
സ്വതന്ത്ര വ്യാപാരക്കരാർ: പ്രതീക്ഷയിൽ കയറ്റുമതി മേഖല
freepik.com
ഇന്ത്യ- യുകെ ബന്ധത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ടാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ (എഫ്ടിഎ) യാഥാർഥ്യമായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്‌ർ സ്റ്റാർമറിന്‍റെയും സാന്നിധ്യത്തിൽ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ബ്രിട്ടിഷ് വാണിജ്യ സെക്രട്ടറി ജൊനാഥന്‍ റെയ്‌നോള്‍ഡ്‌സും ഒപ്പുവച്ച കരാർ ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരമാവുമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. ബ്രിട്ടനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഉത്പന്നങ്ങളിൽ 99 ശതമാനത്തിനും കരാര്‍ പ്രകാരം തീരുവ ഒഴിവാകുകയാണ്. ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ 90 ശതമാനത്തിനും തീരുവ ഒഴിവു ലഭിക്കും. കാർഷിക, ഐടി, വാഹന, ടെക്സ്റ്റൈൽ രംഗങ്ങൾക്കെല്ലാം വലിയ മുന്നേറ്റത്തിനു സഹായകമാകുന്നതാണു കരാർ. ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികോത്പന്നങ്ങളും സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളും തീരുവയില്ലാതെ ബ്രിട്ടിഷ് മാര്‍ക്കറ്റുകളില്‍ വിപണനം നടത്താനുള്ള അവസരമാണു വന്നു ചേരുന്നത്. നമ്മുടെ തുണിത്തരങ്ങള്‍, പാദരക്ഷകള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, വാഹന ഘടകങ്ങള്‍ എന്നിവയ്ക്ക് ഇപ്പോൾ ബ്രിട്ടനിൽ ചുമത്തുന്ന നാലു മുതല്‍ 16 വരെ ശതമാനം തീരുവ പൂര്‍ണമായും ഒഴിവാകും. കെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽസ്, എൻജിനീയറിങ് ഗുഡ്സ്, ഇലക്‌ട്രോണിക്സ് മേഖലകൾക്കും കരാർ ഗുണകരമാണ്. ഇന്ത്യയിലെ കയറ്റുമതിക്കാർക്കു വലിയ തോതിൽ ഗുണം ചെയ്യുന്നതാണ് ഈ കരാർ എന്നർഥം.
അതേസമയം, ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കു പ്രധാനമായി ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കൾക്കു തീരുവ ഇളവു നൽകിയിട്ടില്ല. പാലുത്പന്നങ്ങൾ, ആപ്പിൾ, ഓട്സ്, ഭക്ഷ്യ എണ്ണ തുടങ്ങിയവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇന്ത്യയിലെ കർഷകരുടെ സംരക്ഷണം ഉറപ്പാക്കാനാണ് ഇവയ്ക്കു തീരുവയിളവു നൽകാത്തതെന്നു കേന്ദ്ര സർക്കാർ അവകാശപ്പെടുന്നുണ്ട്. ഇന്ത്യയിലെ ജനസംഖ്യയിൽ 44 ശതമാനത്തോളം വരുന്ന കർഷകർക്കാണ് ഈ കരാർ കൊണ്ട് ഏറ്റവും വലിയ ഗുണമുണ്ടാവുകയെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ കാർഷികോത്പന്നങ്ങളുടെ പ്രധാന വിപണിയായി യുകെ മാറും. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കു കിട്ടുന്നതിലും വലിയ നേട്ടമാണ് ഇന്ത്യയ്ക്കു ലഭ്യമാവുന്നത്. കോഫി, ചായ, മാങ്ങ, മുന്തിരി, സുഗന്ധദ്രവ്യങ്ങൾ, സമുദ്രോത്പന്നങ്ങൾ എന്നിവയ്ക്കെല്ലാം നേട്ടമാവും. ഇന്ത്യൻ കാപ്പി കയറ്റുമതിയുടെ 1.7 ശതമാനവും തേയില കയറ്റുമതിയുടെ 5.6 ശതമാനവും സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ 2.9 ശതമാനവും മാത്രമാണ് യുകെയിലേക്കുള്ളത്. തീരുവ ഒഴിവാകുന്നതോടെ ഇവയുടെ കയറ്റുമതിയിലൊക്കെ ഗണ്യമായ വർധനയുണ്ടാകും. ചക്ക, ചെറുധാന്യങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ കയറ്റുമതിയും പ്രോത്സാഹിപ്പിക്കാൻ ഇതു കാരണമാവും.
കേരളത്തിലെയും തമിഴ്നാട്ടിലെയും ആന്ധ്രപ്രദേശിലെയും ഒഡിഷയിലെയുമൊക്കെ മത്സ്യബന്ധന മേഖലയ്ക്കും കരാർ ഗുണകരമാവുമെന്നാണു കരുതുന്നത്. ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്നങ്ങൾക്ക് 4.2 മുതൽ 8.5 വരെ ശതമാനം തീരുവയാണ് യുകെയിൽ ചുമത്തുന്നത്. അത് ഒഴിവാകുന്നത് യുകെ വിപണിയിൽ ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കും. യുകെയിലേക്കുള്ള ഇന്ത്യയുടെ കാർഷികോത്പന്ന കയറ്റുമതി അടുത്ത മൂന്നുവർഷം കൊണ്ട് 20 ശതമാനത്തിലേറെ വർധിക്കുമെന്നാണു നിഗമനം. 2030ഓടെ 100 ബില്യൻ ഡോളറിന്‍റെ കാർഷികോത്പന്ന കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിലേക്ക് എത്തുന്നതിന് യുകെയുമായുള്ള കരാർ സഹായിക്കും. ഇപ്പോൾ 50 ബില്യൻ ഡോളറിനടുത്താണ് കാർഷികോത്പന്ന കയറ്റുമതി വരുമാനം. അത് ഏതാനും വർഷം കൊണ്ട് ഇരട്ടിയാവേണ്ടതുണ്ട്. സ്വതന്ത്ര വ്യാപാരക്കരാർ നടപ്പിലാവുന്നത് സാങ്കേതിക നടപടിക്രമങ്ങൾ ലഘൂകരിക്കുകയും കയറ്റുമതിക്കാർക്കു സമയവും പണവും ലാഭിക്കാൻ അവസരമൊരുക്കുകയും ചെയ്യും.
തുണിത്തരങ്ങളുടെ വിപണിയിൽ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളുടെ മേൽക്കോയ്മ മറികടക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്കു ലഭിക്കുന്നത്. വിവിധ പദ്ധതികളുടെ ഭാഗമായി ഈ രാജ്യങ്ങളിലെ തുണിത്തരങ്ങൾക്ക് യുകെ വിപണിയിൽ തീരുവയില്ല. അതേസമയം ഇന്ത്യൻ തുണിത്തരങ്ങൾക്ക് 10-12 ശതമാനം തീരുവയുണ്ട്. ഇതുമൂലമുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ ഒഴിവാകുന്നത്. യുകെയിലേക്കുള്ള കയറ്റുമതിയിൽ ഒരു കുതിപ്പിന് ഇന്ത്യൻ ടെക്സ്റ്റൈൽ വ്യാപാരികൾ തയാറെടുക്കുകയാണ്. ഇപ്പോൾ ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള ടെക്സ്റ്റൈൽ കയറ്റുമതി 1.79 ബില്യൻ ഡോളറിന്‍റേതു മാത്രമാണ്. യുകെയുടെ മൊത്തം ടെക്സ്റ്റൈൽ ഇറക്കുമതി 27 ബില്യൻ ഡോളറിന്‍റേതും. ഈ വിപണിയിൽ ഇന്ത്യയ്ക്കുള്ള സാധ്യതകൾ ഈ കണക്കിലുണ്ട്. യുകെയിലെ ആരോഗ്യരംഗത്ത് പ്രധാന പങ്കാളിയാവാൻ ഇന്ത്യയ്ക്കു കരാർ വഴി അവസരമൊരുങ്ങുമെന്നും കരുതുന്നുണ്ട്. ജനറിക് മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിക്കു പ്രോത്സാഹനം ലഭിക്കുകയാണ്. ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇപ്പോൾ 56 ബില്യൻ ഡോളറിന്‍റേതാണ്. 2030ഓടെ അത് ഇരട്ടിയാക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്. ഇന്ത്യയിലെ എല്ലാ മേഖലകളിലുമുള്ള വ്യവസായങ്ങളും സ്വതന്ത്ര വ്യാപാര കരാറിനെ ശുഭാപ്തി വിശ്വാസത്തോടെയാണു സ്വാഗതം ചെയ്യുന്നത്. ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്കു വലിയ പ്രതീക്ഷകൾ ഈ കരാറിലുണ്ട്. വാണിജ്യതലത്തിലുള്ള വിശ്വാസം വർധിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുന്നതിനും കരാർ ഉപകരിക്കും.