
മഹാരാഷ്ട്രയിൽ ശിവസേനയിലെ പിളർപ്പും അതുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയും സർക്കാർ മാറ്റവും എല്ലാമായി ചേർന്നുള്ള ഹർജികളിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പറയുന്നതു മാറ്റിവച്ചിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും ഇപ്പോഴത്തെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെയും വിഭാഗങ്ങളുടെ വാദം കഴിഞ്ഞ ദിവസങ്ങളിൽ വിശദമായി കേട്ടിരുന്നു. ഗവർണറുടെ ഓഫിസിന്റെ വാദവും കോടതി കേട്ടു. രാജ്യത്തെ പ്രഗത്ഭരായ സീനിയർ അഭിഭാഷകരാണ് ഇരുപക്ഷത്തിനും ഗവർണർക്കും വേണ്ടി ഹാജരായത്.
ഇനി ഈ കേസിലെ അന്തിമ ഉത്തരവ് എന്താവുമെന്ന് ദേശീയതലത്തിൽ തന്നെ ഉറ്റുനോക്കുകയാണ്. കഴിഞ്ഞ ദിവസം വാദത്തിനിടെ അന്നത്തെ ഗവർണർ ഭഗത് സിങ് കോഷിയാരി ഈ രാഷ്ട്രീയ പ്രതിസന്ധിയിൽ സ്വീകരിച്ച നിലപാടിനെ കോടതി നിശിതമായി വിമർശിച്ചിരുന്നു. ഭരണകക്ഷിയിലെ എംഎൽഎമാർക്കിടയിൽ അഭിപ്രായ ഭിന്നതകളുള്ളത് വിശ്വാസ വോട്ടെടുപ്പു നടത്താൻ ഗവർണർക്കു മതിയായ കാരണമല്ലെന്നാണു ബെഞ്ച് ചൂണ്ടിക്കാണിച്ചത്. പാർട്ടി പ്രവർത്തകർക്കിടയിലും സഭാംഗങ്ങൾക്കിടയിലും നേതൃത്വത്തിനെതിരേ അതൃപ്തിയുണ്ടെന്നു പറയുന്ന 34 എംഎൽഎമാരുടെ പ്രമേയമാണ് ഗവർണർക്കു മുന്നിലുണ്ടായിരുന്നത്. ഇതുവച്ച് അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് വിശ്വാസ വോട്ട് തേടാൻ ഗവർണർ നിർദേശിച്ചതു ശരിയായോ എന്ന ചോദ്യം കോടതി ഉന്നയിച്ചിരിക്കുന്നു. വിശ്വാസ വോട്ടിനു നിർദേശിക്കുമ്പോൾ അതു സർക്കാരിന്റെ പതനത്തിലേക്കു നയിക്കുമെന്ന ബോധ്യം ഗവർണർക്കുണ്ടാവണമെന്നു കോടതി പറയുന്നു. ഭരണകക്ഷിയിൽ ഭിന്നതകളുണ്ടാവുമ്പോൾ വിശ്വാസ വോട്ട് ആവശ്യപ്പെട്ടാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ താഴെ വീഴാം. ഭരണകക്ഷിയിൽ നിന്ന് ആളുകൾ അകലുന്നതും ആ അവസരം ഉപയോഗിച്ച് ഗവർണർ സർക്കാരിനെ മറിച്ചിടുന്നതും ജനാധിപത്യത്തിലെ ദുഃഖകരമായ കാഴ്ചയാണെന്നാണ് കോടതി നിരീക്ഷണം. തന്റെ അധികാരം ഗവർണർ ഉപയോഗിക്കുമ്പോൾ അതുകൊണ്ടുതന്നെ പ്രത്യേക കരുതൽ ഉണ്ടാവണമെന്നു ബെഞ്ച് നിർദേശിക്കുന്നുണ്ട്.
സർക്കാരിനെ മറിച്ചിടുന്നതിന് ഗവർണർ രാഷ്ട്രീയം കളിക്കരുതെന്ന സന്ദേശം വളരെ അർഥവത്താണ്. കോൺഗ്രസും എന്‍സിപിയുമായി ചേർന്ന് മൂന്നുവർഷക്കാലം ശിവസേന ഭരിച്ചപ്പോൾ പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. പെട്ടെന്നൊരു രാത്രിയിൽ വിമതർക്ക് കോൺഗ്രസ്, എന്‍സിപി സഖ്യത്തോടു വിയോജിക്കാൻ എന്താണു സംഭവിച്ചതെന്നു കോടതി ആരായുന്നുണ്ട്. കോൺഗ്രസും എന്‍സിപിയുമായി അവർ മൂന്നുവർഷക്കാലം "സന്തോഷകരമായ ദാമ്പത്യ'ത്തിലായിരുന്നില്ലേയെന്ന് ഗവർണർ ചോദിക്കണമായിരുന്നു- കോടതി ചൂണ്ടിക്കാണിക്കുകയാണ്.
ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഏറെ പ്രധാനമാണ് ഭരണഘടനാ ബെഞ്ചിന്റെ ഈ നിരീക്ഷണങ്ങൾ. കേന്ദ്രത്തിലെ ഭരണകക്ഷിക്ക് രാഷ്ട്രീയമായി താത്പര്യമില്ലാത്ത സർക്കാരുകളെ താഴെയിറക്കാൻ എന്ത് അവസരം കിട്ടിയാലും ഗവർണർമാർ അത് ഉപയോഗിക്കുന്നതാണു നമ്മുടെ കീഴ്വഴക്കം. ബിജെപി ഭരിക്കുമ്പോൾ മാത്രമല്ല, കോൺഗ്രസ് ഭരിച്ച സമയത്തും ഗവർണറെ വച്ചുള്ള രാഷ്ട്രീയക്കളികൾക്ക് ഒരു കുറവും ഉണ്ടായിട്ടില്ല. സമീപകാലത്ത് പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഗവർണറും അവിടുത്തെ സർക്കാരുകളും തമ്മിൽ ഏറ്റുമുട്ടലുകളാണു കാണുന്നത്. സംസ്ഥാന സർക്കാരിനെ ജനങ്ങൾക്കു മുന്നിൽ ഇടിച്ചുതാഴ്ത്താൻ ഗവർണർ ശ്രമിക്കുന്നത് ആരോഗ്യകരമായ ജനാധിപത്യമല്ലെന്ന് ആരെയും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. കേന്ദ്രത്തിൽ പ്രതിപക്ഷത്തിരിക്കുമ്പോൾ എല്ലാ കക്ഷികളും അംഗീകരിക്കുന്നതാണിത്. പക്ഷേ, കേന്ദ്ര ഭരണകക്ഷിയായാൽ അതൊക്കെ മറന്നുപോവുന്നു. കേന്ദ്ര ഭരണകക്ഷിക്കു കുട പിടിക്കുന്ന ഗവർണർമാർ സംസ്ഥാന ഭരണത്തിലുള്ളവർക്കിടയിൽ എന്തെങ്കിലുമൊരു വിയോജിപ്പുണ്ടാകുന്നുണ്ടോ എന്നു കാത്തിരിക്കുന്നത് അനാരോഗ്യകരം തന്നെയാണ്.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ കഴിഞ്ഞ വർഷം ജൂണിലാണ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 31 മാസം പ്രായമായ ഉദ്ധവ് താക്കറെ സർക്കാരിനോട് ഗവർണർ ആവശ്യപ്പെടുന്നത്. ഗവർണറുടെ ഉത്തരവിനെതിരേ താക്കറെ പക്ഷം അന്നു സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അന്ന് ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. വിശ്വാസ വോട്ടെടുപ്പിൽ തോൽവി ഉറപ്പിച്ച് താക്കറെ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. തുടർന്നാണ് ബിജെപിയുമായി സഖ്യമുണ്ടാക്കി ഷിൻഡെ സർക്കാർ അധികാരമേറ്റത്. അന്നത്തെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ ഹർജികൾ ഭരണഘടനാപരമായ വിഷയങ്ങൾ മുൻനിർത്തി കഴിഞ്ഞ വർഷം ഓഗസ്റ്റ് 23ന് അന്നത്തെ ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിടുകയായിരുന്നു. കാലുമാറ്റം, ലയനം, അയോഗ്യത തുടങ്ങിയവയെല്ലാം സംബന്ധിച്ചുള്ള പല ഭരണഘടനാപരമായ ചോദ്യങ്ങൾക്കും ഈ കേസിന്റെ അന്തിമ വിധിയിൽ ഉത്തരങ്ങളുണ്ടായേക്കാം.