

ഗ്രഹനില |ജ്യോത്സ്യൻ
MV Graphics
ഗ്രഹനില |ജ്യോത്സ്യൻ
അടുത്ത കാലത്ത് ശബരിമലയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ആരോപണങ്ങളും വിവാദങ്ങളും അയ്യപ്പ സ്വാമിയിൽ ഭക്തർക്കുള്ള വിശ്വാസം വർദ്ധിപ്പിച്ചിരിക്കുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പുതിയതല്ല. ഇത്തരം ആരോപണങ്ങൾ ശബരിമലയുമായി ബന്ധപ്പെട്ട് മാത്രമല്ല, ഒട്ടുമിക്ക ആരാധനാലയങ്ങളിലും തട്ടിപ്പും വെട്ടിപ്പും നടക്കുന്നുണ്ട്. ഇതെല്ലാം നിയമത്തിന് മുന്നിൽ എത്തുന്നില്ലെങ്കിലും ഇങ്ങിനെ തട്ടിച്ചെടുത്ത പണവും വളർച്ചയും ആർക്കും ശാശ്വതമാകില്ലെന്നാണ് വിശ്വാസം. രാഷ്ട്രീയ സ്വാധീനമുള്ള മുൻ പ്രസിഡന്റുമാരെയും അയപ്പൻ വറുതെ വിടുന്ന ലക്ഷണമില്ല.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ അയ്യപ്പ സംഗമം ആണ് ശബരിമല തട്ടിപ്പ് പുറത്തു വന്നതിന്റെ തുടക്കം. പത്ത് വോട്ട് അധികം കിട്ടുമെന്ന് വിചാരിച്ചാണ് ഇടതുമുന്നണി സർക്കാർ അയ്യപ്പ സംഗമത്തിന് തുടക്കം കുറിച്ചത്. ഇതിൽ തനിക്ക് വലിയ പ്രാധാന്യം നൽകിയില്ലെന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സംശയമാണ് ദ്വാരപാലക പാളികളെക്കുറിച്ചുള്ള വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഈയവും ചെമ്പും സ്വർണ്ണമാക്കുന്ന വിദ്യ ആൽക്കെമി എന്ന പേരിൽ പണ്ടുകാലത്ത് പ്രസിദ്ധമാണ്. അക്കാലത്ത് വിലകുറഞ്ഞ ലോഹങ്ങളിൽ നിന്നും വിലകൂടിയ ലോഹങ്ങൾ രാസപ്രക്രിയയിലൂടെ ഉണ്ടാക്കാനാകുമെന്ന് രസതന്ത്ര ശാസ്ത്രജ്ഞൻമാർ വിശ്വസിച്ചിരിക്കുന്നു. എന്നാൽ കാലം മറിയപ്പോൾ റിവേഴ്സ് ആൽക്കെമി വന്നിരിക്കയാണ്. അതാണ് ശബരിമലയിൽ നടന്നത്. സ്വർണ്ണപാളി ചെമ്പാകുന്നു.
ഉണ്ണിക്കൃഷ്ണൻ പോറ്റി തുടങ്ങിവെച്ച ആരോപണങ്ങൾ നൂറ്റാണ്ടുകളായി ശബരിമലയിൽ നടക്കുന്ന തട്ടിപ്പുകളാണ് പുറത്തു കൊണ്ടു വന്നിട്ടുള്ളത്. അവിടുത്തെ പ്രസാദങ്ങളായ ഉണ്ണിയപ്പം, നെയ്യ്, തേൻ എന്നിവയിൽ തുടങ്ങുന്ന തട്ടിപ്പ് അവസാനം സ്വർണ്ണ പാളികൾ വരെ എത്തിയിരിക്കുന്നു. ശബരിമലയിൽ ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ നടവരവിന് കൃത്യമായ കണക്കില്ല. ഏതായാലും കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ സത്യസന്ധരായ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നതെന്നത് ആശ്വാസകരമാണ്.
പുതിയതായി ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റ കെ.ജയകുമാറും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ പോലീസ് ഉദ്യോഗസ്ഥൻമാരും സത്യസന്ധമായി പ്രവർത്തിക്കുന്നതായിട്ടാണ് മനസ്സിലാകുന്നത്. സർക്കാരിലെ ഉന്നത ഉദ്യേഗസ്ഥരുടെ സുഹൃത്തുക്കളാണ് ഇപ്പോൾ കുറ്റാരോപിതരായി വന്നിട്ടുള്ളതെങ്കിലും നിയമത്തിന്റെ വഴിവിട്ട് ആരെയും സഹായിക്കാൻ സർക്കാർ ഒരുമ്പെടുന്നില്ല. ഉപ്പു തിന്നുന്നവർ വെള്ളം കുടിക്കും എന്നാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് പറഞ്ഞത്.
ഇപ്പോൾ നടക്കുന്നതുപോലുള്ള അന്വേഷണം ജാതിമതഭേദമന്യേ എല്ലാ തീർത്ഥാടന കേന്ദ്രങ്ങളിലേയ്ക്കും വ്യാപിപ്പിക്കേണ്ടതാണ്. പാവപ്പെട്ട വിശ്വാസികളെ വഞ്ചിക്കുന്ന സമീപനമാണ് തലപ്പത്തിരിക്കുന്ന മേലധികാരികൾക്ക് ഉള്ളതെന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ പശ്ചാതലത്തിൽ ഭക്തജനങ്ങളെ കബളിപ്പിക്കാത്ത ഒരു ഭരണസംവിധാനം ആരാധനകേന്ദ്രങ്ങളിലുണ്ടാകാൻ കെ. ജയകുമാറിനെപോലെ ജനവിശ്വാസം നേടിയ ഉദ്യോഗസ്ഥർ ദേവാലയങ്ങളുടെ തലപ്പത്ത് ഉണ്ടാകണം.
പള്ളിയോടും പള്ളിക്കാരോടും പെരുമാറുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ തറവാടിന്റെ അടിത്തറ തന്നെ തകരുമെന്നും ദൈവത്തിന്റെ സ്വത്ത് അപഹരിച്ചാൽ ശാപം കിട്ടുമെന്നും പണ്ടുള്ളവർ പറയുമായിരുന്നു. ഇക്കാര്യം ശരിവയ്ക്കുന്നതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് ജോത്സ്യൻ മനസ്സിലാക്കുന്നത്