

സാമ്പത്തിക മേഖലയിൽ പ്രതീക്ഷ നിറച്ച വർഷം
ഒരു വർഷം കൂടി കടന്നുപോകുകയാണ്. 2025ന്‍റെ അവസാന മണിക്കൂറുകളിലാണു നാം ഇപ്പോഴുള്ളത്. പുതുവർഷത്തെ എതിരേൽക്കാനുള്ള ആവേശത്തിലാണു ലോകം. കടന്നുപോകുന്ന വർഷത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ രാജ്യത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. പുതുവർഷത്തെക്കുറിച്ചുള്ള ചിന്തയിലാവട്ടെ നിറയെ പ്രത്യാശയുമുണ്ട്. വിവിധ രംഗങ്ങളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ പരിഗണിക്കുമ്പോൾ സാമ്പത്തിക മേഖലയിലുണ്ടായ മുന്നേറ്റം അതിൽ പ്രധാനമായി നിലകൊള്ളുന്നുണ്ട്. മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) ഉണ്ടായ വൻ വളർച്ച പ്രത്യേകം പറയേണ്ടതുണ്ട്. ശ്രദ്ധേയമായ വിധത്തിൽ ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പാക്കിയ വർഷം കൂടിയാണിത്. ആദായ നികുതിയിൽ പ്രഖ്യാപിച്ച വമ്പൻ ഇളവുകൾ ഉപഭോഗം വർധിപ്പിക്കുന്നതിനു സഹായകരമായി. ചെറുകിട- ഇടത്തരം വ്യവസായ മേഖലയിലും ഉണർവുണ്ടായി. കയറ്റുമതിയിലുണ്ടായ പുരോഗതിയും ഇതിനോടൊപ്പമുണ്ട്. ഐടി, എന്‍ജിനീയറിങ്, ഇലക്‌ട്രോണിക്സ് മേഖലകളിൽ ഗണ്യമായ മുന്നേറ്റമുണ്ടായിട്ടുണ്ട്. സേവനങ്ങളടക്കമുള്ള മൊത്തം കയറ്റുമതി വരുമാനം സർവകാല റെക്കോഡായിരുന്നു എന്നാണു കണക്കുകൾ കാണിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് അമെരിക്ക 50 ശതമാനം തീരുവ ഏർപ്പെടുത്തിയ ശേഷവും തളർച്ചയില്ലാതെ നിൽക്കാൻ നമുക്കു കഴിയുന്നുണ്ട് എന്നത് സാമ്പത്തിക വ്യവസ്ഥയുടെ കരുത്തിനെ കാണിക്കുന്നതാണ്. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണു യുഎസ്. ട്രംപിന്‍റെ നയങ്ങൾ ഈ വിപണിക്കു തടസങ്ങളുണ്ടാക്കാനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ട് യൂറോപ്പിലേക്കുള്ള കയറ്റുമതി വർധിപ്പിക്കുക പുതിയ വർഷത്തിൽ ലക്ഷ്യമായി സ്വീകരിക്കേണ്ടതുണ്ട്. തീരുവ വഴി മാത്രമല്ല ട്രംപ് ഇന്ത്യയെ ഈ വർഷം വിഷമിപ്പിച്ചത്. എച്ച്1ബി വീസ അപേക്ഷകൾക്കുള്ള ഫീസ് കുത്തനെ കൂട്ടിയതും ഇന്ത്യൻ താത്പര്യങ്ങൾക്കു തിരിച്ചടിയായി. ഉയർന്ന വൈദഗ്ധ്യം വേണ്ടിവരുന്ന തൊഴിൽ രംഗങ്ങളിൽ യുഎസിൽ ജോലി കിട്ടുന്നതിന് വിദേശ രാജ്യങ്ങളിലെ ആളുകൾ പ്രധാനമായും ആശ്രയിക്കുന്നത് എച്ച്1ബി വീസയെയാണ്. അമെരിക്കയിൽ നിലവിലുള്ള എച്ച്1ബി വീസക്കാരിൽ 70 ശതമാനത്തിലേറെയും ഇന്ത്യക്കാരുമാണ്. ഐടി മേഖലയിൽ അടക്കം ജോലിക്കായി ഇന്ത്യയിൽ നിന്ന് നിരവധി യുവാക്കൾ ഈ വീസയിൽ പോയിട്ടുണ്ട്. ഇനിയും ധാരാളം യുവാക്കൾ പോകാനിരിക്കുകയുമാണ്. അവർക്കെല്ലാം തിരിച്ചടിയായി ട്രംപിന്‍റെ ഈ നീക്കം.
ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ (ജൂലൈ- സെപ്റ്റംബര്‍) ഇന്ത്യയുടെ ജിഡിപി വളർച്ച 8.2 ശതമാനമാണ്. കരുത്തുള്ള സാമ്പത്തിക വ്യവസ്ഥയുടെ ചിത്രമാണ് ഇതു കാണിക്കുന്നത് എന്നതിൽ സംശയമുണ്ടാവേണ്ടതില്ല. റിസർവ് ബാങ്കും മറ്റു ധനകാര്യ ഏജൻസികളും പ്രവചിച്ചിരുന്നത് ഏഴു മുതൽ ഏഴര വരെ ശതമാനം വളർച്ചയായിരുന്നു എന്നുകൂടി അറിയണം. കഴിഞ്ഞ ആറു പാദത്തിനിടയിലെ ഏറ്റവും വലിയ വളര്‍ച്ചയാണ് രാജ്യത്തുണ്ടായത്. ഒന്നാം പാദത്തിൽ 7.8% വളര്‍ച്ചയുണ്ടായി എന്നതും ഇതോടൊപ്പം ഓർക്കാവുന്നതാണ്. അതിനു മുൻപുള്ള പാദത്തിൽ 7.4 ശതമാനമായിരുന്നു വളർച്ച. ക്രമമായ പുരോഗതി കൈവരിക്കുന്നു എന്നർഥം. അന്താരാഷ്ട്ര സാഹചര്യങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിച്ചാണ് ഈ മുന്നേറ്റം. അതേസമയം, നാണയപ്പെരുപ്പ നിരക്കാവട്ടെ കുത്തനെ ഇടിഞ്ഞിരിക്കുന്നു. 2025 ജനുവരിയിൽ 4.26 ശതമാനമായിരുന്ന ചില്ലറ വ്യാപാര നാണയപ്പെരുപ്പം നവംബറിലെത്തിയപ്പോൾ 0.71 ശതമാനം മാത്രമാണ്. ഒക്റ്റോബറിൽ 0.25 ശതമാനം മാത്രമാണ് ഉണ്ടായിരുന്നത് എന്നതു കൂടി ഇതിനൊപ്പം കാണണം. ചരിത്രപരമായ നാഴികക്കല്ലാണിത്. ഈ സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 7.3 ശതമാനമാവുമെന്നാണ് റിസർവ് ബാങ്ക് കണക്കാക്കിയിരിക്കുന്നത്. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥകളിൽ തന്നെയാണ് ഇന്ത്യയ്ക്കു സ്ഥാനമുള്ളത്.
രാജ്യത്തെ തൊഴിൽവിപണി സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നതും തർക്കമില്ലാത്ത വസ്തുതയാണ്. നവംബറിലെ തൊഴിലില്ലായ്മാ നിരക്ക് 4.7 ശതമാനമാണ്. ഗ്രാമീണ മേഖലയിലും നഗര മേഖലയിലും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. വിദേശ നാണയ ശേഖരത്തിന്‍റെ കാര്യത്തിലും രാജ്യം കരുത്തുകാണിക്കുന്നുണ്ട്. നിക്ഷേപകരുടെ വിശ്വാസം വർധിച്ചിരിക്കുന്നു. ഇതെല്ലാം പുതുവർഷത്തിലേക്കു കടക്കുമ്പോൾ ശുഭകരമാണ്. സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്താൻ ഈ വർഷം നാലു തവണയാണ് റിസർവ് ബാങ്ക് അതിന്‍റെ ഹ്രസ്വകാല പലിശ നിരക്ക് (റിപ്പോ) കുറച്ചത്. 6.50 ശതമാനത്തിൽനിന്ന് റിപ്പോ നിരക്ക് 5.25 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഒരു വർഷത്തിനിടെ 1.25 ശതമാനത്തിന്‍റെ ഇടിവ്. കേന്ദ്ര സർക്കാർ നയങ്ങൾക്കൊപ്പം കേന്ദ്ര ബാങ്കിന്‍റെ ഇത്തരത്തിലുള്ള ഇടപെടലുകളും സാമ്പത്തിക വ്യവസ്ഥയെ സഹായിച്ചിട്ടുണ്ട്.
ജിഎസ്ടിയിൽ സമഗ്ര മാറ്റത്തിനാണ് ഈ വർഷം സാക്ഷ്യം വഹിച്ചത്. 12 ശതമാനം, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കിയതോടെ അഞ്ചു ശതമാനം, 18 ശതമാനം സ്ലാബുകൾ മാത്രമായി. ഇതിനു പുറമേ ആഡംബര വസ്തുക്കൾക്ക് 40 ശതമാനം ജിഎസ്ടിയും നടപ്പാക്കി. ഉയർന്ന സ്ലാബിലുണ്ടായിരുന്ന നിരവധി വസ്തുക്കളുടെ നികുതി കുത്തനെ കുറഞ്ഞു. അതിന്‍റെ ഗുണം ഉപയോക്താക്കൾക്കാണു ലഭിക്കുന്നത്. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ആദായ നികുതി ഒഴിവുപരിധി 12 ലക്ഷം രൂപയാക്കിയതും നികുതി നിരക്കുകൾ പരിഷ്കരിച്ചതും കോടിക്കണക്കിനു ജനങ്ങൾക്കാണ് ഉപകാരപ്രദമാവുന്നത്.