"പ്രതീക്ഷ, പ്രത്യാശ, കാരുണ്യ': അടിയന്തര നടപടി വേണം

കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ കടലിലിറക്കിയ മൂന്നു മറൈൻ ആംബുലൻസുകളുടെ പേരാണ് "പ്രതീക്ഷ', "പ്രത്യാശ', "കാരുണ്യ'.
"pratheeksha, prathyaasha, kaarunya": Urgent Action Needed

"പ്രതീക്ഷ, പ്രത്യാശ, കാരുണ്യ': അടിയന്തര നടപടി വേണം

Updated on

കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ കടലിലിറക്കിയ മൂന്നു മറൈൻ ആംബുലൻസുകളുടെ പേരാണ് "പ്രതീക്ഷ', "പ്രത്യാശ', "കാരുണ്യ'. കോടികൾ ചെലവഴിച്ച് നടപ്പാക്കിയ ഈ ബോട്ട് ആംബുലൻസ് പദ്ധതി സർക്കാരിന്‍റെയും ഉദ്യോഗസ്ഥ സംവിധാനത്തിന്‍റെയും ഗുരുതരമായ അനാസ്ഥ മൂലം ദയനീയമായി പരാജയപ്പെട്ടു എന്നത് ഒട്ടും നിസാരമായി കാണേണ്ടതല്ല.

അഞ്ചു വർഷത്തിനിടെ കേരള തീരത്ത് 225 മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടുകയും 75 പേരെ കാണാതാവുകയും ചെയ്തെന്നാണ് കണക്കുകൾ. ഇത് ഒട്ടും ചെറിയ എണ്ണമല്ല. ഈ സാഹചര്യത്തിലാണ് വൈപ്പിൻ, ബേപ്പൂർ, വിഴിഞ്ഞം മേഖലകളിൽ വിന്യസിച്ച ആംബുലൻസുകളുടെ ദയനീയമായ അവസ്ഥയെപ്പറ്റി റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ബേപ്പൂരിലെ ആംബുലൻസ് എൻജിൻ തകരാറിനെ തുടർന്ന് ദീർഘകാലമായി ഹാർബറിൽ കിടക്കുകയാണത്രെ. വിഴിഞ്ഞത്തെ ആംബുലൻസിന്‍റെ റഡാർ, ജിപിഎസ്, കമ്യൂണിക്കേഷൻ സംവിധാനങ്ങൾ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നു. കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ അടുത്തേക്ക് അതിവേഗം എത്തുകയാണല്ലോ മറൈൻ ആംബുലൻസുകളുടെ അടിസ്ഥാന ലക്ഷ്യം. എന്നാൽ, ആവശ്യമായ വേഗതയും സാങ്കേതിക ശേഷിയും ഉറപ്പാക്കാതെയാണ് ഈ ബോട്ടുകൾ രൂപകൽപ്പന ചെയ്തതും നിർമിച്ചതുമെന്നാണ് മറ്റൊരാരോപണം. രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കേണ്ട ബോട്ടിനു വേഗതയില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ പദ്ധതി ആസൂത്രണം ചെയ്തതെന്ന് വ്യക്തമാകേണ്ടതുണ്ട്.

ഈ ബോട്ടുകൾക്ക് ആവശ്യമായ സാങ്കേതിക ഷിപ്പിങ് രജിസ്റ്റാർ സർട്ടിഫിക്കേഷനുകളും സുരക്ഷാ അനുമതികളും ലഭിച്ചിട്ടുണ്ടോ എന്നു സർക്കാർ വ്യക്തത വരുത്തണം. ബോട്ടുകളുടെ രൂപകൽപ്പന മുതൽ എൻജിൻ തെരഞ്ഞെടുപ്പ്, നാവിഗേഷൻ സംവിധാനം, സുരക്ഷാ ഉപകരണങ്ങൾ, സർട്ടിഫിക്കേഷൻ, പരിപാലനം എന്നിവയിൽ എവിടെയെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികളായവരെ കണ്ടെത്തണം. ഈ പദ്ധതി നിലവിലെ അവസ്ഥയിലെത്താൻ ഭരണപരവും സാങ്കേതികവുമായി ഉണ്ടായ വീഴ്ചകളെല്ലാം അന്വേഷിക്കണം. ഫയലുകൾ വൈകിപ്പിച്ചും അറ്റകുറ്റപ്പണികൾ നീട്ടിക്കൊണ്ടുപോയും പദ്ധതിയെ നിർജ്ജീവമാക്കിയോ എന്നതു പരിശോധിക്കണം. മൂന്ന് മറൈൻ ആംബുലൻസുകളുടെയും നിലവിലെ അവസ്ഥയെന്താണ് എന്നറിയാൻ സ്വതന്ത്ര വിദഗ്ധ സമിതിയെക്കൊണ്ട് ഉടനടി സാങ്കേതിക പരിശോധന നടത്തണം. ബോട്ടുകളുടെ എൻജിൻ ശേഷിയും വേഗതയും കടലിലെ അതിദ്രുത രക്ഷാപ്രവർത്തനത്തിന് പര്യാപ്തമാണോ എന്ന് വിദഗ്ധ പരിശോധന നടത്തണം. പ്രവർത്തനരഹിതമായ ബോട്ടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി കടലിലിറക്കണം.

പദ്ധതിക്കായി ചെലവഴിച്ച തുകയുടെ വിനിയോഗവും ബോട്ടുകളുടെ നിർമാണം മുതൽ ഇതുവരെയുള്ള പരിപാലനച്ചെലവും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തണം. പ്രവർത്തിക്കാത്ത ആംബുലൻസുകൾക്കായി ക്യാപ്റ്റൻ, എൻജിനീയർ, പാരാമെഡിക്കൽ ജീവനക്കാർ, കുക്ക് തുടങ്ങിയ ജീവനക്കാരുടെ വേതനത്തിന് പൊതുപണം ചെലവഴിക്കുന്നുണ്ടെങ്കിൽ അത് അടിയന്തരമായി പരിശോധിക്കണം. വീഴ്ചകൾ കണ്ടെത്തിയാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. അതോടൊപ്പം കേരളത്തിന്‍റെ മുഴുവൻ തീരപ്രദേശത്തേക്കും അനുയോജ്യമായ ആധുനിക സമഗ്ര കടൽ രക്ഷാപ്രവർത്തന സംവിധാനം രൂപീകരിക്കണം. തിരുവനന്തപുരം മുതലപ്പൊഴി പോലെയുള്ള സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടങ്ങളിൽ കാണാതായവരെ തെരഞ്ഞ് ദിവസങ്ങളോളം അലയേണ്ടിവന്നു എന്നത് അതീവ സങ്കടകരമാണ്. കടലിലെ അടിയന്തര രക്ഷാപ്രവർത്തന സംവിധാനങ്ങൾ പൂർണമായും സജ്ജമാക്കാൻ കഴിയാത്തത് തീരദേശ ജനതയോടുള്ള കടുത്ത അനീതിയാണ്.

logo
Metro Vaartha
www.metrovaartha.com