ലോകത്തെ ഏറ്റവും പ്രഗത്ഭരായ കായിക താരങ്ങൾ തങ്ങളുടെ രാജ്യങ്ങൾക്കു വേണ്ടി പോരാടിയ പാരിസ് ഒളിംപിക്സിൽ നിന്ന് ഇന്ത്യൻ സംഘം മടങ്ങുന്നത് ഒരു വെള്ളിയും അഞ്ചു വെങ്കലവുമായി. അതായത് ഒരു സ്വർണ മെഡൽ പോലുമില്ലാതെ. മെഡലുകൾക്കു വേണ്ടിയുള്ള പോരാട്ടത്തിൽ നേരിയ വ്യത്യാസത്തിനു പുറംതള്ളപ്പെട്ടവരുണ്ട്. ലോക താരങ്ങളോടു മത്സരിച്ചു ജയിക്കാനായില്ലെങ്കിലും തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവച്ച് രാജ്യത്തിനു വേണ്ടി പരമാവധി പരിശ്രമിച്ചവരുണ്ട്. 6 മെഡലുകളാണ് വെങ്കലത്തിനു തൊട്ടരികിൽ വച്ച് ഇന്ത്യയ്ക്കു നഷ്ടമായത്.
മെഡൽ നേടിയവരും മികച്ച പ്രകടനം കാഴ്ചവച്ചവരുമായ എല്ലാ താരങ്ങളും രാജ്യത്തിന്‍റെ അഭിനന്ദനം അർഹിക്കുന്നു. അവരുടെ നേട്ടങ്ങളെയൊന്നും ചെറുതായി കാണാനാവില്ല. അപ്പോഴും പ്രതീക്ഷിച്ചത്രയും നേട്ടങ്ങൾ പാരിസിൽ നമുക്കുണ്ടായില്ല എന്നതു വളരെ ഗൗരവത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. കായിക രംഗവുമായി ബന്ധപ്പെട്ടവർ ഇന്ത്യയുടെ ഈ പ്രകടനത്തെ സൂക്ഷ്മമായി വിലയിരുത്തണം. ലോക താരങ്ങളോടു മത്സരിച്ച് മെഡലുകൾ സ്വന്തമാക്കാനുള്ള കരുത്ത് പുതിയ തലമുറയിൽ വളർത്തിക്കൊണ്ടുവരണം. അത് ഓരോ ഒളിംപിക്സിനു ശേഷവും ആവർത്തിച്ചു പറയുന്നതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും നടക്കുന്നുണ്ട് എന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെയാണല്ലോ വിരലിലെണ്ണാവുന്ന ചില നേട്ടങ്ങൾ മാത്രമായി നമ്മുടെ ഒളിംപിക് ചരിത്രം ശേഷിക്കുന്നത്.
ലോകത്ത് ഏറ്റവുമധികം ജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. 140 കോടി ജനങ്ങൾക്ക് ആറു മെഡലുകൾ മതിയോ എന്നതാണു വിഷയം. മെഡൽ നേട്ടം ഇക്കുറി ഇരട്ടയക്കത്തിലെത്തും എന്ന പ്രതീക്ഷയാണ് പാരിസിലേക്കു വണ്ടികയറുമ്പോൾ ഇന്ത്യൻ സംഘത്തിനുണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ തവണത്തെ ഏഴു മെഡലിൽ പോലും എത്തിയില്ല. ഫൈനൽ മത്സരത്തിനു മുൻപുള്ള ഭാരപരിശോധനയിൽ അയോഗ്യത വിധിച്ചതുമായി ബന്ധപ്പെട്ട് വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ ലോക കായിക കോടതി വിധി പറയുന്നതു നാളെയാണ്. ഫൈനൽ വരെയെത്തിയ തനിക്കു വെള്ളി മെഡലിന് അർഹതയുണ്ടെന്നാണു വിനേഷ് വാദിക്കുന്നത്. ഈ വെള്ളി അനുവദിക്കപ്പെട്ടാൽ മാത്രം ഇന്ത്യ കഴിഞ്ഞ തവണത്തെ മെഡലെണ്ണത്തിലെത്തും. അപ്പോഴും ഒരു സ്വർണം പോലും ഉണ്ടാവില്ല.
കഴിഞ്ഞ തവണ (2020) ടോക്കിയോയിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര നേടിയ സ്വർണം നമുക്കുണ്ടായിരുന്നു. ഒളിംപിക്സ് അത്‌ലറ്റിക്സ് ചരിത്രത്തിലെ നമ്മുടെ ആദ്യത്തെ സ്വർണ മെഡൽ കൂടിയായിരുന്നു അത്. 2008ലെ ബീജിങ് ഒളിംപിക്സിന്‍റെ ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്ര നേടിയതാണ് ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വർണം. ചോപ്രയുടേത് രണ്ടാം വ്യക്തിഗത സ്വർണവും. ഇതു കൂടാതെ രണ്ടു വെള്ളിയും നാലു വെങ്കലവുമാണ് ടോക്കിയോയിൽ ഇന്ത്യ നേടിയത്. ഇക്കുറി ടോക്കിയോയിലേതിനെക്കാൾ മെച്ചപ്പെട്ട ദൂരം കണ്ടെത്താൻ ബിന്ദ്രയ്ക്കു കഴിഞ്ഞെങ്കിലും പാക് താരം അർഷദ് നദീമിന്‍റെ റെക്കോഡ് പ്രകടനം ഇന്ത്യയുടെ സ്വർണപ്രതീക്ഷ നഷ്ടപ്പെടുത്തുകയായിരുന്നു. പാരിസിലെ രാജ്യത്തിന്‍റെ ഏക വെള്ളി അങ്ങനെ ചോപ്രയുടേതായി.
ഒളിംപിക്സ് ചരിത്രത്തിൽ ഇതുവരെ ഇന്ത്യ നേടിയിട്ടുള്ളത് 10 സ്വർണവും 10 വെള്ളിയും 21 വെങ്കലവും മാത്രമാണ്. മൊത്തം 41 മെഡലുകൾ. ഇതിൽ 8 സ്വർണം അടക്കം 13 മെഡലുകൾ ഇന്ത്യൻ ഹോക്കി നേടിത്തന്നതാണ് എന്നതും മറക്കാനാവില്ല. അമെരിക്കയും ചൈനയും പാരിസ് ഒളിംപിക്സിൽ മാത്രം 40ഓളം സ്വർണമെഡലുകൾ നേടിയിട്ടുണ്ട്. നൂറിനടുത്തും നൂറിൽ അധികവുമൊക്കെയാണ് അവരുടെ ഒരൊളിംപിക്സിലെ മൊത്തം മെഡലുകൾ. ബ്രിട്ടനും ഫ്രാൻസും ഓസ്ട്രേലിയയും ഈ ഒളിംപിക്സിൽ മാത്രം അമ്പതോ അതിലധികമോ മെഡലുകൾ നേടിയിട്ടുണ്ട്. ഏഷ്യൻ രാജ്യമായ ജപ്പാനും ഇവരോടൊക്കെ മത്സരിക്കുന്നുണ്ട്. ജർമനിയും ഇറ്റലിയും നെതർലൻഡ്സും കൊറിയയും ഈ ഒളിംപിക്സിൽ സ്വർണമെഡലിന്‍റെ കാര്യത്തിൽ തന്നെ ഇരട്ടയക്കത്തിലെത്തിയവരാണ്. ഒളിംപിക്സിലെ മെഡൽ നിലയെടുക്കുമ്പോൾ എത്രയോ ചെറിയ രാജ്യങ്ങളാണ് ഇന്ത്യയെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളത്.
അത്‌ലറ്റിക്സും അമ്പെയ്ത്തും അടക്കം 16 കായിക വിഭാഗങ്ങളിലായി 69 മെഡൽ ഇനങ്ങളിലാണ് ഇന്ത്യയുടെ 117 അംഗ സംഘം മത്സരിച്ചത്. ഇക്കുറി രാജ്യത്തിനു ലഭിച്ച മെഡലുകളിൽ പകുതിയും ഷൂട്ടിങ്ങിൽ നിന്നാണ്. 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം നേടിയ മനു ഭാകർ ഒളിംപിക് ഷൂട്ടിങ്ങിൽ മെഡൽ ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി. പിന്നീട് 10 മീറ്റർ എയർ പിസ്റ്റളിന്‍റെ മിക്സഡ് ടീം ഇനത്തിൽ സരബ്‌ജോത് സിങ്ങിനോടു ചേർന്നും വെങ്കലം നേടിയതോടെ മനുവിന് മറ്റൊരു റെക്കോഡും സ്വന്തം. ഒരൊളിംപിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്നതാണ് ആ ബഹുമതി. സ്വപ്നിൽ കുസാലെയാണ് ഷൂട്ടിങ്ങിലെ മൂന്നാമത്തെ മെഡൽ സമ്മാനിച്ചത്. ഹോക്കി ടീമിന്‍റെ വെങ്കലം, നീരജ് ചോപ്രയുടെ വെള്ളി എന്നിവയ്ക്കു പുറമേ ഇന്ത്യയ്ക്കു കിട്ടിയ മറ്റൊരു മെഡൽ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ നിന്നാണ്. ഹരിയാനയിൽ നിന്നുള്ള ഇരുപത്തൊന്നുകാരൻ അമൻ ഷെറാവത്ത് ഒളിംപിക്സിൽ വ്യക്തിഗത മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി ഇതിലൂടെ മാറുകയും ചെയ്തു. ഷെറാവത്തിനെപ്പോലുള്ള താരങ്ങളെ കണ്ടെത്തി ലോക വേദികളിൽ മുൻനിരയിലെത്താനുള്ള പരിശീലനം നൽകി വളർത്തിയെടുക്കാൻ ഇനിയും ഫലപ്രദമായ പദ്ധതികൾ രാജ്യം ആവിഷ്കരിക്കേണ്ടതായാണിരിക്കുന്നത്. ദേശീയ ചാംപ്യൻഷിപ്പുകൾക്കും ഏഷ്യൻ ചാംപ്യൻഷിപ്പുകൾക്കും അപ്പുറം കടക്കാൻ കരുത്തുള്ള താരങ്ങൾ വളർന്നുവരുന്നുണ്ടെന്ന് ഉറപ്പാക്കണമെങ്കിൽ കായിക മേഖലയോടുള്ള നമ്മുടെ സമീപനത്തിലടക്കം കാര്യമായ മാറ്റം അനിവാര്യമാണ്.