കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട​ട്ടെ, ഇ​ന്ത്യ-​ചൈ​ന ബ​ന്ധ​ങ്ങ​ൾ

ന​രേ​ന്ദ്ര മോ​ദി​യും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ജിൻപി​ങ്ങും ത​മ്മി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ്
May India-China relations improve further editorial

നരേന്ദ്രമോദിയും ഷീ ജിൻപി​ങ്ങും

Updated on

ന്യൂ​ഡ​ൽ​ഹി​യി​ൽ ബ്രിക്സ് ഉച്ചകോടിക്കിടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ജിൻപി​ങ്ങും ത​മ്മി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ ഷാ​ങ്ഹാ​യ് സ​ഹ​ക​ര​ണ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൈ​ന​യി​ൽ എ​ത്തി​യ​പ്പോ​ൾ ടി​യാ​ൻ​ജി​നി​ൽ ഇ​രു നേ​താ​ക്ക​ളും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. അ​തി​നു​ശേ​ഷം ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള ക്ര​മ​മാ​യ പു​രോ​ഗ​തി ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു നേ​താ​ക്ക​ളും സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ത്യ-​ചൈ​ന ബ​ന്ധ​ങ്ങ​ൾ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി​യെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ത​ന്ത്ര​പ്ര​ധാ​ന​മാ​യ​തും ദീ​ർ​ഘ​കാ​ല ല​ക്ഷ്യ​ങ്ങ​ളു​ള്ള​തു​മാ​യ ഉ​റ​ച്ച ബ​ന്ധ​മാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നാ​ണു വ്യ​ക്ത​മാ​ക്ക​പ്പെ​ടു​ന്ന​ത്. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ത​ർ​ക്ക​ങ്ങ​ളാ​വാ​തെ നോ​ക്കു​ക എ​ന്ന നി​ല​പാ​ട് പ്രാ​യോ​ഗി​ക​മാ​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളി​ൽ വ​ലി​യ കു​തി​ച്ചു​ചാ​ട്ടം ത​ന്നെ​യു​ണ്ടാ​ക്കാ​ൻ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും സാ​ധ്യ​മാ​വും.

ഇ​തു പ​റ​യു​മ്പോ​ഴും ഓ​ർ​ക്കേ​ണ്ട പ്ര​ധാ​ന വ​സ്തു​ത ബ​ന്ധ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ന്ന​തി​ന് ഏ​റ്റ​വും പ്ര​ധാ​ന​മാ​യ​ത് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​മാ​ധാ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​താ​ണ്. അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ചൈ​ന​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യാ​ൽ അ​തു ക​ണ്ടു​നി​ൽ​ക്കാ​ൻ ഇ​ന്ത്യ​യ്ക്കു ക​ഴി​യി​ല്ല. അ​നാ​വ​ശ്യ​മാ​യി അ​തി​ർ​ത്തി​യി​ൽ പ്ര​കോ​പ​ന​മു​ണ്ടാ​ക്കാ​തി​രി​ക്കേ​ണ്ട​ത് അ​തി​നാ​ൽ ത​ന്നെ ചൈ​ന​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. അ​തി​ർ​ത്തി​യി​ലെ സ​മാ​ധാ​ന​വും ശാ​ന്തി​യും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളു​ടെ പു​രോ​ഗ​തി​യി​ൽ നി​ർ​ണാ​യ​ക​മാ​ണെ​ന്ന് മോ​ദി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. അ​തി​ർ​ത്തി പ്ര​ശ്ന​ങ്ങ​ൾ​ക്കു ന്യാ​യ​യു​ക്ത​വും പ​ര​സ്പ​രം അം​ഗീ​ക​രി​ക്കാ​വു​ന്ന​തു​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​വേ​ണ്ട​തു​ണ്ട്. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ താ​ത്പ​ര്യ​വും അ​തു ത​ന്നെ​യാ​വും. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും അ​തി​ർ​ത്തി പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​നും ശ്ര​മ​ങ്ങ​ളു​ണ്ടാ​വു​മെ​ന്നാ​ണു ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. അതിർത്തി പരിപാലനത്തിൽ നിലവിലുള്ള കരാറുകൾ കൃത്യമായി പാലിക്കേണ്ടതുണ്ടെന്ന് ഇ​ന്ത്യ​ൻ പ്രധാനമന്ത്രി ചൈ​നീ​സ് പ്ര​സി​ഡ​ന്‍റി​നെ ഓ​ർ​മി​പ്പി​ക്കു​ന്നു​ണ്ട്. പരസ്പര വിശ്വാസ​വും പരസ്പര താത്പര്യ​വും പരസ്പര സംവേദന​വു​മാ​ക​ണം ഉഭയകക്ഷി ബന്ധത്തെ നയിക്കേണ്ടതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടു​ന്നു. അതിർത്തി പ്രശ്നങ്ങൾ സംബന്ധിച്ച ചർച്ചകൾ തുടരാനാ​ണു തീരുമാനം എ​ന്ന​റി​യു​ന്നു. അ​ത് എ​ല്ലാ​വ​രും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​ണ്.

ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ക​രു​ത്ത് തി​രി​ച്ച​റി​ഞ്ഞു പ​ര​സ്പ​രം പി​ന്തു​ണ​യ്ക്കു​ന്ന​ത് ഇ​ന്ത്യ​യ്ക്കും ചൈ​ന​യ്ക്കും ഗു​ണ​ക​ര​മാ​വും. വ്യാ​പാ​രം, നി​ക്ഷേ​പം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വി​പു​ലീ​ക​രി​ക്കാ​വു​ന്ന​താ​ണ്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ ഇ​പ്പോ​ൾ ന​ല്ല നി​ല​യി​ൽ മു​ന്നോ​ട്ടു​പോ​കു​ന്നു​ണ്ട്. ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര പ​ങ്കാ​ളി​യാ​ണു ചൈ​ന ഇ​പ്പോ​ൾ. തു​ട​ർ​ച്ച​യാ​യി നാ​ലു വ​ർ​ഷം ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര പ​ങ്കാ​ളി​യാ​യി​രു​ന്ന യു​എ​സി​നെ​യാ​ണ് ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ചൈ​ന ക​ട​ത്തി​വെ​ട്ടി​യി​രി​ക്കു​ന്ന​ത്. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം 15,110 കോ​ടി ഡോ​ള​റി​ന്‍റേ​താ​ണ്. ചൈ​ന​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി 36.66 ശ​ത​മാ​നം ഉ​യ​ർ​ന്ന് 1947 കോ​ടി ഡോ​ള​റി​ലെ​ത്തി. ഇ​റ​ക്കു​മ​തി 17 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധി​ച്ച് 13,163 കോ​ടി ഡോ​ള​റി​ന്‍റേ​താ​യി. എ​ന്നാ​ൽ, ഈ ​വ്യാ​പാ​ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ വ്യാ​പാ​ര ക​മ്മി​യും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ചൈ​ന​യി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി വ​ൻ തോ​തി​ൽ ഉ​യ​ർ​ന്ന​പ്പോ​ൾ ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി ആ​നു​പാ​തി​ക​മാ​യി വ​ർ​ധി​ക്കാ​ത്ത​താ​ണ് ഇ​ന്ത്യ​യു​ടെ വ്യാ​പാ​ര ക​മ്മി​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ച​ത്. വ്യാ​പാ​ര​ത്തി​ലു​ള്ള ഈ ​അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ മോ​ദി​യും ഷീ​യും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി​യെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ചൈ​നീ​സ് വി​പ​ണി​യി​ൽ കൂ​ടു​ത​ൽ സ്ഥാ​നം കി​ട്ടു​ക എ​ന്ന​തു പ്ര​ധാ​ന​മാ​ണ്.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യോമഗതാഗതം ശക്തമാക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളും ഇ​തി​നി​ടെ ന​ട​ക്കു​ന്നു​ണ്ട്. ചൈനയിലെ ഗുവാങ്ഷുവിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള വിമാനസർവീസ് ഈ ​മാ​സം 21നു ​പുനരാരംഭിക്കുമെന്ന് ചൈന സതേൺ എയർലൈൻ അറിയിച്ചി​ട്ടു​ണ്ട്. ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഈ ​സർവീസ് വീണ്ടും ആരംഭിക്കുന്നത്. 2020ൽ കൊവിഡിനെ തുടർന്നു നിർത്തിവച്ചതാ​ണ് ഈ ​സ​ർ​വീ​സ്. പിന്നീട് ലഡാക്കിൽ അതിർത്തി സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ സർവീസ് പുനരാരംഭിക്കുന്നതു നീണ്ടുപോവു​ക​യാ​യി​രു​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്ന വ്യോ​മ​ഗ​താ​ഗ​തം ഇന്ത്യൻ, ചൈനീസ് വിമാനക്കമ്പനികൾ പുനരാരംഭിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി വേ​ണം ഗുവാങ്ഷു​- ന്യൂഡൽഹി​ സ​ർ​വീ​സി​നെ​യും കാ​ണാ​ൻ. ഇ​ന്ത്യ​യും ചൈ​ന​യും അ​യ​ൽ രാ​ജ്യ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ മാ​ത്ര​മ​ല്ല ലോ​ക​ത്തെ പ്ര​മു​ഖ രാ​ജ്യ​ങ്ങ​ൾ എ​ന്ന നി​ല​യി​ലും പ​ര​സ്പ​രം സ​ഹ​ക​രി​ച്ചു മു​ന്നോ​ട്ടു​പോ​കേ​ണ്ട​തു​ണ്ട്. പ​ര​സ്പ​ര വി​ശ്വാ​സ​വും ബ​ഹു​മാ​ന​വും നി​ല​നി​ർ​ത്തു​ക എ​ന്ന​ത് ഇ​തി​ൽ അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​മാ​ണ്.

logo
Metro Vaartha
www.metrovaartha.com