അഴിമതിക്കെതിരായ പോരാട്ടം വാക്കുകളിൽ മാത്രം മതിയോ?

അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാർ എന്നു കോടതിക്കു പറയേണ്ടിവരുന്നത് അതിനൊത്ത സാഹചര്യം ഭരണത്തിലുള്ളവർ സൃഷ്ടിച്ചതുകൊണ്ടാണല്ലോ.
Is the fight against corruption just words?

അഴിമതിക്കെതിരായ പോരാട്ടം വാക്കുകളിൽ മാത്രം മതിയോ?

Updated on

"കോടതിയലക്ഷ്യപരമായ നിലപാടാണ് സർക്കാർ നടത്തുന്നത്. സർക്കാർ അഴിമതിക്കാർക്കൊപ്പം നീങ്ങുകയാണ്. എന്തിനാണ് ഈ വ്യക്തികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്. ആരാണ് ഇതിനു പിന്നിൽ. ഇടതുപക്ഷ സർക്കാർ അധികാരത്തില്‍ കയറുന്നത് അഴിമതി നടത്തില്ലെന്നു പറ‍ഞ്ഞാണ്. സാധാരണ ഇടതുപക്ഷ സര്‍ക്കാരുകള്‍ അഴിമതിക്കാരെ സംരക്ഷിക്കില്ല എന്നതാണു പൊതു ധാരണ. അതിനു വിരുദ്ധമായി അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറി എന്നാണു മനസിലാകുന്നത്. ഇതു പരിതാപകരമായ അവസ്ഥയാണ്''- ഹൈക്കോടതിയുടെ വാക്കാലുള്ള പരാമർശമാണിത്. സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ടുള്ള കേസിൽ സര്‍ക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ ബെഞ്ച് ഇത്തരത്തിൽ പ്രതികരിച്ചത്.

അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാർ എന്നു കോടതിക്കു പറയേണ്ടിവരുന്നത് അതിനൊത്ത സാഹചര്യം ഭരണത്തിലുള്ളവർ സൃഷ്ടിച്ചതുകൊണ്ടാണല്ലോ. വലിയ തോതിലുള്ള അഴിമതിയാരോപണങ്ങൾ ഉന്നയിക്കപ്പെടുന്ന കേസുകളിൽ പോലും വേണ്ടത്ര ഗൗരവത്തിൽ സർക്കാർ ഇടപെടുന്നില്ല എന്നു വരുന്നത് ആരോപണ വിധേയരെ സംരക്ഷിക്കുന്നതിനു തുല്യമാണ്. അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് ആവർത്തിച്ചു വാഗ്ദാനം ചെയ്യുന്നവർ തന്നെയാണ് അത് അതുപോലെ പാലിക്കുന്നില്ല എന്ന സംശയവും ജനങ്ങളിൽ സൃഷ്ടിക്കുന്നത്. അഴിമതിരഹിതവും ജനപക്ഷവുമായ ഭരണസംവിധാനമാണ് ഉദ്ദേശിക്കുന്നതെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് ഭരണത്തിലില്ലെന്നും അടുത്തിടെയും മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെടുകയുണ്ടായി. ഒരു തരത്തിലും അഴിമതി പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. പക്ഷേ, ഭരണ സംവിധാനങ്ങൾ അതിന് എന്തുമാത്രം പ്രാധാന്യം നൽകുന്നുണ്ടെന്നതിൽ സംശയമുണ്ട്.

വിജിലൻസ് തയാറാക്കിയ അഴിമതിക്കാരുടെ പട്ടികയിൽ നിരവധി ഉദ്യോഗസ്ഥരുള്ളതായി ഏതാനും മാസം മുൻപാണ് റിപ്പോർട്ട് പുറത്തുവന്നത്. മുൻപ് കൈക്കൂലിയും അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസിന്‍റെ പിടിയിലായിട്ടും വിവിധ കാരണങ്ങളാൽ ശിക്ഷിക്കപ്പെടാതെ പോയവർ അടക്കം ഇതിലുണ്ടത്രേ. അഴിമതിമുക്ത ഭരണം എന്നതിനൊക്കെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഇത്രയേ പ്രാധാന്യം കൽപ്പിക്കുന്നുള്ളൂ എന്നർഥം. അഴിമതിക്കേസുകളിൽ പ്രതികളായ നിരവധി പേരെ വിചാരണ ചെയ്യാനുള്ള വിജിലൻസിന്‍റെ അപേക്ഷ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുകയാണെന്നും റിപ്പോർട്ടുണ്ട്. വിചാരണാനുമതി ലഭിക്കാത്ത സിബിഐയുടെ കേസുകളും പലതുണ്ട്. അതായതു മുകൾ തട്ടുവരെ അഴിമതിക്കെതിരേ അലസ സമീപനം സ്വീകരിക്കുന്നു. രാഷ്‌ട്രീയ സ്വാധീനമുള്ളവരെ അഴിമതിയാരോപണങ്ങളിൽ നിന്നു സംരക്ഷിക്കാൻ ഏതു സർക്കാരിന്‍റെ കാലത്തും ശ്രമങ്ങളുണ്ടായിട്ടുണ്ട്. അതേ അവസ്ഥ ഇപ്പോഴും തുടരുന്നു എന്നു കരുതാനേ നിർവാഹമുള്ളൂ. പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകളിൽ നേരിട്ടുള്ള തെളിവുകളുടെ അഭാവത്തിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാമെന്നു സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്.

പരമോന്നത കോടതി അത്രമാത്രം ശക്തമായ നിലപാടാണ് അഴിമതിക്കെതിരേ സ്വീകരിച്ചിട്ടുള്ളത്.

സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷൻ 2006-2015 കാലഘട്ടത്തിൽ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ 1,000 കോടി രൂപയുടെ അഴിമതി നടന്നെന്ന് ആരോപിക്കുന്ന കേസിലായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ രൂക്ഷമായ പ്രതികരണം ഉണ്ടായത്. കേസില്‍ ഉള്‍പ്പെട്ട കോർപ്പറേഷൻ മുൻ ചെയർമാനും കോൺഗ്രസ് നേതാവും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റുമായ ആര്‍. ചന്ദ്രശേഖരന്‍, മുന്‍ മാനെജിങ് ഡയറക്റ്റർ കെ.എ. രതീഷ് എന്നിവര്‍ക്കെതിരേ സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ നിരന്തരം വിസമ്മതിക്കുന്നതിനെയാണ് ഹൈക്കോടതി ചോദ്യം ചെയ്തത്. ഈ വിഷയത്തിലെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിന് ഒരാഴ്ച സമയം അനുവദിച്ചിട്ടുമുണ്ട്. പ്രോസിക്യൂഷൻ അനുമതിക്കുള്ള അപേക്ഷ മൂന്നു വട്ടമാണു സർക്കാർ തള്ളിയത്. 2020 ഒക്റ്റോബർ 15നും 2025 മാർച്ച് 21നും 2025 ഒക്റ്റോബർ 28നും പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചു. ഹൈക്കോടതിയും പിന്നീടു സുപ്രീം കോടതിയും ഇടപെട്ടിട്ടും പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ കഴിയില്ല എന്നതായിരുന്നു സര്‍ക്കാർ നിലപാട്. ഈ സാഹചര്യത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടി തുടരണമെന്നാവശ്യപ്പെട്ട് ഹർജിക്കാരനായ കടകംപള്ളി മനോജ് നൽകിയ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം.

ഹൈക്കോടതി നിർദേശപ്രകാരം 2016ലാണ് സിബിഐ ഈ കേസിന്‍റെ അന്വേഷണം ഏറ്റെടുത്തത്. ചന്ദ്രശേഖരനും രതീഷിനുമെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും അഴിമതി നിരോധന നിയമം ചുമത്തണമെങ്കില്‍ സര്‍ക്കാരിന്‍റെ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമാണ്. അതു നൽകാൻ സർക്കാർ വിസമ്മതിക്കുന്നു എന്നതാണു വിമർശന വിധേയമാകുന്നത്. നടപടിക്രമങ്ങളിലെ വീഴ്ച മാത്രമാണു സിബിഐ ചൂണ്ടിക്കാണിക്കുന്നതെന്നാണു പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുന്നതിനു സർക്കാർ പറയുന്ന ന്യായം. കുറ്റാരോപിതർ കുറ്റമൊന്നും ചെയ്തിട്ടില്ലെങ്കിൽ അവർക്ക് അതു നിയമപരമായി തെളിയിക്കാമല്ലോ. മുഖ്യ പ്രതി രാഷ്‌ട്രീയ എതിരാളിയായിട്ടു പോലും ഈ സർക്കാർ എന്തിനു നിയമ നടപടികൾ തടസപ്പെടുത്തുന്നു എന്ന ചോദ്യം ജനങ്ങളിൽ സംശയങ്ങൾ സൃഷ്ടിക്കുന്നതു തന്നെയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com