യുദ്ധം ബാധിക്കും, നമ്മളെയും

പശ്ചിമേഷ്യയിൽ എത്രയും വേഗം സമാധാനം കൈവരേണ്ടത് ഇന്ത്യയുടെയും മറ്റു പല രാജ്യങ്ങളുടെയും ആവശ്യമാണ്
Cabinet Committee on Security meeting chaired by Prime Minister in New Delhi

ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയുടെ ‍അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം

social media

Updated on

അമെരിക്കയും ഇസ്രയേലും ഇറാനെതിരേ ആരംഭിച്ച യുദ്ധം എത്രകാലം നീണ്ടുനിൽക്കുമെന്നു ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. ഇറാന്‍റെ തിരിച്ചടികൾ ഗൾഫ് രാജ്യങ്ങളിലെ കോടിക്കണക്കിനു ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. അമെരിക്കയുടെ സഖ്യരാജ്യങ്ങൾ എന്ന നിലയിൽ സുരക്ഷിതത്വം ഉറപ്പിച്ചിരുന്ന ഗൾഫ് മേഖല ഇതുപോലൊരു ആക്രമണം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

ഗൾഫിലുണ്ടാവുന്ന ഏത് അനിശ്ചിതത്വവും മലയാളികൾ അടക്കം ഇന്ത്യക്കാരെ ബാധിക്കുമെന്നതിനാൽ ഈ യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കണമെന്നു നമ്മളും ആഗ്രഹിക്കുന്നു. യുദ്ധം വ്യാപിക്കുന്നത് കേരളത്തിലെ എത്രയോ വീടുകളിലാണു ആശങ്കയുണ്ടാക്കുന്നത്. മിസൈൽ, ഡ്രോൺ ആക്രമണങ്ങളെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ഈ പോക്ക് എങ്ങോട്ടാണ് എന്ന ചിന്ത എല്ലാവരിലും ഉണ്ടാവുന്നുണ്ട്.

ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയുടെ ‍അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം പശ്ചിമേഷ്യയിലെ സാഹചര്യം വിലയിരുത്തുകയും മേഖലയിലെ ഇന്ത്യൻ സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനു തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തുന്നുണ്ട്.

സർക്കാരും പ്രവാസി സമൂഹവും ഒരുപോലെ ജാഗ്രത കാണിക്കേണ്ട സമയമാണിത്. പശ്ചിമേഷ്യയിൽ വിദേശ കപ്പലുകൾക്കു നേരേയുണ്ടായ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ഒരാൾക്കു പരുക്കേൽക്കുകയും ചെയ്തുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ഏറെ ദുഃഖകരമാണിത്. സംഘർഷവുമായി ബന്ധപ്പെട്ട മേഖലകളിലെ കടൽ യാത്രകൾ അതീവ ജാഗ്രത ആവശ്യപ്പെടുന്നു.

ചരക്കു നീക്കം, പ്രത്യേകിച്ചു ക്രൂഡ് ഓയിൽ നീക്കം പ്രതിസന്ധിയിലാവുന്നത് രാജ്യത്തെ ഇന്ധന വില കുതിച്ചുകയറാൻ കാരണമാവുമെന്ന ആശങ്കയും ഇതോടൊപ്പം ഉയരുകയാണ്. ഇന്ധനക്ഷാമവും വില വർധനയും അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിനും കാരണമാവും. ആ നിലയ്ക്ക് ഇന്ത്യക്കാരുടെ നിത്യജീവിതത്തെ വരെ ഈ യുദ്ധം ബാധിക്കും. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം ഇറാൻ തടഞ്ഞിരിക്കുകയാണ്.

ആഗോള എണ്ണ വിതരണത്തിന്‍റെ നല്ലൊരു പങ്കും നടക്കുന്ന വഴിയാണു തടസപ്പെട്ടിരിക്കുന്നത്. പല ഇന്ത്യൻ കപ്പലുകളും നടുക്കടലിൽ കുടുങ്ങിയതായി റിപ്പോർട്ടുകളുണ്ട്. യുദ്ധസാഹചര്യത്തിൽ വ്യോമപാതകൾ അടച്ചത് കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറി കയറ്റുമതിയെ വരെ ബാധിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് കടൽമാർഗമുള്ള കയറ്റുമതിയുടെ നല്ലൊരു പങ്ക് ഗൾഫ് നാടുകളിലേക്കാണ്.

സമുദ്രോത്പന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളുമൊക്കെ ഇതിൽ ഉൾപ്പെടും. ചരക്കുനീക്കം തടസപ്പെടുമ്പോൾ കയറ്റുമതിയുമായി ബന്ധപ്പെട്ട വ്യവസായികൾ ആശങ്കയിലാവുകയാണ്. ഈ മേഖലയിലെ കമ്പനികളിൽ ഷിപ്പിങ് രംഗത്തു ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരുണ്ട്. അവരിൽ ധാരാളം മലയാളികളുമുണ്ട്. അവരും അവരുടെ കുടുംബാംഗങ്ങളും എല്ലാം ആശങ്കയിലാണ്.

പശ്ചിമേഷ്യയിൽ എത്രയും വേഗം സമാധാനം കൈവരേണ്ടത് ഇന്ത്യയുടെയും മറ്റു പല രാജ്യങ്ങളുടെയും ആവശ്യമാണ് എന്നു സാരം. എന്നാൽ, യുദ്ധം ഉടനൊന്നും അവസാനിപ്പിക്കാൻ പദ്ധതിയില്ലെന്ന സൂചനയാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നൽകുന്നത്. യുദ്ധത്തിനു നിശ്ചിത സമയപരിധിയൊന്നും വച്ചിട്ടില്ലത്രേ. നാലോ അഞ്ചോ ആഴ്ചയല്ല, അതിൽ കൂടുതൽ കാലം ഇറാനെതിരേ സൈനിക ആക്രമണങ്ങൾ നടത്താനുള്ള ശേഷി അമെരിക്കയ്ക്കുണ്ടെന്നാണ് ട്രംപിന്‍റെ നിലപാട്.

സൈനിക നടപടി ആദ്യ ഘട്ടത്തിൽ മാത്രമാണെന്നും അമെരിക്കൻ വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ട്. വേണ്ടിവന്നാൽ കരയുദ്ധത്തിനും അമെരിക്ക തയാറാണെന്നു ട്രംപ് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. "കുറച്ചു സമയം എടുക്കും' എന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പറയുന്നു. പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇറാനുമുള്ളത്. യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥശ്രമങ്ങൾ ഊർജിതമായി നടക്കേണ്ടതുണ്ട് എന്നാണ് ഇതു കാണിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇരുപക്ഷത്തുമുള്ളതു നമ്മുടെ സുഹൃദ് രാജ്യങ്ങളാണ്. കരുതലോടെയുള്ള സമീപനമേ ഇന്ത്യയ്ക്കു സ്വീകരിക്കാനാകൂ. നമ്മുടെ പ്രതിരോധ- സാങ്കേതികവിദ്യാ പങ്കാളികളാണ് ഇസ്രയേൽ. യുദ്ധം തുടങ്ങുന്നതിനു തൊട്ടുമുൻപാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിൽ സന്ദർശനം നടത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ഈ സന്ദർശനത്തിൽ തീരുമാനമായിട്ടുണ്ട്. ദീർഘകാലമായി ഇന്ത്യയുടെ സുഹൃദ്‌രാജ്യമാണ് ഇറാൻ. ഒരുകാലത്ത് ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ ദാതാക്കളായിരുന്നു അവർ. യുഎസ് ഉപരോധത്തെത്തുടർന്ന് ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കേണ്ടി വന്നെങ്കിലും ഇറാനുമായുള്ള ബന്ധം ഇപ്പോഴും ശക്തമാണ്.

മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ വ്യാപാര പാതയായ ഛബഹർ തുറമുഖം ഇറാനിലാണ്.ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്ക് ഇറാനുമായുള്ള ബന്ധം നിർണായകം. ഇതു കണക്കിലെടുത്തു മാത്രമേ ഇന്ത്യയ്ക്കു നിലപാട് സ്വീകരിക്കാനാകൂ.എല്ലാ ഗൾഫ് രാജ്യങ്ങളുമായും ഇന്ത്യയ്ക്കു വലിയ സൗഹൃദ ബന്ധമുണ്ട്.

അതിനാലാണ് പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം സൗദി കിരീടാവകാശിയെയും യുഎഇ അമീറിനെയും നേരിട്ടു വിളിച്ചത്. ഇന്നലെ ഒമാൻ സുൽത്താൻ, ഖത്തർ അമീർ, കുവൈറ്റ് കിരീടാവകാശിയായ രാജകുമാരൻ എന്നിവരുമായും അദ്ദേഹം സംസാരിച്ചു.ഗൾഫ് രാജ്യങ്ങളിലെ ഏതു വിഷയങ്ങളിലും ഇന്ത്യയ്ക്ക് ഇടപെടാനുള്ള അവസരവും സ്വാതന്ത്ര്യവും ബാധ്യതയുമുണ്ട്.

ആ രാജ്യങ്ങൾക്കു നേരെയുണ്ടാകുന്ന ഏത് ആക്രമണവും ഒരു കോടിയോളം പ്രവാസി ഇന്ത്യക്കാരെ നേരിട്ടു ബാധിക്കും എന്നതു കൂടി കണക്കിലെടുത്ത് ഇന്ത്യയ്ക്ക് ഇടപെടാതിരിക്കാനും കഴിയില്ല. അതിനാൽ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിൽ ഇന്ത്യ വലിയൊരു പങ്കു വഹിക്കേണ്ടിവരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com