

യുഎസിന്‍റെ വ്യാപാര യുദ്ധം: ഇന്ത്യൻ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണം
ആദ്യം അമെരിക്ക, അമെരിക്കയുടെ താത്പര്യങ്ങൾ എന്നതാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിലപാട്. വ്യാപാര മേഖലയിൽ അമെരിക്കയ്ക്കു സംരക്ഷണം ഉറപ്പാക്കുന്നതിന് എന്നു പറഞ്ഞാണ് അദ്ദേഹം മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ചുമത്തുമെന്ന ഭീഷണി ഉയർത്തിയത്. അധികാരമേറ്റ് ഉടൻ തന്നെ ഇത്തരത്തിലൊരു വ്യാപാരയുദ്ധത്തിനു ട്രംപ് തുടക്കമിടുകയും ചെയ്തു. അമെരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായ മെക്സിക്കോ, ക്യാനഡ, ചൈന എന്നീ രാജ്യങ്ങളെയാണ് അദ്ദേഹം ആദ്യം പിടികൂടിയത്. മെക്സിക്കോ, ക്യാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും ചൈനീസ് ഉത്പന്നങ്ങൾക്ക് 10 ശതമാനവും തീരുവയാണ് ട്രംപ് പുതുതായി ചുമത്തിയത്. യുഎസ് ഉത്പന്നങ്ങൾക്ക് തത്തുല്യമായ ഇറക്കുമതിച്ചുങ്കം പ്രഖ്യാപിച്ച് മെക്സിക്കോയും ക്യാനഡയും ഉടൻ തന്നെ തിരിച്ചടിച്ചു. ട്രംപിന്‍റെ പത്തു ശതമാനം തീരുവ കൂടിയാവുന്നതോടെ ചൈനീസ് ഉത്പന്നങ്ങൾക്ക് യുഎസിൽ 20 ശതമാനം ഇറക്കുമതിച്ചുങ്കം ആവുകയാണ്. ഈ സാഹചര്യത്തിൽ ഇപ്പോൾ ചൈനയും ഇറക്കുമതി ചെയ്യുന്ന ചില അമെരിക്കൻ ഉത്പന്നങ്ങൾക്ക് 15 ശതമാനം വരെ അധിക തീരുവ ചുമത്തിയിരിക്കുന്നു.
യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കോഴിയിറച്ചി, ഗോതമ്പ്, ചോളം, കോട്ടൺ തുടങ്ങിയവയ്ക്കാണ് 15 ശതമാനം അധിക തീരുവ ചുമത്തിയിരിക്കുന്നത്. സോയാബീൻ, പഴം, പച്ചക്കറി, അക്വാട്ടിക് ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്കു പത്തു ശതമാനം അധിക തീരുവയും ചുമത്തിയിട്ടുണ്ട്. ഇതുകൂടാതെ പത്ത് യുഎസ് കമ്പനികളെ വിശ്വാസയോഗ്യമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയിൽപ്പെടുത്തി നടപടികൾ സ്വീകരിക്കാനും ചൈന തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ യുഎസും മറ്റു പ്രമുഖ രാജ്യങ്ങളും പരസ്പരം അധിക തീരുവകൾ ചുമത്തുന്നത് ലോക വിപണിയെയും വ്യാപാരത്തെയും സമ്മർദത്തിലാക്കുകയാണ്. തങ്ങളുടെ വ്യാപാര താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മറ്റു രാജ്യങ്ങൾക്ക് തീരുവ ഏർപ്പെടുത്തുന്നതിൽ പരസ്പരം മത്സരിച്ചാൽ ലോക വ്യാപാരം എവിടെയെത്തിനിൽക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.
ട്രംപിന്‍റെ ഈ തീരുവ നയം ഇന്ത്യയ്ക്കും ഭീഷണിയാണ്. കൂടുതൽ രാജ്യങ്ങൾക്കെതിരേ തീരുവ ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ ഇന്ത്യയും അടങ്ങുന്നുണ്ട്. അമെരിക്കൻ ഉത്പന്നങ്ങൾക്കു തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കുമെതിരേ ഏപ്രിൽ രണ്ടു മുതൽ അധിക തീരുവ ചുമത്തുമത്രേ. വ്യാപാര നയത്തിൽ ഇന്ത്യയെ പേരെടുത്തു പറഞ്ഞു തന്നെ ട്രംപ് വിമർശിക്കുന്നുണ്ട്. ഇന്ത്യയുടെ നയം അമെരിക്കൻ താത്പര്യങ്ങൾക്ക് ഉതകുന്നതല്ല എന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. വ്യാപാര ചർച്ചകൾക്കായി വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വാഷിങ്ടൺ സന്ദർശിക്കുന്നതിനിടെയാണ് ട്രംപ് ഇന്ത്യയ്ക്കെതിരായ നിലപാട് പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്. തീരുവയുടെ രാജാവാണ് ഇന്ത്യയെന്നാണ് ട്രംപ് ആരോപിക്കുന്നത്. അമെരിക്കയിൽ നിന്നുള്ള പല ഉത്പന്നങ്ങൾക്കും ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്നു ട്രംപിനു നേരത്തേ തന്നെ ആക്ഷേപമുള്ളതാണ്. വ്യാപാര ബന്ധത്തിൽ ശത്രുരാജ്യങ്ങളെക്കാൾ മോശമാണു സഖ്യരാജ്യങ്ങളെന്നും നേരത്തേ ട്രംപ് പറഞ്ഞിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് ട്രംപ് കൂടുതൽ തീരുവ ചുമത്തുമെന്ന ആശങ്ക നിലനിൽക്കെയാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനമുണ്ടായത്. വൈറ്റ് ഹൗസിൽ ഇരു നേതാക്കളും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷവും അമെരിക്കയുടെ തീരുവ ഭീഷണി ഒഴിവായില്ല. ""വാഹനരംഗത്ത് ഇന്ത്യ നമ്മളെക്കാൾ 100 ശതമാനം തീരുവയാണ് അധികമായി ചുമത്തുന്നത്. ഇതിനു തുല്യമായ തീരുവ നമ്മളും വൈകാതെ ചുമത്തും''- ട്രംപ് കഴിഞ്ഞ ദിവസം യുഎസ് കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തിൽ പറഞ്ഞു. ""നമ്മൾ ചുമത്തുന്നതിനെക്കാൾ വലിയ തീരുവ നമുക്കെതിരേ ചുമത്തുന്ന'' ആരെയും അധിക തീരുവയിൽ നിന്ന് ഒഴിവാക്കില്ലെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. വ്യാപാരരംഗത്ത് യുഎസ് താത്പര്യങ്ങൾ സംരക്ഷിക്കാൻ ബൈഡൻ ഭരണകൂടത്തിനു കഴിഞ്ഞില്ലെന്നും തന്‍റെ ഭരണകൂടം അങ്ങനെയാവില്ലെന്നും ട്രംപ് അവകാശപ്പെടുന്നു.
2023ലെ ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരം 190.08 ബില്യൺ ഡോളറിന്‍റേതായിരുന്നു. അതിൽ 66.19 ബില്യൺ ഡോളർ സേവന മേഖലയുടേത്. 123.89 ബില്യൺ ഡോളറാണ് ചരക്കു വ്യാപാരത്തിന്‍റേത്. ഇതിൽ ഇന്ത്യയുടെ ചരക്കു കയറ്റുമതി 83.77 ബില്യൺ ഡോളർ വരുന്നതാണ്. ഇറക്കുമതി 40.12 ബില്യന്‍റേതും. വ്യാപാര വ്യത്യാസം കയറ്റുമതി കൂടുതലുള്ള ഇന്ത്യയ്ക്ക് അനുകൂലമാണ്. സേവന മേഖലയിലും ഇതാണ് അവസ്ഥ. 2023ൽ ഇന്ത്യയുടെ സേവന കയറ്റുമതി 36.33 ബില്യന്‍റേത്, ഇറക്കുമതി 29.86 ബില്യന്‍റേതും. വ്യാപാര വ്യത്യാസം ഇന്ത്യയ്ക്ക് അനുകൂലമായി 6.47 ബില്യന്‍റേത്. 2024ലെ കണക്കുപ്രകാരം ഇന്ത്യ-യുഎസ് ചരക്കു വ്യാപാരം 129.2 ബില്യൺ ഡോളറിന്‍റേതാണ്. അതിൽ ഇന്ത്യയുടെ കയറ്റുമതി 87.4 ബില്യൺ ഡോളറിന്‍റേത്. ഇറക്കുമതി 41.8 ബില്യൺ ഡോളറിന്‍റേതും. വ്യാപാര വ്യത്യാസം വീണ്ടും ഇന്ത്യയ്ക്ക് അനുകൂലം. ഉയർന്ന തീരുവ ചുമത്തുന്നതു കൊണ്ടാണ് ഇന്ത്യയ്ക്ക് ഇത്തരത്തിൽ വൻ വ്യാപാര ലാഭം ഉണ്ടാവുന്നതെന്ന് ട്രംപ് കരുതുന്നു. എന്തായാലും ഇന്ത്യൻ താത്പര്യങ്ങൾക്കു വിഘാതമായി ട്രംപിന്‍റെ നയങ്ങൾ മാറുന്നതു കണ്ടില്ലെന്നു നടിക്കാനാവില്ല. 2030ഓടെ ഇന്ത്യ-യുഎസ് വ്യാപാരബന്ധം 500 ബില്യൺ ഡോളറിന്‍റേതായി വർധിപ്പിക്കാനുള്ള നീക്കത്തെക്കുറിച്ച് മോദി-ട്രംപ് കൂടിക്കാഴ്ചയിൽ പറഞ്ഞുകേട്ടിരുന്നു. വ്യാപാരം മെച്ചപ്പെടുന്നതു നല്ലതു തന്നെ. എന്നാൽ, അത് ഇന്ത്യൻ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ളതാവണം. ട്രംപ് തുടങ്ങിവയ്ക്കുന്ന വ്യാപാരയുദ്ധം ആഗോള വ്യാപാരത്തെ ഗുരുതരമായി ബാധിക്കാതെയും നോക്കേണ്ടതുണ്ട്. അതിന് യുഎസും പ്രമുഖ ലോകരാജ്യങ്ങളും തമ്മിൽ ധാരണകളുണ്ടാവേണ്ടതുണ്ട്.