അക്രമമല്ല ജനാധിപത്യം

ഒരു വകുപ്പിലുണ്ടാവുന്ന പ്രശ്നങ്ങൾക്ക് മന്ത്രിയെ ആക്രമിക്കുകയല്ല പരിഹാരം
 Democracy is not violence

അക്രമമല്ല ജനാധിപത്യം

social media 

Updated on

കണ്ണൂർ റെയ്‌ൽവേ സ്റ്റേഷനിൽ കെഎസ്‌യുവിന്‍റെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിനു പരുക്കേറ്റതു തികച്ചും നിർഭാഗ്യകരമാണ്. കണ്ണൂരിലെ വിവിധ പരിപാടികൾക്കു ശേഷം വന്ദേഭാരതിൽ യാത്ര ചെയ്യാൻ റെയ്‌ൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു മന്ത്രി. പൊലീസ് വലയം ഭേദിച്ച് പ്രതിഷേധക്കാർ മന്ത്രിയെ കൈയേറ്റം ചെയ്യുകയായിരുന്നു എന്നാണു സിപിഎം നേതാക്കൾ ആരോപിക്കുന്നത്. യാത്ര റദ്ദാക്കിയ മന്ത്രി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും ആശുപത്രിയിൽ മന്ത്രിയെ സന്ദർശിച്ചു. പ്രതിഷേധമല്ല, അക്രമികളുടെ വിളയാട്ടമാണ് കണ്ണൂർ റെയ്‌ൽവേ സ്റ്റേഷനിൽ കണ്ടതെന്ന് സിപിഎം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. സിപിഎമ്മിന്‍റെ ആഹ്വാനപ്രകാരം സംസ്ഥാനത്തു പലയിടത്തും പാർട്ടി പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

അതേസമയം, ആരോഗ്യ മന്ത്രിക്കെതിരേ പ്രതിഷേധിച്ചവർ മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും മന്ത്രിയുടെ അടുത്തുപോലും പോയിട്ടില്ലെന്നുമുള്ള വാദമാണ് കെഎസ്‌യു നേതാക്കൾ ഉയർത്തുന്നത്. മന്ത്രിയുടെ ദേഹത്തു പ്രതിഷേധക്കാർ തൊട്ടിട്ടില്ലെന്നു കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പ്രതികരിച്ചിട്ടുണ്ട്. പ്രവർത്തകർ മന്ത്രിയുടെ അടുത്തു പോലും എത്തിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അവകാശപ്പെടുന്നത്.

അതിന്‍റെ ദൃശ്യങ്ങൾ ഹാജരാക്കാനും വെല്ലുവിളിക്കുന്നു. മന്ത്രിക്കെതിരായ പ്രതിഷേധം ആക്രമണ ആരോപണത്തോടെ വലിയ രാഷ്‌ട്രീയ വിവാദമായി ഉയർന്നുവരുന്നു എന്നാണു മനസിലാക്കേണ്ടത്. മന്ത്രിക്കു സുരക്ഷയൊരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു എന്ന ആരോപണവും ഇതിനൊപ്പം ഉയരുന്നുണ്ട്.

അവിടെ എന്താണു സംഭവിച്ചതെന്നു വിശദമായ പരിശോധനയിലൂടെ പുറത്തുവരേണ്ടതാണ്. വീണാ ജോർജിനെ എന്നല്ല ഒരു മന്ത്രിയെയും പ്രതിഷേധത്തിന്‍റെ പേരിൽ ആക്രമിക്കാൻ പാടില്ല. ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളിൽ അതൃപ്തിയും പ്രതിഷേധവും ഉണ്ടാവുന്നതു സ്വാഭാവികം. എന്നാൽ, അതിന്‍റെ പേരിലുള്ള അക്രമം ജനാധിപത്യത്തിന്‍റെ ഭാഗമല്ല. മന്ത്രിക്കു നേരേ പാഞ്ഞടുത്തവർ ദേഹോപദ്രവം ഏൽപ്പിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരേ കർശനമായ നടപടിയുണ്ടാവണം.

കെഎസ്‌യുവും കോൺഗ്രസും അവരെ പിന്തുണയ്ക്കരുത്. കെഎസ്‌യു പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നു വി.ഡി. സതീശൻ പറഞ്ഞിട്ടുണ്ട്. ആ വാക്കു പാലിക്കാൻ അദ്ദേഹത്തിനു കഴിയട്ടെ. കണ്ണൂരിൽ പലയിടത്തും ആരോഗ്യ മന്ത്രിക്കെതിരേ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം നടന്നിരുന്നു. ആലപ്പുഴ മെഡിക്കൽ കോളെജിൽ നടന്ന ശസ്ത്രക്രിയയിൽ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം പുറത്തുവന്ന ശേഷം ആരോഗ്യ രംഗത്തെ വീഴ്ചകൾ ചൂണ്ടിക്കാട്ടി മന്ത്രിക്കെതിരേ സംസ്ഥാനത്തു പ്രതിപക്ഷം വ്യാപക പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസിന്‍റെ മിന്നൽ പ്രതിഷേധത്തിൽ പ്രവർത്തകർ മന്ത്രിയുടെ തിരുവനന്തപുരത്തെഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറുകയുണ്ടായി. അപ്പോൾ മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. പ്രതിഷേധക്കാർ വാതിലിൽ റീത്ത് വയ്ക്കുകയും ചെയ്തു. രണ്ടു പൊലീസുകാർ മാത്രമാണ് ആ സമയം വീടിനു കാവലുണ്ടായിരുന്നത്. ആ സംഭവത്തിലും പൊലീസിന്‍റെ വീഴ്ച ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

മന്ത്രിക്കെതിരേ പ്രതിഷേധം പ്രതീക്ഷിക്കേണ്ട സമയത്ത് വീടിനു വേണ്ട സുരക്ഷയുണ്ടായിരുന്നില്ല എന്നാണ് ആരോപണം. കരിങ്കൊടിയും പ്രതിഷേധവുമൊക്കെ ജനാധിപത്യത്തിന്‍റെ ഭാഗമാണെങ്കിലും താമസസ്ഥലത്തേക്ക് ഇരച്ചുകയറുകയും അവിടെ റീത്ത് വയ്ക്കുകയും ചെയ്യുന്നതു പ്രോത്സാഹിപ്പിക്കാവുന്നതല്ല. റീത്ത് വയ്ക്കൽ കോൺഗ്രസിന്‍റെ പരിപാടിയല്ലെന്നും മന്ത്രിമാരുടെ വീടിനകത്തു കയറുന്ന സമരത്തോടു യോജിപ്പില്ലെന്നും പ്രതിപക്ഷ നേതാവ് പറയുകയുണ്ടായി.

റീത്ത് വച്ചുള്ള പ്രതിഷേധത്തെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നു. നല്ല കാര്യം.ഇന്നലെ മന്ത്രി കണ്ണൂർ റെയ്‌ൽവേ സ്റ്റേഷനിൽ എത്തും മുൻപ് പെരിങ്ങോത്ത് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് പ്രവർത്തകനെ പൊലീസ് സാന്നിധ്യത്തിൽ ഒരുസംഘം ആളുകൾ വളഞ്ഞിട്ടു മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രതിഷേധക്കാരെ എതിർ പാർട്ടിക്കാർ തന്നെ കൈകാര്യം ചെയ്യുന്നതും ജനാധിപത്യ വിരുദ്ധം തന്നെയാണ്. ലീഗ് പ്രവർത്തകനെ മർദിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ ആരോഗ്യ മന്ത്രിയെ തടയുകയുണ്ടായി. പൊലീസ് ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ നീക്കിയത്.

കണ്ണൂരിൽ പലയിടത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോഗ്യ മന്ത്രിയെ കരിങ്കൊടി കാണിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധം ഉണ്ടാകാമെന്നതിനാൽ പൊലീസ് പ്രത്യേക ജാഗ്രത പാലിക്കേണ്ടതുണ്ട്. മുൻപ് മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്കെതിരേയും കണ്ണൂരിൽ വച്ച് ആക്രമണമുണ്ടായിട്ടുണ്ട്. 2013 ഒക്റ്റോബറിൽ കേരള പൊലീസ് അത്‌ലറ്റിക് മീറ്റ് സമാപനച്ചടങ്ങിന് എത്തിയപ്പോഴാണ് അദ്ദേഹത്തിനു നേരേ കല്ലേറുണ്ടായത്.

ഉമ്മൻ ചാണ്ടി പങ്കെടുക്കുന്ന പൊതുചടങ്ങുകളിൽ സിപിഎം പ്രവർത്തകർ കരിങ്കൊടി കാണിക്കുന്ന സമയമായിരുന്നു അത്. കനത്ത സുരക്ഷയെ മറികടന്നാണ് അദ്ദേഹത്തിന്‍റെ വാഹനത്തിനു നേരേ കല്ലുകൾ പാഞ്ഞത്. ജനാധിപത്യത്തിൽ അക്രമം കൊണ്ട് ശ്രദ്ധ നേടാമെന്ന് ആരായാലും കരുതരുത്. ഏതെങ്കിലും ഒരു വകുപ്പിലുണ്ടാവുന്ന പ്രശ്നങ്ങൾക്ക് മന്ത്രിയെ ആക്രമിക്കുകയല്ല പരിഹാരം. പ്രതിഷേധങ്ങൾ ഉണ്ടാവണം. എന്നാൽ, അവ സമാധാനപരമാവട്ടെ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com