
ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സർവകലാശാലകളിൽ ബിരുദ കോഴ്സുകൾ നാലു വർഷത്തേതായി മാറുകയാണ്. ഈ വർഷം കൂടി മാത്രമേ മൂന്നുവർഷ ബിരുദ കോഴ്സുകൾ ഉണ്ടായിരിക്കൂവെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഏതാനും ചില നാലു വർഷ കോഴ്സുകൾ ഈ വർഷം തന്നെ തുടങ്ങാനും സർക്കാരിന് ആഗ്രഹമുണ്ട്. കേരള സർവകലാശാല ഏതാനും നാലു വർഷ കോഴ്സുകൾ ഈ വർഷം തന്നെ ആരംഭിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. എന്തായാലും അടുത്ത വർഷം മുതൽ നാലു വർഷ കോഴ്സുകളായിരിക്കും ഉണ്ടാവുക. കേന്ദ്ര വിദ്യാഭ്യാസ നയപ്രകാരമാണ് ഈ പരിഷ്കാരം. മൊത്തം നാലു വർഷമുണ്ടെങ്കിലും മൂന്നു വർഷത്തെ പഠനം പൂർത്തിയാക്കിയാൽ ബിരുദ സർട്ടിഫിക്കറ്റ് നൽകും. നാലാം വർഷം പഠിച്ചാൽ വിദ്യാർഥികൾക്കു ലഭിക്കുന്നത് ഓണേഴ്സ് ബിരുദമാണ്. മൂന്നു വർഷം കൊണ്ട് അവസാനിപ്പിക്കുന്നവർക്ക് പിന്നീട് തുടർ പഠനത്തിനുള്ള സൗകര്യവും ഉണ്ടാവും.
ഈ വർഷം മൂന്നുവർഷത്തെ ബിരുദ കോഴ്സിനു ചേരുന്നവർക്ക് രണ്ടു വർഷത്തിനു ശേഷം ഓപ്ഷൻ നൽകി നാലുവർഷ കോഴ്സിലേക്കു മാറാൻ അവസരമുണ്ടാവുമെന്നും പറയുന്നുണ്ട്. ഗവേഷണത്തിനും തൊഴിൽ പരിശീലനത്തിനുമാണ് നാലാം വർഷം പ്രാമുഖ്യം നൽകുക. ഓണേഴ്സ് ബിരുദം ലഭിച്ചാൽ പിജിക്ക് ലാറ്ററൽ എന്ട്രിയായി രണ്ടാം വർഷത്തേക്ക് നേരിട്ടു പ്രവേശനം നൽകണമെന്നാണു കേന്ദ്ര സർക്കാർ നിർദേശിക്കുന്നത്. അതായത് പിജി പഠനത്തിന് ഓണേഴ്സ് ബിരുദം കൂടുതൽ സഹായകമാവും. രാജ്യത്തു മൊത്തത്തിൽ ബിരുദ പഠനത്തിൽ സമൂലമായ മാറ്റമാണു വരുന്നത്. അതിൽ നിന്ന് കേരളത്തിനു വിട്ടുനിൽക്കാനോ പരിഷ്കാരങ്ങളിൽ പുറകോട്ടു പോകാനോ കഴിയില്ല. വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന സംസ്ഥാനമെന്ന നിലയിൽ പുതിയ പരിഷ്കാരങ്ങൾ എത്രയും വേഗം വിജയത്തിലെത്തിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. അതുകൊണ്ടുതന്നെ നാലു വർഷ കോഴ്സിലേക്കു മാറുന്നതിൽ കാലതാമസം ഒഴിവാക്കുന്നതു തന്നെയാണു നല്ലത്.
ആദ്യ സെമസ്റ്ററുകളിൽ ഫൗണ്ടേഷൻ കോഴ്സുകളായിരിക്കും പഠിപ്പിക്കുക. നാലു വർഷ കോഴ്സിന്റെ കരിക്കുലം തയാറാക്കി സർവകലാശാലകൾക്ക് നൽകിയിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. പുതിയ രീതിയിലുള്ള പഠനത്തിന് അധ്യാപകർക്കു പരിശീലനം നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ വൈകാതെ ആരംഭിക്കേണ്ടതുണ്ട്. ആയിരക്കണക്കിന് അധ്യാപകർക്കാണു പരിശീലനം നൽകേണ്ടത്. നിലവിലുള്ള മൂല്യ നിർണയ രീതിയാവില്ല പുതിയ സംവിധാനത്തിൽ ആവശ്യമായി വരുന്നത്. ഇതിലും പരിശീലനം ആവശ്യമാണ്. ഇതൊക്കെ വലിയ ദൗത്യമാണ്. പുതിയ രീതിയിലേക്കു പോകുന്നതിനുള്ള തയാറെടുപ്പുകളിൽ സർവകലാശാലകൾ യാതൊരു വിധത്തിലുള്ള അലംഭാവവും കാണിക്കാതിരിക്കണം.
പഠന സമ്പ്രദായങ്ങളും പരീക്ഷാ രീതികളും എല്ലാം പുതിയ കാലത്തേക്കു മാറുകയാണ്. ആഗോള രീതികളോടു പൊരുത്തപ്പെടേണ്ട സാഹചര്യം രാജ്യത്തും കേരളത്തിലുമുണ്ട്. വിദേശത്ത് പലയിടത്തും ഇന്ത്യയിലെ മൂന്നു വർഷത്തെ ബിരുദ കോഴ്സ് വിലമതിക്കാതെ പോകുന്നുണ്ട്. വിദേശ സർവകലാശാലകളിൽ പിജി കോഴ്സുകൾക്കു താത്പര്യം കാണിക്കുന്ന വിദ്യാർഥികൾ ഇതിന്റെ ബുദ്ധിമുട്ടും അനുഭവിക്കേണ്ടിവരുന്നുണ്ട്. നാലു വർഷ കോഴ്സിലേക്കു മാറുന്നതോടെ ഇന്ത്യൻ വിദ്യാർഥികൾക്ക് വിദേശത്ത് കൂടുതൽ അവസരങ്ങൾ ലഭ്യമാവുമെന്നാണ് കരുതേണ്ടതും. പ്രായോഗിക പരിശീലനത്തിനുള്ള സൗകര്യം കൂടി പുതിയ കോഴ്സുകളിലുണ്ടാവും എന്നതാണു ശ്രദ്ധേയമായിട്ടുള്ളത്. നമ്മുടെ ബിരുദ വിദ്യാഭ്യാസം കുട്ടികൾക്ക് പ്രായോഗിക പരിശീലനം നൽകുന്നില്ലെന്നതു വലിയ ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടാറുള്ളതാണ്. ബിരുദവുമായി പുറത്തിറങ്ങുന്നവർക്ക് അവരുടേതായ മേഖലകളിൽ പ്രായോഗിക അറിവ് ഇല്ലാതെ വരുന്നു. ഈ പോരായ്മയാണ് പരിഹരിക്കപ്പെടുന്നത്.
പഠന പദ്ധതികൾ ആഗോള സമ്പ്രദായവുമായി പൊരുത്തപ്പെടുന്നവയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിർദേശിക്കുകയുണ്ടായി. ആഗോളതലത്തിൽ ആവശ്യം കൂടിവരുന്ന പഠന പദ്ധതികൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാൻ നമ്മുടെ സർവകലാശാലകൾക്കു കഴിഞ്ഞാൽ രാജ്യത്തിനകത്തും പുറത്തുമുള്ള ധാരാളം വിദ്യാർഥികൾ ഇങ്ങോട്ടുവരുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. മലയാളികളായ വിദ്യാർഥികൾ കേരളത്തിനു പുറത്തേക്കു പോകുന്നതുപോലെ പുറത്തുനിന്ന് കുട്ടികൾ ഇങ്ങോട്ടും വരുന്ന സ്ഥിതിയുണ്ടായാൽ അതു വിദ്യാഭ്യാസ മേഖലയിൽ വലിയ ചലനമാണു സൃഷ്ടിക്കുക.