ഹാഥ്റസ് ദുരന്തം: കൃത്യമായ അന്വേഷണം നടക്കണം| മുഖപ്രസംഗം

ആൾദൈവത്തിന്‍റെ ആളുകളാണ് സംഘാടകർ എന്നത് കുറ്റം മറച്ചുവയ്ക്കാനുള്ള കാരണമായും മാറാതിരിക്കട്ടെ
Hathras stampede A proper investigation should be done editorial
ഹാഥ്റസ് ദുരന്തം: കൃത്യമായ അന്വേഷണം നടക്കണം

ഉത്തർപ്രദേശിലെ ഹാഥ്റസിൽ ആൾദൈവം ഭോലെ ബാബ സംഘടിപ്പിച്ച സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറ്റിയിരുപതിലേറെ ആളുകൾ അതിദാരുണമായ വിധത്തിൽ കൊല്ലപ്പെട്ടിരിക്കുകയാണ്. നിരവധിയാളുകൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്ക നിലനിൽക്കുന്നു. സാധാര‍ണക്കാരും പാവപ്പെട്ടവരുമായ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്കാണ് ആൾദൈവത്തെ കാണാനും അനുഗ്രഹം വാങ്ങാനുമുള്ള മോഹത്താൽ ജീവൻ വെടിയേണ്ടിവന്നത്. അപകടകാരണം വ്യക്തമായി അറിയാനിരിക്കുന്നതേയുള്ളൂ. വിശദമായ അന്വേഷണത്തിന് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

ബാബയെ കാണാൻ ആളുകൾ തിരക്കുകൂട്ടിയത് അപകടത്തിന് ഇടയാക്കിയെന്നു പറയുന്നുണ്ട്. ബാബയുടെ കാൽ പതിഞ്ഞ മണ്ണെടുക്കാൻ ചിലർ ശ്രമിച്ചതാണു തിക്കും തിരക്കുമുണ്ടാവാൻ കാരണമെന്നും ചില റിപ്പോർട്ടുകളുണ്ട്. പരിപാടി അവസാനിച്ച ശേഷം നിരവധിയാളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയപ്പോഴാണ് ദുരന്തം സംഭവിച്ചതെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന ചിലർ പറഞ്ഞിട്ടുണ്ട്. ബാബയുടെ വാഹനവ്യൂഹം കടന്നുപോയ സമയത്ത് അദ്ദേഹത്തിനു സുരക്ഷയൊരുക്കാൻ വടിയുമായി നിന്നിരുന്ന സഹായികൾ പുറത്തേക്ക് ഇറങ്ങുന്ന ജനങ്ങളെ തടഞ്ഞത് തിക്കും തിരക്കുമുണ്ടാക്കിയെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. ഇതെല്ലാം അന്വേഷിക്കപ്പെടേണ്ടതും സംഘാടകർക്കു വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശനമായ ശിക്ഷ ഉറപ്പുവരുത്തേണ്ടതുമാണ്. ഏതെങ്കിലും തരത്തിൽ കുറ്റവാളികളെ സഹായിക്കുന്ന നിലപാട് ബന്ധപ്പെട്ടവരിൽ നിന്ന് ഉണ്ടാവാതിരിക്കട്ടെ. ആൾദൈവത്തിന്‍റെ ആളുകളാണ് സംഘാടകർ എന്നത് കുറ്റം മറച്ചുവയ്ക്കാനുള്ള കാരണമായും മാറാതിരിക്കട്ടെ.

ആയിരക്കണക്കിനാളുകൾ ഇത്തരം പരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോൾ എത്രമാത്രം സുരക്ഷാസംവിധാനങ്ങൾ ഉണ്ടാവണമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ, വളരെക്കുറച്ചു പൊലീസുകാർ മാത്രമാണു ജനക്കൂട്ടത്തെ നിയന്ത്രിക്കാനുണ്ടായതെന്നു പറയുന്നുണ്ട്. വെള്ളമൊഴുകി നനഞ്ഞുകിടന്ന വയലിലാണു പരിപാടി സംഘടിപ്പിച്ചതെന്നും നിരവധിയാളുകൾ വഴുക്കി മേൽക്കുമേൽ വീണുവെന്നും റിപ്പോർട്ടുകളിൽ കാണുന്നു. സംഘാടകർക്കു നിയന്ത്രിക്കാനാവാത്തത്ര തിരക്ക് പരിപാടിയിൽ ഉണ്ടായിരുന്നു. പ്രതീക്ഷിച്ചതിൽ കൂടുതൽ ആളുകൾ പരിപാടിയിൽ പങ്കെടുത്തുവെന്ന് അധികൃതർ തന്നെ വ്യക്തമാക്കുന്നുണ്ട്. 80,000 പേരെ പങ്കെടുപ്പിക്കാനാണു സംഘാടകർ അനുമതി വാങ്ങിയതെന്നും സ്ഥലത്ത് രണ്ടര ലക്ഷം ആളുകൾ ഉണ്ടായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. ദുരന്ത സ്ഥലത്തുനിന്ന് വേഗം പുറത്തുകടക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നില്ല. വേദിയുടെ പുറകുവശത്തായി വലിയ കുഴിയുണ്ടായിരുന്നു. നിരവധിയാളുകൾ അതിൽ വീണിട്ടുണ്ട്.

ഹാഥ്റസിലെ ഫൂൽറായി എന്ന ഗ്രാമത്തിലാണു ദുരന്തമുണ്ടാവുന്നത്. അവിടെ ആശുപത്രി സൗകര്യങ്ങളും കുറവായിരുന്നു. ഡോക്റ്റർമാരടക്കം ചികിത്സാ സൗകര്യങ്ങളുടെ കുറവ് മരണസംഖ്യ കൂട്ടിയിട്ടുണ്ട്. ആശുപത്രിയിൽ വേണ്ടത്ര ഓക്സിജൻ ഇല്ലാത്തതു തന്നെ പലരുടെയും മരണത്തിനു കാരണമായെന്ന് പ്രദേശവാസികൾ പറയുന്നു. ഇത്രയധികം ആളുകളെ ഉൾക്കൊള്ളിച്ചുള്ള പരിപാടിക്ക് ഉചിതമായ വേദിയായിരുന്നില്ല സംഘാടകർ കണ്ടെത്തിയതെന്ന് ഇതിൽ നിന്നൊക്കെ വ്യക്തമാണ്. പങ്കെടുക്കുന്നയാളുകളുടെ യഥാർഥ സംഖ്യ സംഘാടകർ മറച്ചുവച്ചുവെന്നാണ് എഫ്ഐആർ കാണിക്കുന്നത്. ആവശ്യത്തിനുള്ള ട്രാഫിക് സൗകര്യങ്ങളും ഒരുക്കിയിരുന്നില്ല. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവും സംഘാടകർക്കെതിരേ ഉയർന്നിട്ടുണ്ട്. ദുരന്തത്തിൽ പെട്ടവരുടെ വസ്ത്രങ്ങളും ചെരുപ്പുമൊക്കെ സംഭവസ്ഥലത്തുനിന്ന് മാറ്റി ദുരന്തവ്യാപ്തി കുറച്ചുകാണിക്കാനുള്ള ശ്രമം ഉണ്ടായെന്നാണു പറയുന്നത്.

കൊവിഡ് കാലത്ത് ഉത്തർപ്രദേശിലെ തന്നെ ഫറൂഖാബാദിൽ 50,000ത്തിലേറെ പേർ പങ്കെടുത്ത സത്സംഗം നടത്തിയ സ്വയം പ്രഖ്യാപിത ആൾ ദൈവമാണ് ഭോലെ ബാബ. ജില്ലാ ഭരണകൂടം 50 പേർക്ക് അനുമതി നൽകിയ പരിപാടിയാണ് അന്ന് ഇത്രയേറെ ആളുകളെ പങ്കെടുപ്പിച്ചു നടത്തിയത്. പരിപാടികളിൽ വലിയ ജനക്കൂട്ടം ഉണ്ടാകുന്നതുകൊണ്ടുതന്നെ സ്വന്തം സുരക്ഷാ സംഘത്തെയും കൊണ്ടാണ് ഇദ്ദേഹം എത്താറുള്ളത്. ഉത്തർപ്രദേശിൽ മാത്രമല്ല മധ്യപ്രദേശിലും രാജസ്ഥാനിലുമെല്ലാം അനുയായികളുണ്ട് ഇദ്ദേഹത്തിന്. രാജ്യത്തെ നിയമങ്ങളും നടപടിക്രമങ്ങളും സ്വാധീനം കൊണ്ടു മറികടക്കാൻ ആൾ ദൈവങ്ങൾക്കു കഴിയുന്ന അവസ്ഥ അപകടകരമാണ്. ജനങ്ങളുടെ ജീവൻ നിസാരമായി കാണുന്നത് ആരായാലും അംഗീകരിക്കാനാവില്ല. കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനു മാത്രമല്ല ഇനി ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിലും എന്തുകൊണ്ട് ഈ ദുരന്തമുണ്ടായി എന്നു കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. അന്വേഷണത്തിൽ കണ്ടെത്തുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലാണല്ലോ ഇനി ആവർത്തിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടത്.

Trending

No stories found.

Latest News

No stories found.