
ഗൂഗ്ളിന്‍റെ മെഗാ എഐ ഹബ്ബ്
വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സാമ്പത്തിക പുരോഗതിക്കു നാടിനെ പ്രാപ്തമാക്കുന്നതിൽ ശ്രദ്ധാലുവായ മുഖ്യമന്ത്രിയാണ് ചന്ദ്രബാബു നായിഡു. തെലങ്കാന വിഭജിച്ചുപോകുന്നതിനു മുൻപുള്ള ആന്ധ്രപ്രദേശിന്‍റെ ഐടി മുന്നേറ്റത്തിനു മുഖ്യ പങ്കുവഹിച്ച നേതാവ് എന്ന നിലയിൽ ചന്ദ്രബാബു നായിഡു ഏറെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഹൈദരാബാദിനെ ഇന്നത്തെ നിലയിലുള്ള ടെക് നഗരമായി വികസിപ്പിച്ചതിൽ അദ്ദേഹത്തിന്‍റെ പങ്ക് വളരെ വലുതാണ്. മൈക്രോസോഫ്റ്റിനെ ഹൈദരാബാദിലേക്കു കൊണ്ടുവന്നതടക്കം എത്രയെത്ര ഐടി പദ്ധതികളാണ് ഹൈദരാബാദിൽ ചന്ദ്രബാബു നായിഡു നടപ്പാക്കിയത്. തെലങ്കാനയുടെ തലസ്ഥാന നഗരിയായ ഹൈദരാബാദ് ഇന്നു രാജ്യത്തെ പ്രധാന ഐടി ഹബ്ബുകളിൽ ഒന്നായി നിലകൊള്ളുകയാണ്. ആന്ധ്രപ്രദേശിനാവട്ടെ പുതിയ ഐടി നഗരങ്ങൾ വളർത്തിക്കൊണ്ടുവരേണ്ടിയും വന്നു. തുറമുഖ നഗരമായ വിശാഖപട്ടണം ആന്ധ്രയുടെ ഐടി നഗരമായി വളർന്നുകൊണ്ടിരിക്കുകയാണിപ്പോൾ. ചന്ദ്രബാബു നായിഡുവിന്‍റെ സർക്കാർ വിശാഖപട്ടണത്തെ ഹൈദരാബാദിനു സമാനമായി വളർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് എന്നുവേണം പറയാൻ. കേന്ദ്ര സർക്കാരിന്‍റെ കൂടി പിന്തുണയോടെ ആന്ധ്രയുടെ വികസനം അതിവേഗമാക്കി മാറ്റാൻ മുഖ്യമന്ത്രിക്കു കഴിയുമെന്ന പ്രതീക്ഷയാണു പൊതുവിലുള്ളത്.
ചന്ദ്രബാബുവും വിശാഖപട്ടണവും ഈ ദിവസങ്ങളിൽ പ്രത്യേക ശ്രദ്ധ നേടുന്നത് ഗൂഗ്‌ൾ രാജ്യത്തെ ഏറ്റവും വലിയ ഡാറ്റ സെന്‍റർ ഉൾപ്പെടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഹബ്ബ് ഇവിടെ സ്ഥാപിക്കുന്നു എന്നു വ്യക്തമാക്കിയതുകൊണ്ടാണ്. ഇതിനായി അഞ്ചു വർഷത്തിനുള്ളിൽ 1500 കോടി ഡോളറാണ് അവർ മുതൽമുടക്കുന്നത്. യുഎസിനു പുറത്ത് ഗൂഗ്‌ൾ സ്ഥാപിക്കുന്ന ഏറ്റവും വലിയ എഐ ഹബ്ബാകും വിശാഖപട്ടണത്തേത്. ഇന്ത്യയിൽ അവരുടെ ഏറ്റവും വലിയ ഒറ്റ നിക്ഷേപവും ഇതായിരിക്കും. ഗൂഗ്ളിന്‍റെ ഇന്ത്യയിലെ ആദ്യത്തെ എഐ ഹബ്ബ് എന്ന നിലയിലും ഇതിനു പ്രാധാന്യമേറെയുണ്ട്. ഒരു ഗിഗാവാട്ട് സ്കെയിൽ ഡാറ്റ സെന്‍റർ എന്നതും പ്രത്യേകതയാണ്. പദ്ധതിയുടെ ഭാഗമായി എയർടെൽ വിശാഖപട്ടണത്ത് കേബിൾ ലാൻഡിങ് സ്റ്റേഷൻ സ്ഥാപിക്കുന്നുണ്ട്. വിപുലമായ ഫൈബർ ഓപ്റ്റിക് ശൃംഖലയും വരും. അദാനി ഗ്രൂപ്പുമായി സഹകരിച്ചുള്ള ഗൂഗ്ൾ പദ്ധതി ആന്ധ്രപ്രദേശിന്‍റെ സമഗ്ര പുരോഗതിക്ക് ഉപകരിക്കുന്നതാണ്. രാജ്യത്തെ ഐടി മേഖലയ്ക്കും വലിയ സംഭാവനകൾ ഇതു നൽകും. ഡിജിറ്റൽ മേഖലയിൽ വലിയ മുന്നേറ്റത്തിന് അവസരമൊരുങ്ങും. ഏറ്റവും മികച്ച എഐ അനുഭവങ്ങൾ നൽകുന്നതിനു പദ്ധതി സഹായിക്കും. നേരിട്ടും പരോക്ഷമായും ആയിരക്കണക്കിനു തൊഴിൽ അവസരങ്ങളാണ് ഗൂഗ്‌ൾ സൃഷ്ടിക്കുക. രാജ്യത്തിന്‍റെ വർധിച്ചുവരുന്ന ഡാറ്റ ഡിമാൻഡിനും ഗ്ലോബൽ കംപ്യൂട്ടിങ് ആവശ്യങ്ങൾക്കും സഹായകരമായി പദ്ധതി മാറുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഗൂഗ്ളിന്‍റെ ഈ നിക്ഷേപം മറ്റു പല വമ്പൻമാരെയും ആന്ധ്രയിലേക്ക് ആകർഷിക്കും എന്നതും ഉറപ്പാണ്.
2047ഓടെ വികസിത ഭാരതമാവുക എന്നതാണു കേന്ദ്ര സർക്കാരിന്‍റെ പദ്ധതി. സാങ്കേതികവിദ്യാ മുന്നേറ്റത്തിലൂടെയാണ് ഈ ലക്ഷ്യം കൈവരിക്കേണ്ടത്. ആ നിലയ്ക്കു നോക്കുമ്പോഴും ഗൂഗ്ളിന്‍റെ പദ്ധതി നിർണായകമാണ്. ഗൂഗ്ൾ ക്ലൗഡിന്‍റെ സിഇഒ ആയ മലയാളി തോമസ് കുര്യൻ വിശാഖപട്ടണത്തെ ഗൂഗ്ൾ പദ്ധതിയുടെ പിന്നിലുണ്ടെന്നതു മലയാളികൾക്ക് പ്രത്യേകം ഓർക്കാവുന്നതാണ്. രാജ്യത്ത് എഐയുടെ വളർച്ചയ്ക്ക് ഈ പദ്ധതി വലിയ സഹായമാവുമെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്. ഡൽഹിയിൽ ഗൂഗ്‌ൾ ആതിഥ്യം വഹിച്ച ഭാരത് എഐ ശക്തി സമ്മേളനത്തിൽ തോമസ് കുര്യനാണു പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത് എന്നും ഇതോടു ചേർത്തു പറയാവുന്നതാണ്. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, ധനമന്ത്രി നിർമല സീതാരാമൻ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തുടങ്ങിയവർ ആ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഗൂഗ്ൾ സിഇഒ സുന്ദർ പിച്ചെ പദ്ധതി സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുകയും ചെയ്തു.
ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതും എച്ച്1ബി വീസ അപേക്ഷകൾക്കുള്ള ഫീസ് കുത്തനെ കൂട്ടിയതും പോലുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നടപടികൾ ഇന്ത്യ- യുഎസ് ബന്ധം വഷളാക്കിയ സാഹചര്യത്തിലാണ് അമെരിക്കൻ ടെക് ഭീമന്മാർ ഇത്ര വലിയ മുതൽമുടക്കിന് ഇന്ത്യ തെരഞ്ഞെടുക്കുന്നത് എന്നതും പ്രത്യേകം പറയേണ്ടതുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ ടെക് ഭീമന്മാർ തമ്മിൽ ശക്തമായ മത്സരം നടക്കുന്ന കാലഘട്ടമാണിത്. മൈക്രോസോഫ്റ്റും ആമസോണും പോലുള്ള കമ്പനികൾ ഇന്ത്യയിൽ ഡാറ്റ സെന്‍ററുകൾക്കായി കോടിക്കണക്കിനു രൂപ നിക്ഷേപിക്കുന്നു. തെലങ്കാനയിൽ ഡാറ്റ സെന്‍ററുകൾക്കായി 60,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഈ വർഷം ആദ്യമാണ് ആമസോൺ പ്രഖ്യാപിച്ചത്. ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് രണ്ടു വർഷത്തിനകം ഇന്ത്യയിൽ 300 കോടി ഡോളർ നിക്ഷേപിക്കുമെന്നാണ് മാസങ്ങൾക്കു മുൻപ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. 2030ഓടെ ഒരു കോടി ഇന്ത്യക്കാർക്ക് എഐയിലും ക്ലൗഡ് കംപ്യൂട്ടിങ്ങിലും പരിശീലനം നൽകുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള മത്സരത്തിനിടയിലാണ് ഗൂഗ്ളിന്‍റെ വിശാഖപട്ടണം പദ്ധതി ശ്രദ്ധേയമാവുന്നത്.