പൊലീസ് തുടരണം, കോംബിങ് ഓപ്പറേഷനുകൾ

ലഹരിമരുന്നു കേസുകളിൽ ശക്തമായ നടപടി തുടരേണ്ടതുണ്ടെന്നു കോംബിങ് ഓപ്പറേഷൻ തെളിയിക്കുകയാണ്.
Police must continue
combing operations

പൊലീസ് തുടരണം, കോംബിങ് ഓപ്പറേഷനുകൾ

Updated on: 

കുറ്റകൃത്യങ്ങൾക്കെതിരേ പൊലീസ് പുലർത്തുന്ന ജാഗ്രതയാണു നാട്ടിലെ ക്രമസമാധാനം ഉറപ്പാക്കുന്നത്. പൊലീസ് സംവിധാനം വേണ്ടത്ര ശക്തമായി പ്രവർത്തിക്കുന്നില്ലെങ്കിൽ പല തരത്തിലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ വ്യാപകമാവുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെയാണു പൊലീസിനും ആഭ്യന്തര വകുപ്പിനും ഇത്രയേറെ പ്രാധാന്യമുള്ളത്. പലപ്പോഴും പരാതികൾ ഉയരാറുണ്ടെങ്കിലും നിയമവാഴ്ച സംരക്ഷിക്കുന്നതിലും പൊതുസമാധാനം നിലനിർത്തുന്നതിലും കേരള പൊലീസ് മെച്ചപ്പെട്ട പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. പട്രോളിങ് നടത്തുന്നതിലും സംശയാസ്പദമായ സാഹചര്യങ്ങൾ പരിശോധിക്കുന്നതിലുമൊക്കെ പരമാവധി ശ്രദ്ധിക്കുന്നതു കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടുവരുന്നതിനു സഹായിക്കും. ആ നിലയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പൊലീസിന്‍റെ മെഗാ കോംബിങ് ഓപ്പറേഷൻ ശ്രദ്ധേയമാവുന്നത്. ഇത്തരം ഓപ്പറേഷനുകൾ തുടരുന്നതു നാടിനു ഗുണകരമായി മാറും.

കുറ്റകൃത്യങ്ങൾ തടയുക, ലഹരിമരുന്നു വ്യാപനവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു സംസ്ഥാനത്തൊട്ടാകെ ‌"മെഗാ കോംപിങ്-2' ഓപ്പറേഷൻ പൊലീസ് നടത്തിയത്. ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്‍റെ നേതൃത്വത്തിൽ നവംബർ 21നു വൈകിട്ടു നാലു മുതൽ രാത്രി 10 വരെയും നവംബർ 22നു പുലർച്ചെ 12 മുതൽ രാവിലെ ആറു വരെയും രണ്ടു ഘട്ടങ്ങളിലായാണ് 20 പൊലീസ് ജില്ലകളിലും പരിശോധന നടത്തിയത്. വാഹന പരിശോധനയുടെ ഭാഗമായി സംസ്ഥാനത്താകെ 34,180 വാഹനങ്ങളാണു പരിശോധിച്ചത്. ഇതിൽ 2,780 ടൂറിസ്റ്റ് വാഹനങ്ങളും ഉൾപ്പെടുന്നു. ഇതിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 1,708 കേസുകൾ രജിസ്റ്റർ ചെയ്തു എന്നാണു പറയുന്നത്. പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിങ് പരിശോധനയിൽ ആകെ 66 കേസുകൾ കണ്ടെത്തിയെന്നും പറയുന്നുണ്ട്. വ്യാജ നമ്പർ പ്ലേറ്റ് പരിശോധനയിൽ അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തുവത്രേ. ലഹരിമരുന്ന് വിരുദ്ധ നടപടികളുടെ ഭാഗമായി 259 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 157 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എംഡിഎംഎയും കഞ്ചാവും ഒക്കെ കണ്ടെടുക്കുകയുണ്ടായി.

അബ്കാരി നിയമപ്രകാരം 685 കേസുകളാണു രജിസ്റ്റർ ചെയ്തത്. കോട്പ പ്രകാരം 248 കേസുകളും ഗെയിമിങ് ആക്റ്റ് പ്രകാരം 16 കേസുകളും പ്രത്യേക-പ്രാദേശിക നിയമങ്ങൾ പ്രകാരം 338 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതികളിൽ നിന്നുള്ള 122 വാറന്‍റുകളും 641 നോൺ ബെയ്‌ലബിൾ വാറന്‍റുകളും നാലു കരുതൽ തടങ്കൽ ഉത്തരവുകളും നടപ്പാക്കി. ഗുരുതര കുറ്റകൃത്യങ്ങളിലെ 28 പ്രതികളെയും ഒളിവിലായിരുന്ന മൂന്നു കുറ്റവാളികളെയും അറസ്റ്റ് ചെയ്തു. 244 സംശയാസ്പദ കേന്ദ്രങ്ങൾ, 1,159 ലോഡ്ജുകൾ, 224 ഒളിത്താവളങ്ങൾ എന്നിവയിലും പരിശോധന നടത്തി. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി 1,152 പരിശോധനകൾ സംഘടിപ്പിച്ചു. കാപ്പ നിയമപ്രകാരം 46 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതൊക്കെ പൊലീസ് തന്നെ നൽകുന്ന കണക്കുകളാണ്. ഏതാനും മണിക്കൂറുകൾ കൊണ്ട് ഇത്രയേറെ കുറ്റകൃത്യങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ കഴിഞ്ഞെങ്കിൽ ഇത്തരം കോംബിങ് ഓപ്പറേഷനുകൾ തുടരുന്നത് എത്രമാത്രം ഗുണകരമാവുമെന്നു വ്യക്തമാണല്ലോ. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഒരു പ്രധാന സ്ഥാനം തന്നെ ഇത്തരം ഓപ്പറേഷനുകൾക്കു നൽകാവുന്നതാണ്.

വാഹന പരിശോധനയുടെ കണക്കു തന്നെ നോക്കുക. അപകടങ്ങൾ ആവർത്തിച്ചിട്ടും അതൊന്നും പ്രശ്നമാക്കാതെ മദ്യപിച്ചു വാഹനമോടിക്കുന്നവർ ഇപ്പോഴും നിരവധിയാണ്. നമ്മുടെ പൊതു നിരത്തുകളിൽ മറ്റുള്ളവർക്ക് അവർ ഉയർത്തുന്ന ഭീഷണി ചെറുതൊന്നുമല്ല. പല വിധത്തിലുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഇവിടെ നടന്നിട്ടുണ്ട്. പരിശോധനയിൽ പിടിക്കപ്പെട്ടവർക്കെതിരേ നടപടികളുണ്ടാവുന്നുണ്ട്. എന്നിട്ടും അതൊന്നും ഗൗനിക്കാത്തവർ ഇപ്പോഴും റോഡുകളിൽ ഭീഷണി ഉയർത്തുന്നുണ്ട് എന്നത് എല്ലാവർക്കും ബോധ്യമുള്ളതാണ്. നെടുമ്പാശേരി എയർപോർട്ട് റോഡിൽ അത്താണി എയർപോർട്ട് സിഗ്നൽ കവലയ്ക്കു സമീപം അമിത വേഗത്തിൽ വന്ന ആഡംബര കാറിടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മൂന്നു യുവാക്കൾ മരിച്ച ദുരന്തം കേരളത്തെയാകെ ഞെട്ടിച്ചതാണ്. അപകടത്തിനു കാരണമായ കാറോടിച്ചിരുന്ന 19കാരൻ മദ്യലഹരിയിലായിരുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

മദ്യപിച്ചു വാഹനമോടിക്കുന്നവർക്കെതിരേ അതിശക്തമായ പരിശോധനകൾ തന്നെയാണ് ഉണ്ടാവേണ്ടത്. അതു വല്ലപ്പോഴുമല്ല, തുടർച്ചയായി തന്നെ ഉണ്ടാവണം. കൊച്ചി ചേരാനല്ലൂരിൽ അഡീഷനൽ ജഡ്ജിയുടെ പതിനേഴുകാരനായ മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവവും കേരളം വലിയ തോതിൽ ചർച്ച ചെയ്തതാണ്. അതിനുശേഷവും പ്രായപൂർത്തിയാകാത്തവർ വണ്ടിയോടിച്ച പല കേസുകൾ കണ്ടെത്തി എന്നത് അതിശയിപ്പിക്കുന്നു. ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിനു സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ വളരെ ഫലപ്രദമായി മുന്നോട്ടുപോകുന്നുണ്ട്. ആയിരക്കണക്കിനാളുകൾ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ലഹരിമരുന്നു കേസുകളിൽ ശക്തമായ നടപടി തുടരേണ്ടതുണ്ടെന്നു കോംബിങ് ഓപ്പറേഷൻ തെളിയിക്കുകയാണ്.