ആശ്വാസം പകർന്ന് ജിഡിപി വളർച്ച

2024 ജനുവരി - മാർച്ച് ക്വാർട്ടറിൽ ഇന്ത്യ 8.4 ശതമാനം സാമ്പത്തിക വളർച്ച നേടിയിരുന്നു.
GDP growth brings relief

ആശ്വാസം പകർന്ന് ജിഡിപി വളർച്ച

Updated on

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് അമെരിക്കയുടെ 50 ശതമാനം തീരുവ നിലവിൽ വന്ന ശേഷമുള്ള സാമ്പത്തിക മേഖലയുടെ ആശങ്കകൾ നിലനിൽക്കെയാണ് മൊത്തം ആഭ്യന്തര ഉത്പാദനത്തിലെ മികച്ച നേട്ടം കാണിക്കുന്ന സൂചിക പുറത്തുവന്നിരിക്കുന്നത്. ഏപ്രിൽ- ജൂൺ കാലയളവിൽ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 7.8 ശതമാനം വളർന്നു എന്നാണു കണക്കുകൾ. കഴിഞ്ഞ അഞ്ചു ക്വാർട്ടറുകളിലെ ഏറ്റവും മികച്ച സാമ്പത്തിക വളർച്ചയാണിത്. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന പ്രമുഖ സാമ്പത്തിക വ്യവസ്ഥ എന്ന സ്ഥാനം ഈ വളർച്ച കൊണ്ട് ഇന്ത്യ നിലനിർത്തുകയാണ്. ഏപ്രിൽ-ജൂൺ കാല‍യളവിൽ ചൈനയുടെ ജിഡിപി വളർച്ച 5.2 ശതമാനവും അമെരിക്കയുടേത് 3.3 ശതമാനവും മാത്രമാണ് എന്നു കൂടി അറിയണം.

2024 ജനുവരി- മാർച്ച് ക്വാർട്ടറിൽ ഇന്ത്യ 8.4 ശതമാനം സാമ്പത്തിക വളർച്ച നേടിയിരുന്നു. അതിലേക്ക് എത്തിയിട്ടില്ലെങ്കിലും ഇപ്പോഴുണ്ടായിരിക്കുന്ന നേട്ടം യുഎസിന്‍റെ തീരുവ പ്രഹരത്തെ മറികടക്കാൻ പ്രോത്സാഹനം നൽകും. "മരിച്ച സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത് 'എന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പരിഹാസത്തിനു വളർച്ചാ കണക്കുകൾ കൊണ്ട് മറുപടി പറയാൻ ഇന്ത്യയ്ക്കു കഴിയുകയാണ്. ഈ സാമ്പത്തിക വർഷത്തെ ആദ്യ ക്വാർട്ടറിലെ വളർച്ചയ്ക്ക് കാർഷിക മേഖല മുഖ്യ പങ്കു വഹിച്ചിട്ടുണ്ടെന്നത് എടുത്തു പറയേണ്ടതാണ്. 3.7 ശതമാനം വളർച്ചയാണ് കാർഷിക മേഖലയിൽ ഉണ്ടായിരിക്കുന്നത്.

മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 1.5 ശതമാനം മാത്രമായിരുന്നു ഈ മേഖലയുടെ വളർച്ച. മാനുഫാക്ചറിങ് മേഖലയിൽ 7.7 ശതമാനം വളർച്ചയുണ്ട്. മുൻ വർഷം ഇതേ സമയത്ത് 7.6 ശതമാനമായിരുന്നു. ഈ മേഖലയിൽ കൂടുതൽ വളർച്ചയ്ക്കുള്ള അവസരങ്ങൾ ഒരുക്കേണ്ടതുണ്ട്. സാമ്പത്തിക പുരോഗതി ത്വരിതപ്പെടുത്തുന്നതിനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും മാനുഫാക്ചറിങ് മേഖലയിലെ വളർച്ച സഹായിക്കും. ആഗോള മാനുഫാക്ചറിങ് ഹബ്ബ് ആവുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിലേക്കുള്ള യാത്രയിൽ വളർച്ചാ നിരക്ക് ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്‍റെ ഉത്പന്നാധിഷ്ഠിത പ്രോത്സാഹന പദ്ധതി, മേക്ക് ഇൻ ഇന്ത്യ നയം തുടങ്ങിയവ മാനുഫാക്ചറിങ് മേഖലയുടെ വളർച്ച ലക്ഷ്യമിടുന്നതാണ്.

ഏതാനും ദിവസം മുൻപ് ഗുജറാത്തിലെ ഹൻസൽപുരിൽ മാരുതി സുസുക്കിയുടെ ആദ്യ ഇലക്‌ട്രിക് വാഹനം ഇ- വിത്താര ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത് "സ്വദേശി' ജീവമന്ത്രമാക്കാനാണ്. സ്വദേശി ഉത്പന്നങ്ങൾ മാത്രം വാങ്ങുക എന്നു തീരുമാനിച്ചാൽ അമെരിക്കയുടെ ഭീഷണിയൊക്കെ മറികടക്കാനാവും. കഴിഞ്ഞ ദിവസമാണ് ജൂലൈ മാസത്തെ രാജ്യത്തെ വ്യാവസായിക ഉത്പാദന വളർച്ചാ നിരക്കു പുറത്തുവന്നത്. 3.5 ശതമാനമാണത്. മാനുഫാക്ചറിങ് മേഖലയുടെ നല്ല പ്രകടനം ഈ നിരക്കിനു സഹായിച്ചിട്ടുണ്ട്. ജൂണിൽ 1.5 ശതമാനം മാത്രമായി ചുരുങ്ങിയ വളർച്ചയാണു വീണ്ടും ഭേദപ്പെട്ട നിലയിലേക്ക് എത്തിയിരിക്കുന്നത്.

നാലു മാസത്തിനിടയിലെ ഉയർന്ന നിരക്കാണിത്. കഴിഞ്ഞ മാർച്ചിൽ 3.9 ശതമാനം വളർച്ചയുണ്ടായിരുന്നു. ഇതു മറികടന്നുള്ള പ്രകടനം വ്യവസായ സൂചികയിൽ ഉണ്ടാവുന്നതിന് ആഭ്യന്തര ഉപയോഗം വർധിക്കേണ്ടതുണ്ട്. 2025-26ൽ 6.5 ശതമാനം സാമ്പത്തിക വളർച്ചയുണ്ടാവുമെന്നാണ് ഈ മാസം ആദ്യം റിസർവ് ബാങ്ക് പ്രവചിച്ചത്. അവരുടെ നിഗമനം അനുസരിച്ച് ആദ്യ ക്വാർട്ടറിൽ 6.5 ശതമാനവും രണ്ടാം ക്വാർട്ടറിൽ 6.7 ശതമാനവും മൂന്നാം ക്വാർട്ടറിൽ 6.6 ശതമാനവും നാലാം ക്വാർട്ടറിൽ 6.3 ശതമാനവും വളർച്ചയാണ് കണക്കുകൂട്ടുന്നത്. ഒന്നാം ക്വാർട്ടറിൽ ഏഴു ശതമാനത്തിൽ താഴെ വളർച്ചയാണ് ഭൂരിഭാഗം വിദഗ്ധരും പ്രവചിച്ചിരുന്നത്.

എന്നാൽ, ആദ്യ ക്വാർട്ടറിൽ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള വളർച്ച നേടാനായിരിക്കുന്നു എന്നതു സർക്കാരിനും ആശ്വാസം പകരുന്നുണ്ട്. അമെരിക്കയുടെ തീരുവഭീഷണി ഉയർത്തുന്ന വെല്ലുവിളികളെ കയറ്റുമതി മേഖല എങ്ങനെ മറികടക്കുമെന്നതാണ് ഇനി അറിയാനുള്ളത്. ഏറെ ശ്രദ്ധയോടെ വേണം ഈ ഭീഷണി നേരിടുന്നത്.

കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്ന് നയപരമായ ചില ഇടപെടലുകൾ പ്രതീക്ഷിക്കുന്നവരുമുണ്ട്. തൊഴിൽ വൈദഗ്ധ്യമുള്ള യുവാക്കളും മികച്ച നിക്ഷേപ, മുതൽമുടക്ക് നിരക്കുകളും ഇന്ത്യയുടെ കരുത്താണ്. ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതു പോലുള്ള നടപടികളിലൂടെ ആഭ്യന്തര ഡിമാൻഡ് കൂട്ടാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾ എന്തുമാത്രം ഫലം കാണുമെന്ന് വരുംനാളുകളിലേ അറിയാനാവൂ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com