
നാട്ടിൽ നടക്കുന്ന വിവിധങ്ങളായ ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും അവിഭാജ്യ ഘടകമാണ് കരിമരുന്നു പ്രയോഗം. ചെറു പടക്കങ്ങളും കമ്പിത്തിരിയും മത്താപ്പും താരതമ്യേന അപകടസാധ്യത കുറഞ്ഞ വെടിക്കോപ്പുകളും മാത്രമല്ല ഉഗ്രസ്ഫോടന ശേഷിയുള്ളവ വരെ വെടിമരുന്ന് ഉപയോഗിച്ചു നിർമിച്ചുവരുന്നുണ്ട്. വെടിമരുന്നിന്റെ ഉപയോഗം വ്യാപകമാവുകയും വലിയ തോതിൽ അപകടങ്ങൾ സംഭവിക്കുകയും ചെയ്തപ്പോഴാണ് നിർമാണത്തിനും ഉപയോഗത്തിനുമുള്ള വ്യവസ്ഥകൾ കർശനമാക്കിയത്. വെടിമരുന്നു സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനും ലൈസൻസ് ആവശ്യമാണ്. ഇങ്ങനെ ലൈസൻസ് ലഭിക്കുന്നതിനു കർശനമായ ഉപാധികൾ പാലിക്കേണ്ടതുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകൾ പലതാണ്. ഇതെല്ലാം കൃത്യമായി പാലിച്ചല്ല ഇവിടെ പലയിടത്തും സ്ഫോടക വസ്തുക്കളുടെ നിർമാണവും പലപ്പോഴും ഉപയോഗവും നടക്കുന്നത് എന്നതു പരസ്യമായ രഹസ്യമാണ്.
വളരെയേറെ അപകടം നിറഞ്ഞ ഈ തൊഴിൽ ഏറ്റവും സുരക്ഷിതമായി ചെയ്യുന്നതിനു വേണ്ട എല്ലാ സൗകര്യവും ഉടമകൾ ഏർപ്പെടുത്തിയിട്ടുണ്ടോയെന്നു പരിശോധിക്കുന്നതിലും പലപ്പോഴും വീഴ്ചകൾ സംഭവിക്കാറുണ്ട്. യാതൊരു നിയന്ത്രണവും ബാധകമല്ല എന്ന മട്ടിൽ വെടിമരുന്നു കൈകാര്യം ചെയ്യുന്നവരെ പലയിടത്തും നമുക്കു കാണാം. നിയമവിധേയമല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നു ബോധ്യമുണ്ടെങ്കിൽപ്പോലും പലവിധ താത്പര്യങ്ങൾ വച്ച് ഇവർക്കു സംരക്ഷണം നൽകുന്ന നേതാക്കളും സഹായികളുമൊക്കെയുണ്ടാവും. ഓരോ തവണ വെടിമരുന്നു ദുരന്തം ഉണ്ടാവുമ്പോഴും വ്യവസ്ഥകൾ പാലിക്കപ്പെട്ടിട്ടില്ല എന്നു ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. എന്നാൽ, അതൊക്കെ ഏതാനും ദിവസങ്ങൾക്കകം മറന്നുപോകും. വീണ്ടും പഴയപടി സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യും.
അനധികൃതമായി വെടിമരുന്ന് സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും കണ്ടെത്തി ശക്തമായ നടപടിയെടുക്കാൻ ഇനിയും വൈകരുതെന്നാണ് കഴിഞ്ഞ ഏതാനും നാളുകൾക്കിടയിലുണ്ടായ അപകടങ്ങൾ കാണിക്കുന്നത്. വരാപ്പുഴയിൽ മുട്ടിനകത്ത് കഴിഞ്ഞ ദിവസം പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും ഏഴു പേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവമാണ് അവസാനത്തേത്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും തകര്‍ന്ന സ്ഫോടനത്തിൽ 15 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടു എന്നു പറയുമ്പോൾ അതിന്റെ ഗൗരവം വ്യക്തമാവും. സമീപത്തെ 10 വീടുകള്‍ക്കു സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ട്. അനധികൃതമായി വലിയ തോതിൽ സ്ഫോടക വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നതായാണു പറയുന്നത്. ജനവാസ മേഖലയിൽ പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെയാണു പടക്കശാല പ്രവർത്തിച്ചിരുന്നതത്രേ.
ചുറ്റും നിരവധി വീടുകളുള്ള പ്രദേശത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന പടക്കശാലയ്ക്കു വർഷങ്ങളുടെ പഴക്കമുണ്ട്. എന്നിട്ടും ഇങ്ങനെയൊരു പടക്കശാല ഇവിടെ പ്രവർത്തിക്കുന്നുവെന്ന് പഞ്ചായത്ത് അധികൃതർക്ക് അറിയില്ല എന്നു പറഞ്ഞാൽ വിശ്വസിക്കാനാവുമോ. അധികൃതർ കണ്ണടച്ചു കൊടുത്തിട്ടു തന്നെയാവില്ലേ ഇവിടെ സ്ഫോടക വസ്തുക്കൾ സംഭരിച്ചുവച്ചിരുന്നത്. ദുരന്തമുണ്ടായിക്കഴിയുമ്പോൾ ഉടമകൾക്കെതിരേ കേസെടുക്കുകയും കുറ്റക്കാരെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നതിനെക്കാൾ എത്രയോ നല്ലതാണ് ദുരന്തങ്ങൾ ഒഴിവാക്കാൻ കഴിയുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തുന്നത്. പാലക്കാട്ടുള്ള പടക്ക നിർമാണ ശാലയിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയപ്പോൾ അതിൽ പിടിക്കപ്പെടാതിരിക്കാൻ ഉഗ്രസ്ഫോടന ശേഷിയുള്ളവ വരാപ്പുഴയിലേക്കു മാറ്റിയതാണ് എന്നും പറയുന്നുണ്ട്. എത്ര ലാഘവത്തോടെയാണ് നിയമങ്ങൾ മറികടന്ന്, സുരക്ഷ അവഗണിച്ച് വളരെയേറെ അപകടകരമായ രീതിയിൽ സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്നത്.
ഞായറാഴ്ചയാണ് തൃത്താല മലമൽക്കാവിൽ ലൈസൻസ് മാനദണ്ഡം പാലിക്കാതെ വീടിന്റെ ടെറസിൽ സൂക്ഷിച്ചിരുന്ന വെടിക്കോപ്പുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് അഞ്ചു പേർക്കു പരുക്കേറ്റത്. അപകടത്തിൽ സ്ഫോടക വസ്തു സൂക്ഷിച്ചിരുന്ന വീട് പൂർണമായും തകർന്നു. സമീപമുള്ള നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. പത്തു കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനമുണ്ടായി. ഇപ്പോൾ വീട്ടുടമക്കെതിരേ കേസെടുത്തിരിക്കുകയാണു പൊലീസ്. ഈ പ്രദേശത്ത് അനധികൃത വെടിക്കോപ്പുകളുടെ നിർമാണം നടക്കുന്നതായി നേരത്തേ തന്നെ പരാതിയുണ്ടായിരുന്നതാണെന്നു നാട്ടുകാർ പറയുന്നുണ്ട്. എന്നാൽ, അധികൃതർ പരിശോധനയ്ക്ക് എത്തുമ്പോൾ ഒന്നും കണ്ടെത്താറില്ലത്രേ. പരിശോധനയ്ക്കു മുൻപ് എല്ലാം അവിടെ നിന്നു മാറ്റുകയാണു ചെയ്യുന്നതെന്നാണ് ആരോപണം.
വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ടു പുരയിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചത് ഒരു മാസം മുൻപാണ്. വൈകിട്ട് ജോലി സമയം കഴിഞ്ഞതിനാൽ മറ്റു തൊഴിലാളികൾ കുളിക്കാനും മറ്റുമായി വെടിക്കെട്ടു പുരയ്ക്കു പുറത്തായിരുന്നതിനാൽ രക്ഷപെടുകയായിരുന്നു. രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ച ഉഗ്രസ്ഫോടനത്തിൽ വെടിക്കെട്ടു പുര പൂർണമായും കത്തിയമർന്നു. അപകടമുണ്ടായ ഷെഡ് പ്രവർത്തിച്ചിരുന്നത് പുറമ്പോക്കിലാണെന്ന് അന്വേഷണം നടത്തിയ ഡെപ്യൂട്ടി കലക്റ്റർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അനധികൃതമായി പ്രവർത്തിച്ചിരുന്ന വെടിക്കെട്ടു പുരയിൽ അനുവദനീയമായതിലും അധികം വെടിമരുന്ന് സൂക്ഷിക്കുകയും ചെയ്തിരുന്നുവത്രേ. വെടിമരുന്ന് അനധികൃതമായി കൈകാര്യം ചെയ്യുന്നത് തടയാൻ ഇനിയെങ്കിലും കർശനമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് ഈ സംഭവങ്ങളൊക്കെ കാണിക്കുന്നുണ്ട്. അതു തിരിച്ചറിയാൻ ബന്ധപ്പെട്ടവർക്കു കഴിയണം.