

സൗജന്യ' വാഗ്ദാനങ്ങൾ
വാരിക്കോരി
file photo
തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്നു. 234 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23നാണ്. വലിയ വിജയത്തോടെ ഭരണം നിലനിർത്താമെന്ന പ്രതീക്ഷയിലാണു ഡിഎംകെയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമുള്ളത്. അതേസമയം, അധികാരം പിടിക്കാമെന്ന കണക്കുകൂട്ടലിൽ അണ്ണാ ഡിഎംകെയും ബിജെപിയും അടങ്ങുന്ന സഖ്യവും മുന്നോട്ടുപോകുകയാണ്.
തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന നടൻ വിജയിനും വലിയ തോതിൽ ആളുകളെ ആകർഷിക്കാൻ കഴിയുന്നുണ്ട്. സംസ്ഥാന രാഷ്‌ട്രീയത്തിൽ വിജയിന്‍റെ അരങ്ങേറ്റം എന്തു മാറ്റമാണുണ്ടാക്കുകയെന്നത് ഏവരും ഉറ്റുനോക്കുകയാണ്. ജനാധിപത്യത്തിന്‍റെ ഉത്സവം എന്ന വിശേഷണം അർഥവത്താക്കുന്നതാണ് പ്രചാരണത്തിലെ ജനപങ്കാളിത്തം.
അതിനൊപ്പം തന്നെയാണ് വോട്ടർമാരെ തങ്ങളുടെ പക്ഷത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ട് വിവിധ രാഷ്‌ട്രീയ കക്ഷികളുടെ പ്രകടന പത്രികകളിൽ "സൗജന്യ' വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഖജനാവിനെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ തെരഞ്ഞെടുപ്പിനു മുൻപ് സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിനെ സുപ്രീം കോടതി ശക്തമായ ഭാഷയിൽ വിമർശിച്ചത് അടുത്തിടെയാണ്.
വികസന പദ്ധതികൾക്കു പണം ചെലവഴിക്കുന്നതിനു പകരം വാരിക്കോരി സൗജന്യങ്ങൾ നൽകുന്നത് സാമ്പത്തിക വികസനത്തെ ബാധിക്കുമെന്നാണു കോടതി ചൂണ്ടിക്കാണിച്ചത്. തമിഴ്നാട്ടിലെ വൈദ്യുതി സബ്സിഡിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ ഇത്തരത്തിലുള്ള വിമർശനം. വോട്ട് ലക്ഷ്യമിട്ടുകൊണ്ട് നാടിന്‍റെ നടുവൊടിക്കുന്നതു ശരിയല്ല എന്നൊക്കെ വിമർശനം ഉയർന്നാലും അതൊന്നും തെരഞ്ഞെടുപ്പുകാലത്തു നോക്കാനാവില്ല എന്നതാണു രാഷ്‌ട്രീയ നേതാക്കളുടെ പക്ഷം.
തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ 1.31 കോടി സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 5,000 രൂപ വീതം മുഖ്യമന്ത്രി സ്റ്റാലിൻ കൈമാറിയിരുന്നു. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ക്ഷേമപദ്ധതി വിഹിതമായ 3,000 രൂപയും പ്രത്യേക വേനൽക്കാല സഹായമായി 2,000 രൂപയും ചേർത്താണിത്. ഡിഎംകെ സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ഈ പദ്ധതിയിലുള്ള സാമ്പത്തിക സഹായം മാസം 2,000 രൂപയായി ഉയർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരിക്കുകയാണ്.
വയോജന പെൻഷൻ 1,200ൽ നിന്ന് 2,000 ആക്കുമെന്നും ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ 1,500ൽ നിന്ന് 2,500 ആക്കുമെന്നും ഡിഎംകെയുടെ പ്രകടന പത്രികയിൽ പറയുന്നുണ്ട്. അർഹതയുള്ളവർക്കു ക്ഷേമപെൻഷനുകൾ വർധിപ്പിക്കുന്നതു സ്വാഗതാർഹമായ കാര്യം തന്നെയാണ്. അതിനൊപ്പമാണ് മറ്റു പല സാമ്പത്തിക സഹായ വാഗ്ദാനങ്ങളും കൂടി നൽകുന്നത്.
ടിവി ഉൾപ്പെടെ വീട്ടുപകരണങ്ങൾ വാങ്ങാനോ മാറ്റിവാങ്ങാനോ 8,000 രൂപയുടെ കൂപ്പൺ നൽകുന്ന "ഇല്ലത്തരസി' പദ്ധതി ഇതിലൊന്നാണ്. വനിതാ സ്വയംസഹായ സംഘങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വരെ സബ്സിഡിയോടെ ഈടില്ലാതെ വായ്പ, 35 ലക്ഷം വിദ്യാർഥികൾക്ക് ലാപ് ടോപ് തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്.
വിജയിച്ചാൽ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും റഫ്രിജറേറ്റർ സൗജന്യമായി നൽകുമെന്നാണ് അണ്ണാ ഡിഎംകെ പ്രഖ്യാപിച്ചിരിക്കുന്നത്. സൗജന്യമായി അരി ലഭിക്കുന്ന വിഭാഗത്തിന് ഒരു കിലോ പരിപ്പും ഒരു കിലോ എണ്ണയും കൂടി സൗജന്യമായി നൽകും. വർഷം മൂന്ന് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ത്രീകൾക്കു പ്രതിമാസം 2000 രൂപ, അമ്മ ടു വീലേഴ്സ് പദ്ധതിയിൽ അഞ്ചു ലക്ഷം സ്ത്രീകൾക്ക് 25,000 രൂപ സബ്സിഡി, വിദ്യാഭ്യാസ വായ്പാ ഇളവ്, വയോധികർക്ക് സാമൂഹിക ക്ഷേമ പദ്ധതിയിൽ 2,000 രൂപ, സ്ത്രീകളുടേതിനു സമാനമായി പുരുഷന്മാർക്കും ബസിൽ സൗജന്യ യാത്ര, ഗ്രാമീണ തൊഴിലുറപ്പു പദ്ധതി 150 ദിവസമായി ഉയർത്തും, നികുതിഭാരവും വിലക്കയറ്റവും മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് ഒറ്റത്തവണയായി 10,000 രൂപ സഹായം തുടങ്ങിയ വാഗ്ദാനങ്ങളും അണ്ണാ ഡിഎംകെയുടെ പ്രകടന പത്രികയിലുണ്ട്.
ഓരോ കുടുംബത്തിനും 10,000 രൂപയുടെ ഒറ്റത്തവണ സഹായം, കുടുംബനാഥകളായ സ്ത്രീകൾക്കു പ്രതിമാസം 2,000 രൂപ, വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ എന്നീ വാഗ്ദാനങ്ങൾ ബിജെപിയുടെ പ്രകടന പത്രികയിലുമുണ്ട്. പിഎം കിസാൻ പദ്ധതിയിലൂടെ ലഭിക്കുന്ന കേന്ദ്ര ധനസഹായത്തിനു പുറമേ കർഷകർക്ക് 3,000 രൂപ വീതം സംസ്ഥാന സർക്കാർ നൽകുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.
സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്ക് 50 ലക്ഷം രൂപ വരെ പലിശരഹിത വായ്പയും പാർട്ടിയുടെ വാഗ്ദാനമാണ്. തമിഴക വെട്രി കഴകം അധികാരത്തിലെത്തിയാൽ അറുപതു വയസിൽ താഴെയുള്ള സ്ത്രീകൾക്ക് എല്ലാ മാസവും 2,500 രൂപ സഹായം നൽകുമെന്നും എല്ലാ കുടുംബങ്ങൾക്കും പ്രതിവർഷം ആറ് എൽപിജി സിലിണ്ടർ സൗജന്യമായി നൽകുമെന്നുമാണ് വിജയ് പ്രകടന പത്രികയിൽ പറയുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കു വിവാഹസഹായമായി എട്ടു ഗ്രാം സ്വർണവും സിൽക്ക് സാരിയും നൽകും.ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കും. മുതിർന്ന പൗരന്മാർ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് മാസം 3,000 രൂപയുടെ സഹായമാണു പ്രഖ്യാപിച്ചിരിക്കുന്നത്.
അഞ്ചേക്കറിൽ താഴെയുള്ള കർഷകരുടെ കാർഷിക സഹകരണ വിള വായ്പകൾ പൂർണമായും എഴുതിത്തള്ളും. അഞ്ചേക്കറിൽ കൂടുതലുള്ളവരുടെ വായ്പകളുടെ 50 ശതമാനവും എഴുതിത്തള്ളും.
സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ നിന്ന് വിദ്യാർഥികൾ കൊഴിഞ്ഞുപോകാതിരിക്കാൻ അമ്മമാർക്ക് പ്രതിവർഷം 15,000 രൂപയുടെ ധനസഹായവും വിജയ് വാഗ്ദാനം ചെയ്യുന്നുണ്ട്. തൊഴിലില്ലാത്ത യുവാക്കൾക്കു പ്രതിമാസ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ കക്ഷികളുടെ "സൗജന്യ' വാഗ്ദാനങ്ങൾ വോട്ടർമാർ എങ്ങനെ കണക്കിലെടുക്കുമെന്നു കാത്തിരുന്നു കാണേണ്ടതാണ്.