
വ്യവസായികളോടുള്ള കേരളത്തിന്റെ നിഷേധാത്മക സമീപനത്തിന് മറ്റൊരു ഉദാഹരണം കൂടിയായിരിക്കുകയാണു പ്രവാസി സംരംഭകനായ ഷാജിമോൻ ജോർജ് ഇന്നലെ കോട്ടയത്ത് ഗതികെട്ട് നടത്തിയ സമരം. വ്യവസായ വികസനം, വ്യവസായ സൗഹൃദം എന്നൊക്കെ വലിയ വായിൽ പറയുമ്പോഴും യാഥാർഥ്യം എത്ര അകലെയാണെന്ന് ഷാജിമോന്റെ കഥ വിളിച്ചുപറയുന്നുണ്ട്. മാഞ്ഞൂർ ടൗണിൽ 25 കോടി രൂപ മുടക്കി നിർമിച്ച തന്റെ വ്യവസായ സ്ഥാപനത്തിനു നിരവധി തവണ പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങിയിട്ടും കെട്ടിട നമ്പർ കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് ഷാജിമോൻ പ്രതിഷേധവുമായി ഇറങ്ങിയതത്രേ. രണ്ടു മന്ത്രിമാർ നേരിട്ടും വ്യവസായ മന്ത്രി ഓൺലൈൻ വഴിയും പങ്കെടുത്താണ് 90 പേർക്കു തൊഴിൽ നൽകുന്ന ഈ സംരംഭം ഉദ്ഘാടനം ചെയ്തത്. അതു കഴിഞ്ഞിട്ടും ഓരോരോ കാരണങ്ങൾ പറഞ്ഞ് പഞ്ചായത്തിലെ ഉദ്യോഗസ്ഥർ കെട്ടിട നമ്പർ നിഷേധിച്ചുകൊണ്ടിരുന്നു എന്നാണു ഷാജിമോൻ പറയുന്നത്. മറ്റൊരു മാർഗവും ഇല്ലാതായപ്പോഴാണ് ഇന്നലെ പരസ്യമായ പ്രതിഷേധത്തിന് അദ്ദേഹം തുനിഞ്ഞത്.
രാവിലെ പഞ്ചായത്ത് ഓഫിസിനു മുന്നിൽ കട്ടിലിൽ കിടന്നു പ്രതിഷേധിച്ച ഷാജിമോനെ പൊലീസെത്തി പിടിച്ചുമാറ്റി. പിന്നീട് ഓഫിസിനു മുന്നിലെ റോഡിൽ കിടന്നു പ്രതിഷേധിച്ചു. മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മൂന്നു രേഖകൾ ഹാജരാക്കിയാൽ ഉടൻ തന്നെ കെട്ടിട നമ്പർ അനുവദിക്കാമെന്നു ധാരണയായിട്ടുണ്ടത്രേ. സർട്ടിഫിക്കറ്റുകൾ ഹാജരാക്കാതിരുന്നതിനാലാണ് കെട്ടിട നമ്പർ അനുവദിക്കാതിരുന്നതെന്ന് പഞ്ചായത്ത് അധികൃതർ അവകാശപ്പെടുന്നുണ്ട്. എന്നാൽ, കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ വിജിലൻസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന്റെ പേരിലാണ് തനിക്കു കെട്ടിട നമ്പർ നിഷേധിക്കുന്നതെന്ന് ഷാജിമോൻ പറയുന്നു.
കെട്ടിട നിർമാണത്തിന് അനുമതി നൽകാൻ കൈക്കൂലിയായി 20,000 രൂപയും വിദേശ മദ്യവും ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെയാണ് ഈ വർഷം ആദ്യം ഷാജിമോൻ വിജിലൻസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചത്. കൈക്കൂലി കൈപ്പറ്റുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ അറസ്റ്റിലായത്. ഇതിന്റെ പ്രതികാരം മറ്റ് ഉദ്യോഗസ്ഥർ ആരെങ്കിലും ഷാജിമോനോടു കാണിച്ചു എന്നാണെങ്കിൽ വ്യവസായവും പ്രോത്സാഹനവുമൊക്കെ എത്രമാത്രമുണ്ടെന്ന് ഊഹിക്കാവുന്നതാണ്. കുറച്ചുപേർക്കു ജോലി കിട്ടുന്ന ഒരു സംരംഭം സ്വന്തം പ്രദേശത്തു തുടങ്ങുമ്പോൾ സാങ്കേതികത്വത്തിന്റെ പേരു പറഞ്ഞ് അതിനു തടസം നിൽക്കുന്നവരുടെ ലക്ഷ്യം ഈ നാടു നന്നാക്കുകയാണോയെന്ന് സർക്കാരും ജനപ്രതിനിധികളും നന്നായി ആലോചിക്കണം. ഏതു തരത്തിലൊക്കെ സംരംഭകനെ സഹായിക്കാമോ അതു ചെയ്യേണ്ടവരാണ് കഴിയുന്നത്ര ദ്രോഹിക്കാൻ ശ്രമിക്കുന്നതെങ്കിൽ ഇനിയെന്നാണ് ഒരു മാറ്റം വരാനിരിക്കുന്നത്! വ്യവസായ പദ്ധതികൾ ആരംഭിക്കുന്നതിനു സങ്കീർണതകൾ ഒഴിവാക്കാൻ സംരംഭകരെ സഹായിക്കുമെന്ന് ഒരു വശത്ത് സർക്കാർ അവകാശപ്പെടുമ്പോഴാണ് ഷാജിമോനെപ്പോലുള്ളവർക്ക് റോഡിൽ കിടന്നു പ്രതിഷേധിക്കേണ്ടിവരുന്നത്.
കോട്ടയത്തു തന്നെ തിരുവാർപ്പിൽ ഏതാനും മാസങ്ങൾക്കു മുൻപ് ഒരു ബസ് "മുതലാളി'യോട് തൊഴിലാളി യൂണിയൻ പ്രവർത്തകർ കാണിച്ച "വ്യവസായ സൗഹൃദ നയം' മറക്കാറായിട്ടില്ല. ബസിനു മുന്നിൽ കൊടികുത്തിക്കൊണ്ടു തുടങ്ങിയ യൂണിയൻ സമരം പൊലീസ് നോക്കിനിൽക്കെ ബസ് ഉടമയെ മർദിക്കുന്നതിലേക്കു വരെ നീണ്ടതു കേരളം കണ്ടതാണ്. ബസ് സർവീസ് നടത്തുന്നതിനു പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശിച്ചതു പ്രകാരം ബസ് എടുക്കാനെത്തിയ ഉടമയെയാണ് പൊലീസിനു മുന്നിലിട്ട് അന്നു മർദിച്ചത്. സംസ്ഥാനത്ത് വ്യവസായികളോടുള്ള സമീപനത്തിൽ ഇനിയും കാര്യമായ മാറ്റം വരാനുണ്ടെന്നു കാണിക്കുന്ന നിരവധി സംഭവങ്ങൾ ഇതുപോലെ എടുത്തുപറയാനുണ്ട്. പണം മുടക്കുന്നവരെ സ്വാർഥ താത്പര്യങ്ങളുടെ പേരിൽ നിരുത്സാഹപ്പെടുത്തുന്ന സമീപനം ഒരു ഭാഗത്തുനിന്നും ഉണ്ടാവാതിരിക്കേണ്ടതാണ്.