വയനാട്ടിലെ പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ രണ്ടാം വർഷ ബിവിഎസ് സി വിദ്യാർഥി ജെ.എസ്. സിദ്ധാർഥിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. എസ്എഫ്ഐ നേതാക്കൾ അടക്കം ഒരു സംഘം വിദ്യാർഥികളുടെ ക്രൂര മർദനത്തിന് ഇരയായാണു സിദ്ധാർഥ് മരിച്ചതെന്നാണു പരാതി ഉയർന്നിരിക്കുന്നത്. തന്‍റെ മകൻ ആത്മഹത്യ ചെയ്യില്ലെന്നും കോളെജിലെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചു കൊന്നതാണെന്നും സിദ്ധാർഥിന്‍റെ പിതാവ് ആരോപിച്ചിട്ടുണ്ട്. കോളെജിലെ വിദ്യാർഥികൾ തന്നെയാണ് തന്നോട്ട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോടു പറയുകയുണ്ടായി. മൂന്നു ദിവസം ആഹാരം പോലും നൽകാതെ പട്ടിണിക്കിട്ട് മർദിച്ചു എന്നാണു പറയുന്നത്.
പ്രതികളായ എസ്എഫ്ഐ നേതാക്കളെ പാർട്ടിക്കാർ സംരക്ഷിക്കുന്നുവെന്നാണ് സിദ്ധാർഥിന്‍റെ കുടുംബം ആരോപിക്കുന്നത്. സംഭവം നടന്നു പത്തു ദിവസം കഴിഞ്ഞാണ് കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ആറു പേരെ കസ്റ്റഡിയിലെടുക്കുന്നത്. എസ്എഫ്ഐ നേതാക്കൾ അടക്കം കുറ്റാരോപിതരായ 12 പേർ ഒളിവിലാണ്. ഇവരെ പിടികൂടാൻ പൊലീസ് ശ്രമിക്കുന്നില്ലെന്ന ആരോപണം നിസാരമായി കാണാനാവുന്നതല്ല. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മനുഷ്യാവകാശ കമ്മിഷനും അടക്കം പരാതി നൽകിയിട്ടുണ്ടെന്ന് സിദ്ധാർഥിന്‍റെ പിതാവ് പറയുന്നു. എന്നിട്ടും കഴിഞ്ഞ ദിവസം വരെ പൊലീസ് അന്വേഷണം കാര്യക്ഷമമായില്ലെന്നാണു പരാതി ഉയരുന്നത്. കേസ് അന്വേഷണത്തിലെ അലംഭാവം വാർത്താമാധ്യമങ്ങളിൽ ചർച്ചയായ ശേഷമാണ് ഇപ്പോൾ ചില നടപടികളെങ്കിലും ഉണ്ടായത് എന്നതു ശ്രദ്ധേയമാണ്.
ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർഥിനെ കാണുന്നത് ഫെബ്രുവരി പതിനെട്ടിനാണ്. ഈ വിദ്യാർഥി ക്രൂര മർദനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. രണ്ടും മൂന്നും ദിവസത്തെ പഴക്കമുള്ള മുറിവുകൾ ശരീരത്തിൽ കണ്ടെത്തി. വടികൊണ്ട് അടിച്ച പാടുകളുമുണ്ടായിരുന്നു. കഴുത്തിലെ മുറിവിലും അസ്വാഭാവികതയുണ്ടെന്നാണ് കണ്ടെത്തൽ. മർദിച്ചുകൊന്ന് കെട്ടിത്തൂക്കിയതാണെന്ന ആരോപണം ഇതോടെ ശക്തമാവുകയും ചെയ്തു. ഒരു സംഘം സീനിയർ വിദ്യാർഥികളുടെ മൃഗീയമായ റാഗിങ്ങാണ് ഉണ്ടായത് എന്നാണു പറയുന്നത്. ഫെബ്രുവരി 14ന് വാലന്‍റൈൻസ് ഡേയുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിൽ സീനിയർ വിദ്യാർഥികൾക്കൊപ്പം സിദ്ധാർഥ് നൃത്തം ചെയ്തതിന്‍റെ പേരിലായിരുന്നു മർദനം.
നൂറോളം വിദ്യാർഥികൾ നോക്കിനിൽക്കെ പരസ്യ വിചാരണ നടത്തുകയും വിവസ്ത്രനാക്കി മർദിക്കുകയും ചെയ്തുവത്രേ. ബെൽറ്റു കൊണ്ട് അടിച്ചെന്നും മൂന്നു ദിവസം വെള്ളവും ഭക്ഷണവും നൽകിയില്ലെന്നും പറയുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 12 വിദ്യാർഥികളെ കോളെജിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു. ""ഞങ്ങളുടെ പൊന്നുമോനെ അവർ അടിച്ചുകൊന്നു കെട്ടിത്തൂക്കിയതാണ്'' എന്നു സിദ്ധാർഥിന്‍റെ മാതാപിതാക്കൾ പരാതിപ്പെട്ട ശേഷവും കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കേണ്ടവർ ഉറക്കം തൂങ്ങുകയായിരുന്നു എന്നാണു ധരിക്കേണ്ടത്. റാഗിങ്ങിനു കേസെടുത്ത പൊലീസ് പ്രതികൾക്ക് ഒളിവിൽ പോകാനുള്ള സൗകര്യം ഒരുക്കിയ ശേഷമാണ് അന്വേഷണം ഊർജിതമാക്കിയതെന്ന് ഒരു വിഭാഗം വിദ്യാർഥികൾ ആരോപിക്കുകയാണ്.
മനുഷ്യത്വത്തിന്‍റെ കണിക പോലുമില്ലാത്തവിധം ഒരു സഹ വിദ്യാർഥിയോട് പൊറുക്കാനാവാത്ത ക്രൂരതകൾ കാണിച്ച മുഴുവൻ പേരും ശിക്ഷിക്കപ്പെടുക തന്നെ വേണം. ഒരു തരത്തിലുള്ള സംരക്ഷണവും അവർക്കു കിട്ടരുത്. ക്യാംപസുകളെ പലവിധ ദുഷ്പ്രവണതകളിൽനിന്നു സംരക്ഷിക്കുന്നു, സർഗാത്മകമാക്കുന്നു എന്നൊക്കെ അവകാശപ്പെടുന്ന വിദ്യാർഥി നേതാക്കൾ തന്നെയാണ് സഹപാഠിയെ പരസ്യമായി വിചാരണ ചെയ്യുകയും മർദിക്കുകയും പട്ടിണിക്കിടുകയുമൊക്കെ ചെയ്യുന്നത് എന്നതാണ് ഞെട്ടിക്കുന്നത്. റാഗിങ്ങിനെതിരേ കർശനമായ നിയമങ്ങളുള്ള നാടാണു നമ്മുടേത്. പക്ഷേ, ഇപ്പോഴും പല കലാലയങ്ങളിലും ജൂണിയർ വിദ്യാർഥികൾ റാഗിങ്ങിനു വിധേയരാവുന്നുണ്ട്. പലപ്പോഴും അതു പുറത്തറിയാറില്ല എന്നു മാത്രം. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ പലതും അധികാരികൾ ഒതുക്കി തീർക്കുകയാണു ചെയ്യുന്നത്. റാഗിങ് വിരുദ്ധ സമിതിയൊക്കെ പേരിനു മാത്രമായി പോകുന്നു.
മർദനത്തിന് ഇരയാകുന്ന വിദ്യാർഥികൾ പൊലീസിൽ പരാതി നൽകുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്ന പ്രിൻസിപ്പൽമാരും അധ്യാപകരും വരെയുണ്ട്. അത്തരക്കാർ യഥാർഥത്തിൽ കുറ്റവാളികളെ സംരക്ഷിക്കുന്നവരാണ്. കുറ്റവാസനയുള്ളവരെ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നവരുമാണ്. സീനിയോറിറ്റിയുടെ പേരിലും സംഘബലത്താലും മറ്റൊരു വിദ്യാർഥിയെ അടിമയാക്കാനും മർദിച്ചു "ശരിപ്പെടുത്താനും' ഒരാൾക്കും അധികാരമില്ല. ഏതു കൊമ്പത്ത് പിടിയുണ്ടായാൽ പോലും അത്തരം തെറ്റുകൾ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ തന്നെ കിട്ടണം. എങ്കിലേ ഈ പ്രവണത ആവർത്തിക്കാതിരിക്കൂ.