

ഹൈജ്രജൻ ട്രെയിൻ
മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഹരിത ഹൈഡ്രജൻ ഉത്പാദന മേഖലയ്ക്കു പ്രധാന സ്ഥാനം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. രണ്ടായിരത്തി മുപ്പതോടെ പ്രതിവർഷം 50 ലക്ഷം മെട്രിക് ടൺ ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുകയാണു പദ്ധതി. ഇതിനായാണ് ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ (എൻജിഎച്ച്എം) ആരംഭിച്ചിരിക്കുന്നത്. എട്ടു ലക്ഷം കോടി രൂപയുടെ നിക്ഷേപം, ആറു ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ എന്നിങ്ങനെ ശ്രദ്ധേയമായ ലക്ഷ്യങ്ങൾ ഈ പദ്ധതിക്കുണ്ട്. രാജ്യത്തിന്‍റെ ഊർജ സുരക്ഷയും സ്വയം പര്യാപ്തതയും വർധിപ്പിക്കുന്നതിനും ആഗോള ഹരിത ഹൈഡ്രജൻ വിപണിയിൽ പ്രധാന ശക്തിയായി മാറുന്നതിനും ഹരിത ഹൈഡ്രജൻ മിഷൻ സഹായിക്കുമെന്നാണു കണക്കാക്കുന്നത്. കാർബൺ ബഹിർഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തിൽ പ്രധാന പങ്കു വഹിക്കാൻ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നതു വഴി സാധ്യമാവും. ഹൈഡ്രജൻ ഉപയോഗിക്കുന്നതിലൂടെ ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതും രാജ്യത്തിനു വലിയ തോതിൽ സഹായകരമാവും. ഹരിത ഹൈഡ്രജന്‍റെ സാങ്കേതിക വിദ്യകളിലും വിപണി നേതൃത്വത്തിലും ഇന്ത്യയ്ക്കു മുൻതൂക്കമുണ്ടാക്കുന്നതും വരുംകാലത്തു ഗുണകരമാവും. തന്ത്രപ്രധാന പങ്കാളിത്തങ്ങളിലൂടെ കയറ്റുമതി സാധ്യതകളും തേടാവുന്നതാണ്. ആഗോള ഹൈഡ്രജൻ ഹബ്ബ് എന്ന നിലയിൽ രാജ്യത്തെ വളർത്തിയെടുക്കുന്നതിനുള്ള പരിശ്രമങ്ങൾ വിജയകരമായി മാറിയാൽ അതു രാജ്യപുരോഗതിയിൽ നിർണായകമായി മാറുമെന്നുറപ്പാണ്.
വ്യാവസായിക ആവശ്യങ്ങൾക്കെന്നതുപോലെ ഗതാഗത മേഖലയിലും ഹൈഡ്രജന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന് ഉപകാരപ്രദമാവും. വാഹനങ്ങളിൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിച്ചാൽ വെള്ളം മാത്രമാണു പുറത്തുവിടുന്നത്. അതുവഴി മലിനീകരണം കുറയുകയാണ്. വാഹനങ്ങളിൽ ഹരിത ഹൈഡ്രജൻ ഉപയോഗിക്കുന്നതിനുള്ള പൈലറ്റ് പദ്ധതികൾക്ക് കേന്ദ്ര ഗതാഗത മന്ത്രാലയം പിന്തുണ നൽകുന്നുണ്ട്. കാറുകൾ, ട്രക്കുകൾ, ബസുകൾ, ട്രെയ്‌നുകൾ, വിമാനങ്ങൾ, കപ്പലുകൾ എന്നിവയിൽ ശുദ്ധ ഊർജമായ ഹൈഡ്രജൻ ഇന്ധനമാക്കുന്നതിലൂടെ മലിനീകരണം ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നു കരുതുന്നവരുണ്ട്. ഇലക്‌ട്രിക് വാഹനങ്ങൾ എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ പ്രത്യേകിച്ച് ഹൈഡ്രജൻ വാഹനങ്ങൾക്കു പ്രസക്തി കൂടുതലാണ്.
രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച, ഹൈഡ്രജൻ ഇന്ധനമാക്കിയ ആദ്യ ജലയാനം രൂപകൽപ്പന ചെയ്തു നിർമിച്ചതു കൊച്ചി ഷിപ്പ്‌യാർഡിലാണ്. കഴിഞ്ഞ മാസം ഈ ജലയാനത്തിന്‍റെ സർവീസ് വാരാണസിയിൽ കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ ഫ്ലാഗ് ഓഫ് ചെയ്യുകയുണ്ടായി. 24 മീറ്റർ നീളമുള്ള ഈ യാനത്തിൽ 50 പേർക്ക് സഞ്ചരിക്കാവുന്നതാണ്. ഹൈഡ്രജൻ സെല്ലുകൾ ഉപയോഗിക്കുന്ന യാനം പുകയോ ശബ്ദമോ ഉണ്ടാക്കുന്നില്ല. ഗംഗാനദിയിലെ ജലഗതാഗതം ആധുനികവത്കരിക്കുന്നതിനുള്ള ഇൻലാൻഡ് വാട്ടർവേസ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ)യുടെ പദ്ധതിയുടെ ഭാഗമാണിത്. സമുദ്രയാന മേഖല പരിസ്ഥിതി സൗഹൃദമാക്കുന്നതിൽ ഹൈഡ്രജൻ ഉപയോഗിക്കുന്ന ജലയാനങ്ങൾ ഭാവിയിൽ നല്ല പങ്കു വഹിച്ചേക്കാം. ഈ രംഗത്തു കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കൊച്ചി കപ്പൽ ശാലയ്ക്കു കഴിയുമെന്നും പ്രതീക്ഷിക്കാം.
ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയ്‌ൻ ഈ മാസം 26ന് പരീക്ഷണ ഓട്ടം നടത്തുകയാണ്. ഹരിയാനയിലെ ജിന്ദ്- സോണിപത്ത് സ്റ്റേഷനുകൾക്കിടയിലാണ് രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ട്രെയ്‌ൻ സർവീസ് ആരംഭിക്കുന്നത്. 90 കിലോമീറ്റർ റൂട്ടാണിത്. പരമാവധി 150 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ ഹൈഡ്രജൻ ട്രെയ്‌നു കഴിയും. ഏറ്റവും പുതിയ ഇലക്‌ട്രോകെമിക്കൽ ടെക്നോളജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ ഹൈഡ്രജൻ ജലയാനത്തിൽ മാത്രമല്ല ആദ്യ ഹൈഡ്രജൻ ട്രെയ്നിലും കൊച്ചിക്കു പങ്കുണ്ട് എന്നതാണു ശ്രദ്ധേയം. യുഎസ് ആസ്ഥാനമായ ഫ്ലൂയിട്രോൺ കമ്പനിയുടെ കൊച്ചിയിലെ ഫ്ലൂയിട്രോൺ ഇന്ത്യ ശാഖയാണ് പരീക്ഷണ ഓട്ടത്തിന് ട്രെയ്‌നിൽ ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്നത്. ജിന്ദ് റെയ്‌ൽവേ സ്റ്റേഷനിലാണ് ഹൈഡ്രജൻ ഫില്ലിങ് ജോലികൾ നടക്കുന്നത്. ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്റ്ററിയിൽ നിർമിച്ച നാലു ഡ്രൈവർ കാറുകളും 16 പാസഞ്ചർ കോച്ചുകളും ഇതിനകം പരീക്ഷണ ഓട്ടത്തിനു സജ്ജമായിട്ടുണ്ട്. രണ്ടു ഡ്രൈവർ കാറുകളും എട്ടു പാസഞ്ചർ കോച്ചുകളും വീതമാകും പരീക്ഷണത്തിന് ഉപയോഗിക്കുക. സ്പാനിഷ് കമ്പനിയായ എച്ച്2ബി2വിന്‍റെ ഇന്ത്യൻ സംരംഭമായ ഗ്രീൻ എച്ച് ആണ് ഹൈഡ്രജൻ ഇന്ധനം ഉത്പാദിപ്പിക്കുന്നത്.
ഈ ട്രെയ്‌ൻ വിജയകരമായി സർവീസ് തുടങ്ങിയാൽ പിന്നാലെ കൂടുതൽ ട്രെയ്‌നുകൾ എത്തുമെന്നുറപ്പാണ്. പരമ്പരാഗത ഡീസൽ എൻജിനുകൾക്കു പകരം ഹൈഡ്രജൻ എൻജിനുകൾ ഉപയോഗിക്കുന്നതു ക്രമേണ വ്യാപകമാവും എന്നു തന്നെ കരുതാം. രാജ്യത്തെ പൈതൃക പാതകളിലെല്ലാം ഹൈഡ്രജൻ ട്രെയ്‌നുകൾ എത്തും. വിവിധ പൈതൃക റൂട്ടുകളിലായി 35 ഹൈഡ്രജൻ ട്രെയ്‌നുകൾ നേരത്തേ റെയ്‌ൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു. അതിൽ ആദ്യം ഈ ട്രെയ്‌ൻ വരുന്ന പൈതൃക റൂട്ടുകളിൽ മേട്ടുപ്പാളയം- ഊട്ടി റൂട്ടും ഉൾപ്പെടുന്നുണ്ട്. ഇത്തരം ട്രെയ്‌നുകൾ ടൂറിസം രംഗത്തിനും വലിയ ആവേശം പകരുമെന്നാണു കരുതേണ്ടത്.