higher education sector in Kerala must continue to advance

റാങ്കിങ്ങിൽ നേട്ടം, ഇനിയും മുന്നേറണം

റാങ്കിങ്ങിൽ നേട്ടം, ഇനിയും മുന്നേറണം

മദ്രാസ് ഐഐടിയും ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസും ബോംബെ, ഡൽഹി, കാൺപുർ ഐഐടികളും മുൻനിരയിലുള്ള സ്ഥാപനങ്ങളുടെ ഓവറോൾ പട്ടികയിൽ കേരള സർവകലാശാല 42ാം സ്ഥാനത്തുണ്ട്
Published on

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് പ്രവർത്തന മികവും പുരോഗതിയും പരിശോധിക്കുന്ന എന്‍ഐആർഎഫ് റാങ്കിങ്ങിൽ കേരള​​​ത്തി​​​ന്‍റെ നേട്ടം അഭിമാനാർഹമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അവകാശപ്പെടുകയുണ്ടായി. ഈ മാസം ആദ്യം പുറത്തുവന്ന റാങ്കിങ് അനുസരിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലതും മെച്ചപ്പെട്ട നിലയിൽ എത്തിയിട്ടുണ്ട്. അതിൽ നമുക്ക് അഭിമാനിക്കുകയും ചെയ്യാം. അതേസമയം, കേരളത്തിന് ഈ റാങ്കിങ്ങിൽ ഇനിയും മുന്നോട്ടുപോകാൻ കഴിയുമെന്ന ബോധ്യത്തോടെയുള്ള പ്രവർത്തനങ്ങളും അനിവാര്യമാണ്. വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിനു മാതൃകയായ നിരവധി നേട്ടങ്ങൾ മുൻപും കേരളം സ്വന്തമാക്കിയിട്ടുണ്ട്. അതിന്‍റെ തുടർച്ചയായി വേണം ഉന്നത വിദ്യാഭ്യാസ മേഖലയിലെ കുതിപ്പ്. അതിനുള്ള പരിശ്രമങ്ങളിൽ വളരെ പ്രധാനമാണ് രാഷ്‌​ട്രീയ അതിപ്രസരം ഒഴിവാക്കുകയെന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണം സംബന്ധിച്ച് ചാൻസലർ കൂടിയായ ഗവർണറും സർക്കാരും തമ്മിലുള്ള പോരാട്ടം തന്നെ വലിയ ദോഷം വരുത്തിവയ്ക്കുന്നു​​​​. സർവകലാശാലകളിൽ മുഴുവൻ സമയ വൈസ് ചാൻസലർമാരില്ലാത്ത അവസ്ഥ ഒട്ടും അഭിമാനിക്കാവുന്നതല്ല.

വിദേശ രാജ്യങ്ങളിലേതു​​​​ പോലെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉറപ്പു ​​​​വരുത്തുമെന്നാണു സർക്കാർ അവകാശപ്പെടുന്നത്. ഉപരിപഠനത്തിന് വിദേശത്തേക്കു പോകുന്ന വിദ്യാർഥികളുടെ എണ്ണം കുറയ്ക്കുക, വിദേശ വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കുക എന്നീ ലക്ഷ്യങ്ങൾ വിജയത്തിലെത്തിക്കാൻ ദേശീയ ​​​​തലത്തിൽ കേരളത്തിന്‍റെ സ്ഥാനം ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. നേടിയതു നല്ലത്, നേടാനിരിക്കുന്നത് അതിലും നല്ലത് എന്നതാവണം നമ്മുടെ സമീപനം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തിയ ഇടപെടലിന്‍റെ ഫലമാണ് എന്‍ഐആർഎഫ് റാങ്കിങ്ങിലെ നേട്ടമെന്നു മന്ത്രി ബിന്ദു അവകാശപ്പെടുന്നുണ്ട്. പഠന- പരീക്ഷ- മൂല്യനിർണയ രീതികളിൽ സമഗ്രമായ മാറ്റം കൊണ്ടുവന്നും തൊഴിലിനും നൈപുണ്യത്തിനും ഗവേഷണത്തിനും മികച്ച പരിഗണന നൽകിയും സംസ്ഥാനം നടപ്പാക്കിയ നാലുവർഷ ബിരുദ പ്രോഗ്രാം റാങ്കിങ്ങിലെ നേട്ടത്തിനു സഹായിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ആളുകളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ഈ നേട്ടം കൂടുതൽ തിളക്കമുള്ളതാക്കാൻ സാധിക്കണം.

മദ്രാസ് ഐഐടിയും ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസും ബോംബെ, ഡൽഹി, കാൺപുർ ഐഐടികളും മുൻനിരയിലുള്ള സ്ഥാപനങ്ങളുടെ ഓവറോൾ പട്ടികയിൽ കേരള സർവകലാശാല 42ാം സ്ഥാനത്തുണ്ട്. എന്‍ഐടി കാലിക്കറ്റ് 45ാം സ്ഥാനത്താണ്. കുസാറ്റ് 50ാമ​തും എംജി സർവകലാശാല 79ാമ​തും നിൽക്കുന്നു. രാജ്യത്ത് മുൻനിരയിലുള്ള 100 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരളത്തിന്‍റെ ഈ പ്രാതിനിധ്യം ഒട്ടും മോശമല്ല. സർവകലാശാലകളിൽ കേരള യൂണിവേഴ്സിറ്റി 25ാം സ്ഥാനത്താണ്. കുസാറ്റ് 32, എംജി 43 എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ൽ നിൽക്കുന്നു. കോളെജുകളുടെ വിഭാഗത്തിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കേരളം കാഴ്ചവയ്ക്കുന്നു. രാജ്യത്തെ മികച്ച 100 കോളെജുകളിൽ കേരളത്തിൽ നിന്നുള്ള 18 കോളെജുകൾ ഇടംപിടിച്ചിട്ടുണ്ട്. ഏതു നിലയ്ക്കു നോക്കിയാലും ഇത് അഭിമാനകരമാണ്. ഈ പട്ടികയിൽ 4 സർക്കാർ കോളെജുകൾ ഇടം​​​​ നേടി എന്നതാണു പ്രത്യേകം പറയേണ്ടത്.

എറണാകുളം രാജഗിരി കോളെജ് (12), തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് (23), എസ്എച്ച് തേവര (44), സെന്‍റ് തോമസ് തൃശൂർ (53), ഗവ. വി​മൻസ് കോളെജ് തിരുവനന്തപുരം (54), എസ്ബി ചങ്ങനാശേരി (56), സെന്‍റ് തെരേസാസ് എറണാകുളം (60), മാർ ഇവാനിയോസ് തിരുവനന്തപുരം (61), സെന്‍റ് ജോസഫ്സ് ദേവഗിരി (74), മഹാരാജാസ് എറണാകുളം (75), വിമല തൃശൂർ (78), ഫറൂഖ് കോളെജ് (82), സെന്‍റ് ജോസഫ്സ് ഇരിങ്ങാലക്കുട (83), സിഎംഎസ് കോട്ടയം (86), ക്രൈസ്റ്റ് ഇരിങ്ങാലക്കുട (87), മാർ അത്തനേഷ്യസ് കോതമംഗലം (92), യുസി ആലുവ (96), ഗവ. കോളെജ് ആറ്റിങ്ങൽ (99) എന്നിവയാണ് ദേശീയതലത്തിലെ ആദ്യ 100 കോളെജുകളിൽ കേരളത്തിൽ നിന്ന് ഉൾപ്പെടുന്നത്. ഈ സ്ഥാപനങ്ങളെ ഈ നിലയിലേക്ക് ഉയർത്താൻ സഹായിച്ച മുഴുവൻ ആളുകളും അഭിനന്ദനം അർഹിക്കുന്നു. രാജ്യത്തെ മികച്ച 300 കോളെജുകളുടെ ലിസ്റ്റിൽ കേരളത്തിൽ നിന്നുള്ള 74 സ്ഥാപനങ്ങളുണ്ട്. ഇതിൽ 18 സർക്കാർ കോളെജുകൾ എന്നതു പ്രത്യേകം പറയണം.

എൻജിനീയറിങ് കോളെജുകളുടെ കാര്യത്തിൽ കേരളം ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. എൻഐടി കാലിക്കറ്റ് (21), ഐഐഎസ്ടി തിരുവനന്തപുരം (61), ഐഐടി പാലക്കാട് (64) എന്നിവയാണ് ദേശീയതലത്തിൽ മികച്ച 100 എൻജിനീയറിങ് സ്ഥാപനങ്ങളുടെ ലിസ്റ്റിൽ കേരളത്തിൽ നിന്നുള്ളത്. രാജ്യത്തെ മികച്ച 50 മെഡിക്കൽ സ്ഥാപനങ്ങളിൽ തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്‍ഡ് ടെക്നോളജിയു​​​​ണ്ട്. ഡെന്‍റൽ വിഭാഗത്തിൽ തിരുവനന്തപുരത്തെ(35)യും കോഴിക്കോട്ടെ (38)യും ഗവൺമെന്‍റ് ഡെന്‍റൽ കോളെജുകൾ ആദ്യ 40 സ്ഥാപനങ്ങളുടെ ലിസ്റ്റിലുണ്ട്. കൃഷി-​​​​ അനുബന്ധ മേഖലകളിൽ കേരള കാർഷിക സർവകലാശാല 12ാം സ്ഥാനത്തുണ്ടെന്നത് അഭിമാനകരം തന്നെയാണ്. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് 31ാം സ്ഥാനത്തുണ്ടെന്നതും ശ്രദ്ധേയം. മാനെജ്മെന്‍റ് സ്ഥാപനങ്ങളിൽ കോഴിക്കോട് ഐഐഎമ്മിന്‍റെ മൂന്നാം സ്ഥാനവും ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗത്തിൽ കോഴിക്കോട് എൻഐടിയുടെ രണ്ടാം സ്ഥാനവും തിരുവനന്തപുരം എൻജിനീയറിങ് കോളെജിന്‍റെ 15ാം സ്ഥാനവും ഇതോടൊപ്പം ചേർക്കാവുന്നതാണ്.

logo
Metro Vaartha
www.metrovaartha.com