വളർച്ചാ നിരക്ക് ഉയരണം, വികസിത ഭാരതത്തിന് | മുഖപ്രസംഗം

Growth rate must increase for developed India read Editorial
വളർച്ചാ നിരക്ക് ഉയരണം, വികസിത ഭാരതത്തിന് | മുഖപ്രസംഗം
Updated on

സ്വാതന്ത്ര്യത്തിന്‍റെ നൂറാം വർഷത്തിൽ, 2047ഓടെ വികസിത രാജ്യമാകുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിനായുള്ള പരിശ്രമങ്ങളിലാണു കേന്ദ്ര സർക്കാരുള്ളത്. ഈ ലക്ഷ്യം മുൻനിർത്തിയുള്ള സാമ്പത്തിക പരിഷ്കാരങ്ങളുടെ തുടർച്ചയാണ് കേന്ദ്ര സർക്കാർ പദ്ധതിയിട്ടു വരുന്നതും. ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റും വികസിത ഭാരതം എന്ന ലക്ഷ്യം മുന്നിൽക്കണ്ടുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ പാർലമെന്‍റിൽ ധനമന്ത്രി നിർമല സീതാരാമൻ മേശപ്പുറത്തുവച്ച സാമ്പത്തിക സർവെയും 2047ഓടെ വികസിത രാജ്യമാകുക എന്ന ലക്ഷ്യത്തെക്കുറിച്ചു പറയുന്നുണ്ട്. പക്ഷേ, ഈ ലക്ഷ്യം അത്ര എളുപ്പമല്ലെന്ന് സർവെ സൂചിപ്പിക്കുന്നു. വരുന്ന രണ്ടു പതിറ്റാണ്ടുകാലം രാജ്യം ശരാശരി എട്ടു ശതമാനം മൊത്തം ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ച നേടണമെന്നാണ് സർവെ നിർദേശിക്കുന്നത്. വളർച്ചാനിരക്ക് ഉയർത്തിയില്ലെങ്കിൽ വികസിത ഭാരതത്തിലേക്കുള്ള പ്രയാണവും ബുദ്ധിമുട്ടാവും.

ഏഴു ശതമാനം വളർച്ച പോലും കൈവരിക്കാൻ ഈ സാമ്പത്തിക വർഷം കഴിയില്ലെന്നാണ് സാമ്പത്തിക സർവെ കണക്കുകൂട്ടുന്നത്. വളർച്ചയ്ക്കു തടസം സൃഷ്ടിക്കുന്ന ഘടകങ്ങൾ വരും വർഷങ്ങളിലും ഉണ്ടാകാം. നാണയപ്പെരുപ്പം, റഷ്യ-യുക്രെയ്ൻ യുദ്ധം, മധ്യേഷ്യയിലെ സംഘർഷം തുടങ്ങി പ്രതിസന്ധി സൃഷ്ടിക്കാവുന്ന ഘടകങ്ങൾ അന്താരാഷ്ട്ര തലത്തിൽ പലതുണ്ട്. അതെല്ലാം തരണം ചെയ്യേണ്ടതുണ്ട്. അതിനൊപ്പം ആഭ്യന്തര സാമ്പത്തിക വ്യവസ്ഥയ്ക്ക് ഊർജം പകരുന്ന നടപടികളുമുണ്ടാവണം. മാനുഫാക്ചറിങ് മേഖലയ്ക്ക് ഊർജം പകരണം, കയറ്റുമതി വർധിപ്പിക്കണം, അടിസ്ഥാന സൗകര്യ വികസന മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കപ്പെടണം തുടങ്ങി നിരവധി നിർദേശങ്ങൾ നടപ്പാവേണ്ടതുണ്ട്.

ഈ വർഷം മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 6.4 ശതമാനം സാമ്പത്തിക വളർച്ച മാത്രമാണു പ്രതീക്ഷിക്കുന്നത്. നാലു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണിത്. കൊവിഡ് സാഹചര്യത്തിൽ 2020-21ലെ ജിഡിപി നെഗറ്റീവ് വളർച്ചയാണു നേടിയത്. ഈ നെഗറ്റീവ് വളർച്ചയുടെ പശ്ചാത്തലത്തിൽ അതിനു തൊട്ടടുത്ത വർഷം 2021-22ൽ ഒമ്പതു ശതമാനത്തിലേറെ വളർച്ചയുണ്ടായി. 2022-23ൽ ഏഴു ശതമാനം വളർച്ചയുണ്ടായിരുന്നു. 2023-24ൽ അത് 8.2 ശതമാനമായി ഉയർന്നു. അതിൽ നിന്ന് കുത്തനെയുള്ള ഇപ്പോഴത്തെ ഇടിവു തുടരുമെന്ന സൂചനയാണ് സാമ്പത്തിക സർവെ നൽകുന്നത്. 2025-26ൽ 6.3 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയിൽ ജിഡിപി വളർച്ചയാണു സർവെ പ്രവചിക്കുന്നത്. വളർച്ചാനിരക്കിനു പുറമേ മുതൽമുടക്ക് നിരക്കും ഉയർത്തേണ്ടതുണ്ട്. ജിഡിപിയുടെ 31 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഈ നിരക്ക് ഉയരണമെന്ന് സർവെ നിർദേശിക്കുന്നു. ഇതിനൊപ്പം ഉപഭോഗത്തിലും വർധനയുണ്ടാവണം. അതിന് സാധാരണക്കാരായ ജനങ്ങളിൽ കൂടുതൽ പണമെത്തണം.

ഇതെല്ലാം കണക്കാക്കി സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജകമാവുന്ന തരത്തിലുള്ളതാവണം ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ്. അന്താരാഷ്ട്ര തലത്തിലുള്ള പ്രതിബന്ധങ്ങൾ മറികടക്കാൻ കഴിയുന്ന നയ മാനെജ്മെന്‍റ് രാജ്യത്തിന് ആവശ്യമാണ്. എഐ, റോബോട്ടിക്സ്, ബയോ ടെക്നോളജി തുടങ്ങിയ സാങ്കേതിക വിദ്യകളിൽ ഉയർന്ന മുതൽമുടക്ക് ആവശ്യമാണെന്നും സർവെ സൂചിപ്പിക്കുകയാണ്. സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങൾ ശക്തമാണ് എന്ന കാര്യത്തിൽ വലിയ ആശ്വാസമുണ്ട്. ‌ഈ അടിസ്ഥാന ഘടകങ്ങളിൽ വിശ്വാസമർപ്പിച്ചും സാമ്പത്തിക അച്ചടക്കം പാലിച്ചും മുന്നോട്ടുപോകാനാവണം. സേവന മേഖലയുടെ തിരിച്ചുവരവ് പ്രതീക്ഷകൾ പകരുന്നതാണ്.

തങ്ങളുടെ വ്യാപാര താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ലോക രാജ്യങ്ങൾ സ്വീകരിക്കുന്ന സംരക്ഷണ നയങ്ങൾ ഇന്ത്യ കാണാതെ പോകരുതെന്ന് സർവെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഗോളീകരണത്തിൽ നിന്ന് സംരക്ഷണ നയങ്ങളിലേക്കുള്ള മാറ്റം സമീപവർഷങ്ങളിലെ ആഗോള വ്യാപാരത്തിൽ കാണുന്നുണ്ട്. അത് വ്യാപാര രംഗത്ത് അനിശ്ചിതത്വം വർധിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്ക് ഒരു പുതിയ വ്യാപാര റോഡ് മാപ് അനിവാര്യമാണെന്നാണ് സർവെ നിർദേശിക്കുന്നത്.

അന്താരാഷ്ട്ര വ്യാപാരത്തിൽ മത്സരക്ഷമത വർധിപ്പിക്കുക തന്നെ വേണം. ഗുണനിലവാരം വർധിപ്പിക്കുന്നതിനുള്ള മുതൽമുടക്കുകൾ വ്യവസായ രംഗത്തു പ്രധാനമാണ്. നിരവധി രാജ്യങ്ങളും വ്യാപാര ബ്ലോക്കുകളുമായി സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെടാനുള്ള നടപടികളിലാണ് ഇന്ത്യയുള്ളത്. ഇത്തരം കരാറുകൾ കയറ്റുമതി വർധിപ്പിക്കാൻ ഉപകരിക്കുന്നതാണ്. നടപടി‌ക്രമങ്ങൾ ലഘൂകരിക്കുക, കൈമാറ്റ ചെലവു കുറയ്ക്കുക, ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുക തുടങ്ങിയ നടപടികളിലൂടെ കയറ്റുമതി രംഗത്ത് കാര്യക്ഷമത വർധിപ്പിക്കാനാവുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

കാർഷിക രംഗത്ത് ഒരു നയപരിഷ്കരണം സർവെ ശുപാർശ ചെയ്യുന്നത് ശ്രദ്ധിക്കേണ്ടതാണ്. ധാന്യങ്ങളുടെ അമിത ഉത്പാദനം നിരുത്സാഹപ്പെടുത്തി പയറുവർഗങ്ങളുടെയും ഭക്ഷ്യ എണ്ണകളുടെയും ഉത്പാദനം വർധിപ്പിക്കാൻ നടപടികളുണ്ടാവണമെന്നതാണ് അത്. പയറുവർഗങ്ങളുടെയും ഭക്ഷ്യ എണ്ണകളുടെയും ഇറക്കുമതി കുറയ്ക്കാൻ ഈ നടപടി ഉപകരിക്കും. എണ്ണക്കുരുക്കളുടെ ഉത്പാദനത്തിലെ വളരെ ചെറിയ വളർച്ചാ നിരക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ഇന്ത്യൻ കാർഷിക മേഖല ഇനിയും ഉപയോഗപ്പെടുത്താത്ത വളർച്ചാ സാധ്യതകൾ സർവെ ചൂണ്ടിക്കാണിക്കുന്നുണ്ട്. കർഷകർക്ക് വിപണിയിൽ നിന്നു മതിയായ വില ഉറപ്പാക്കാനുള്ള നടപടികൾ ഇനിയും സ്വീകരിക്കേണ്ടതായിട്ടുണ്ട്. അമിതവും അനിയന്ത്രിതവുമായ വളം ഉപയോഗം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. മികച്ച കൃഷിരീതികളെക്കുറിച്ച് കർഷകർക്കു പരിശീലനം നൽകുന്നതും ഉയർന്ന ഉത്പാദനവും രോഗപ്രതിരോധ ശേഷിയുമുള്ള വിത്തിനങ്ങൾ അവരിലെത്തിക്കുന്നതും കാർഷിക മേഖലയ്ക്കു ഗുണം ചെയ്യുമെന്നുറപ്പാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com