ഡിപിഡിപിയും മാധ്യമ സ്വാതന്ത്ര്യവും

മാധ്യമ സ്ഥാപനങ്ങൾക്കു നിയമത്തിൽ ഇളവ് അനുവദിക്കുന്നതു സംബന്ധിച്ചു കേന്ദ്ര സർക്കാർ ഗൗരവമായി ആലോചിക്കട്ടെ.
 DPDP and
Press Freedom

ഡിപിഡിപിയും

മാധ്യമ സ്വാതന്ത്ര്യവും

Updated on: 

ഇതു ഡിജിറ്റൽ യുഗമാണ്. ഡിജിറ്റൽ ലോകത്തുനിന്ന് മാറിനിന്നുള്ള ഒരു ജീവിതം ചിന്തിക്കാൻ പോലും കഴിയില്ല. ബിസിനസുകളിലും മറ്റും ഡാറ്റയുടെ പ്രാധാന്യം അനുദിനം വർധിച്ചുവരുകയാണ്. മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഡാറ്റ ഉപകരിക്കും. എന്നാൽ, ഡാറ്റയുടെ ദുരുപയോഗവും ഗൗരവമുള്ള വിഷയമാണ്. വ്യക്തിഗത ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നവർ ആരുടെ ഡാറ്റയാണോ ഉപയോഗിക്കുന്നത് അവരുടെ താത്പര്യങ്ങൾക്ക് എതിരായി പ്രവർത്തിക്കുകയാണ് എന്നുവരാം. അതായത് വ്യക്തിഗത ഡാറ്റാ കൈമാറ്റങ്ങൾ അപകടകരമായി മാറിയേക്കാം. അതുകൊണ്ടു തന്നെയാണ് ഡാറ്റാ ശേഖരണത്തിൽ നിയന്ത്രണങ്ങളും സൂക്ഷ്മ നിരീക്ഷണവും ആവശ്യമായി വരുന്നത്. ഡാറ്റ ശേഖരിക്കുന്നതും പ്രോസസ് ചെയ്യുന്നതും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ നിയമങ്ങളുടെ പ്രസക്തി ഇന്ന് എല്ലാവരും തിരിച്ചറിയുന്നുമുണ്ട്. കേന്ദ്ര സർക്കാരിന്‍റെ ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമവും (ഡിപിഡിപി ആക്റ്റ്) വ്യക്തിഗത ഡാറ്റാ സുരക്ഷ മുൻനിർത്തിയുള്ളതാണ്. 2023 ഓഗസ്റ്റിൽ പാർലമെന്‍റ് പാസാക്കിയ ഈ നിയമം ഘട്ടം ഘട്ടമായി പ്രാബല്യത്തിൽ വരികയാണ്.

വ്യക്തികൾക്ക് അവരുടെ സ്വകാര്യ ഡാറ്റയ്ക്കു മേൽ അവകാശങ്ങൾ നൽകുകയും അതു പ്രോസസ് ചെയ്യുന്ന സ്ഥാപനങ്ങൾക്കു വ്യക്തമായ കടമകൾ നിർവചിക്കുകയും ചെയ്യുന്നതാണ് ഈ നിയമം. യൂറോപ്യൻ യൂണിയനിലെ ജിഡിപിആർ (ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റഗുലേഷൻ) നിയമത്തിന് സമാനമാണ് ഇന്ത്യയിലെ ഡിപിഡിപി ആക്റ്റ് എന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ഡാറ്റ നിയമാനുസൃതമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, വ്യക്തികളുടെ അവകാശങ്ങൾ ഉറപ്പാക്കുക, വിവരങ്ങളുടെ ദുരുപയോഗം തടയുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ ഈ നിയമപ്രകാരം നേടിയെടുക്കാനാവുമെന്നാണു കരുതുന്നത്. ആ നിലയ്ക്ക് വളരെ ഉപകാരപ്രദമാണ് ഡിപിഡിപി എന്നു പറയാം. മെറ്റ, ഗൂഗിള്‍ തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് കര്‍ശന വ്യവസ്ഥകളാണ് ഈ നിയമം ഏര്‍പ്പെടുത്തുന്നത്.

അതേസമയം തന്നെ, ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമം മാധ്യമ സ്വാതന്ത്ര്യത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും നിങ്ങളുടെ മുൻകൂർ അനുമതി വാങ്ങണം എന്നാണു നിബന്ധനയിലുള്ളത്. ഈ അനുമതി എപ്പോൾ വേണമെങ്കിലും പിൻവലിക്കാനും നിങ്ങൾക്ക് അവകാശമുണ്ട്. ഈ വ്യവസ്ഥ വച്ച് എങ്ങനെയാണു സ്വതന്ത്രമായി മാധ്യമ പ്രവർത്തനം നടത്തുക എന്നതാണു ചോദ്യം ഉയരുന്നത്. ഡാറ്റാ ഉപയോഗത്തിൽ മാധ്യമങ്ങൾക്ക് ഇളവ് അനുവദിച്ചില്ലെങ്കിൽ അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിനു തടസമാവും. ഒരു വ്യക്തിയുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ ആ വ്യക്തിയുടെ അനുമതി വേണം എന്നു വന്നാൽ പല വാർത്തകളും വെളിച്ചം കാണില്ല. അഴിമതികളും തട്ടിപ്പുകളുമൊക്കെ പുറത്തുകൊണ്ടുവരുന്നതു തടയാൻ ഈ വ്യവസ്ഥ ഉപയോഗിക്കപ്പെടും. ഏതു സമയത്തും സമ്മതം പിൻവലിക്കാൻ നിയമം അനുവാദം നൽകുന്നത് മാധ്യമ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. പുതിയ നിയമപ്രകാരം വാർത്തകളുടെ സ്രോതസ് വെളിപ്പെടുത്തേണ്ട സാഹചര്യമുണ്ടാവുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

അതുകൊണ്ടു തന്നെയാണ് 21 പ്രമുഖ വാര്‍ത്താസ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഡിഎന്‍പിഎ) നിയമത്തിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന്മേൽ കേന്ദ്ര സർക്കാരിനു സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്‍റെ വാദം കൂടി കേട്ട ശേഷം തീരുമാനമെടുക്കാമെന്നാണു കോടതി വ്യക്തമാക്കിയിരിക്കുന്നത്. നിയമം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ഉചിതമായ ഉത്തരവുകളും നിര്‍ദേശങ്ങളും പുറപ്പെടുവിക്കണമെന്ന് അസോസിയേഷന്‍ കോടതിയോട് അഭ്യർഥിക്കുന്നുണ്ട്. ഡിപിഡിപി നിയമത്തിലെ ചില സെക്‌ഷനുകൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനവും ഇതിലുണ്ട് എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മാധ്യമ പ്രവര്‍ത്തനം, ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്, പൗരന്മാര്‍, വിസിൽ ബ്ലോവര്‍മാര്‍, ആര്‍ടിഐ ആക്റ്റിവിസ്റ്റുകള്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളെ ഈ നിയമം പ്രതികൂലമായി ബാധിക്കും. പ്രസാധകര്‍, എഡിറ്റര്‍മാര്‍, റിപ്പോര്‍ട്ടര്‍മാര്‍ എന്നിവരെല്ലാം കര്‍ശനമായ നോട്ടീസ്, മുന്‍കൂര്‍ സമ്മതം, ഡാറ്റ നിര്‍ബന്ധിതമായി നീക്കം ചെയ്യല്‍ തുടങ്ങിയ ചട്ടക്കൂടുകള്‍ക്കു കീഴിലാകും. ഇത് മാധ്യമങ്ങളുടെ സാധാരണ പ്രവര്‍ത്തന രീതിയുമായി പൊരുത്തപ്പെടുന്നതല്ല. പൊതു താത്പര്യം മുൻനിർത്തിയാണു വ്യക്തിവിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നത് എന്നു വരുമ്പോൾ അതിനു സംരക്ഷണം ലഭിക്കേണ്ടതുണ്ട്. മാധ്യമ സ്ഥാപനങ്ങൾക്കു നിയമത്തിൽ ഇളവ് അനുവദിക്കുന്നതു സംബന്ധിച്ചു കേന്ദ്ര സർക്കാർ ഗൗരവമായി ആലോചിക്കട്ടെ. മാധ്യമ സ്വാതന്ത്ര്യത്തിൽ കടന്നുകയറാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നില്ലെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. തുറന്ന ചർച്ചകളിലൂടെ ഈ വിഷയത്തിൽ ഒരു ധാരണയുണ്ടാക്കാൻ കഴിയേണ്ടതാണ്.