
കേരളം കടുത്ത വരൾച്ചയുടെ പിടിയിലേക്കാണു പോകുന്നതെന്ന സൂചനകളാണുള്ളത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നമുക്കു നല്ല മഴ കിട്ടിയിരുന്നത് ഓഗസ്റ്റിലാണ്. 2018 ഓഗസ്റ്റിലെ മഹാപ്രളയം നമ്മുടെ ആരുടെയും മനസിൽ നിന്നു മാഞ്ഞുപോയിട്ടില്ല. അതു കഴിഞ്ഞ് അഞ്ചു വർഷത്തിലെത്തിനിൽക്കുമ്പോൾ മഴയില്ലാതെ വിഷമിക്കുന്ന കേരളത്തെയാണു കാണുന്നത്. ഇത്തവണ കാലവർഷം തീർത്തും ദുർബലമായിരിക്കുന്നു. ആകെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് ഈ വർഷം കിട്ടിയിരിക്കുന്നതെന്നാണു റിപ്പോർട്ടുകൾ. കനത്ത മഴയ്ക്ക് കാരണമാവുന്ന തരത്തിലുള്ള ന്യൂനമർദങ്ങൾ ഉണ്ടാവുന്നില്ലെങ്കിൽ ഇനി കാലവർഷം ശക്തിപ്പെടാനുള്ള സാധ്യതയും കുറവാണ്. പിന്നെയുള്ള പ്രതീക്ഷ തുലാവർഷത്തിലാണ്. സമീപവർഷങ്ങളിൽ തുലാവർഷം അത്രയേറെ ശക്തിപ്പെട്ടിട്ടില്ലെന്നും മഴ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതാണ് ഈ വർഷവും സംഭവിക്കുന്നതെങ്കിൽ അസാധാരണ വരൾച്ചയുടെ പ്രതിസന്ധികൾ സംസ്ഥാനത്തിനു നേരിടേണ്ടിവരും.
കേരളത്തിലെ പ്രധാന പുഴകളിൽ വെള്ളം കുറഞ്ഞിരിക്കുകയാണ്. സംഭരണശേഷിയുടെ 30 ശതമാനം മാത്രം വെള്ളമാണ് ഡാമുകളിൽ ശേഷിക്കുന്നതെന്നാണു പറയുന്നത്. 2018 ഓഗസ്റ്റിൽ അതിശക്തമായ മഴയെത്തുടർന്ന് ഡാമുകളെല്ലാം ഒന്നിച്ചു നിറയുന്ന അവസ്ഥയുണ്ടായി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി നിരവധി ഡാമുകൾ ഒന്നിച്ചു തുറന്നത് വെള്ളപ്പൊക്കം രൂക്ഷമാക്കി. ഇടുക്കി- ചെറുതോണി, പമ്പ, ഇടമലയാർ, പെരിങ്ങൽക്കുത്ത്, ഷോളയാർ, ചിമ്മിനി, വാഴാനി, പീച്ചി, ഭൂതത്താൻകെട്ട്, നെയ്യാർ, മലമ്പുഴ.... ഡാമുകളുടെ ഷട്ടറുകൾ തുറക്കപ്പെട്ടത് നാടിനെയപ്പാടെ വെള്ളത്തിൽ മുക്കിയായിരുന്നു. ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ഒരുമിച്ചു തുറക്കുന്ന അവസ്ഥയുണ്ടായി. അതെല്ലാം ഓർമയിൽ ഭീതിയോടെ നിലനിൽക്കുമ്പോൾ തന്നെയാണ് മറ്റൊരു ഓഗസ്റ്റിൽ വെള്ളമില്ലാത്ത ഡാമുകളും കാണേണ്ടിവരുന്നത്.
ഇപ്പോൾ ഇടുക്കിയിൽ 30 ശതമാനത്തിനടുത്ത് വെള്ളമാണുള്ളതത്രേ. കഴിഞ്ഞ വർഷം ഇതേസമയത്ത് സംഭരണ ശേഷിയുടെ എൺപതു ശതമാനത്തിലേറെ വെള്ളമുണ്ടായിരുന്നു. മറ്റു ഡാമുകളുടെ അവസ്ഥയും ഇതിൽ നിന്നു വ്യത്യസ്തമല്ല. മഴക്കാലത്ത് വൈദ്യുതി കൂടുതലായി ഉത്പാദിപ്പിച്ച് പുറത്തുവിറ്റിരുന്നതൊക്കെ ഓർത്തുകൊണ്ട് കൂടിയ വിലയ്ക്കു പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്. മഴ പെയ്തില്ലെങ്കിൽ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ. കൃഷ്ണന്കുട്ടി കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചത് ഈ പശ്ചാത്തലത്തിലാണ്. ഇപ്പോൾത്തന്നെ അധിക വൈദ്യുതി കൂടുതൽ പണം കൊടുത്തു വാങ്ങേണ്ടിവരുന്നു എന്നാണെങ്കിൽ കടുത്ത വരൾച്ച അനുഭവപ്പെടുന്ന വേനൽക്കാലം എങ്ങനെ കടന്നുപോകാനാണ്. ദിവസം പത്തുകോടി രൂപയുടെ അധിക വൈദ്യുതി വാങ്ങേണ്ടിവരുന്നു എന്നാണു മന്ത്രി പറയുന്നത്.
കഴിഞ്ഞ വർഷം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയ വകയിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്തുന്നതിന് ഫെബ്രുവരി മുതൽ നാലു മാസത്തേക്കു വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നു. ജൂണിൽ മറ്റൊരു നിരക്ക് വർധന കെഎസ്ഇബിയുടെ പദ്ധതിയിലുണ്ടായിരുന്നതാണ്. അതു ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നു. ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപയോക്താക്കളാണു കോടതിയെ സമീപിച്ചത്. സ്റ്റേ ഉത്തരവ് നീങ്ങിയാൽ നിരക്കു വർധന വൈകാതെ ഉണ്ടാവുമെന്നാണ് ബോർഡ് അധികൃതരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഉപയോക്താക്കൾക്ക് താങ്ങാനാവുന്നതാവില്ല ഈ വർധന തന്നെ. അപ്പോഴാണ് മഴക്കാലത്തുപോലും വെള്ളമില്ലാതെ അധിക വൈദ്യുതി വാങ്ങേണ്ടിവരുന്നതിന്റെ അധികച്ചെലവും ഉപയോക്താക്കളുടെ തലയിൽ വന്നു വീഴാൻ പോകുന്നത്. ഉപയോക്താക്കളെ വലിയ തോതിൽ ദ്രോഹിക്കാതെ എങ്ങനെ പ്രതിസന്ധി പരിഹരിക്കാനാവുമെന്നു സർക്കാർ ഗൗരവപൂർവം ആലോചിക്കേണ്ടിയിരിക്കുന്നു. കെടുകാര്യസ്ഥതയും പാഴ്ച്ചെലവുകളും ഒഴിവാക്കി വൈദ്യുതി ബോർഡിന്റെ പ്രവർത്തനം പതിന്മടങ്ങ് കാര്യക്ഷമമാക്കേണ്ട അവസരമാണിത്.
കടുത്ത വരൾച്ചയാണു നേരിടാൻ പോകുന്നതെങ്കിൽ അതിനുള്ള മുന്നൊരുക്കങ്ങൾ ഒട്ടും വൈകാതെ സംസ്ഥാനം സ്വീകരിക്കേണ്ടിവരും. വെള്ളക്ഷാമം ജനങ്ങളെ ബാധിക്കാനുള്ള സാധ്യത മുൻകൂട്ടി കാണണം. മഴയൊഴിയുന്നത് കർഷകരെ ബാധിക്കുമെന്നതിൽ സംശയം വേണ്ട. സംഭരിച്ച നെല്ലിന്റെ വില തന്നെ നെൽ കർഷകർക്കു കൃത്യമായി കൊടുക്കാൻ സർക്കാരിനു കഴിയാത്ത സാഹചര്യമാണുള്ളത്. അതിനൊപ്പമാണ് വറ്റിവരണ്ട കൃഷിനിലങ്ങൾ കർഷകർക്കു മുന്നിൽ ഉയർത്താൻ പോകുന്ന വെല്ലുവിളി. ഈ വിഷയവും ഗൗരവത്തിൽ പരിഗണിക്കേണ്ടിവരും. ആഗോളതാപനത്തിന്റെ പ്രതിഫലനം കാലാവസ്ഥയെ മാറ്റിമറിക്കുകയാണ്. അതീവ ഗൗരവത്തിൽ തന്നെ പരിശോധിക്കപ്പെടേണ്ടതാണ് ഈ വിഷയം.