അത്ഭുതങ്ങൾ തുടർന്ന് ഇന്ത്യൻ ചെസ് | മുഖപ്രസംഗം

ഫൈനലിലാകട്ടെ രണ്ടു ഗെയിമുകളും സമനിലയിൽ പിടിച്ച് മത്സരം ടൈബ്രേക്കറിലേക്കു നീട്ടുകയും ചെയ്തു
അത്ഭുതങ്ങൾ തുടർന്ന് ഇന്ത്യൻ ചെസ് | മുഖപ്രസംഗം

ലോക ചെസിൽ ഇന്ത്യയുടെ പ്രമുഖ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണു നമ്മുടെ യുവതാരങ്ങൾ. മുൻ ലോക ചാംപ്യൻ വിശ്വനാഥൻ ആനന്ദ് പകർന്നു നൽകുന്ന പ്രചോദനം പുതുതലമുറയ്ക്ക് സ്വപ്നതുല്യമായ നേട്ടങ്ങൾ സമ്മാനിക്കുന്നു. പുതിയ തലമുറയും ഇന്ത്യയുടെ ചെസ് പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്ന പ്രതീക്ഷകൾ ഒന്നിനൊന്നു മെച്ചപ്പെടുക തന്നെയാണ്. ചെസിലെ ലോകകപ്പ് നേടാനുള്ള അത്ഭുത ബാലൻ രമേഷ് ബാബു പ്രജ്ഞാനന്ദയുടെ കുതിപ്പ് ഫൈനലിലെ ടൈബ്രേക്കർ വരെ എത്തിയതു കഴിഞ്ഞ വർഷമാണ്. ലോക ചെസിലെ ഒന്നാം നമ്പറുകാരനും അഞ്ചു ലോക ചാംപ്യൻഷിപ്പ് കിരീടങ്ങളുടെ ഉടമയുമായ നോർവേയുടെ മാഗ്നസ് കാൾസണോട് നന്നായി പൊരുതിയാണ് പതിനെട്ടുകാരനായ പ്രജ്ഞാനന്ദ അന്നു കീഴടങ്ങിയത്. ലോക രണ്ടാം നമ്പറുകാരൻ ഹികാരു നകമുറ, മൂന്നാം നമ്പറുകാരൻ ഫാബിയാനോ കരുവാന തുടങ്ങിയവരെ വമ്പൻ അട്ടിമറികളിലൂടെ പിന്തള്ളിയാണ് പ്രജ്ഞാനന്ദ ഫൈനൽ വരെ എത്തിയത്. ഫൈനലിലാകട്ടെ രണ്ടു ഗെയിമുകളും സമനിലയിൽ പിടിച്ച് മത്സരം ടൈബ്രേക്കറിലേക്കു നീട്ടുകയും ചെയ്തു. റാപ്പിഡ് ഫോർമാറ്റിലുള്ള ടൈബ്രേക്കറിൽ മുപ്പത്തിരണ്ടുകാരനായ കാൾസന്‍റെ അനുഭവ പരിചയം മാത്രമാണു പ്രജ്ഞാനന്ദയ്ക്കു പ്രശ്നം സൃഷ്ടിച്ചത്. ലോകകപ്പിന്‍റെ ഫൈനൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ഈ ചെന്നൈക്കാരൻ അന്നു സ്വന്തം പേരിലാക്കി.

ഇപ്പോൾ മറ്റൊരു ചെന്നൈ താരം പുതിയൊരു അത്ഭുതത്തിലേക്കും കരുനീക്കിയിരിക്കുന്നു. ദൊമ്മരാജു ഗുകേഷ് എന്ന പതിനേഴുകാരനാണത്. കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്‍റില്‍ കിരീടം നേടിയ ഗുകേഷ് ഈ വര്‍ഷം നടക്കുന്ന ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ലോകചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനെ നേരിടാൻ യോഗ്യത സമ്പാദിച്ചിരിക്കുന്നു. ലിറനുമായി നേരിട്ടുള്ള പോരാട്ടം കൂടി ജയിച്ചാൽ ഈ പതിനേഴുകാരൻ ലോക ചെസിന്‍റെ നെറുകയിലേക്കു കയറും. നിലവിലുള്ള ലോകചാംപ്യനെ നേരിടുന്നതിന് അർഹത നേടാൻ മറ്റു പ്രമുഖ താരങ്ങൾ മത്സരിക്കുന്നതാണു കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്‍റ്. അതിൽ വമ്പൻമാരെയെല്ലാം മറികടന്ന് ഒരു പതിനേഴുകാരൻ വിജയം നേടിയത് വിദഗ്ധരുടെ പ്രവചനങ്ങൾക്കെല്ലാം അപ്പുറമുള്ള പ്രകടനമായിരുന്നു.

കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്‍റില്‍ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണു ഗുകേഷ്. 2014ല്‍ ആനന്ദിനു ശേഷം കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്‍റ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ താരവും ഗുകേഷ് തന്നെയാണ്. ഇനി ലോക ചാംപ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ഗുകേഷിനു ലഭിക്കുന്നതു കാത്തിരിക്കുകയാണു രാജ്യം. മാഗ്നസ് കാൾസനും ഗാരി കാസ്പറോവും ഇരുപത്തിരണ്ടാം വയസിൽ ലോക ചാംപ്യൻമാരായിട്ടുണ്ട്. ആ ചരിത്രം ഇന്ത്യൻ താരത്തിന്‍റെ കരുനീക്കങ്ങളിൽ തിരുത്തപ്പെട്ടാൽ അത് ചെസ് ലോകത്തെ അമ്പരപ്പിക്കുന്ന സംഭവമാകും. രണ്ട് ഏഷ്യൻ താരങ്ങൾ തമ്മിൽ മത്സരിക്കുന്ന ലോക ചാംപ്യൻഷിപ്പ് എന്ന പ്രത്യേകതയും ഗുകേഷ്- ലിറൻ പോരാട്ടത്തിനുണ്ടാവും.

പതിനാലു റൗണ്ട് നീണ്ടുനിന്ന മത്സരത്തിന്‍റെ അവസാന റൗണ്ടിൽ അമെരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഹികാരു നകമുറയെ സമനിലയിൽ തളച്ചതോടെയാണ് ഒമ്പതു പോയിന്‍റോടെ ഗുകേഷിന് കാന്‍ഡിഡേറ്റ്‌സ് കിരീടം ഉറപ്പായത്. ഒരവസരത്തിൽ റഷ്യൻ ഗ്രാൻഡ് മാസ്റ്റർ ഇയാൻ നിപ്പോംനിയാഷിക്കൊപ്പം പോയിന്‍റ് പട്ടികയിൽ മുന്നിലായിരുന്ന ഗുകേഷ് 8.5 പോയിന്‍റോടെ ഒറ്റയ്ക്ക് ലീഡെടുത്തത് പതിമൂന്നാം റൗണ്ടിൽ ഫ്രഞ്ച് ചെസ് മാസ്റ്റർ അലിറേസ ഫിറോസയെ തോൽപ്പിച്ചപ്പോഴാണ്. അതിനു മുൻപ് ഏഴാം റൗണ്ടിൽ അലിറേസയോട് ഗുകേഷ് തോറ്റിരുന്നു. ഈ തോൽവിയിൽ തളരാതെ ആത്മവിശ്വാസം നിറച്ചാണ് താൻ തിരിച്ചുവന്നതെന്ന് ഗുകേഷ് പറയുകയുണ്ടായി.

ഏഴാം വയസിൽ ചെസ് കളിച്ചു തുടങ്ങിയ ഗുകേഷ് പന്ത്രണ്ടാം വയസിൽ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററായ താരമാണ്. ലോക ചെസിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ എന്ന റഷ്യൻ ഗ്രാൻഡ് മാസ്റ്റർ സെർജി കര്യാക്കിന്‍റെ റെക്കോഡ് മറികടക്കാനുള്ള അവസരം 17 ദിവസത്തെ വ്യത്യാസത്തിലാണ് അന്ന് ഗുകേഷിനു നഷ്ടമായത്. വിശ്വനാഥൻ ആനന്ദിന്‍റെ വെസ്റ്റ് ബ്രിഡ്ജ് അക്കാഡമിയുടെ അഭിമാനമായി വളർന്ന ഗുകേഷ് ലോക, ഏഷ്യൻ യൂത്ത് ചെസ് ചാംപ്യൻഷിപ്പുകളിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 2022ലെ ചെന്നൈ ചെസ് ഒളിംപ്യാഡിൽ വ്യക്തിഗത സ്വർണമെഡലണിയുകയും ഇന്ത്യയെ വെങ്കല മെഡലിലേക്കു നയിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനു വെള്ളി നേടിക്കൊടുത്തതിലും ഗുകേഷിനു പങ്കുണ്ട്. ഇനിയും നിരവധി ചെസ് റെക്കോഡുകൾ ഈ താരത്തിന്‍റേതായി രാജ്യം കാത്തിരിക്കുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com