ഐടി മേഖലയിലെ കുതിപ്പ് തുടരണം

ഈ മേഖലയിൽ ഇനിയും ധാരാളം സാധ്യതകൾ കേരളത്തിനുണ്ട്. അത് ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരേണ്ടതുമുണ്ട്
IT sector must continue to grow

ഐടി മേഖലയിലെ കുതിപ്പ് തുടരണം

Updated on

ഐടി രംഗത്ത് ശ്രദ്ധേയമായ കുതിപ്പാണു വർഷങ്ങളായി കേരളം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. മൂന്നു പതിറ്റാണ്ടു മുൻപ് സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് 50 ഏക്കർ ഭൂമിയിൽ ആരംഭിച്ച ടെക്നോ പാർക്ക് ഐടി കുതിപ്പിന്‍റെ തുടക്കമായിരുന്നു. ടെക്നോ പാർക്ക് വലിയ തോതിൽ വികസിച്ചു എന്നു മാത്രമല്ല കൊച്ചിയിലെ ഇൻഫോ പാർക്കും കോഴിക്കോട്ടെ സൈബർ പാർക്കും ഒക്കെയായി ഐടി മേഖല വളർന്നു പന്തലിച്ചു. കൊച്ചി സ്മാർട്ട് സിറ്റി പോലുള്ള പദ്ധതികൾ വേറെ. ഇതു കൂടാതെയാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട ഐടി പാർക്കുകൾ. ഐടി അടിസ്ഥാന സൗകര്യങ്ങളിൽ വലിയ വളർച്ച തന്നെ കേരളത്തിനു സ്വന്തമാക്കാനായിട്ടുണ്ട്. ലോകത്തിലെ പ്രമുഖ ഐടി കമ്പനികൾ കേരളത്തിലെത്തി. ഐടി കയറ്റുമതിയിലും വൻ കുതിപ്പാണുണ്ടായിരിക്കുന്നത്. 2016ൽ 34,123 കോടി രൂപയുടേതായിരുന്ന കേരളത്തിന്‍റെ ഐടി കയറ്റുമതി ഇപ്പോൾ 90,000 കോടി രൂപയുടേതായി വർധിച്ചുവെന്നു സർക്കാർ അവകാശപ്പെടുന്നുണ്ട്. ടെക്നോ പാർക്കിലും ഇൻഫോ പാർക്കിലും സൈബർ പാർക്കിലുമായി ഒന്നര ലക്ഷത്തോളം ആളുകൾ ജോലി ചെയ്യുന്നുണ്ട്. 2016നു ശേഷം ഇവിടങ്ങളിൽ 66,000 പുതിയ തൊഴിലവസരങ്ങളുണ്ടായി. ഇതെല്ലാം സർക്കാർ കണക്കാണ്.

ഈ മേഖലയിൽ ഇനിയും ധാരാളം സാധ്യതകൾ കേരളത്തിനുണ്ട്. അത് ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരേണ്ടതുമുണ്ട്. ഇത്തരത്തിലുള്ള മുന്നേറ്റത്തിനു കൂടുതൽ ഊർജവും ആവേശവും പകരുന്നതാണ് ലുലു ഗ്രൂപ്പിന്‍റെ ഐടി പദ്ധതികൾ എന്നു നിസംശയം പറയാം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ചയമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത ലുലു ഐടി ട്വിൻ ടവർ. കൊച്ചി സ്മാർട്ട് സിറ്റിയിലാണ് ഇതുള്ളത്. സ്മാർട്ട് സിറ്റിയുടെ പ്രാധാന്യം വളരെയേറെ വർധിപ്പിക്കുകയാണ് ഈ ട്വിൻ ടവർ. 35 ലക്ഷം ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള ഈ കെട്ടിടങ്ങളിൽ 25 ലക്ഷം ചതുരശ്ര അടിയിൽ ഐടി, ഐടി അനുബന്ധ സംരംഭങ്ങൾ തുടങ്ങാനാവും. ഏഷ്യയിലെ ഏറ്റവും വലിയ റോബോട്ടിക് പാർക്കിങ് സൗകര്യം, 2000 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ട് തുടങ്ങി തുടങ്ങി സൗകര്യങ്ങളുടെ കാര്യത്തിൽ മികവിന്‍റെ കേന്ദ്രം തന്നെയാണിത്. ഐടിയിൽ കൊച്ചിയുടെ പ്രാധാന്യം വർധിപ്പിക്കുകയാണ് ഈ പദ്ധതി. കൂടുതൽ ആഗോള കമ്പനികൾ ഇതിലൂടെ കൊച്ചിയിലെത്തും. 1,500 കോടി മുതൽമുടക്കുള്ള പദ്ധതി വഴി 30,000 തൊഴിൽ അവസരങ്ങൾ ലഭിക്കുമെന്നാണു പറയുന്നത്. ഐടി രംഗത്ത് അവസരങ്ങൾ തേടുന്ന മലയാളി യുവാക്കൾക്ക് ഇതു പകരുന്ന പ്രതീക്ഷകൾ വളരെ വലുതാണ്.

ഇതിനു പുറമേ മറ്റൊരു ഐടി ടവർ കൂടി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇൻഫോ പാർക്ക് ഫേസ് രണ്ടിൽ 500 കോടിയുടെ ഐടി ടവറാണു വാഗ്ദാനം. ഈ പദ്ധതിയിലൂടെ 7,000 പേർക്കു തൊഴിൽ ലഭിക്കുമെന്നാണു പറയുന്നത്. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കുമെന്നും ലുലു ഗ്രൂപ്പ് അറിയിക്കുന്നുണ്ട്. പദ്ധതിക്ക് സംസ്ഥാന സർക്കാരിന്‍റെ പൂർണ പിന്തുണ മുഖ്യമന്ത്രി പിണറായി വിജയൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. വികസനത്തിനു സമ്പൂർണ പിന്തുണ നൽകുകയെന്നതു പ്രതിപക്ഷത്തിന്‍റെ നയമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കിയിട്ടുണ്ട്. വികസന കാര്യത്തിൽ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നിൽക്കുകയും വ്യവസായികളെ ശത്രുക്കളായി കാണാതിരിക്കുകയും ചെയ്താൽ ഇതുപോലുള്ള ധാരാളം പദ്ധതികൾ ഇനിയും കേരളത്തിനു ലഭിക്കും. വ്യവസായ മന്ത്രി പി. രാജീവ് അവകാശപ്പെടുന്നതുപോലെ തൊഴിൽ അന്വേഷകരുടെ "റിവേഴ്സ് മൈഗ്രേഷൻ' ഉണ്ടാകണമെങ്കിൽ വ്യവസായ സൗഹൃദ അന്തരീക്ഷം കാത്തുസൂക്ഷിക്കുക തന്നെ വേണം.

കേരളത്തിന് ഏറ്റവും യോജിച്ച മേഖല തന്നെയാണ് ഐടി. ഉയർന്ന വിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവും അനുകൂല ഘടകങ്ങളാണ്. സ്ഥലലഭ്യതയിലെ കുറവും പൊതുവായ പരിസ്ഥിതി പ്രശ്നങ്ങളും കണക്കിലെടുക്കുമ്പോഴും ഐടി മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു നേട്ടമായി മാറുമെന്നുറപ്പാണ്. നിരവധി ഐടി പ്രൊഫഷനലുകളാണ് കേരളത്തിൽ നിന്ന് തൊഴിൽ തേടി ഓരോ വർഷവും പുറത്തേക്കു പോകുന്നത്. അതു തടയാനായാൽ അവരുടെ വിദഗ്ധ സേവനം ഇവിടെയെത്തുന്ന കമ്പനികൾക്ക് അനുഗ്രഹമാവും. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പോലുള്ള പുതിയ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലെ സാധ്യതകൾ വികസിപ്പിച്ചു കൊണ്ടുവരുന്നതിന്‍റെ കേന്ദ്രമായി കേരളത്തെ മാറ്റാനാവും. സമസ്ത മേഖലകളിലും ഐടി അധിഷ്ഠിത സേവനങ്ങൾക്കു സാധ്യതയുണ്ട്. അവയെല്ലാം പ്രയോജനപ്പെടുത്താവുന്ന വിധത്തിൽ നമ്മുടെ ഐടി രംഗം വികസിച്ചുവരണം. നമുക്കുള്ള മേന്മകൾ ഉയർത്തിക്കാണിച്ചു തന്നെ വേണം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളോടു മത്സരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com