വിശ്വാസം നഷ്ടപ്പെടുന്ന ഭരണകൂടങ്ങൾ | മുഖപ്രസംഗം

രാജ്യതലസ്ഥാനത്തു പോലും അനധികൃതമായുള്ള പ്രവർത്തനങ്ങൾ കണ്ടെത്തി എന്തെങ്കിലും നടപടി സ്വീകരിക്കണമെങ്കിൽ വലിയൊരു ദുരന്തം ഉണ്ടാവണം എന്നതാണ് ഇതിൽ നിന്നു വ്യക്തമാവുന്നത്
വിശ്വാസം നഷ്ടപ്പെടുന്ന ഭരണകൂടങ്ങൾ | മുഖപ്രസംഗം

രാജ്കോട്ടിലെ വിഡിയോ ഗെയ്‌മിങ് സോണിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിൽ കുട്ടികൾ അടക്കം 27 പേർ മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഗുജറാത്ത് ഹൈക്കോടതി സംസ്ഥാന സർക്കാരിനെയും രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷനെയും അതിനിശിതമായാണു വിമർശിച്ചത്. സർക്കാരിനെയും തദ്ദേശ സ്ഥാപനത്തെയും വിശ്വാസത്തിലെടുക്കാനാവില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടതു ദുരന്തമുണ്ടായ സ്ഥാപനത്തിലെ നിയമലംഘനങ്ങളുടെ പേരിലാണ്. നിയമവിധേയമല്ലാത്ത പ്രവർത്തനങ്ങൾ തടയാൻ കഴിയാത്ത അധികൃതരാണ് ഇത്തരം ദുരന്തങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത്. അതു ഗുജറാത്തിനു മാത്രം ബാധകമാവുന്നതുമല്ല. ഡൽഹിയിൽ കഴിഞ്ഞ ദിവസമാണ് കുട്ടികൾക്കുള്ള ആശുപത്രിയിലെ തീപിടിത്തത്തിൽ‌ ഏഴു നവജാത ശിശുക്കൾ വെന്തുമരിച്ചത്. ഈ ആശുപത്രിയും നിയമങ്ങൾ പാലിച്ചല്ല പ്രവർത്തിച്ചിരുന്നതെന്നാണു റിപ്പോർട്ടുകൾ. രാജ്യതലസ്ഥാനത്തു പോലും അനധികൃതമായുള്ള പ്രവർത്തനങ്ങൾ കണ്ടെത്തി എന്തെങ്കിലും നടപടി സ്വീകരിക്കണമെങ്കിൽ വലിയൊരു ദുരന്തം ഉണ്ടാവണം എന്നതാണ് ഇതിൽ നിന്നു വ്യക്തമാവുന്നത്. ഭരണകൂടങ്ങളെ വിശ്വസിച്ചാണു ജനജീവിതം മുന്നോട്ടുപോകേണ്ടത്. എന്നാൽ, ഈ വിശ്വാസം കാക്കാൻ പലപ്പോഴും അവയ്ക്കു കഴിയാതെ വരുന്നു.

ഗുജറാത്തിൽ തീപിടിത്തമുണ്ടായ ഗെയ്‌മിങ് സെന്‍റർ രണ്ടു വർഷമായി ലൈസൻസ് ഇല്ലാതെയാണു പ്രവർത്തിച്ചിരുന്നതെന്നാണ് സർക്കാർ കോടതിയിൽ ബോധിപ്പിച്ചത്. അഗ്നിരക്ഷാ സംവിധാനങ്ങളും ഉണ്ടായിരുന്നില്ലത്രേ. നിങ്ങൾക്ക് ഇതുവരെ കണ്ണു കാണില്ലായിരുന്നോ, നിങ്ങൾ ഉറങ്ങുകയായിരുന്നോ എന്നു കോടതി സർക്കാരിനോടു ചോദിച്ചു. ഗെയ്‌മിങ് സെന്‍റർ തങ്ങളുടെ അനുമതി തേടിയിരുന്നില്ലെന്നാണ് രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷൻ കോടതിയെ അറിയിച്ചത്. ഇതുവരെ മുനിസിപ്പൽ ഉദ്യോഗസ്ഥർ എവിടെയായിരുന്നു എന്നായിരുന്നു കോടതിയുടെ ചോദ്യം. ഗെയ്‌മിങ് സെന്‍ററിൽ മുനിസിപ്പൽ ഓഫിസർമാർ നിൽക്കുന്ന ചിത്രം കോടതിയുടെ ശ്രദ്ധയിൽ പെട്ടപ്പോൾ അവരും കളിക്കാൻ വന്നതാണോ എന്നു കോടതി ആരാഞ്ഞു. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സെന്‍ററിൽ ഉദ്യോഗസ്ഥർ പോയിട്ടും നടപടിയൊന്നും എടുത്തില്ലെങ്കിൽ അതു നിഷ്കളങ്കമായി കരുതാനാവുമോ. സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനെതിരേ കഴിഞ്ഞ നാലു വർഷത്തിനിടെ പല തവണ തങ്ങൾ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നിട്ടും സംസ്ഥാനത്തു തീപിടിത്തങ്ങൾ ആവർത്തിക്കുകയാണ്. ഇത്തരത്തിലുള്ള ആറു ദുരന്തങ്ങൾ സമീപകാലത്ത് ഗുജറാത്തിലുണ്ടായി. കഴിഞ്ഞ നവംബറിലാണ് സൂററ്റിലെ കെമിക്കൽ ഫാക്റ്ററിയിൽ തീപിടിച്ച് ഏഴു പേർ മരിച്ചത്. അതിനുമുൻപ് അഹമ്മദാബാദിലും സൂററ്റിലും ആശുപത്രികളിലുണ്ടായ തീപിടിത്തം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ അനാസ്ഥയുടെ ഫലമാണ്.

കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിൽ നവജാത ശിശുക്കൾ തീപിടിത്തത്തിൽ മരിച്ച ബേബി കെയർ ആശുപത്രിയുടെ പ്രവർത്തനവും നിയമവിധേയമായിരുന്നില്ലെന്നാണ് ഇപ്പോൾ അധികൃതർ അവകാശപ്പെടുന്നത്. ഗുജറാത്തിലെ ഗെയ്‌മിങ് സെന്‍ററിലേതുപോലെ ഡൽഹിയിലെ ആശുപത്രിയിലും അഗ്നിരക്ഷാ ഉപകരണ‍ങ്ങൾ സ്ഥാപിച്ചിരുന്നില്ല. ഡൽഹി നഴ്സിങ് ഹോം നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്തല്ല ആശുപത്രി പ്രവർത്തിച്ചിരുന്നത്. ആശുപത്രിക്കു നൽകിയിരുന്ന ലൈസൻസിന്‍റെ കാലാവധി തീർന്നതാണ്. അഞ്ചു ബെഡ്ഡുകൾക്ക് അനുമതിയുണ്ടായിരുന്ന ഇവിടെ തീ പിടിത്തമുണ്ടാവുമ്പോൾ 12 കുട്ടികളുണ്ടായിരുന്നു. നവജാത ശിശുക്കളെ ചികിത്സിക്കാനുള്ള യോഗ്യതയുള്ള ഡോക്റ്റർമാരും ഉണ്ടായിരുന്നില്ലെന്നാണു പറയുന്നത്. ആശുപത്രിയിലെ ആവശ്യങ്ങൾക്കു വേണ്ടി അനധികൃതമായി സിലിണ്ടറുകളിൽ ഓക്സിജൻ നിറച്ചിരുന്നു എന്നും ആരോപണമുണ്ട്. ഇത്തരത്തിൽ നിറച്ചു സൂക്ഷിച്ചിരുന്ന സിലിണ്ടറുകളാണ് ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചതെന്നും പറയുന്നുണ്ട്.

എത്ര ലാഘവത്തോടെയാണ് നവജാത ശിശുക്കൾക്കായി ഒരാശുപത്രി പ്രവർത്തിപ്പിച്ചിരുന്നത്. എത്രയോ ഗൗരവമുള്ളതാണ് ഈ ആശുപത്രി നടത്തിപ്പുകാരുടെ കുറ്റം. ഇതൊന്നും അധികൃതർ ആരും അറിയാതെയും ആരുടെയും പിന്തുണയില്ലാതെയുമാണ് നടന്നുവന്നതെന്നു വിശ്വസിക്കാനാവുമോ? ആശുപത്രികളും ഗെയ്മിങ് സെന്‍ററുകളും മാത്രമല്ല ആളുകൾ കൂടുന്ന എല്ലായിടത്തും അഗ്നിരക്ഷാ ഉപകരണങ്ങൾ ശരിയായി പ്രവർത്തിക്കുന്നുവെന്ന് എല്ലായ്പ്പോഴും ഉറപ്പാക്കേണ്ടതുണ്ട്. ഗുജറാത്തിലെയും ഡൽഹിയിലെയും അനുഭവം കേരളം അടക്കം മുഴുവൻ സംസ്ഥാനങ്ങൾക്കും പാഠമാക്കാവുന്നതാണ്. നിയമപ്രകാരമുള്ള സംവിധാനങ്ങൾ ഒ രുക്കാതെ, ആവശ്യമായ അംഗീകാരങ്ങൾ നേടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ കർശനമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാവേണ്ടതുണ്ട്. ദുരന്തങ്ങൾ ഉണ്ടായ ശേഷം നിയമലംഘനങ്ങളുടെ പട്ടിക നിരത്തിയതുകൊണ്ടു പ്രയോജനമൊന്നുമില്ല. ദുരന്തമുണ്ടാവുന്നതു തടയാനാണു ശ്രദ്ധ വേണ്ടത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com