പുതുവഴികൾ തുറന്ന് ഇന്ത്യയും ഒമാനും

ഇന്ത്യ–ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽ; കയറ്റുമതിയുടെ 99.38% നികുതിയില്ലാതെ. വ്യാപാരബന്ധം പുതിയ ഉയരത്തിൽ
India Oman deal editorial

പരമ്പരാഗതമായി ഇന്ത്യയുമായി ബന്ധമുള്ള ഒമാനുമായുള്ള ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ കരാർ.

Updated on

ഇന്ത്യയും സുൽത്താനേറ്റ് ഒഫ് ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) തിങ്കളാഴ്ച പ്രാബല്യത്തിൽ വന്നു. കേവലം 3 മാസത്തെ ചർച്ചകൾക്കൊടുവിൽ യുഎഇയുമായുള്ള കരാർ മെയ് ഒന്നിനു നിലവിൽ വന്നതിനു പിന്നാലെയാണ് ഒമാനുമായും സമഗ്ര പങ്കാളിത്തം സ്ഥാപിച്ചത്. പരമ്പരാഗതമായി ഇന്ത്യയുമായി ബന്ധമുള്ള ഒമാനുമായുള്ള ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണിത്. വ്യാപാരം, നിക്ഷേപം, തന്ത്രപരമായ സഹകരണം, തൊഴിൽ മേഖല എന്നിവയിലൊക്കെ പുതുയുഗത്തിന് തുടക്കം കുറിക്കുന്ന കരാറാണിത്. അന്തരിച്ച സുൽത്താൻ ഖാബൂൻ ബിൻ സയ്യിദ് ഇന്ത്യയിൽ പഠനം നടത്തിയ ആളായിരുന്നു എന്നതും നമ്മുടെ മുൻ രാഷ്‌ട്രപതി ഡോ. ശങ്കർദയാൽ ശർമ അദ്ദേഹത്തിന്‍റെ അധ്യാപകനായിരുന്നു എന്നതും ശ്രദ്ധേയം. പുതിയ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദും ഇന്ത്യയുമായുള്ള ബന്ധം അതീവ ഊഷ്മളമായി കൊണ്ടുപോകുന്നു. ഒട്ടേറെ ഇന്ത്യൻ വ്യവസായികളും വ്യാപാരികളും തൊഴിലാളികളും ഇന്ത്യൻ സ്ഥാപനങ്ങളും ഒമാനിലുണ്ട് എന്നതും എടുത്തുപറയണം.

ഡിസംബർ 18ന് മസ്‌കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദിന്‍റെയും സാന്നിധ്യത്തിലാണ് കരാറിൽ ഒപ്പുവച്ചത്. ആഭ്യന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി ജൂൺ ഒന്നിനു പ്രാബല്യത്തിൽ വന്നു. കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്‍റെയും ഇന്ത്യയിലെ ഒമാൻ അംബാസഡർ ഈസ സാലിഹ് അൽ ഷിബാനിയുടെയും സാന്നിധ്യത്തിലാണ് കരാർ പ്രവർത്തനക്ഷമമായത്. ആ ആഘോഷങ്ങളുടെ ഭാഗമായി മുംബൈ, കോൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളുടെയും രത്നങ്ങളുടെയും ആഭരണങ്ങളുടെയും ആദ്യ കയറ്റുമതി നടന്നു. കരാർ പ്രകാരമുള്ള കുറഞ്ഞ കസ്റ്റംസ് തീരുവയുടെ ആനുകൂല്യങ്ങൾ ഇതിനു ലഭിച്ചു.

ഗൾഫ് മേഖലയിലെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഒമാൻ. വിപുലമായ തുറമുഖ സൗകര്യങ്ങളിലൂടെ ജിസിസി വിപണിയിലേക്കുള്ള തന്ത്രപരമായ കവാടമാണ് നമ്മുടെ ഈ അയൽരാജ്യം. ഇന്ത്യ- ഒമാൻ ഉഭയകക്ഷി വ്യാപാരം 2025-26 സാമ്പത്തിക വർഷം 11.18 ബില്യൺ യുഎസ് ഡോളറിലെത്തി. 2024-25 സാമ്പത്തിക വർഷം ഇത് 10.61 ബില്യൺ ഡോളറായിരുന്നു. ജിസിസി സമ്പദ്‌ വ്യവസ്ഥകളിലുടനീളം ഇന്ത്യയുടെ വളരുന്ന സാമ്പത്തിക, വ്യാപാര സ്വാധീനത്തെ കരാർ ശക്തിപ്പെടുത്തും. ചരക്കുകൾ, സേവനങ്ങൾ, പ്രൊഫഷണൽ മൊബിലിറ്റി, നിയന്ത്രണ സഹകരണം, തൊഴിലവസര സൃഷ്ടിഎന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

കർഷകർ, മത്സ്യത്തൊഴിലാളികൾ, യുവാക്കൾ, വനിതകൾ, സംരംഭകർ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ തുടങ്ങി എല്ലാവർക്കും നേട്ടങ്ങൾ നൽകുന്ന ആഗോള വ്യാപാര പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇതു രൂപപ്പെട്ടത്. ഈ കരാർ ഗൾഫ് മേഖലയിലെ ഇന്ത്യയുടെ സാമ്പത്തിക, തന്ത്രപരമായ സ്വാധീനം ശക്തിപ്പെടുത്തും. ഇന്ത്യയുടെ കയറ്റുമതിയുടെ 99.38%ത്തിനും നികുതിരഹിത പ്രവേശനം ലഭിക്കുന്നതിനാൽ ഇന്ത്യൻ കയറ്റുമതിക്കാർക്കും പ്രൊഫഷണലുകൾക്കും പുതിയ അവസരങ്ങൾ തുറക്കും. ഇന്ത്യക്ക് ഏറ്റവും വിശ്വസനീയ പങ്കാളിയാണ് ഒമാൻ. ഇന്ത്യൻ ജനതയെ ഗൾഫ് മേഖലയുമായും കിഴക്കൻ ആഫ്രിക്കയുമായും ബന്ധിപ്പിക്കുന്ന കണ്ണിയാകാനും വ്യാപാരം, യാത്ര, സഹകരണം എന്നിവ സുഗമമാക്കാൻ സഹായം നൽകാനും ഈ ചെറിയ രാജ്യത്തിനു കഴിയും.

ഒമാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ 99.38%ത്തിനും ഈ കരാർ നികുതിയില്ലാത്ത പ്രവേശനം ഉറപ്പാക്കുന്നു. ഒമാനിലെ 98.08% ഉത്പന്നങ്ങൾക്ക് ഇന്ത്യയിലും ഇതു ബാധകം. വ്യാപാരം ചെയ്യപ്പെടുന്ന മിക്ക സാധനങ്ങൾക്കും കുറഞ്ഞ തീരുവകളോ മുൻഗണനാ തീരുവകളോ ബാധകമാകും, ഗൾഫ് മേഖലയിൽ ഇന്ത്യ നേടിയ ഏറ്റവും സമഗ്രമായ വിപണി പ്രവേശനമായി ഇത് മാറും. നേരത്തേ ഇന്ത്യൻ കയറ്റുമതിയുടെ 15.33% മാത്രമേ ഒമാനിലേക്ക് തീരുവയില്ലാതെ പ്രവേശിച്ചിരുന്നുള്ളൂ. ഈ കരാറിലൂടെ, ഒമാന്‍റെ ഏകദേശം 28 ബില്യൺ യുഎസ് ഡോളറിന്‍റെ ഇറക്കുമതി വിപണിയിൽ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഗണ്യമായ മത്സരക്ഷമത കൈവരിക്കാൻ കഴിഞ്ഞു.

രത്നങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, സമുദ്രോത്പന്നങ്ങൾ, എൻജിനീയറിങ് ഉത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷണ പദാർഥങ്ങൾ, ഔഷധങ്ങൾ തുടങ്ങിയ മേഖലകളിൽ മത്സരശേഷി വധിപ്പിക്കാൻ കരാർ പ്രോത്സാഹനമേകും. ഒമാനിലെ മസ്കറ്റ്, സോഹാർ, ദുകം, സലാല എന്നിവിടങ്ങളിലെ തന്ത്രപ്രധാനമായ ലോജിസ്റ്റിക്സ് ഹബ്ബുകൾ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഒമാനിലേക്കു മാത്രമല്ല ജിസിസി, കിഴക്കൻ ആഫ്രിക്കൻ വിപണികളിലേക്കും മെച്ചപ്പെട്ട പ്രവേശനം ഉറപ്പാക്കും.

പാലുത്പന്നങ്ങൾ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യ എണ്ണകൾ, എണ്ണക്കുരുക്കൾ, റബ്ബർ, തുകൽ, സുഗന്ധ വ്യഞ്ജനങ്ങൾ, പ്രധാന കാർഷിക ഉത്പന്നങ്ങൾ എന്നിവയെ ഇറക്കുമതി കരാറിൽ ഒഴിവാക്കിയിട്ടുണ്ട്. ചെമ്മീൻ, മത്സ്യം തുടങ്ങിയ എല്ലാ സമുദ്രോത്പന്നങ്ങളും ഇനി നികുതിയില്ലാതെ ഒമാനിലേക്ക് അയയ്ക്കാം. നേരത്തേ ഉണ്ടായിരുന്ന 5% നികുതി ഇല്ലാതായി. ഇത് കേരളം, ആന്ധ്ര പ്രദേശ്, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ പ്രധാന തീര സംസ്ഥാനങ്ങളിൽ നിന്നുള്ള കയറ്റുമതിയിൽ വലിയ വർധനവ് വരുത്തും.

സൂറത്ത്, ജയ്പുർ, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ വജ്ര- രത്ന കേന്ദ്രങ്ങൾക്ക് നേട്ടമുണ്ടാകും. ഒമാനിലെ കന്നുകാലി മാംസത്തിന്‍റെ ഇറക്കുമതിയുടെ 94%ത്തിലധികവും മുട്ട ഇറക്കുമതിയുടെ 98% ത്തിലധികവും ഇന്ത്യയിൽ നിന്നാണ്. ബസ്മതി, പുഴുക്കലരി, കശുവണ്ടി പരിപ്പ്, ഉള്ളി, ഉരുളക്കിഴങ്ങ്, സോയാബീൻ മീൽ, മധുരമുള്ള ബിസ്‌ക്കറ്റുകൾ, വെണ്ണ, എല്ലില്ലാത്ത കന്നുകാലി മാംസം, മുട്ട, മാമ്പഴ ഇനങ്ങൾതുടങ്ങിയ പ്രധാന കയറ്റുമതി ഉത്പന്നങ്ങൾ കർഷകർക്കും, ഭക്ഷ്യ സംസ്‌കരണക്കാർക്കും, കാർഷിക കയറ്റുമതിക്കാർക്കും വിപുലവും വികസിതവുമായ അവസരങ്ങൾ നൽകും. മരുന്നുകൾ, വാക്സിനുകൾ, ഔഷധ ചേരുവകൾ എന്നിവയ്ക്ക് കരാറിലൂടെ നികുതിരഹിത പ്രവേശനം ഉറപ്പാക്കുന്നു.

മികച്ച യാത്രാ സൗകര്യ വ്യവസ്ഥകൾ 6,000ത്തോളം ഇന്ത്യ- ഒമാൻ സംയുക്ത സംരംഭങ്ങൾക്ക് പ്രയോജനം ചെയ്യും. വ്യാപാര സംബന്ധമായി സന്ദര്‍ശിക്കുന്നവര്‍ക്ക് 90 ദിവസം വരെ ഒമാനിൽ തങ്ങാം. സ്വതന്ത്ര പ്രൊഫഷണലുകൾക്ക് 180 ദിവസം വരെ താമസിക്കാം. കോര്‍പ്പറേറ്റ് തലത്തില്‍ സ്ഥലം മാറ്റം ലഭിക്കുന്ന ജീവനക്കാര്‍ക്ക് 4 വർഷം വരെ തുടരാം. എല്ലാ ഇലക്‌ട്രോണിക്സ്, എന്‍ജിനീയറിങ് ഉല്പന്നങ്ങൾക്കും നികുതിരഹിത വിപണി പ്രവേശനം ലഭിക്കും. 2047ല്‍ വികസിത ഇന്ത്യയെന്ന കാഴ്ചപ്പാടിന് കീഴിൽ ഇന്ത്യയെ ആഗോളതലത്തിൽ സംയോജിതവും സുസ്ഥിരവും മത്സരശേഷി പുലര്‍ത്തുന്നതുമായ സമ്പദ്‌ വ്യവസ്ഥയാക്കി മാറ്റുന്ന യാത്രയിലെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണ് ഇന്ത്യ- ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍.

logo
Metro Vaartha
www.metrovaartha.com