
അടുത്തിടെ പുറത്തുവന്ന ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും പുറകോട്ടു പോയിരിക്കുന്നത് ചർച്ചകൾക്കു വഴിവച്ചിട്ടുണ്ട്. വർഷം ചെല്ലുന്തോറും രാജ്യത്തു പട്ടിണി ഏറിവരികയാണ് എന്നു കാണിക്കുന്ന സൂചിക സത്യത്തിൽ വലിയ നിരാശയുണ്ടാക്കുന്നതാണ്. പട്ടിണിക്കെതിരേ വലിയ മുന്നേറ്റമാണു രാജ്യം നടത്തിയിരിക്കുന്നതെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദത്തിനു നേരേ വിപരീതമാണ് ആഗോള പട്ടിണി സൂചിക കാണിക്കുന്ന കണക്കുകൾ. സ്വാഭാവികമായും പ്രതിപക്ഷം ഇതു സർക്കാരിനെതിരായ ആയുധമാക്കും, പ്രത്യേകിച്ച് അടുത്തവർഷം ലോക്സഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ. അതേസമയം, സൂചിക തയാറാക്കുന്ന രീതി തന്നെ അശാസ്ത്രീയമാണെന്നും ഈ കണക്കുകൾ പൂർണമായി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കേന്ദ്ര സർക്കാരും അവകാശപ്പെടുന്നുണ്ട്. യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത വിധത്തിലാണു സൂചിക തയാറാക്കിയിരിക്കുന്നതെന്ന് സർക്കാരിനെ അനുകൂലിക്കുന്ന വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ, സൂചികയിൽ ഇടംപിടിച്ചിട്ടുള്ള എല്ലാ രാജ്യങ്ങൾക്കും ഒരേ മാനദണ്ഡമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഇന്ത്യയോടു വിവേചനം ഇല്ലെന്നുമാണ് പതിവായി ഈ സൂചിക തയാറാക്കാറുള്ള ഏജൻസികൾ അവകാശപ്പെടുന്നത്.
രാജ്യത്തെ പട്ടിണി അതീവ ഗുരുതരമായ വിഷയമാണെന്നാണ് ഐറിഷ് ഏജൻസി കൺസേൺ വേൾഡ് വൈഡും ജർമൻ സംഘടനയായ വെൽറ്റ് ഹംഗർ ഹിൽഫും സംയുക്തമായി തയാറാക്കിയ ആഗോള പട്ടിണി സൂചിക സംബന്ധിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. പട്ടികയിലെ 125 രാജ്യങ്ങളിൽ നൂറ്റി പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. കഴിഞ്ഞ തവണ 121 രാജ്യങ്ങളിൽ നൂറ്റിയേഴാം സ്ഥാനത്തായിരുന്നു. 2020ൽ തൊണ്ണൂറ്റിനാലാം സ്ഥാനത്തും പിന്നീട് നൂറ്റിയൊന്നാം സ്ഥാനത്തുമായി. ആഗോള സൂചികയിൽ 29.1 ആയിരുന്ന ഇന്ത്യയുടെ സ്കോർ ഇക്കുറി 28.7 ആയിട്ടുണ്ട്. പട്ടിണി രൂക്ഷമെന്നാണ് ഇതു കാണിക്കുന്നത്. കഴിഞ്ഞ വർഷത്തേതുപോലെ പാക്കിസ്ഥാനും ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയും ഒക്കെ പട്ടിണിയിൽ ഇന്ത്യയെക്കാൾ ഭേദമാണ് എന്നാണു സൂചിക കാണിക്കുന്നത്. പാക്കിസ്ഥാൻ നൂറ്റിരണ്ടാം സ്ഥാനത്തും ബംഗ്ലാദേശ് എൺപത്തൊന്നാം സ്ഥാനത്തും നേപ്പാൾ അറുപത്തൊമ്പതാം സ്ഥാനത്തും ശ്രീലങ്ക അറുപതാം സ്ഥാനത്തുമാണ് എന്നു സൂചിക പറയുമ്പോഴാണ് ഇന്ത്യ ഇത്രയും മോശമാണോ എന്ന സംശയം ഉയരുന്നത്.
ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പട്ടിണി സൂചികയെന്ന് കേന്ദ്ര സർക്കാർ പറയുന്നുണ്ട്. ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും പോഷകാഹാര ആവശ്യവും നിറവേറ്റാത്ത രാജ്യമെന്ന ദുഷ്പേര് ഇന്ത്യയ്ക്ക് നൽകുകയാണ് ഇത്തരം സൂചികകൾ. ഒട്ടും ശാസ്ത്രീയമായല്ല സൂചിക തയാറാക്കുന്നതെന്നു ചൂണ്ടിക്കാണിക്കുന്ന സർക്കാർ അതു വിശദീകരിക്കുന്നുമുണ്ട്. സൂചിക കണക്കാക്കാൻ ഉപയോഗിക്കുന്ന നാലിൽ മൂന്നു സൂചകങ്ങളും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. വളർച്ചാ മുരടിപ്പ്, ശരീരശോഷണം, മരണനിരക്ക് എന്നിവ. പട്ടിണി മാത്രമല്ല മറ്റു പല ഘടകങ്ങളും ഇവയിൽ സ്വാധീനം ചെലുത്തുന്നതാണ്. മുഴുവൻ ജനങ്ങളുടെയും പ്രാതിനിധ്യവും ഇവയ്ക്കില്ല. നാലാമത്തെ സൂചകമായ പോഷകാഹാരക്കുറവിന്റെ തോതു നിർണയിക്കുന്നത് 3000 മാത്രം വരുന്ന ചെറിയ സാംപിൾ സൈസിൽ നടത്തുന്ന അഭിപ്രായ വോട്ടെടുപ്പിലൂടെയാണെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാണിക്കുന്നു.
ആഗോള സൂചിക അനുസരിച്ച് കുട്ടികളുടെ ശരീരശോഷണം ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇന്ത്യ (18.7 ശതമാനം). അഞ്ചു വയസിൽ താഴെയുള്ള കുട്ടികളിലെ മരണനിരക്ക് 3.1 ശതമാനമാണ്. രാജ്യത്തെ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ കണക്ക് ഏറെ നിരാശപ്പെടുത്തുന്നതാണ്-16.6 ശതമാനം. 15 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 58.1 ശതമാനത്തിന് വിളർച്ച (അനീമിയ) ഉണ്ടെന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കണക്ക്. വനിതാ ശിശുക്ഷേമ മന്ത്രാലയം ഇത്തരം കണക്കുകൾക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. സർക്കാരിന്റെ കണക്കനുസരിച്ച് കുട്ടികളുടെ ശരീരശോഷണ നിരക്ക് 7.2 ശതമാനത്തിനു താഴെയാണ്. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിൽ സർക്കാർ പ്രവർത്തനങ്ങൾ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്നും അവർ അവകാശപ്പെടുന്നു. എന്തായാലും ആഗോളതലത്തിൽ രാജ്യങ്ങളുടെ പുരോഗതി പരിഗണിക്കുമ്പോൾ ഇത്തരം സൂചികകൾ മാനദണ്ഡങ്ങളാവാം. അതുകൊണ്ടുതന്നെ അവ നൂറു ശതമാനവും ശാസ്ത്രീയമാവേണ്ടതുണ്ട്.