വികസിത ഭാരതത്തിലേക്ക് | മുഖപ്രസംഗം

കോടിക്കണക്കിന് ഇന്ത്യക്കാരുടെ കഠിനാധ്വാനത്തിന്‍റെയും അർപ്പണ‍ മനോഭാവത്തിന്‍റെയും ദേശസ്നേഹത്തിന്‍റെയും ഫലമാണ് രാജ്യത്ത് ഇന്നു കാണുന്ന പുരോഗതി.
india celebrating 78th independence day
വികസിത ഭാരതത്തിലേക്ക് | മുഖപ്രസംഗം
Updated on

രാജ്യം ഇന്ന് എഴുപത്തെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്‍റെ ദിനം. ബ്രിട്ടിഷ് ഭരണത്തിന് അന്ത്യം കുറിച്ച് സ്വതന്ത്ര ഇന്ത്യ പിറന്നത് 1947 ഓഗസ്റ്റ് പതിനഞ്ചിനാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി കരുത്തോടെ നിലകൊള്ളുന്ന ഇന്ത്യ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യം കൂടിയാണ്. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്ത സാമ്പത്തിക വ്യവസ്ഥയാണു നമ്മുടേത്. ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക വ്യവസ്ഥയായി മാറുകയെന്ന ദൗത്യത്തിലാണു നാം ഉള്ളതും. 2047 എത്തുമ്പോഴേക്കും വികസിത രാജ്യമായി മാറുക എന്ന ലക്ഷ്യത്തിൽ സാമ്പത്തിക നയങ്ങളും പരിപാടികളും ആവിഷ്കരിച്ചു നടപ്പാക്കി വരികയാണു കേന്ദ്ര സർക്കാർ. വികസിത ഭാരതം എന്നതാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തിന്‍റെ പ്രമേയവും. മുന്നിലുള്ള വലിയൊരു ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഒറ്റക്കെട്ടായ പ്രവർത്തനങ്ങളാണു രാജ്യത്തിനാവശ്യം. അതുണ്ടാവും എന്ന് സ്വയം ഉറപ്പാക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്.

തൊട്ടയൽവക്കത്തുള്ള ബംഗ്ലാദേശിൽ നിരവധി മനുഷ്യ ജീവനുകൾ നഷ്ടമായ സർക്കാർ വിരുദ്ധ കലാപം ഷെയ്ഖ് ഹസീനയുടെ ഭരണം തെറിപ്പിച്ച നാളുകളാണിത്. പ്രധാനമന്ത്രിസ്ഥാനം രാജിവച്ച് ഇന്ത്യയിൽ അഭ‍യം തേടിയിരിക്കുകയാണ് ഇപ്പോൾ ഹസീന. രാജ്യത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം പിന്നീട് ഇടക്കാല സർക്കാരിനെയും നിയോഗിച്ചു കഴിഞ്ഞു. ന്യൂനപക്ഷ മതവിശ്വാസികൾ ആക്രമിക്കപ്പെടുന്നതടക്കം കലാപവുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നങ്ങൾ ബംഗ്ലാദേശിന്‍റെ മണ്ണിൽ നിലനിൽക്കുകയാണിപ്പോൾ. നിരവധി തവണ പട്ടാള അട്ടിമറികളും രാഷ്ട്രീയ അസ്ഥിരതയും കണ്ടുകഴിഞ്ഞ ബംഗ്ലാദേശിന്‍റെ ജനാധിപത്യത്തിൽ കറുത്ത പാടുകൾ പലതുണ്ട്. പാക്കിസ്ഥാനിലെ ഭരണത്തിൽ സൈന്യത്തിനുള്ള സ്വാധീനം എല്ലാവർക്കും ബോധ്യമുള്ളതാണ്. ചൈനയിലാവട്ടെ ജനാധിപത്യമേയില്ല. അയൽ രാജ്യങ്ങളിൽ ഇത്തരം അസ്വസ്ഥതകൾ നിലനിൽക്കുമ്പോഴാണ് ജനാധിപത്യം അതിന്‍റെ മുഴുവൻ കരുത്തോടെയും ഇന്ത്യ കാത്തുസൂക്ഷിക്കുന്നത്.

എത്രയോ സ്വാതന്ത്ര്യ സമര സേനാനികൾ രാജ്യത്തിനുവേണ്ടി ചെയ്ത ത്യാഗമാണ് ഓരോ സ്വാതന്ത്ര്യദിനവും നമ്മെ ഓർമിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവരുടെ കഠിനമായ പോരാട്ടം നന്ദിയോടെ ഓർക്കാതെ വയ്യ. അതിർത്തിയിൽ ശത്രുക്കളെ തടയാൻ സദാസമയവും ജാഗ്രതയോടെ നിൽക്കുന്ന സൈനികരെയും ഓർക്കാതിരിക്കാനാവില്ല. രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ രക്തസാക്ഷികളാവേണ്ടിവന്ന ധീരജവാന്മാരുടെ സ്മരണകൾക്കു മുന്നിൽ ആദരവോടെ നമിക്കാതെ വയ്യ. വർഷങ്ങൾകൊണ്ട് നാം നേടിയെടുത്ത അസൂയാവഹമായ നേട്ടങ്ങൾ സ്മരിക്കാനുള്ളതു കൂടിയാണ് ഈ ദിനം. ഒപ്പം രാജ്യത്തിന്‍റെ സമ്പന്നമായ സാംസ്കാരിക വൈവിധ്യവും പ്രാധാന്യത്തോടെ മനസിലെത്തുന്നതാണ്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ കഠിനാധ്വാനത്തിന്‍റെയും അർപ്പണ‍ മനോഭാവത്തിന്‍റെയും ദേശസ്നേഹത്തിന്‍റെയും ഫലമാണ് രാജ്യത്ത് ഇന്നു കാണുന്ന പുരോഗതി. വികസിത രാജ്യത്തിലേക്കുള്ള കുതിപ്പിൽ ഈ കഠിനാധ്വാനവും അർപ്പണ മനോഭാവവും ദേശസ്നേഹവും തുടരേണ്ടതുണ്ട്. ദേശീയ പതാകയെ വന്ദിച്ചുകൊണ്ടുള്ള "ഹർ ഘർ തിരംഗ' പോലുള്ള പരിപാടികൾ എന്‍റെ രാജ്യം, എന്‍റെ സ്വാതന്ത്ര്യം എന്ന ചിന്ത മനസിൽ ഉറപ്പിക്കാൻ സഹായിക്കുന്നതാണ്.

സ്വാതന്ത്ര്യദിനം ആഘോഷത്തിന്‍റേതു മാത്രമല്ല, രാജ്യത്തോടുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഓർമിപ്പിക്കുന്നതു കൂടിയാണ്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും നീതിയും സമത്വവും ഉറപ്പുവരുത്താൻ സർക്കാരുകൾക്ക് ചുമതലയുണ്ട്. അഴിമതിയും അക്രമവും തട്ടിപ്പുകളും തുടങ്ങി രാജ്യത്തിനും ജനങ്ങൾക്കും ഹിതകരമല്ലാത്തവയെ നേരിടുന്നതിനുള്ള പ്രതിബദ്ധതയും കാണിക്കേണ്ടതാണ്. ജാതിയുടെയും മതത്തിന്‍റെയും വർഗത്തിന്‍റെയും ദേശത്തിന്‍റെയും പേരിൽ തമ്മിലടിക്കുന്നതും നാടിനെ അനിശ്ചിതത്വത്തിലേക്കു മാത്രമേ നയിക്കൂ. രാജ്യത്ത് എവിടെയായാലും അക്രമം ഒന്നിനും പരിഹാരമല്ലെന്നു തിരിച്ചറിയേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങളെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ടത് പുതിയ കാലത്തിന്‍റെ ആവശ്യമാണ്. പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച് ക്രമസമാധാനവും സൗഹാർദ്ദവും തകർക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിയാൻ കഴിയണം. ഓൺലൈൻ തട്ടിപ്പുകൾക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തേണ്ടതുണ്ട്.

സംസ്ഥാനം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലിന്‍റെ നടുക്കത്തിലാണു കേരളം ഇപ്പോഴുള്ളത്. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ടും സമ്പാദ്യമത്രയും ഒലിച്ചുപോയും തോരാക്കണ്ണീരിൽ കഴിയുന്ന നിരവധിയാളുകളുണ്ട്. അവരുടെയൊക്കെ പുനരധിവാസം രാജ്യത്തിന്‍റെ ഉത്തരവാദിത്വമാണ്. ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന നിസഹായരുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതടക്കം കാര്യങ്ങളുണ്ട്. അവർക്ക് വീടും തൊഴിലും ഉറപ്പുവരുത്തേണ്ടതുണ്ട്. വിവിധ ഭാഗങ്ങളിൽ നിന്ന് വയനാടിനു സഹായം പ്രവഹിക്കുന്നുണ്ട് എന്നതു ശ്രദ്ധേയമാണ്. മുന്നിലുള്ള ലക്ഷ്യം വളരെ വലുതാണ് എന്നതിനാൽ ഈ കാരുണ്യ പ്രവാഹം തുടരേണ്ടതുണ്ട്. വയനാടിനെ ചേർത്തുപിടിക്കണം എന്ന സന്ദേശം ഈ സ്വാതന്ത്ര്യദിനത്തിൽ ഓർമിക്കപ്പെടേണ്ടതാണ്.

Trending

No stories found.

Latest News

No stories found.