സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനു കഴിയണം

മാനഭംഗത്തിനിരയായ പെൺകുട്ടി എന്തിനാണ് ​രാത്രിയിൽ പുറത്തിറങ്ങിയതെന്നാണു മമത​ ചോദിക്കുന്നത്
government must be able to ensure security

സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനു കഴിയണം

representative image

Updated on

ദുർഗാപുരിലെ സ്വ​കാ​ര്യ മെഡിക്കൽ കോളെജിൽ രണ്ടാം വർഷ വിദ്യാർഥിനിയായ ഒഡിഷ സ്വദേശി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം പശ്ചിമ ബംഗാളിലെ സ്ത്രീസുരക്ഷ സംബന്ധിച്ച് വീണ്ടും ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്. പ്രതിപക്ഷം സംസ്ഥാന സർക്കാരിനെതിരേ ശക്തമായ വിമർശനം ഉയർത്തി രംഗത്തുണ്ട്. ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സർക്കാരാണു മമത ബാനർജിയുടേതെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില അപ്പാടെ തകർന്നുകഴിഞ്ഞു എന്നാണു ബിജെപി കുറ്റപ്പെടുത്തുന്നത്. അതിനിടയിലാണ് മുഖ്യമന്ത്രി മമത ബാനർജിയുടെയും തൃണമുൽ കോൺഗ്രസ് നേതാവും എംപിയുമായ സൗഗത റോയിയുടെയും വിവാദ പരാമർശങ്ങൾ കൂടി വരുന്നത്. സർക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിനിടയിലെ ഇവരുടെ പ്രസ്താവന കൂടുതൽ വിമർശനങ്ങൾക്ക് ഇടവരുത്തുകയാണു ചെയ്യുന്നത്. ഉത്തരവാദപ്പെട്ട ഒരു നേതാവും സർക്കാരും പറയേണ്ടതല്ല മമതയും ടിഎംസിയും പറഞ്ഞതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള പ്രസ്താവനകൾ കൊണ്ട് സർക്കാരിന്‍റെ പ്രതിച്ഛായ നിലനിർത്താനും കഴിയില്ല.

മാനഭംഗത്തിനിരയായ പെൺകുട്ടി എന്തിനാണ് ​രാത്രിയിൽ പുറത്തിറങ്ങിയതെന്നാണു മമത​ ചോദിക്കുന്നത്! തന്‍റെ നാട്ടിൽ ഒരു കുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോൾ ഒരു മുഖ്യമന്ത്രിക്ക് ചോദിക്കാവുന്ന ചോദ്യമല്ല ഇത്. അതുമാത്രമല്ല പെൺകുട്ടിയുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതല സ്വകാര്യ മെഡിക്കൽ കോളെജിനാണെന്നും മമത പറയുന്നു. പൊലീസിനും സർക്കാരിനുമൊന്നും ഒരുത്തരവാദിത്വവുമില്ല! പെൺകുട്ടികൾ സ്വയം സംരക്ഷിക്കണമെന്നാണ് മമതയുടെ പക്ഷം. രാത്രികാലങ്ങളിൽ സ്ത്രീകൾ പുറത്തിറങ്ങരുതെന്നും പൊലീസിന് എപ്പോഴും സുരക്ഷയൊരുക്കാൻ കഴിയില്ലെന്നുമാണ് ഇതിനു പിന്നാലെ സൗഗത റോയ് പറഞ്ഞത്! എത്ര നല്ല ആശയം! വിദ്യാർഥികളുടെ സുരക്ഷയിൽ കോളെജ് അധികൃതർക്ക് ഉത്തരവാദിത്വമുണ്ട് എന്നതു വാസ്തവം. അതിനർഥം നാട്ടിലെ അക്രമികളെയും ഗൂണ്ടകളെയും സർക്കാരിനു കയറൂരി വിടാം എന്നല്ല. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത പൊലീസിനുണ്ട്. അതിൽ വീഴ്ച വരാതെ നോക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വവുമാണ്. അതിൽ നിന്ന് മമത ബാനർജിക്ക് എന്നല്ല ഒരു മുഖ്യമന്ത്രിക്കും സർക്കാരിനും ഒഴിഞ്ഞുമാറാനാവില്ല. ഇത്തരം ഞെട്ടിക്കുന്ന ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അതിശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. കുറ്റക്കാർക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കേണ്ടതുണ്ട്. മമത സർക്കാരിന് അതിനു കഴിഞ്ഞില്ലെങ്കിൽ അതു സർക്കാരിന്‍റെ പരാജയം തന്നെയാണ്.

പശ്ചിമ ബംഗാളിൽ ഇതാദ്യമല്ല, ഇത്തരത്തിൽ സ്ത്രീകൾ ആക്രമണത്തിന് ഇരയാവുന്നത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ കോൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളെജിൽ പിജി ഡോക്റ്ററെ ആശുപത്രിയിലെ സെമിനാർ ഹാളിൽ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത് രാജ്യത്ത് ഏറെ ഞെട്ടലുണ്ടാക്കിയതാണ്. കേസിൽ പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ വലിയ പ്രതിഷേധം ഉയർത്തി. രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽ ഡോക്റ്റർമാർ പ്രതിഷേധവുമായി രംഗത്തിറങ്ങി. സംഭവം ഒതുക്കിത്തീർക്കാൻ സർക്കാർ ശ്രമിച്ചു എന്നതുൾപ്പെടെ ആരോപണങ്ങൾ ഉയർന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പാളിച്ചകൾ, പൊലീസ് എഫ്ഐആർ ഫയൽ ചെയ്യാൻ വൈകിയത്, തുടക്കത്തിൽ സംഭവം ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമം നടന്നത് എല്ലാം വിമർശന വിധേയമായി. നൂറുകണക്കിനാളുകൾ ആശുപത്രിയിൽ തള്ളിക്കയറി കണ്ടതെല്ലാം തകർത്ത് തെളിവുകൾ നശിപ്പിക്കാൻ തുനിഞ്ഞപ്പോഴും പൊലീസ് തടഞ്ഞില്ല. കേസ് അന്വേഷണത്തിൽ എന്തൊക്കെയോ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമം നടന്നുവെന്ന പ്രതീതിയാണു പൊതുവിലുണ്ടായത്. സർക്കാരിനെയും പൊലീസിനെയും നിശിതമായി വിമർശിച്ചു കൊണ്ടാണ് കേസ് സിബിഐ അന്വേഷിക്കാൻ കോൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. പിന്നീടു സുപ്രീം കോടതിയും സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. കോളെജിലെ സിവിക് വോളണ്ടിയറായിരുന്ന കേസിലെ പ്രതി സഞ്ജയ് റോയിയെ കോൽക്കത്തയിലെ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത് ഈ വർഷം ആദ്യമാണ്.

സൗത്ത് കോൽക്കത്തയിലെ ഒരു ലോ കോളെജിൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത് ഏതാനും മാസം മുൻപാണ്. രാഷ്ട്രീയ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ഒരു പൂർവ വിദ്യാർഥിയും മറ്റു രണ്ടു വിദ്യാർഥികളും ഒരു സുരക്ഷാ ജീവനക്കാരനും ഈ കേസിൽ അറസ്റ്റിലായിരുന്നു. ഈ സംഭവത്തിലും സർക്കാരിനെതിരേ നിശിത വിമർശനം ഉയർന്നിരുന്നതാണ്. ഇപ്പോൾ ദുർഗാപുരിൽ എംബിബിഎസ് വിദ്യാർഥിനി ക്രൂര പീഡനത്തിന് ഇരയായപ്പോഴും മമതയുടെ സർക്കാർ വിമർശിക്കപ്പെടുകയാണ്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോഴാണു കൂട്ടബലാത്സംഗത്തിന് ഇരയാവുന്നത്. കാടുനിറഞ്ഞ പ്രദേശത്തേക്കു ഭീഷണിപ്പെടുത്തി കൊണ്ടുപോയാണു പീഡിപ്പിച്ചതെന്നു പൊലീസ് പറയുന്നുണ്ട്. വിദ്യാർഥിനിയുടെ മൊബൈൽ ഫോണും പണവും പ്രതികൾ കവർന്നു എന്നും പറയുന്നു. പീഡന ദൃശ്യങ്ങൾ പകർത്തിയതായും സംശയിക്കുന്നു. കേസിൽ ഇതുവരെ അഞ്ചു പേരാണ് അറസ്റ്റിലായിട്ടുള്ളത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നുവെന്നു ബിജെപി ആരോപിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മമത ബാനർജിക്ക് കുറ്റമറ്റ അന്വേഷണം ഉറപ്പാക്കാനും പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിയേണ്ടതുണ്ട്. സ്ത്രീകൾ രാത്രി പുറത്തിറങ്ങാതിരിക്കുക എന്നതല്ല സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനു മുന്നിലുള്ള മാർഗമായി മാറേണ്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com