ആശ്വാസത്തിന്‍റെ മണിക്കൂറുകൾ

ഔദ്യോഗികമായുള്ള പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് മോചനകാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടത്.
Hours of comfort
നിമിഷ പ്രിയ
Updated on

ഒരു വലിയ ആശ്വാസത്തിന്‍റെ മണിക്കൂറുകളാണിത്. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു എന്ന വാർത്ത പ്രതീക്ഷ പകരുന്നതാണ്. കൂടുതൽ ചർച്ചകൾക്കു സാധ്യത തെളിഞ്ഞു എന്നതുകൊണ്ടു തന്നെ നിമിഷപ്രിയയുടെ മോചനം സാധ്യമാവുമെന്ന പ്രതീക്ഷയും ഉയർന്നിട്ടുണ്ട്. ഇന്നാണ് അവരുടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. പ്രതീക്ഷകൾ ഏതാണ്ട് അവസാനിക്കുന്നു എന്ന സൂചനകൾ ഏതാനും ദിവസം മുൻപുണ്ടായി. ബ്ലഡ് മണി (ദിയാധനം) സ്വീകരിച്ച് നിമിഷപ്രിയയ്ക്കു മാപ്പു നൽകാൻ കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബം തയാറാവുന്നില്ല എന്നു വന്നപ്പോഴായിരുന്നു അത്. വധശിക്ഷ നടപ്പാക്കണമെന്ന നിലപാടിൽ കുടുംബം ഉറച്ചുനിന്നു. കുടുംബത്തിന്‍റെ അഭിമാനമായാണ് ഈ വിഷയത്ത കാണുന്നതെന്ന നിലപാടാണ് കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ സ്വീകരിച്ചിരുന്നത്.

ഔദ്യോഗികമായുള്ള പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് മോചനകാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടത്. യെമനുമായി ഇന്ത്യക്ക്‌ നയതന്ത്രബന്ധമോ അവിടെ സ്ഥാനപതി കാര്യാലയമോ ഇല്ല. ഇക്കാരണം കൊണ്ടു തന്നെ നയതന്ത്രതലത്തിൽ ഇടപെടാൻ പരിമിതികളുണ്ടായിരുന്നു. ആ പരിമിതികൾക്കുള്ളിലും മോചനത്തിനു മാർഗമുണ്ടോയെന്ന് ആരായുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുമ്പോഴാണ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ ഇടപെടലുണ്ടാകുന്നത്.

യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറുമായി കാന്തപുരത്തിനുള്ള അടുത്ത സൗഹൃദം ഗുണകരമായി ഭവിച്ചു. ഷെയ്ഖ് ഹബീബ് ഉമറിന്‍റെ നിർദേശം അംഗീകരിച്ച് തലാലിന്‍റെ കുടുംബം ചർച്ചയിൽ പങ്കെടുത്തു. നോര്‍ത്ത് യെമനില്‍ നടന്ന ചർച്ചകളിൽ ഉമറിന്‍റെ പ്രതിനിധി ഹബീബ് അബ്ദുറഹ്‌മാന്‍ അലി മഷ്ഹൂര്‍, യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജി, തലാലിന്‍റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരാണ് പങ്കെടുത്തത്. ആ ചർച്ചകളാണ് ഇപ്പോൾ വധശിക്ഷ മാറ്റിവയ്ക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നതും.

വഴിമുട്ടിയ ചർച്ചകൾ വീണ്ടും സജീവമാക്കി കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ നടത്തിയ ഇടപെടൽ നിമിഷപ്രിയയുടെ കുടുംബം മാത്രമല്ല നാടൊന്നാകെ നന്ദിയോടെ സ്മരിക്കും. നിമിഷപ്രിയ ജീവനോടെ നാട്ടിൽ തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ആളുകളും കാന്തപുരത്തിന്‍റെ ഇടപെടലിനെ അഭിനന്ദിക്കുമെന്നുറപ്പാണ്. ബ്ലഡ് മണി സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നൽകാൻ തലാലിന്‍റെ കുടുംബം തയാറായാൽ പണം നൽകുന്നതിനു തടസമുണ്ടാവില്ല. ബ്ലഡ് മണി നൽകാനുള്ള പണം ഒരു വിഷയമല്ലെന്ന് നിമിഷപ്രിയയ്ക്കായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന സേവ് നിമിഷപ്രിയ ഇന്‍റർനാഷണൽ ആക്‌ഷൻ കൗൺസിൽ വ്യക്തമാക്കുകയുണ്ടായി.

എത്ര പണം വേണമെങ്കിലും ലോകമെമ്പാടുമുള്ള മലയാളികൾക്കു സമാഹരിക്കാൻ കഴിയുമെന്നാണ് അവർ പറയുന്നത്. സഹായഹസ്തവുമായി നിരവധിയാളുകൾ രംഗത്തുണ്ട് എന്നതും പ്രത്യേകം പറയേണ്ടതുണ്ട്. എല്ലാവരും ആഗ്രഹിക്കുന്നത് വധശിക്ഷ ഒഴിവായിക്കിട്ടുക എന്നതാണ്. എത്ര പണമാണു നൽകേണ്ടിവരുക എന്നതിൽ ഇതുവരെ വ്യക്തതയില്ല. എന്തായാലും നിരവധിയാളുകളുടെ പ്രാർഥനകൾക്കു ഫലമുണ്ടാവുമെന്നു തന്നെയാണു കരുതേണ്ടത്.

പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയായ നിമിഷപ്രിയ 2017 ജൂലൈയിലാണ് യെമനിൽ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തുന്നത്. അതിനുശേഷം കൂട്ടുകാരി ഹനാന്‍റെ സഹായത്തോടെ മൃതദേഹം വെട്ടിനുറുക്കി വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നാണു കേസ്. യെമനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാനുള്ള ശ്രമത്തിനിടെ സഹായ വാഗ്ദാനവുമായി രംഗത്തുവന്ന തലാൽ അബ്ദു മഹ്ദിയെ വിശ്വസിച്ചതു വിനയായി.

നിമിഷപ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് അയാൾ നടത്തിയ ക്രൂരപീഡനം സഹിക്കാൻ വയ്യാതായതാണ് മയങ്ങാനുള്ള മരുന്ന് അമിത ഡോസ് കുത്തിവച്ചുള്ള കൊലപാതകത്തിലേക്കു നയിച്ചതെന്നാണു നിമിഷപ്രിയ പറഞ്ഞിരുന്നത്. മയക്കിക്കിടത്തി പാസ്പോർട്ട് എടുത്ത് രക്ഷപെടുക എന്ന ലക്ഷ്യം മാത്രമാണു തനിക്കുണ്ടായിരുന്നതെന്നു നിമിഷപ്രിയ പറയുന്നുണ്ട്. മരുന്നു കുത്തിവച്ചശേഷം എന്താണു സംഭവിച്ചതെന്നു തനിക്ക് അറിയില്ലെന്നും നിമിഷപ്രിയ കോടതിയിൽ പറയുകയുണ്ടായി.

മരിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ല മരുന്നുകുത്തിവച്ചതെന്നു വാദിച്ചെങ്കിലും വധശിക്ഷാ വിധി ഒഴിവായില്ല. അറബിയിലായിരുന്നു വിചാരണ. കോടതിയിൽ ദ്വിഭാഷിയുടെ സേവനം നിഷേധിക്കപ്പെട്ടു. കൂട്ടുകാരി ഹനാന് ജീവപര്യന്തം തടവാണു കോടതി വിധിച്ചത്. വധശിക്ഷക്കെതിരേ അപ്പീൽ പോയെങ്കിലും കാര്യമുണ്ടായില്ല. 2023 നവംബറിൽ യെമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ നിമിഷപ്രിയയുടെ അപ്പീൽ തള്ളി. നിമിഷപ്രിയയുടെ അമ്മ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വഴി യെമൻ സർക്കാരിനു നിവേദനം നൽകിയതടക്കം നടപടികളൊന്നും ഫലം കണ്ടില്ല. 2020 മുതൽ സേവ് നിമിഷപ്രിയ ഇന്‍റർനാഷണൽ ആക്‌ഷൻ കൗൺസിൽ അവരുടെ മോചനത്തിനായുള്ള പരിശ്രമങ്ങൾ നടത്തുന്നതാണ്. നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിലാണ് ഇപ്പോൾ പ്രതീക്ഷയുടെ വെട്ടം കാണുന്നത് എന്നു സാരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com