
നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർമാർ പിടിച്ചുവയ്ക്കുന്നതിനെതിരേ ഇന്നലെ സുപ്രീം കോടതിയിൽ നിന്നുണ്ടായ പരാമർശം വളരെയേറെ പ്രാധാന്യം അർഹിക്കുന്നതാണ്. ബില്ലുകളെ ചൊല്ലി പല സംസ്ഥാനത്തും സർക്കാരും ഗവർണറും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നു എന്നതാണ് കോടതി പരാമർശത്തിനു പ്രസക്തി വർധിപ്പിക്കുന്നത്. കേരളത്തിൽ തന്നെ ഇടതു സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള തർക്കങ്ങൾ തുടരുകയാണല്ലോ. നിയമസഭ പാസാക്കിയ എട്ടു ബില്ലുകളിൽ ഗവർണർ ഒപ്പുവയ്ക്കുന്നില്ലെന്നു കാണിച്ച് ഏതാനും ദിവസം മുൻപാണ് കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. എത്രയും വേഗം ബില്ലുകളിൽ ഒപ്പുവയ്ക്കാൻ ഗവർണറോടു നിർദേശിക്കണമെന്നു സർക്കാർ കോടതിയോട് അഭ്യർഥിക്കുന്നുണ്ട്.
സർവകലാശാലാ നിയമ ഭേദഗതി ബില്ലും ലോകായുക്ത ബില്ലുമടക്കം ഉള്ളവയാണ് കേരളത്തിൽ ഗവർണർ ഒപ്പുവയ്ക്കാതെ പിടിച്ചുവച്ചിരിക്കുന്നത്. ബില്ലുകളിലൂടെ ലക്ഷ്യമിടുന്ന ക്ഷേമ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയാണു ഗവർണർ എന്നതാണു സർക്കാർ വാദം. അതുവഴി ജനങ്ങളുടെ അവകാശങ്ങളാണു നിഷേധിക്കപ്പെടുന്നതെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തിന്റെ ഈ ഹർജിയടക്കം വിവിധ സംസ്ഥാനങ്ങളുടെ സമാന സ്വഭാവമുള്ള ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് ഇന്നലെ പഞ്ചാബ് സർക്കാരിന്റെ ഹർജിയിൽ പരമോന്നത കോടതി ഗവണർക്കെതിരേ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട അധികാരികളല്ല തങ്ങളെന്ന് ഗവർണർമാർ മനസിലാക്കണമെന്നാണ് കോടതിയുടെ നിർദേശം. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ ഒപ്പുവയ്ക്കാതിരിക്കുന്നതു മൂലം വിവിധ സംസ്ഥാന സർക്കാരുകൾക്ക് കോടതിയെ സമീപിക്കേണ്ടിവരുന്നതിൽ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് ശക്തമായൊരു സന്ദേശം തന്നെയാണ് ഗവർണർമാർക്കു നൽകുന്നത്. ആം ആദ്മി പാർട്ടിയുടെ സർക്കാർ ഭരിക്കുന്ന പഞ്ചാബിൽ നിയമസഭ പാസാക്കിയ ഏഴു ബില്ലുകൾ ഗവർണർ പിടിച്ചുവച്ചിരിക്കുന്നുവെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്.
ബില്ലുകളിൽ തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾ ഹർജിയുമായി കോടതിയിൽ എത്തുന്നതു വരെ ഗവർണർമാർ എന്തിനാണ് കാത്തിരിക്കുന്നതെന്നു കോടതി ചോദിക്കുന്നുണ്ട്. ഇതിനൊപ്പം മറ്റൊരു സന്ദേശം കൂടി കോടതി നൽകുന്നു. അതു ഗവർണറും സംസ്ഥാന സർക്കാരുകളും ചേർന്നു പ്രവർത്തിക്കണം എന്നതാണ്. ഗവർണർക്കും സർക്കാരിനുമിടയിൽ ചർച്ചകൾ നടക്കണം. ഇരു കൂട്ടരും തമ്മിലുള്ള തർക്കങ്ങൾ അഭികാമ്യമല്ല. ഭരണഘടനാപരമായി കാര്യങ്ങൾ നടക്കുകയാണു വേണ്ടത്. മുഖ്യമന്ത്രിയും ഗവർണറും ചർച്ച ചെയ്തു തീരുമാനമെടുക്കണം- കോടതി നിർദേശിക്കുന്നു. കേരളത്തിൽ ഒപ്പുവയ്ക്കാതിരിക്കുന്ന ബില്ലുകളെക്കുറിച്ച് ഗവർണർ ചൂണ്ടിക്കാണിക്കുന്ന ന്യായം തന്റെ സംശയങ്ങൾക്കു മന്ത്രിമാർ ഉത്തരം നൽകുന്നില്ലെന്നാണ്. വിശദീകരണം നൽകാൻ മുഖ്യമന്ത്രി തയാറാവുന്നില്ലെന്നും ഗവർണർ ആരോപിക്കുന്നുണ്ട്. ഭരണഘടനാപരമായ നിബന്ധനകൾ സർക്കാർ ലംഘിക്കുന്നുവെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസവും ആരോപിച്ചത്. മുഖ്യമന്ത്രിയും ഗവർണറും ചർച്ച നടത്തി പ്രശ്നങ്ങൾക്കു പരിഹാരം കാണുകയെന്ന നിർദേശം പ്രായോഗികമാക്കാൻ ഇരുപക്ഷത്തും താത്പര്യമുണ്ടാവണം. സർക്കാരിനെ ഗവർണറും ഗവർണറെ സർക്കാരും ശത്രുവായി കാണാതിരിക്കണം.
കേരളവും പഞ്ചാബും മാത്രമല്ല തമിഴ്നാടും സംസ്ഥാന ഗവർണർക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ബില്ലുകളിൽ ഗവർണർ ആർ.എൻ. രവി തീരുമാനം വൈകിപ്പിക്കുന്നുവെന്നാണ് അവരുടെ പരാതിയും. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരേ രാഷ്ട്രീയ എതിരാളിയെപ്പോലെ ഗവർണർ പെരുമാറുന്നു എന്നാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്. അവിടെ 12 ബില്ലുകളിലാണു ഗവർണർ ഒപ്പുവയ്ക്കാതിരിക്കുന്നത്. തന്റെ മുന്നിലെത്തുന്ന ബില്ലുകളിൽ ഗവർണർ എത്രയും വേഗം തീരുമാനമെടുക്കണമെന്നു നേരത്തേ തെലങ്കാന സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സർക്കാരുകളും സംസ്ഥാന ഗവർണർമാരും തമ്മിലുള്ള ഈ പോരാട്ടം എന്തായാലും ജനാധിപത്യത്തിനു ഗുണകരമല്ല. ജനതാത്പര്യങ്ങൾക്കു മുകളിൽ രാഷ്ട്രീയ താത്പര്യങ്ങൾ നോക്കുന്നവരാകരുത് ഭരണഘടനാപരമായ ബാധ്യതകൾ നിറവേറ്റുന്നവർ. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ ""കഴിയുന്നത്ര വേഗം'' തീരുമാനമെടുക്കണമെന്നാണു ഭരണഘടന നിഷ്കർഷിക്കുന്നത്. ഈ ""കഴിയുന്നത്ര വേഗം'' അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് ഉചിതമായ നടപടിയായി കാണാനാവില്ല.