

ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം കത്തിപ്പടരുന്നു.
ഒരു കാലത്ത് ഏറ്റവും പുരോഗമനപരമായ ജനതയും ഭരണകൂടവുമുണ്ടായിരുന്ന രാജ്യമാണ് ഇറാൻ. അവിടത്തെ സിനിമകളും മറ്റു കലകളും ജനങ്ങളുടെ ജീവിതശൈലിയുമൊക്കെ ലോകത്തിനു തന്നെ മാതൃകയും അദ്ഭുതവുമായിരുന്നു. സ്വാതന്ത്ര്യം വാനോളം ആസ്വദിച്ചിരുന്ന ജനങ്ങൾ. പക്ഷേ, പിന്നീട് ഇറാൻ കടുത്ത മത- യാഥാസ്ഥിതിക രീതികളിലേക്കു മാറി. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വിലക്കു വീണു. പുത്തൻ ഭരണകർത്താക്കൾ ആ രാജ്യത്തെ മറ്റൊരു വഴിയിലേക്കു തിരിച്ചുവിട്ടു.
എന്നാലിതാ, സമീപകാലത്തെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിന്‍റെ നടുവിലാണ് ഇറാൻ ഇപ്പോഴുള്ളത്. നിലവിലുള്ള ഭരണകൂടത്തിനെതിരായ പ്രതിഷേധം രാജ്യത്തെമ്പാടും ആളിക്കത്തുകയാണ്. സ്ത്രീകളും പെൺകുട്ടികളുമടക്കമുള്ളവർ ആത്മീയ നേതാവ് ആയത്തുള്ള ഖമനേയിയുടെ ചിത്രങ്ങൾ കത്തിക്കുന്നതിന്‍റെയും, മതനിയമങ്ങളെ വെല്ലുവിളിച്ച് ശിരോവസ്ത്രങ്ങൾ പരസ്യമായി കത്തിച്ച് പ്രക്ഷോഭം നടത്തുന്നതിന്‍റെയും ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നു. തെരുവിലിറങ്ങുന്നവരെ അടിച്ചമർത്താനുള്ള സർക്കാരിന്‍റെ ശ്രമങ്ങൾക്കിടെ നിരവധിയാളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുനൂറിലേറെ പ്രക്ഷോഭകർ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുവന്നിരുന്നു. വെടിയേറ്റാണ് ഏറെപേരും കൊല്ലപ്പെടുന്നത്. നിരവധിയാളുകൾ തടങ്കലിലാണ്. പ്രക്ഷോഭം പടരുന്നതു തടയാൻ ഇന്‍റർനെറ്റും ഫോൺ ബന്ധങ്ങളും വിച്ഛേദിച്ചിരിക്കുകയാണു ഭരണകൂടം. അവിടെ നിന്നുള്ള വിവരങ്ങളും ദൃശ്യങ്ങളും വിദേശ സാറ്റലൈറ്റ് ശൃംഖലകൾ വഴി മാത്രമാണു പുറത്തെത്തുന്നത്.
അതേസമയം, ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന് അമെരിക്കയുടെ പിന്തുണ കിട്ടുന്നുണ്ടെന്നും ഇറാനിൽ ഇടപെടാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തയാറെടുക്കുന്നുവെന്നും വ്യക്തമായ വിവരങ്ങളുണ്ട്. ഇറാനിലെ പരമോന്നത മത നേതാവ് ആയത്തുള്ള ഖമനേയിയുടെ ഭരണം അവസാനിപ്പിക്കുകയാണ് ട്രംപിന്‍റെ ലക്ഷ്യം. സ്വാതന്ത്ര്യത്തിലേക്കുള്ള ഇറാന്‍റെ മുൻപെങ്ങും കാണാത്ത വിധത്തിലുള്ള മുന്നേറ്റമാണു നടക്കുന്നതെന്നും അതിനു സഹായം നൽകാൻ അമെരിക്ക തയാറാണെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. വേണ്ടിവന്നാൽ സൈനിക നടപടിക്ക് ഉത്തരവിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. ഇറേനിയൻ സൈനിക കേന്ദ്രങ്ങൾക്കെതിരേ അമെരിക്കയുടെ വ്യോമാക്രമണങ്ങൾ ഉണ്ടാവുമോ എന്ന ആശങ്ക ഉയരുന്നു. അമെരിക്കയ്ക്കു വഴങ്ങിക്കൊടുക്കാത്ത ഭരണകൂടമാണ് ഇറാനിലുള്ളത്.
ഏതാനും മാസങ്ങൾ മുൻപായിരുന്നു ഇസ്രയേൽ- ഇറാൻ യുദ്ധം. ഇറാനിലെ സൈനിക കേന്ദ്രങ്ങളും ആണവായുധ പരീക്ഷണ നിലയങ്ങളും ഇസ്രയേൽ ബോംബിട്ടു തകർത്തു. പ്രമുഖ സൈനിക നേതാക്കളും ആണവ ശാസ്ത്രജ്ഞരും അടക്കം കൊല്ലപ്പെട്ടു. അതിന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്‍റെ തിരിച്ചടി. ഇസ്രയേലിന്‍റെ ആക്രമണങ്ങളിൽ പങ്കുചേർന്ന അമെരിക്ക ഇറാന്‍റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇസ്രയേലും അമെരിക്കയുമായുള്ള പോരാട്ടം ഇറാനെ സാമ്പത്തികമായി തളർത്തിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് ഇപ്പോഴത്തെ ജനകീയ പ്രക്ഷോഭം അവിടെ ആരംഭിച്ചിരിക്കുന്നതും. കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും താങ്ങാനാവാത്ത വിലക്കയറ്റവും ജനങ്ങളെ തെരുവിലെത്തിച്ചു. ഈ ഭരണകൂടം ഒഴിയണമെന്ന ആവശ്യമാണു ശക്തമായി ഉയരുന്നത്. അമെരിക്കയിൽ പ്രവാസ ജീവിതം നയിക്കുന്ന ഇറാനിലെ മുൻ കിരീടാവകാശി റെസ പഹ്‌ലവി ജനകീയ പ്രക്ഷോഭത്തിനു പിന്തുണ നൽകി രംഗത്തുണ്ട്. തെരുവുകളിൽ പ്രതിഷേധിക്കുന്നതിൽ നിന്നു പിന്മാറരുതെന്നാണ് 79ലെ വിപ്ലവത്തിൽ അട്ടിമറിക്കപ്പെട്ട അവസാനത്തെ ഷായുടെ മകനായ പഹ്‌ലവി പ്രക്ഷോഭകരോട് ആവശ്യപ്പെടുന്നത്. താൻ ഉടൻ ഇറാനിൽ മടങ്ങിയെത്തുമെന്നും പറയുന്നു. ട്രംപ് നൽകുന്ന പിന്തുണയിലാണു പഹ്‌ലവിയും പ്രതീക്ഷയർപ്പിക്കുന്നത്. ഇതു ദേശീയ വിപ്ലവമാണെന്നും അതു വിജയത്തിലേക്കു നീങ്ങുകയാണെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ജോലി നിർത്തിവച്ച് പ്രക്ഷോഭത്തിൽ പങ്കുചേരാനാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.
അതേസമയം, അമെരിക്കക്കെതിരേ മുന്നറിയിപ്പുമായി ഇറാൻ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. യുഎസ് ആക്രമണത്തിനു തക്കതായ തിരിച്ചടിയുണ്ടാകുമെന്നാണു മുന്നറിയിപ്പ്. ഇസ്രയേലും മേഖലയിലെ യുഎസ് സൈനിക ആസ്ഥാനങ്ങളും ആക്രമിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തുന്നു. അമെരിക്കയാണു പ്രക്ഷോഭത്തിനു തീ കൊളുത്തുന്നത് എന്നാണ് ഇറാന്‍റെ നിലപാട്. ഇപ്പോഴത്തെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്രയേലും വലിയ ജാഗ്രതയിലാണ്. ഏതാനും ദിവസം മുൻപാണ് ലാറ്റിനമെരിക്കൻ രാജ്യമായ വെനസ്വേലയിൽ അപ്രതീക്ഷിത സൈനിക നീക്കം നടത്തിയ യുഎസ് സൈന്യം പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി അമെരിക്കയിലേക്കു കൊണ്ടുപോയത്. യുഎസിലേക്ക് മയക്കുമരുന്നു കടത്താൻ സഹായിച്ചു എന്നതടക്കം കുറ്റങ്ങളാണ് ഇവർക്കു നേരേ ഉയർത്തിയിട്ടുള്ളത്. യുഎസ് നടപടിക്കെതിരേ റഷ്യയും ചൈനയും ഫ്രാൻസും പോലുള്ള ലോക രാജ്യങ്ങൾ രംഗത്തെത്തുകയുണ്ടായി. എന്നാൽ, അമെരിക്കയുടെ താത്പര്യങ്ങൾ മാത്രമാണു ട്രംപിന്‍റെ മുന്നിലുള്ളത്. ഡെൻമാർക്കിന്‍റെ നിയന്ത്രണത്തിലുള്ള ആർട്ടിക് ദ്വീപായ ഗ്രാൻലാൻഡിലും ട്രംപ് കണ്ണുവച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇറാനിലും യുഎസ് താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നത്.
എന്തായാലും ഈ അവസരത്തിൽ ഇറാനിലുള്ള മുഴുവൻ ഇന്ത്യക്കാരുടെയും സുരക്ഷ നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. ഇറാനിലേക്ക് അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നു വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിരിക്കുകയാണ്. അതിനൊപ്പം അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും കേന്ദ്ര സർക്കാർ പരിശോധിക്കുന്നുണ്ടാവും. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പോകുന്നത് അപകടകരമാണെന്ന് ഇറാനിലുള്ള ഇന്ത്യക്കാരെ പറഞ്ഞു ധരിപ്പിക്കേണ്ടതുണ്ട്. ടെഹ്റാനിലെ ഇന്ത്യൻ എംബസി സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നു കരുതാം.