
അതിർത്തിയിൽ ചൈനയും പാക്കിസ്ഥാനും വെല്ലുവിളികൾ ഉയർത്തിയാൽ അതിനെ അതിശക്തമായി നേരിടാനുള്ള തയാറെടുപ്പുകൾ ഇന്ത്യയ്ക്കു സ്വീകരിക്കേണ്ടതുണ്ട്. അതിനാൽ തന്നെ പ്രതിരോധ രംഗത്ത് ആലസ്യത്തിന് അവസരമില്ല. രാജ്യത്തിന്‍റെ അതിർത്തികൾ സംരക്ഷിക്കുന്നതിനും എതിരാളികളെ ഫലപ്രദമായി നേരിടുന്നതിനും കാലത്തിനൊത്തുള്ള മുന്നേറ്റം കാഴ്ചവച്ചേ മതിയാവൂ. ഒരു രാജ്യത്തെയും കടന്നാക്രമിക്കാൻ ഇന്ത്യ താത്പര്യം കാണിക്കാറില്ല. എന്നാൽ, ഇങ്ങോട്ട് ആക്രമണമുണ്ടായാൽ അതിനെ ചെറുക്കുകയും തിരിച്ചടിക്കുകയും ചെയ്യേണ്ടതുണ്ട്. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്നതാണ് നമ്മുടെ പ്രതിരോധ നയം ലോകത്തിനു നൽകുന്ന ഉറപ്പ്. പക്ഷേ, തിരിച്ചടിക്കേണ്ടിവന്നാൽ അതിനുള്ള കരുത്ത് മറ്റാരെക്കാൾ നമുക്കുണ്ടാവുകയും വേണം.
ഹൈപ്പർ സോണിക് സാങ്കേതിക വിദ്യ വികസിപ്പിച്ച അപൂർവം രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും കയറിയിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ് അഭിമാനകരമായി മാറുന്നത്. രാജ്യത്തിന്‍റെ ആദ്യ ഹൈപ്പർ സോണിക് മിസൈൽ കഴിഞ്ഞ ദിവസമാണ് ഒഡീഷ തീരത്ത് എപിജെ അബ്ദുൾ കലാം ദ്വീപിൽ വിജയകരമായി പരീക്ഷിച്ചത്. ശബ്ദാതിവേഗ മിസൈൽ സാങ്കേതിക വിദ്യയിൽ രാജ്യത്തിന്‍റെ നിർണായക ചുവടുവയ്പ്പു തന്നെയാണിത്. ലോക രാജ്യങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഭൂരിപക്ഷത്തെയും മറികടക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ എന്നാണ് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ സൂചിപ്പിക്കുന്നത്.1500 കിലോമീറ്ററിന് അപ്പുറമുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ഈ മിസൈലിനു കഴിയുമെന്നു വിലയിരുത്തപ്പെടുന്നു. പാക്കിസ്ഥാന്‍റെ ആണവ കേന്ദ്രങ്ങളടക്കം ഈ മിസൈലിന്‍റെ പരിധിയിലാണെന്നത് എടുത്തുപറയേണ്ടതാണ്. ഇതിനൊപ്പം ചൈനയ്ക്കുള്ള മുന്നറിയിപ്പും ഇതിലുണ്ട്. ഹൈപ്പർ സോണിക് സാങ്കേതിക വിദ്യ തങ്ങൾക്കു സ്വന്തമാണ് എന്ന ആത്മവിശ്വാസമാണ് ഇതുവരെ ചൈനയ്ക്കുണ്ടായിരുന്നത്. ഇന്ത്യയും അതു സ്വന്തമാക്കിയിരിക്കുന്നു എന്ന ബോധ്യം ഇനി അവർക്കുണ്ടാവും. ചൈനയുമായുള്ള ശാക്തിക സന്തുലനത്തിൽ അതുകൊണ്ടുതന്നെ ഹൈപ്പർ സോണിക് മിസൈലിനു നിർണായക പങ്കുണ്ട്.
ഇന്ത്യൻ സമുദ്ര മേഖലയ്ക്ക് ശക്തമായ പ്രതിരോധ കവചം ഒരുക്കാനും ഈ മിസൈലിനു കഴിയും. നാവിക സേനയുടെ വിമാനവാഹിനികളിലടക്കം ഇവ സ്ഥാപിക്കാനാവും. വ്യോമസേനയുടെ വിമാനങ്ങളിലും ഇവ ഘടിപ്പിക്കാം. ബഹുമുഖ ആക്രമണം നടത്താൻ ഇന്ത്യൻ സേനയ്ക്ക് ഈ ആയുധം ഫലപ്രദമായി ഉപയോഗിക്കാം. ശബ്ദത്തിന്‍റെ അഞ്ചു മടങ്ങ് വേഗത്തിൽ ആയുധങ്ങളുമായി സഞ്ചരിക്കാൻ ഹൈപ്പർ സോണിക് മിസൈലുകൾക്കു കഴിയും. എതിരാളികൾ ചിന്തിക്കുന്നതിനെക്കാൾ വേഗത്തിൽ കണ്ണടച്ചു തുറക്കും മുൻപ് ആക്രമണം നടത്താനാവും. അതുകൊണ്ടു തന്നെ ഈ മിസൈലുകളെ പ്രതിരോധിക്കാൻ എതിരാളികളുടെ മിസൈൽ പ്രതിരോധ സംവിധാനത്തിന് എളുപ്പമാവില്ല. എതിരാളികളുടെ പ്രതിരോധത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും നിരീക്ഷണ സംവിധാനങ്ങളെ കബളിപ്പിക്കാനും കഴിയും. മുൻകൂട്ടി നിശ്ചയിച്ച പാതയിൽ നിന്നു കാര്യമായ ഗതിമാറ്റമുണ്ടാക്കാനാവാത്തവയാണ് ബാലിസ്റ്റിക് മിസൈലുകൾ. എന്നാൽ, ഹൈപ്പർ സോണിക് മിസൈലുകളുടെ ഗതി ഇടയ്ക്കു വച്ച് ഗതിമാറ്റാനാവും. ആധുനിക യുദ്ധമേഖലയിൽ വളരെ പ്രാധാന്യമുള്ളതാണ് ഹൈപ്പർ സോണിക് ആയുധങ്ങൾ. അവയുടെ പ്രസക്തി ഇനിയും വർധിച്ചുവരികയേയുള്ളൂ.
രാജ്യത്തിന്‍റെ പ്രതിരോധ മേഖലയ്ക്ക് ഇതൊരു ചരിത്ര മുഹൂർത്തം തന്നെയാണ്. തദ്ദേശീയമായി ഈ മിസൈൽ വികസിപ്പിച്ചെടുത്ത ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്‍റ് ഓർഗനൈസേഷൻ (ഡിആർഡിഒ) രാജ്യത്തിന്‍റെ മുഴുവൻ അഭിനന്ദനങ്ങളും അർഹിക്കുന്നുണ്ട്. ഡിആർഡിഒയുടെ ഹൈദരാബാദിലെ ഡോ. എ.പി.ജെ. അബ്ദുൾ കലാം മിസൈൽ കോംപ്ലക്സ് മറ്റു ഡിആർഡിഒ ലാബുകളുമായും വ്യവസായ പങ്കാളികളുമായും ചേർന്ന് സ്തുത്യർഹമായ നേട്ടം തന്നെ കൈവരിച്ചിരിക്കുന്നു. ഇപ്പോൾ ഹൈപ്പർ സോണിക് മിസൈലുകൾ വികസിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ളത് റഷ്യയും ചൈനയുമാണ്. യുഎസും ഈ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ ശ്രദ്ധ പുലർത്തുന്നുണ്ട്. ഫ്രാൻസ്, ജർമനി, ഓസ്ട്രേലിയ, ജപ്പാൻ, ഇറാൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ ഹൈപ്പർ സോണിക് മിസൈലുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്നാണു റിപ്പോർട്ടുകൾ.
പ്രതിരോധ മേഖലയിലെ സാങ്കേതിക വിദ്യകൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. പ്രമുഖ രാജ്യങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലാണ്. അതിനൊത്തു നീങ്ങാൻ ഇന്ത്യയ്ക്കും കഴിയുന്നുണ്ട്. പ്രതിരോധ മേഖലയിലെ സാങ്കേതിക വിദ്യയിൽ വലിയ മുന്നേറ്റമാണു സമീപകാലത്തായി രാജ്യം ഉണ്ടാക്കിയിട്ടുള്ളത്. ഇനിയും ഈ മുന്നേറ്റം തുടരേണ്ടതുമുണ്ട്. നമ്മുടെ സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് എന്തൊക്കെ ആവശ്യമാണോ അതെല്ലാം ഒരുക്കുന്നതിന് നമുക്കു ശേഷിയുണ്ടെന്ന് ഉറപ്പാക്കേണ്ടത് രാജ്യസുരക്ഷയിൽ പ്രധാനമാണ്. പ്രതിരോധ സാങ്കേതിക രംഗത്ത് സ്വാശ്രയത്വം വളർത്തിയെടുക്കാൻ കഴിയുന്നത് വലിയ നേട്ടങ്ങൾക്കു കാരണമാവുന്നതാണ്.