

പാഠം പഠിക്കുമോ പാക്കിസ്ഥാൻ?
സങ്കടക്കടലിനിടയിലും, ഓരോ ഇന്ത്യക്കാരനും ഇത് അഭിമാന മുഹൂർത്തമാണിത്. 140 കോടി ജനങ്ങളുടെ സ്വന്തം നാടിനെ കാക്കുന്ന ധീരസൈനികരുടെ കരുത്തിലും നിശ്ചയദാർഢ്യത്തിലും നമുക്ക് അഭിമാനിക്കാം. ജമ്മു കശ്മീരിലെ പഹൽഗാമിൽ രാജ്യമെമ്പാടുനിന്നും എത്തിയ സാധാരണക്കാരായ വിനോദ സഞ്ചാരികളിലെ പുരുഷന്മാരെ തെരഞ്ഞുപിടിച്ച് മതം ചോദിച്ച് വെടിവച്ചുകൊന്ന ഭീകരർക്കും അവരെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനും ശക്തവും ഫലപ്രദവുമായ തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യത്തിനു സാധിച്ചിരിക്കുന്നു. നിരപരാധികളുടെ ചോരയൊഴുക്കി ഇന്ത്യയെ സംഘർഷഭൂമിയാക്കി മാറ്റാൻ പദ്ധതികൾ ആവിഷ്കരിച്ചവർക്ക് തക്കതായ പാഠമാണ് ഇന്നലെ വെളുപ്പിന് ഇന്ത്യൻ സേന നൽകിയിട്ടുള്ളത്. ഭീകരരെ പ്രോത്സാഹിപ്പിക്കുന്നതും അതിർത്തിയിൽ പ്രകോപനമുണ്ടാക്കുന്നതും ഇനിയെങ്കിലും നിർത്താൻ പാക്കിസ്ഥാൻ തയാറാവുമോ എന്നാണു കണ്ടറിയേണ്ടത്. പാക് ഭാഗത്തുനിന്നുള്ള ഏതു നീക്കത്തിനും പതിന്മടങ്ങു ശക്തിയോടെ തിരിച്ചടി നൽകാൻ ഇന്ത്യയ്ക്കു കഴിയുമെന്ന് അനുഭവത്തിൽ നിന്ന് അവർക്കു മനസിലായെങ്കിൽ എത്ര നന്നായേനെ.
പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലുമായുള്ള ഭീകരരുടെ ഒമ്പതു കേന്ദ്രങ്ങളാണ് "ഓപ്പറേഷൻ സിന്ദൂർ' എന്നു പേരിട്ട സൈനിക നടപടിയിലൂടെ ഇന്ത്യ കേവലം 25 മിനുറ്റു കൊണ്ട് തകർത്തത്. ലഷ്കർ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിവയുടേതാണ് തകർക്കപ്പെട്ട കേന്ദ്രങ്ങൾ. ഇന്ത്യയെ ലക്ഷ്യമിടുന്ന ഭീകരർക്ക് പരിശീലനവും സാമ്പത്തിക സഹായവും എല്ലാം നൽകിയിരുന്ന കേന്ദ്രങ്ങളാണിവ. പാക് സൈന്യത്തിലെ മുതിർന്ന ഓഫിസർമാരും ഭീകര സംഘടനാ നേതാക്കളും ഇടക്കിടെ ഈ ക്യാംപുകൾ സന്ദർശിച്ചിരുന്നതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ വെളിപ്പെടുത്തിയിട്ടുള്ളതാണ്. രാത്രി 1.05ന് ആരംഭിച്ച് ഏതാണ്ട് 25 മിനിറ്റ് നീണ്ട ഇന്ത്യൻ ആക്രമണത്തിൽ ഈ ഭീകര ക്യാംപുകൾ തകർന്നടിഞ്ഞു. പതിറ്റാണ്ടുകൾ കൊണ്ട് ഭീകരർക്കായി പാക്കിസ്ഥാൻ പടുത്തുയർത്തിക്കൊണ്ടുവന്ന അടിസ്ഥാന സൗകര്യങ്ങളാണു നാമാവശേഷമായത്. പാക് സൈനിക കേന്ദ്രങ്ങളോ ജനവാസ കേന്ദ്രങ്ങളോ ഇന്ത്യൻ സേന ലക്ഷ്യമിട്ടില്ല. കൃത്യമായ പദ്ധതി, ലക്ഷ്യം തെറ്റാത്ത നടപടി. പാക് കര- വ്യോമ- സമുദ്രാതിർത്തികളിലേക്ക് കടക്കാതെയാണ് ഇന്ത്യൻ ആക്രമണമുണ്ടായതും. ഇന്‍റലിജൻസ് വിവരങ്ങൾ ശേഖരിച്ചും അതിർത്തികടന്നുള്ള ഭീകരപ്രവർത്തനം സൂക്ഷ്മമായി വിലയിരുത്തിയും എവിടെയൊക്കെയാണ് തകർക്കപ്പെടേണ്ട ക്യാംപുകളുള്ളതെന്നു കണ്ടെത്തിയും സേനയേൽപ്പിച്ച ഈ പ്രഹരം ഭീകരരും പാക്കിസ്ഥാനും പ്രതീക്ഷിച്ചതിലും വലുതു തന്നെയാവണം.
പഹൽഗാം ആക്രമണത്തിൽ പങ്കെടുത്തവർ "സ്വാതന്ത്ര്യ സമര സേനാനി'കളാണെന്നും ഞങ്ങൾ ഒന്നും അറിഞ്ഞിട്ടില്ലെന്നുമൊക്കെ പ്രതികരിച്ച പാക് നേതാക്കൾക്കുള്ള മറുപടി കൂടിയാണിത്. ആക്രമണം നടത്തിയ ഭീകരരെയും അതിനു വേണ്ടി ഗൂഢാലോചന നടത്തിയവരെയും വെറുതേ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് ഉറപ്പുനൽകിയിരുന്നതാണ്. അക്രമികൾക്കു സങ്കൽപ്പിക്കാൻ പോലുമാവാത്ത ശിക്ഷയാവും ലഭിക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. തിരിച്ചടി സൈന്യത്തിനു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും കേന്ദ്ര സർക്കാർ നൽകിയിരുന്നു. ഏറ്റവും ഉചിതമായ രീതിയിൽ തിരിച്ചടി തീരുമാനിച്ചു നടപ്പാക്കുകയാണ് ഇപ്പോൾ സൈന്യം ചെയ്തിരിക്കുന്നത്. പാക്കിസ്ഥാൻ സാഹചര്യങ്ങൾ വഷളാക്കിയാൽ നേരിടാൻ പൂർണ സജ്ജമാണെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. 1971നുശേഷം കര, വ്യോമ, നാവിക സേനകൾ സംയുക്തമായി നടത്തുന്ന ആദ്യ ആക്രമണമായിരുന്നു ഇത്. വ്യോമസേനയുടെ കരുത്തായ റഫാൽ വിമാനങ്ങളും സ്കാൽപ്പ് ക്രൂസ് മിസൈലുകളും ഹാമർ ബോംബുകളും ഇതിന് ഉപയോഗിച്ചു. ദൂരത്തിലും ആഴത്തിലുമുള്ള ലക്ഷ്യങ്ങളെ തകർക്കാൻ സ്കാൽപ്പ് മിസൈലുകൾക്ക് അസാധാരണ മികവുണ്ട്. മുൻകൂട്ടി നിശ്ചയിക്കുന്ന ലക്ഷ്യത്തിൽ കൃത്യമായി പ്രയോഗിക്കാൻ കഴിയുന്നവയാണു ഹാമർ ബോംബുകൾ. റഫാൽ വിമാനങ്ങളിൽ നിന്നാണ് ഇവ തൊടുത്തതെന്നാണു സൂചനയുള്ളത്. അറബിക്കടലിൽ നിലയുറപ്പിച്ച നാവിക സേന വ്യോമസേനയുടെ നീക്കത്തിനു പിന്തുണ നൽകി.
ഭീകരപ്രവർത്തനത്തിന്‍റെ പേരിൽ പാക്കിസ്ഥാൻ കുപ്രസിദ്ധി നേടിയിട്ടു വർഷങ്ങൾ ഏറെയായി. ഇന്ത്യക്കെതിരേ പ്രവർത്തിക്കുന്ന ഭീകരർക്കു സഹായവും പരിശീലനവും നൽകുകയും അതിർത്തികടന്നുള്ള ഭീകരപ്രവർത്തനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയം മാറ്റില്ലെന്ന വാശിയാണവർക്ക്. പാക്കിസ്ഥാനിൽ ഭീകരർ തഴച്ചുവളരുന്നതിനെതിരേ പല ലോക രാജ്യങ്ങളും പലവട്ടം മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്. അവിടുത്തെ ഭീകര കേന്ദ്രങ്ങൾക്കെതിരേ യുഎസ് ശക്തമായ നിലപാടു സ്വീകരിച്ചിട്ടുണ്ട്. ഭീകരപ്രവർത്തകർക്കു സഹായം ലഭിക്കുന്നു എന്നതിന്‍റെ പേരിലാണ് മുൻപ് യുഎസ് പാക്കിസ്ഥാനുള്ള സൈനിക സഹായം നിർത്തിവച്ചത്. പാക് സഹായത്തോടെയുള്ള ഭീകരാക്രമണങ്ങൾക്കെതിരായ പ്രവർത്തനങ്ങൾക്ക് ഇന്ത്യയ്ക്കു പിന്തുണ നൽകാനും യുഎസ് അടക്കം ലോക രാജ്യങ്ങൾ തയാറായിട്ടുണ്ട്. ഒരു പതിറ്റാണ്ടിനിടെ മൂന്നാം തവണയാണ് ഇന്ത്യ നിയന്ത്രണ രേഖയ്ക്കപ്പുറമുള്ള ഭീകരകേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നത്. 2016ൽ ഉറിയിലെ സൈനിക ക്യാംപിൽ നുഴഞ്ഞുകയറി ഭീകരർ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങളിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയിരുന്നു. 2019ലെ പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ നിയന്ത്രണ രേഖ കടന്ന് ബാലാക്കോട്ടിലും ഇന്ത്യ വ്യോമാക്രമണം നടത്തി. അതിനു ശേഷവും ഭീകരർക്കുള്ള സഹായവും പിന്തുണയും തുടരുന്ന സമീപനമാണു പാക്കിസ്ഥാനിൽ നിന്നുണ്ടായത്. പാക്കിസ്ഥാനിൽ ഭീകരപ്രവർത്തനം അവസാനിപ്പിക്കേണ്ടതിന്‍റെ ആവശ്യകത എത്രയോ വട്ടം ഇന്ത്യയും പ്രമുഖ ലോക രാജ്യങ്ങളും എടുത്തു പറഞ്ഞിരിക്കുന്നു. അതൊന്നും ഗൗനിക്കാത്തവർക്ക് അതിശക്തമായ തിരിച്ചടിയല്ലാതെ മറ്റൊരു മരുന്നും നൽകാനില്ല.