
ഏതു സർക്കാരിനെതിരേയും പ്രതിഷേധങ്ങൾ സ്വാഭാവികം. എന്നാൽ, അതിനെ ഭരിക്കുന്ന പാർട്ടിയുടെ അണികളും അനുയായികളും ചേർന്നു കായികമായി നേരിട്ടു തോൽപ്പിക്കാനാണു ശ്രമിക്കുന്നതെങ്കിൽ അതെന്തു ജനാധിപത്യമാണ്? പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ചുമതലയുള്ള പൊലീസ് സംഘം സ്ഥലത്തുള്ളപ്പോൾ തന്നെയാണ് ഈ "കായിക നടപടി' എന്നതു കൂടിയാവുമ്പോൾ അതിനെ മഹത്തായ പ്രവൃത്തിയെന്നു വാഴ്ത്താനേ കഴിയില്ല.
ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നത് ഏകാധിപത്യത്തെ പിന്തുണയ്ക്കുന്നതിനു തുല്യമായിപ്പോകും. അതുകൊണ്ടുതന്നെ കണ്ണൂരിൽ ഒരു സംഘം ഡിവൈഎഫ്ഐ- സിപിഎം പ്രവർത്തകർ ഏതാനും യൂത്ത് കോൺഗ്രസുകാരെ ക്രൂരമായി തല്ലിച്ചതച്ചതിനെ അതിശക്തമായി വിമർശിക്കേണ്ടതുമുണ്ട്. ആ പ്രവൃത്തിയെ പച്ചയായി ന്യായീകരിച്ച് "ഇതൊരു സാംപിൾ മാത്രമേ ആയിട്ടുള്ളൂ' എന്നു പറയുന്നവർക്കെതിരേയും മുഖം നോക്കാതെ നടപടിയെടുക്കേണ്ടതുമുണ്ട്. ഭരിക്കുന്നത് ഏതു പാർട്ടിയായാലും അക്രമം പ്രോത്സാഹിപ്പിക്കാൻ പൊലീസ് കൂട്ടുനിൽക്കരുത്.
കഴിഞ്ഞ ദിവസം കണ്ണൂരിൽ കല്യാശേരി മണ്ഡലം നവകേരള സദസ് കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രത്യേക ബസിൽ പോകുമ്പോഴാണ് ഏതാനും യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായി ഇറങ്ങിയത്. ഇവർക്കെതിരേയായിരുന്നു ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരുടെ അതിക്രൂരമായ മർദനം. ഹെൽമറ്റു കൊണ്ടും പൂച്ചട്ടി കൊണ്ടുമൊക്കെ തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചതടക്കമുള്ള കുറ്റകൃത്യങ്ങളാണ് പൊലീസിന്റെ സാന്നിധ്യത്തിൽ അക്രമികൾ നടത്തിയത്. ഒരു പ്രവർത്തകനെ പിടിച്ചുകൊണ്ടുപോയി മാറ്റിനിർത്തി വളഞ്ഞിട്ടു മർദിച്ചു. ഇതുകണ്ട് ഓടിയെത്തിയ പ്രവർത്തകയെയും ക്രൂരമായി കൈകാര്യം ചെയ്തു. ഇതിനിടെ മുഖ്യമന്ത്രിയുടെ അകമ്പടിക്കാരായ പൊലീസ് ഉദ്യോഗസ്ഥർ വാക്കിടോക്കി കൊണ്ടും പ്രതിഷേധക്കാരെ നേരിട്ടു. കരിങ്കൊടി പ്രതിഷേധത്തിനെത്തിയ പലരുടെയും കൈയ്ക്കും തലയ്ക്കുമെല്ലാം പരുക്കേറ്റിട്ടുണ്ട്. ഒരാളുടെ നില അതീവ ഗുരുതരവും. തുടർന്നു പൊലീസ് സ്റ്റേഷനിലും ഇതുമായി ബന്ധപ്പെട്ടു സംഘർഷമുണ്ടായി.
ഞങ്ങളുടെ നേതാക്കൾക്കെതിരേ പ്രതിഷേധിച്ചാൽ ഇതാണു ഗതിയെന്നു രാഷ്ട്രീയ എതിരാളികൾക്ക് കാണിച്ചുകൊടുക്കാനാണ് കുറച്ചുപേർ അക്രമികളായതെങ്കിൽ അതു സമ്മതിച്ചുകൊടുക്കാനാവില്ല. അവർ ഏതു പാർട്ടിക്കാരാണ് എന്നു നോക്കിയല്ല, എന്താണു ചെയ്തത് എന്നു നോക്കി വേണമല്ലോ എതിർക്കാനും അനുകൂലിക്കാനും. ഇനിയും ഇത് ആവർത്തിക്കാതിരിക്കാൻ അവരെ തിരുത്തുകയാണു മറ്റു നേതാക്കൾ ചെയ്യേണ്ടത്. പൊലീസിന്റെ ചുമതല അവർക്കെതിരേ ശക്തമായ നടപടിയെടുക്കുകയുമാണ്. സംസ്ഥാനത്ത് ഇതാദ്യമായല്ല ഭരിക്കുന്നവർക്കെതിരേ കരിങ്കൊടി പ്രതിഷേധമുണ്ടാവുന്നത്. ഏതാണ്ട് മൂന്നു പതിറ്റാണ്ടു മുൻപ് അന്നത്തെ സഹകരണ മന്ത്രി എം.വി. രാഘവനെതിരേ കണ്ണൂർ ജില്ലയിൽ തന്നെ കൂത്തുപറമ്പിൽ കരിങ്കൊടി കാണിച്ചതിനെത്തുടർന്നുണ്ടായ സംഘർഷം പൊലീസ് വെടിവയ്പ്പിൽ കലാശിച്ചതും അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകരുടെ ജീവൻ നഷ്ടപ്പെട്ടതുമായ നിർഭാഗ്യകരമായ സംഭവം അടക്കമുള്ള ചരിത്രമുണ്ട്.
സോളാർ വിവാദം കത്തിനിൽക്കുമ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുത്ത പൊതുചടങ്ങുകളിലെല്ലാം കരിങ്കൊടി കാണിച്ചത് സിപിഎമ്മും ഡിവൈഎഫ്ഐയും ഒന്നും മറക്കാൻ പാടില്ലാത്തതാണ്. അക്കാലത്ത് കണ്ണൂരിൽ തന്നെ ഉമ്മൻ ചാണ്ടിയുടെ വാഹനത്തിനു നേരേ കല്ലുകൾ എറിഞ്ഞതും കാറിന്റെ ചില്ലു തകർത്ത കല്ല് അദ്ദേഹത്തിന്റെ വലതു കണ്ണിനു മുകളിൽ പതിച്ചതും പരുക്ക് വകവയ്ക്കാതെ അദ്ദേഹം പരിപാടിയിൽ പങ്കെടുത്തതും ഒട്ടും മറന്നുകൂടാത്തതാണ്. അന്ന് അന്നത്തെ മുഖ്യമന്ത്രിയുടെ വാഹനത്തിനടുത്തേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാരുടെ കൈയിൽ കല്ലും മരവടിയും ഇരുമ്പുവടിയും എല്ലാമുണ്ടായിരുന്നു എന്നാണ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. ഇപ്പോഴത്തെ സർക്കാരിനെതിരേയും പല തവണ കരിങ്കൊടി പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. വരാനിരിക്കുന്ന സർക്കാരുകൾക്കെതിരേയും ഉണ്ടായിക്കൂടെന്നില്ല.
ഭരിക്കുന്നവർക്കെതിരേ സമരം നടത്തുന്നവരെ അവരുടെ അണികൾ തന്നെ തെരുവിൽ നേരിടും എന്നുവന്നാൽ കാര്യങ്ങൾ എവിടെച്ചെന്നു നിൽക്കും? എത്രയെത്ര കേന്ദ്ര വിരുദ്ധ സമരങ്ങളാണു നാട്ടിൽ അരങ്ങേറുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരേ രാഷ്ട്രീയ എതിരാളികൾ നടത്തുന്ന സമരത്തെ ബിജെപിക്കാർ സംഘടിച്ചെത്തി നേരിട്ടാലെങ്ങനെയിരിക്കും എന്ന് ആലോചിച്ചു നോക്കുക. ഭരണം മാറിമാറി വരാം. അതിനാൽ, ഇത് ഏതു സംഘടനയ്ക്കും ബാധകമാണെന്നോർക്കുക.
ഏതു സമരമുറയായാലും അതു തങ്ങൾക്കാവാം, മറ്റാർക്കും ആയിക്കൂടാ എന്നൊരു നിലപാട് ഏതു ജനാധിപത്യ സംവിധാനത്തിലും ഒരു രാഷ്ട്രീയ പാർട്ടിക്കും യോജിച്ചതല്ല. അക്രമം കാണിക്കുന്നത് ആരായാലും അവർ ചെയ്യുന്നത് ഒരേ തെറ്റാണ്. പ്രതിഷേധത്തിനിറങ്ങുന്നവരും ആർക്കെതിരേയാണോ പ്രതിഷേധിക്കുന്നത് അവരും ജനാധിപത്യ ബോധം കൈവിടാതിരിക്കണം. ഭരിക്കുന്നവർ ഏതെങ്കിലും പാർട്ടിയുടെ മാത്രം നേതാക്കളല്ല, അവർ നാടിന്റെ മന്ത്രിമാരാണ്. അവരെ സംരക്ഷിക്കാനാണു പൊലീസുള്ളത്. ആ ചുമതല പൊലീസിനു വിട്ടുകൊടുക്കണം. അക്രമം നടത്തിയ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർക്കെതിരേ പൊലീസ് വധശ്രമമടക്കം കുറ്റം ചുമത്തിയിട്ടും, അതൊരു ജീവകാരുണ്യ പ്രവൃത്തിയായിരുന്നു എന്നു മുഖ്യമന്ത്രി തന്നെ പ്രസംഗിച്ചത് ഒട്ടും ഉചിതമായില്ല.
രാഷ്ട്രീയ പാർട്ടി പ്രവർത്തകർ സമരത്തിന്റെയും ഭരണത്തിന്റെയും പേരിൽ കായികമായി പരസ്പരം ഏറ്റുമുട്ടിയാൽ എന്താവും നാടിന്റെ അവസ്ഥ? രാഷ്ട്രീയത്തിനപ്പുറം രണ്ടു വശത്തുമുള്ളത് മനുഷ്യരാണ്. നയങ്ങളുടെയും പരിപാടികളുടെയും ആദർശങ്ങളുടെയും പേരിൽ വിരുദ്ധ ചേരിയിൽ നിലകൊള്ളുമ്പോഴും മനുഷ്യത്വം മറക്കരുതാത്തതാണ്. ഒരാളെ പലർ ചേർന്ന് അതിക്രൂരമായി അടിച്ചുവീഴ്ത്തി തലയ്ക്കടിച്ച് അവശനാക്കുന്നത് നേരിലോ ടെലിവിഷൻ ദൃശ്യങ്ങളിലോ ഒക്കെ കണ്ട ശേഷവും രാഷ്ട്രീയ പക്ഷം പിടിച്ച് മർദിച്ചവരെ ന്യായീകരിച്ചാൽ അതു പക്ഷപാതം മാത്രമാവും.