സ്റ്റാർട്ടപ്പുകളിലെ കുതിച്ചുചാട്ടം | മുഖപ്രസംഗം

ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലയുടെ വിസ്മയകരമായ വളർച്ച
India become the 3rd largest startup ecosystem in the world read editorial
India become the 3rd largest startup ecosystem in the world read editorial

ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപുള്ള അവസാന പാർലമെന്‍റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത രാഷ്‌ട്രപതി ദ്രൗപദി മുർമു എടുത്തുപറഞ്ഞത് പത്തു വർഷക്കാലത്തെ നരേന്ദ്ര മോദി സർക്കാരിന്‍റെ നേട്ടങ്ങളാണ്. പുതിയ പാർലമെന്‍റ് മന്ദിരത്തിലെ തന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ സാമ്പത്തിക രംഗത്തുണ്ടായ രാജ്യത്തിന്‍റെ പുരോഗതി രാഷ്‌ട്രപതി പ്രത്യേകം പരാമർശിക്കുകയുണ്ടായി. കഴിഞ്ഞൊരു ദശകക്കാലം കൊണ്ട് ലോകത്തെ ഏറ്റവും മികച്ച അഞ്ചു സാമ്പത്തിക വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ വളർന്നത് അവർ ചൂണ്ടിക്കാണിച്ചു. "മെയ്ഡ് ഇൻ ഇന്ത്യ' ഇപ്പോൾ ആഗോള ബ്രാൻഡായി മാറിക്കഴിഞ്ഞുവെന്നും ദ്രൗപദി മുർമു അവകാശപ്പെടുകയുണ്ടായി. "മെയ്ക്ക് ഇൻ ഇന്ത്യ' നയത്തെ ലോകം ആവേശത്തോടെയാണു സ്വീകരിക്കുന്നത്. "ആത്മനിർഭർ ഭാരതി'ന്‍റെ ലക്ഷ്യത്തെ ലോകം അനുമോദിക്കുന്നുണ്ട്. ഇന്ത്യയിൽ പുതിയ മേഖലകൾ വളർന്നുവരുന്നതിൽ ലോകത്തെ കമ്പനികൾ താത്പര്യം കാണിക്കുന്നു- രാഷ്‌ട്രപതി പറഞ്ഞു.

പത്തുവർഷം മുൻപ് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ പത്താമത്തെ സാമ്പത്തിക വ്യവസ്ഥയായിരുന്നു. അന്ന് മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 1.9 ലക്ഷം കോടി ഡോളറിന്‍റേത്. ഇന്ന് അഞ്ചാമത്തെ വലിയ സാമ്പത്തിക വ്യവസ്ഥയാണ്- 3.7 ലക്ഷം കോടി ഡോളർ. നമ്മുടെ കയറ്റുമതി 450 ബില്യൻ ഡോളറിൽ നിന്ന് 775 ബില്യൻ ഡോളറിലേക്ക് ഉയർന്നു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍റെ ഒഴുക്ക് ഇരട്ടിയായി. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നവർ 3.25 കോടിയിൽ നിന്ന് 8.25 കോടിയായി ഉയർന്നു. സെമി കണ്ടക്റ്റർ മേഖലയിലുണ്ടായ മുതൽമുടക്കുകൾ ഇലക്‌ട്രോണിക്സ്, ഓട്ടൊമൊബീൽ മേഖലകൾക്കും ഗുണകരമായത് രാഷ്‌ട്രപതി ചൂണ്ടിക്കാണിക്കുകയുണ്ടായി.

ദ്രൗപദി മുർമു എടുത്തു പറഞ്ഞ മറ്റൊരു പ്രധാന മേഖല സ്റ്റാർട്ടപ്പാണ്. ഈ മേഖലയിലെ കുതിച്ചുചാട്ടം സാമ്പത്തിക രംഗത്ത് ഏറെ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. പത്തുവർഷം മുൻപ് ഏതാനും സ്റ്റാർട്ടപ്പുകൾ മാത്രമുണ്ടായിരുന്ന രാജ്യത്ത് ഇന്നു ലക്ഷത്തിലേറെയുണ്ടെന്നാണ് മുർമു പ്രസംഗത്തിൽ പറഞ്ഞത്. ധനകാര്യ മന്ത്രാലയത്തിന്‍റെ ഏറ്റവും അവസാനത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം 1.14 ലക്ഷം സ്റ്റാർട്ടപ്പുകൾ 12 ലക്ഷത്തിലേറെ തൊഴിൽ രാജ്യത്തു സൃഷ്ടിക്കുന്നുണ്ട്. 2014ൽ 350 സ്റ്റാർട്ടപ്പുകൾ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത് എന്നാണു കണക്ക്. മറ്റൊരു രാജ്യത്തും ഇതുപോലൊരു വളർച്ചയുണ്ടായിട്ടില്ല. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ടെക് സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റമാണ് ഇന്ത്യയിലേത്. കഴിഞ്ഞ വർഷം തന്നെ 950ൽ ഏറെ ടെക് സ്റ്റാർട്ടപ്പുകൾ ആരംഭിച്ചു. 31,000ൽ അധികം ടെക് സ്റ്റാർട്ടപ്പുകളുടെ സഞ്ചിത ഫണ്ടിങ് 70 ബില്യൻ ഡോളറിലേറെയാണെന്ന് നാസ്കോം അവരുടെ റിപ്പോർട്ടിൽ വിശദീകരിക്കുകയുണ്ടായി. 70 ശതമാനം ടെക് സ്റ്റാർട്ടപ്പുകളും ബിസിനസിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (നിർമിത ബുദ്ധി) ഉപയോഗിക്കുന്നുവെന്നും നാസ്കോം വ്യക്തമാക്കുന്നു. ഇതെല്ലാം സ്റ്റാർട്ടപ്പ് മേഖലയിലെ കുതിച്ചുചാട്ടവുമായി ബന്ധപ്പെട്ട് കൂട്ടിച്ചേർക്കാവുന്നതാണ്. രാജ്യത്തെ സ്റ്റാർട്ടപ്പ് സംസ്കാരം പരിപോഷിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കേന്ദ്ര സർക്കാർ തുടങ്ങിയ സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി വിജയമായി എന്നു തന്നെയാണ് ഈ കണക്കുകൾ കാണിക്കുന്നത്.

രാജ്യത്തിന്‍റെ സാമ്പത്തിക വികസനത്തിലും കയറ്റുമതി വരുമാനം വർധിപ്പിക്കുന്നതിലും കാര്യമായ പങ്കു തന്നെ സ്റ്റാർട്ടപ്പുകൾ വഹിക്കുന്നുണ്ട്. അഞ്ചു ലക്ഷം കോടി ഡോളറിന്‍റെ സാമ്പത്തിക വ്യവസ്ഥയായി ഇന്ത്യയെ മാറ്റാനുള്ള കേന്ദ്ര സർക്കാർ ലക്ഷ്യങ്ങളിൽ നല്ലൊരു പങ്കു വഹിക്കാൻ അതിവേഗം വളരുന്ന സ്റ്റാർട്ടപ്പ് മേഖലയ്ക്കു കഴിയുമെന്നു വിശ്വസിക്കണം. ഈ മേഖലയെ സഹായിക്കുന്നതിനായി അടൽ ഇന്നൊവേഷൻ മിഷൻ, സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീം തുടങ്ങി സർക്കാർ പദ്ധതികൾ പലതുണ്ട്. ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനുള്ള കൂടുതൽ പദ്ധതികൾ ഉണ്ടാവുമെന്നാണു ഈ മേഖലയുമായി ബന്ധപ്പെട്ടവർ പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിനു സർക്കാർ സഹായം ഇനിയും ആവശ്യമുണ്ട്. ഫണ്ട് ക്ഷാമം അടക്കമുള്ള പ്രശ്നങ്ങൾക്കാണു പരിഹാരം കാണേണ്ടത്. നവീകരണം പ്രോത്സാഹിപ്പിക്കാനും നൈപുണ്യം വളർത്താനും സർക്കാരിന്‍റെ സഹായമുണ്ടാവണം. നിർമിത ബുദ്ധി, ബ്ലോക്ക് ചെയിൻ, ഡിജിറ്റൽ സാക്ഷരത, സ്റ്റെം വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾ പ്രത്യേക ശ്രദ്ധ ലഭിക്കേണ്ടവയാണ്. ലോകത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് പവർഹൗസായി ഇന്ത്യയെ മാറ്റാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പരിശ്രമമാണ് ആവശ്യം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com