

മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം: മാതൃകയാവട്ടെ ഈ ബിൽ
വയോജനങ്ങളുടെ സംരക്ഷണത്തിനു മുന്തിയ പരിഗണന നൽകേണ്ട കാലഘട്ടമാണിത് എന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാവില്ല. ജനസംഖ്യയിൽ വയോജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം എന്ന നിലയിൽ പ്രത്യേകിച്ചു കേരളത്തിൽ ഇതിനു പ്രാധാന്യമേറെയുണ്ട്. അതുകൊണ്ടു തന്നെ വയോജനക്ഷേമം സർക്കാരിന്‍റെ പ്രഥമ പരിഗണനയിൽ വരുന്ന വിഷയമാവുന്നതു സ്വാഗതാർഹമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നോട്ടുവച്ച തെരഞ്ഞെടുപ്പു വാഗ്‌ദാനങ്ങളിലൊന്നായിരുന്നു വയോജനങ്ങൾക്കായുള്ള ക്ഷേമപ്രവർത്തനങ്ങൾ. രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു പ്രത്യേക വകുപ്പുണ്ടാക്കിയതു കേരളത്തിലാണ്. തെരഞ്ഞെടുപ്പു കാലത്ത് നൽകിയ വാഗ്‌ദാനം എന്ന നിലയില്‍ ഈ സർക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇതു സംബന്ധിച്ച തീരുമാനം തത്വത്തില്‍ എടുത്തു.
ഇപ്പോൾ മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശ സംരക്ഷണവും നിയമമാക്കുന്നതിനുള്ള ബില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഏതാനും അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികളോടെ ബില്‍ സബ്‌ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്കയച്ചിരിക്കുന്നു. ഈ ബില്‍ പാസാകുന്നതോടെ മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ കാര്യത്തില്‍ കേരളം രാജ്യത്തിനു മാതൃകയാകുമെന്നു സർക്കാർ അവകാശപ്പെടുന്നുണ്ട്. വയോജന സംരക്ഷണത്തിനു കേരളം പ്രത്യേക പ്രാധാന്യം നൽകണമെന്ന കാര്യത്തിൽ പ്രതിപക്ഷത്തിനും എതിർപ്പുണ്ടാവില്ല. എല്ലാ വാര്‍ഡുകളിലും മുതിര്‍ന്ന പൗരന്മാരുടെ പരിചരണത്തിനായി അയല്‍ക്കൂട്ടം മാതൃകയില്‍ യൂണിറ്റ് രൂപീകരിക്കാനുള്ള നീക്കം എല്ലാവരുടെയും സഹകരണത്തോടെ വേണം നടപ്പാക്കുന്നതിന്.
ഈ ബില്ലിലൂടെ കൊണ്ടുവരുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വകുപ്പ് ക്ഷേമകാര്യങ്ങള്‍ക്കു മാത്രമുള്ളതല്ല എന്നാണു മുഖ്യമന്ത്രി പറയുന്നത്. മുതിർന്നവരുടെ അനുഭവവും കഴിവുകളും നാടിന്‍റെ പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്ന സില്‍വര്‍ ഇക്കോണമിയും ഇതിന്‍റെ ഭാഗമാണത്രേ. 60 വയസു കഴിഞ്ഞ ആളുകളുടെ ജീവിത പരിചയവും ജ്ഞാനവും സമൂഹത്തിന്‍റെ പുരോഗതിക്കായി ഉപയോഗിക്കുക എന്നതാണു ലക്ഷ്യം. ക്രിയാത്മകമായ ഒരു നീക്കം എന്ന നിലയിൽ ഇതിനെ കാണേണ്ടതുണ്ട്. മുതിർന്ന പൗരൻമാരുടെ അറിവ് അടുത്ത തലമുറയിലേക്കു പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞാല്‍ അതു രാജ്യത്തിനാകെയുള്ള നേട്ടമായാണു മാറുക. വിരമിച്ച അധ്യാപകരുടെയും വിവിധ മേഖലകളിലെ വിദഗ്ധരുടെയും അനുഭവസമ്പത്ത് പുതിയ സംരംഭങ്ങൾക്കു പ്രയോജനപ്പെടുത്തുന്നതിനായി അവരെ സ്റ്റാർട്ടപ്പുകളിലും എംഎസ്എംഇകളിലും "ടെക്‌നോ മെന്‍റർ'മാരായി നിയോഗിക്കുമെന്നു നേരത്തേ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അവരുടെ അറിവും പരിചയവും യുവസംരംഭകർക്കും പുതിയ സംരംഭങ്ങൾക്കും പ്രയോജനപ്പെടുത്തുകയാണു ലക്ഷ്യം. മുതിർന്ന പൗരന്മാരുടെ സേവനം സംസ്ഥാനത്തിനു വേണ്ടി പ്രയോജനപ്പെടുത്താന്‍ നൂതനമായ ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാര്‍ തയാറാക്കുകയാണത്രേ. പലവിധ സഹായം ആവശ്യമുള്ളവരുടെ ഡേറ്റ സര്‍ക്കാര്‍ തയാറാക്കുന്നുണ്ട്. കൃത്യമായ ദിശാബോധത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഈ മേഖലയിൽ ആവശ്യമായിട്ടുള്ളത്.
മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നവർക്കെതിരേ കർശന നടപടികളാണു പുതിയ നിയമത്തിൽ വിഭാവനം ചെയ്യുന്നത്. സ്വത്തോ മറ്റു വിലപിടിപ്പുള്ള വസ്‌തുക്കളോ തട്ടിയെടുക്കാൻ ശ്രമിക്കുക, സംരക്ഷണം നൽകാതെ ഉപേക്ഷിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കു കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്. വയോജനങ്ങൾക്കു പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക പരിഗണന നൽകും. ഇവരുടെ പരാതികൾ കൃത്യമായി കൈകാര്യം ചെയ്യുന്നതിനായി സബ് ഇൻസ്പെക്റ്റർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി ചുമതലപ്പെടുത്തും. ഇതിനുപുറമെ, അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനായി വയോജന അയൽപക്ക സൗഹൃദ ശൃംഖല രൂപീകരിക്കുമെന്നും പറയുന്നു. സൈബർ തട്ടിപ്പുകളിൽ നിന്ന് വയോജനങ്ങളെ സംരക്ഷിക്കാൻ അതിവേഗ നടപടിക്രമങ്ങളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവിതാന്ത്യത്തിൽ നൽകേണ്ട ചികിത്സകൾ സംബന്ധിച്ച് മുൻകൂട്ടി തീരുമാനമെടുക്കാൻ സഹായിക്കുന്ന "ലിവിങ് വിൽ' തയാറാക്കാനുള്ള അവകാശവും നിയമം ഉറപ്പുനൽകുന്നുണ്ട്.
സർക്കാർ ഓഫിസുകളിലും ആശുപത്രികളിലും മുതിർന്ന പൗരന്മാർക്കു പ്രത്യേക പരിഗണനയും മുൻഗണനയും ഉറപ്പാക്കുന്നത് ആവശ്യമാണ്. അവരോട് ആദരവോടെയും കരുതലോടെയും പെരുമാറുന്ന പുതിയ സാമൂഹിക സംസ്‌കാരം വളർത്തിയെടുക്കേണ്ടതുണ്ട്. ചൂഷണങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും മുക്തമായ അന്തസുള്ള ഒരു ജീവിതം മുതിർന്ന പൗരന്മാർക്ക് ഉറപ്പുവരുത്തേണ്ടതു തന്നെയാണ്. മുതിർന്ന പൗരന്മാരുടെ സംരക്ഷണവും പരിചരണവും ആരുടെയും ഔദാര്യമല്ല, അവകാശമാണ് എന്നുറപ്പാക്കുന്നതാണു കാലഘട്ടത്തിന്‍റെ ആവശ്യം. അത് ഈ ബിൽ തിരിച്ചറിയുന്നുണ്ട്.