാം. എന്നാൽ, ഈ എളുപ്പ വിദ്യയുടെ ദോഷം അനുഭവിക്കേണ്ടിവരുന്നതു സാധാരണ ജനങ്ങളാണ്.

എറണാകുളത്ത് കടവന്ത്രയിലെ നടപ്പാത നവീകരണത്തിന്‍റെ ഭാഗമായി ഓടകൾ തുറന്നപ്പോൾ പ്ലാസ്റ്റിക് കുപ്പികളടക്കം മാലിന്യക്കൂമ്പാരവും ചെളിയും കണ്ടെത്തിയതോടെ നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായിരിക്കുകയാണ്. ഹോട്ടലുകളിൽ നിന്നും കടകളിൽ നിന്നും തള്ളിയ മാലിന്യം കുഴഞ്ഞു ചെളി പോലെയായി ഓടകളിൽ കിടക്കുന്നതാണു കണ്ടത്. പലയിടങ്ങളിലും മാലിന്യം കട്ടയായി കിടക്കുന്നുമുണ്ട്. അത് ഓടകളിൽ വെള്ളം ഒഴുകുന്നതു നിലയ്ക്കാൻ കാരണമാവുന്നതിൽ അത്ഭുതമില്ല. നേരത്തേ എം‌ജി റോഡിലെ കാനകൾ തുറന്നപ്പോഴും ഹോട്ടൽ മാലിന്യങ്ങൾ കട്ട പിടിച്ചു കിടന്ന അവസ്ഥയിൽ കണ്ടെത്തിയിരുന്നു. പല ഹോട്ടലുകളും മാലിന്യം നേരിട്ട് ഓടകളിലേക്ക് ഒഴുക്കി വിട്ടതു കണ്ടെത്തുകയും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തതാണ്. എത്രയും വേഗം മാലിന്യ നിർമാർജനത്തിനുള്ള സംവിധാനങ്ങൾ ഒരുക്കാനും ഹോട്ടലുകൾക്ക് അന്നു നഗരസഭ അധികൃതർ നിർദേശം നൽകിയിരുന്നു. എംജി റോഡിൽ മുൻപ് ഇല്ലാത്ത വിധത്തിലുള്ള വെള്ളക്കെട്ടാണു സമീപകാലത്ത് ഉണ്ടാവുന്നത്. അതിനൊരു കാരണം മാലിന്യം നിറഞ്ഞ് ഓടകൾ തടസപ്പെടുന്നതാണെന്ന് നഗരസഭാ അധികൃതർ അന്നു വ്യക്തമാക്കിയിരുന്നു. ഇതേ സ്ഥിതിവിശേഷം എറണാകുളത്തെ പല ഭാഗങ്ങളിലുമുണ്ട്.

രണ്ടു മാസം മുൻപാണ് പത്തനംതിട്ടയിൽ ഓടകളിലേക്ക് ഭക്ഷണ മാലിന്യവും ശുചിമുറി മാലിന്യവും ഒഴുക്കിവിട്ട സ്ഥാപനങ്ങൾക്കെതിരേ നഗരസഭ നടപടി സ്വീകരിച്ചത്. ഇവിടെയും സ്ഥാപനങ്ങളിൽ നിന്ന് കുഴലുകൾ സ്ഥാപിച്ചായിരുന്നു മാലിന്യം ഒഴുക്കിയിരുന്നത്. സംസ്ഥാനത്തെ പല നഗരങ്ങളിലും ഇതുപോലെ മാലിന്യം ഒഴുക്കുന്നത് നേരത്തേ പിടികൂടിയിട്ടുള്ളതാണ്. കക്കൂസ് മാലിന്യം അടക്കം ശേഖരിച്ച് തോടുകളിലും പുഴകളിലും ഓടകളിലും നിക്ഷേപിക്കുന്ന സംഘങ്ങളും പലയിടത്തുനിന്ന് പലപ്പോഴായി പിടിയിലായിട്ടുണ്ട്. കൊല്ലത്ത് അഷ്ടമുടിക്കായലിലേക്ക് മാലിന്യം ഒഴുക്കുന്ന നിരവധി പൈപ്പ് ലൈനുകൾ നഗരസഭ കണ്ടെത്തിയത് അടുത്തിടെയാണ്. വീടുകളിലെ കക്കൂസ് മാലിന്യം വരെ ഓടകൾ വഴി കായലിലേക്ക് എത്തുന്നുണ്ടെന്ന് നഗരസഭാ അധികൃതർ കണ്ടെത്തിയിരുന്നു. ആശുപത്രികളിലെ ഓപ്പറേഷൻ തീയെറ്ററുകളിൽ നിന്നുള്ള അവശിഷ്ടങ്ങളും ഓ‍ടകൾ വഴി എത്തുന്നതായി കണ്ടെത്തി.

രാത്രിയിൽ വാഹനങ്ങളിലെത്തി പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നതിനു പുറമേയാണ് ഓടകളിലൂടെ ഒഴുക്കിവിടുന്ന രീതിയും. ശുചിമുറി മാലിന്യം അടക്കം വേസ്റ്റുകൾ പുറംതള്ളാനുള്ള സ്ഥലമല്ല ഓടകൾ. ഓടകൾക്കു മുകളിലെ സ്ലാബുകളിൽ തട്ടുകടകളും മത്സ്യക്കടകളും പച്ചക്കറിക്കടകളും സ്ഥാപിക്കുന്നതു വ്യാപകമാണ്. ഇവരുടെ മാലിന്യങ്ങൾ നേരിട്ട് ഓടകളിലേക്കാണു തള്ളുന്നത്. ഇക്കൂട്ടരുടെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനു നഗരസഭ മുൻകൈ എടുത്ത് സംവിധാനങ്ങൾ ഉണ്ടാക്കുകയോ സ്ഥാപന ഉടമകൾ സ്വയം മാലിന്യ സംസ്കരണ സൗകര്യങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യുന്നതു നിർബന്ധമാവണം. മാലിന്യങ്ങൾ ഓടകളിൽ എ‍ത്താതിരിക്കാനുള്ള സംവിധാനം എങ്ങനെ ഒരുക്കണമെന്നതിൽ ഓരോ നഗരസഭയിലും ഗൗരവമായ കൂടിയാലോചനകൾ നടക്കണം. ജനപ്രതിനിധികളും ബിസിനസ് സ്ഥാപനങ്ങളുടെ‌ പ്രതിനിധികളും ചർച്ചയുടെ ഭാഗമാവണം. ഓടകളും പൊതുസ്ഥലങ്ങളും മലിനമാക്കാതിരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്.

എലിപ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങി പലവിധ സാംക്രമിക രോഗങ്ങൾ ബാധിക്കുന്നവർ സംസ്ഥാനത്തു വർധിച്ചുവരുന്നതിനുള്ള പ്രധാന കാരണവും മാലിന്യ നിർമാർജനം ഫലപ്രദമാവുന്നില്ല എന്നതാണ്. വൃത്തിയില്ലാത്ത തെരുവുകളും അടഞ്ഞ ഓടകളും കൊതുകും എലിയുമൊക്കെ പെരുകുന്നതിനാണ് ഇടവരുത്തുന്നത്. സാമൂഹിക ശുചിത്വത്തിൽ കാണിക്കുന്ന അലംഭാവം വലിയ ഭവിഷ്യത്ത് ക്ഷണിച്ചുവരുത്തും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com