

പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ തൻ്റെ പുസ്തക പ്രകാശന വേളയിൽ.
(Express Photo by Pavan Khengre)
പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ആത്മാർഥമായി പ്രവർത്തിച്ച, ഉത്തമ പ്രകൃതി സ്നേഹിയായിരുന്ന, പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ എന്നേക്കുമായി ഈ ലോകത്തുനിന്നു യാത്രയായിരിക്കുന്നു. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനത്തിനെതിരായ പോരാട്ടത്തിന്‍റെ ചരിത്രത്തിൽ ഗാഡ്ഗിലിനെ അവഗണിക്കാനാവില്ല തന്നെ. ജനങ്ങളും പ്രകൃതിയും വികസനവും തമ്മിലൊരു സംതുലിതാവസ്ഥ ഉണ്ടാവണമെന്നു ശക്തമായി വാദിച്ച അദ്ദേഹം താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തത്തോടെ വേണം പരിസ്ഥിതി സംരക്ഷണമെന്നും ചൂണ്ടിക്കാണിക്കുകയുണ്ടായി.
ആറു പതിറ്റാണ്ടോളം നീണ്ട ശാസ്ത്ര ജീവിതത്തിനിടെ ഇരുനൂറിലേറെ ഗവേഷണ പ്രബന്ധങ്ങളാണ് അദ്ദേഹം തയാറാക്കിയിട്ടുള്ളത്. ദേശീയ, അന്തർദേശീയ ജേർണലുകളും മാസികകളും അവ പ്രസിദ്ധീകരിക്കുകയുണ്ടായി. ജനസംഖ്യാ ജീവശാസ്ത്രം, ജൈവ സംരക്ഷണ ശാസ്ത്രം, മനുഷ്യ പരിസ്ഥിതി ശാസ്ത്രം, പരിസ്ഥിതി ചരിത്രം തുടങ്ങി വിവിധ മേഖലകളിൽ വിശദമായ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട് അദ്ദേഹം. വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി ഇവിടെ തന്നെ ഔദ്യോഗിക ജീവിതം നയിക്കുകയായിരുന്നു. പൂനെയിലെ അഗാർക്കർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടു വർഷത്തോളം സേവനമനുഷ്ഠിച്ച ശേഷം ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെത്തി.
മൂന്നു പതിറ്റാണ്ടോളമാണ് അവിടെ സേവനമനുഷ്ഠിച്ചത്. അവിടെ പരിസ്ഥിതി ശാസ്ത്ര കേന്ദ്രവും അദ്ദേഹം സ്ഥാപിച്ചു. പശ്ചിമഘട്ടത്തിന്‍റെ സംരക്ഷണവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനങ്ങളാണ് ഗാഡ്ഗിലിനെ ഏറെ ശ്രദ്ധേയനാക്കിയത്. അദ്ദേഹം അധ്യക്ഷനായിരുന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ട് വർഷങ്ങളായി കേരളം ചർച്ച ചെയ്യുന്നതാണ്. കേന്ദ്ര പരിസ്ഥിതി- വനം മന്ത്രാലയം നിയോഗിച്ച ഈ വിദഗ്ധ പാനൽ പശ്ചിമഘട്ടത്തിന്‍റെ സംരക്ഷണവുമായി ബന്ധപ്പെട്ടു തയാറാക്കിയ റിപ്പോർട്ട് അമിതമായ പരിസ്ഥിതി സൗഹൃദം കാണിക്കുന്നു എന്നൊക്കെ ആക്ഷേപങ്ങളുയർന്നു.
എന്നാൽ, പശ്ചിമഘട്ടത്തെ ദുർബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഗാഡ്ഗിൽ നൽകിയ മുന്നറിയിപ്പുകൾ അതീവ ഗൗരവത്തോടെ കാണേണ്ടതായിരുന്നുവെന്നു പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പശ്ചിമഘട്ട മലനിരകളുടെ ബഹുഭൂരിഭാഗവും പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കാനായിരുന്നു ഗാഡ്ഗിൽ സമിതി നിർദേശിച്ചത്. പരിസ്ഥിതിലോല പ്രദേശങ്ങളിൽ ക്വാറി, ഖനനം, നിർമാണം എന്നിവ നിയന്ത്രിക്കണമെന്നു ഗാഡ്ഗിൽ ആവശ്യപ്പെട്ടു.
ഉരുൾപൊട്ടലുകളെക്കുറിച്ചും പ്രകൃതി ദുരന്ത സാധ്യതയെക്കുറിച്ചും ഗാഡ്ഗിൽ നൽകിയ മുന്നറിയിപ്പുകൾ വേണ്ടവിധം പരിഗണിച്ചില്ല എന്നതാണു യാഥാർഥ്യം. ഗാഡ്ഗിൽ റിപ്പോർട്ടിനെതിരേ എതിർപ്പുയർന്നതിനെത്തുടർന്നാണ് കേന്ദ്ര സർക്കാർ കസ്തൂരിരംഗൻ സമിതിയെ നിയോഗിച്ചത്. ഈ സമിതിയുടെ മയപ്പെടുത്തിയ റിപ്പോർട്ടും വിയോജിപ്പുകൾക്കു വഴിവയ്ക്കുകയായിരുന്നു.
പരിസ്ഥിതിക്കു നാശം വരുത്തുന്നതിന്‍റെ ഫലമാണു തുടർച്ചയായ പ്രകൃതിദുരന്തങ്ങളിലൂടെ കേരളം അനുഭവിക്കുന്നതെന്നു ഗാഡ്ഗിൽ നമ്മെ ഓർമിപ്പിച്ചിട്ടുണ്ട്. പശ്ചിമഘട്ടം തകർക്കപ്പെട്ടിരിക്കുകയാണെന്നും കർശന നടപടികൾ എടുത്തില്ലെങ്കിൽ കേരളത്തിൽ വലിയ ദുരന്തങ്ങളുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അദ്ദേഹം അതു പറഞ്ഞ് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ വലിയ പ്രകൃതി ദുരന്തങ്ങളെ നാം നേരിടേണ്ടിവന്നു.
മഹാപ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലുകളും കേരളത്തെ നടുക്കി. സംസ്ഥാനത്ത് ഇതുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമായിരുന്നു വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായത്. അതിന്‍റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇന്നും മലയാളികളുടെ മനസിലുണ്ട്. ഭാവിജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി ഉറങ്ങാൻ കിടന്ന ഗ്രാമീണ ജനതയെയാണു നേരം പുലരും മുൻപേ ഉരുൾ കൊണ്ടുപോയത്.
പ്രകൃതിദുരന്ത സാധ്യതകളെ ചെറുതായി കാണരുത് എന്ന ഗാഡ്ഗിലിന്‍റെ മുന്നറിയിപ്പ് അതിനുശേഷം നിരവധിയാളുകൾ ഓർമിക്കുകയുണ്ടായി. വയനാട്ടിലുണ്ടായതു മനുഷ്യ നിർമിത ദുരന്തമാണെന്നു ഗാഡ്ഗിൽ തന്നെ പറഞ്ഞിട്ടുണ്ട്. പരിസ്ഥിതി ദുർബല പ്രദേശങ്ങളിലെ അനധികൃത നിർമാണം നിയന്ത്രിക്കപ്പെട്ടില്ല. പ്രകൃതിയെ മറന്നുള്ള നിർമാണങ്ങൾക്കു സർക്കാർ കൂട്ടുനിന്നു- അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പാറ പൊട്ടിക്കുന്നതു മണ്ണിന്‍റെ ബലം കുറയ്ക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു പറയുകയുണ്ടായി. 2018ലെ മഹാ പ്രളയത്തിനു ശേഷവും മനുഷ്യനിർമിത ദുരന്തമാണിതെന്നു ഗാഡ്ഗിൽ അഭിപ്രായപ്പെടുകയുണ്ടായി. പ്രളയസാധ്യതകൾ മറികടക്കാൻ സർക്കാർ ആവിഷ്കരിക്കേണ്ട പദ്ധതികളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സന്തുലിതാവസ്ഥ അത്യന്തം അപകടകരമായ സ്ഥിതിയിലാണെന്നും ഏതു നിമിഷവും മല പിളർന്നു വന്ന് നമ്മുടെ ജീവൻ കവർന്നേക്കാമെന്നും ഏതാനും വർഷം മുൻപ് മെട്രൊ വാർത്തയ്ക്ക് അനുവദിച്ച അഭിമുഖത്തിലും അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു.
പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സഭ നൽകുന്ന പരമോന്നത ബഹുമതി "ചാംപ്യൻസ് ഓഫ് ദി എർത്ത് ', പദ്മശ്രീ, പദ്മഭൂഷൻ തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള അശാസ്ത്രീയമായ വികസനത്തിനെതിരേ അദ്ദേഹം നൽകിയ മുന്നറിയിപ്പുകൾ വരുംകാലത്തും കേരളവും രാജ്യവും ചർച്ച ചെയ്യും എന്നുറപ്പാണ്.