ചരിത്ര നേട്ടത്തിൽ വീണ്ടും വിഴിഞ്ഞം

ചുരുങ്ങിയ സമയത്തിനുള്ളിൽ 20 ലക്ഷത്തിലധികം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് അമ്പരപ്പിക്കുന്ന കുതിപ്പാണ് വിഴിഞ്ഞം അദാനി തുറമുഖം ഇതുവരെ കാഴ്ചവച്ചത്
Vizhinjam again in historic achievement

ചരിത്ര നേട്ടത്തിൽ വീണ്ടും വിഴിഞ്ഞം

file image

Updated on

വിസ്മയം സൃഷ്ടിച്ചുകൊണ്ടാണ് തിരുവനന്തപുരത്തെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ഓരോ നാഴികക്കല്ലുകളും പിന്നിടുന്നത്. 2024 ജൂലൈയിൽ ആദ്യ ചരക്കു കപ്പൽ ബെർത്ത് ചെയ്ത ഇവിടെ രണ്ടുവർഷം തികയും മുമ്പ് 1,000 കപ്പലുകൾ നങ്കൂരമിട്ടുകഴിഞ്ഞു. ഇതൊരു ചരിത്രനേട്ടമാണ്. അഭിമാനകരമായ മുന്നേറ്റം. ആയിരാമത്തെ കപ്പലായിരുന്ന എംഎസ്‌സി ലൂസിയാനയെ വാട്ടർ സല്യൂട്ടോടെ ബെർത്തിലെത്തിച്ച് അതു സംസ്ഥാനം ആഘോഷിക്കുകയും ചെയ്തു.

ചുരുങ്ങിയ സമയത്തിനുള്ളിൽ 20 ലക്ഷത്തിലധികം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് അമ്പരപ്പിക്കുന്ന കുതിപ്പാണ് വിഴിഞ്ഞം അദാനി തുറമുഖം ഇതുവരെ കാഴ്ചവച്ചത്. പ്രതീക്ഷിച്ച വാർഷിക ശേഷി അനായാസം മറികടന്ന ചരിത്രമാണ‌ു വിഴിഞ്ഞത്തിനുള്ളത്. ലോകത്തെ ഏറ്റവും വലുതും ഏറ്റവും ഡ്രാഫ്റ്റ് കൂടിയതുമായ കപ്പലുകൾ വിഴിഞ്ഞത്തു നങ്കൂരമിട്ടുകഴിഞ്ഞു. അതുവഴി ഈ തുറമുഖത്തിന്‍റെ കരുത്ത് ലോകം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിൽ അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ നിർമിച്ചു പ്രവർത്തിപ്പിക്കുന്ന ഈ തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിക്കുന്നത് 2024 ഡിസംബറിലാണ്. 2025 മേയിൽ രാജ്യത്തിനു സമർപ്പിച്ചു. രാജ്യത്ത് ഒരു തുറമുഖവും ഇത്ര വേഗത്തിൽ ഇത്രയും വാണിജ്യ നേട്ടങ്ങൾ കൈവരിച്ചിട്ടില്ല. ലോക നിലവാരമുള്ള ട്രാൻസ്ഷിപ്പ്മെന്‍റ് ഹബ്ബായി വിഴിഞ്ഞം മാറിക്കഴിഞ്ഞു. ആഗോള ഷിപ്പിങ് മേഖലയുടെ വിശ്വാസം നേടിയെടുക്കുന്നതിലും വിജയിച്ചിട്ടുണ്ട്. ലോകത്തെ പ്രധാന സമുദ്ര വാണിജ്യ മേഖലകളുമായി ബന്ധം സ്ഥാപിക്കാനായി. ഈ മുന്നേറ്റം തുടരുക എന്നതാണു പുതിയ നാഴികക്കല്ലിലെത്തിനിൽക്കുമ്പോഴും സംസ്ഥാനം മുഴുവൻ ആഗ്രഹിക്കുന്നത്.

ഏകദേശം 16,000 കോടി രൂപയുടെ മുതൽമുടക്കിൽ തുറമുഖത്തിന്‍റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2028ൽ ഇതു പൂർത്തിയാകുമെന്നാണു പറയുന്നത്. ഈ വികസന പ്രവർത്തനങ്ങൾ പൂർത്തിയാവുമ്പോൾ നിലവിലുള്ള 800 മീറ്റർ കണ്ടെയ്‌നർ ബെർത്ത് 2,000 മീറ്റർ ആയി മാറുകയാണ്. ഇതോടെ രാജ്യത്തെ ഏറ്റവും നീളം കൂടിയ കണ്ടെയ്‌നർ ബെർത്ത് വിഴിഞ്ഞത്താവും. തുറമുഖത്തിന്‍റെ ശേഷി പ്രതിവർഷം 10 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരും. യാതൊരുവിധ തടസങ്ങളുമില്ലാതെ ഈ പ്രവർത്തനങ്ങൾ മുന്നോട്ടുപോകേണ്ടതു നാടിന്‍റെ ആവശ്യമാണ്.

logo
Metro Vaartha
www.metrovaartha.com