
ഇന്ത്യൻ ജനാധിപത്യത്തിനു കരുത്തു പകരുന്നതും വളരെയേറെ പ്രാധാന്യമുള്ള തർക്കങ്ങളിൽ വ്യക്തമായ ഉത്തരങ്ങൾ നൽകുന്നതുമാണ് മഹാരാഷ്ട്ര, ഡൽഹി സർക്കാരുകളുമായി ബന്ധപ്പെട്ട് ഇന്നലെ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവുകൾ. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാരിനോട് നിയമസഭയിൽ വിശ്വാസ വോട്ട് തേടാൻ നിർദേശിച്ച അന്നത്തെ ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ നടപടി ഭരണഘടനാപരമായി തെറ്റെന്ന് കോടതി വിധിച്ചിരിക്കുകയാണ്. താക്കറെയ്ക്ക് നിയമസഭയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് വിശ്വസിക്കാനുള്ള വസ്തുതകളൊന്നും ഗവർണറുടെ പക്കലുണ്ടായിരുന്നില്ല. ശിവസേനയിലെ ഉൾപ്പാർട്ടി പ്രശ്നങ്ങളിൽ ഗവർണറുടെ ഇടപെടൽ ശരിയായില്ല. ഉദ്ധവ് താക്കറെയോടു പിണങ്ങിപ്പിരിഞ്ഞ ഇപ്പോഴത്തെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ നിന്നുള്ള ഭരത് ഗോഗാവാലയെ ശിവസേനയുടെ വിപ്പായി അംഗീകരിച്ച അന്നത്തെ സ്പീക്കറുടെ തീരുമാനവും നിയമവിരുദ്ധമാണെന്ന് കോടതി വിശദീകരിക്കുകയാണ്.
ഉദ്ധവ് താക്കറെയുടെ മഹാ വികാസ് അഘാഡി സർക്കാരിനെ അട്ടിമറിക്കാൻ ഗവർണറും സ്പീക്കറും ജനാധിപത്യ വിരുദ്ധമായി കൂട്ടുനിന്നു എന്നായിരുന്നു വിശാലസഖ്യം ആരോപിച്ചിരുന്നത്. കോടതി വിധി ഇതു ശരിവച്ചിരിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും "ജനാധിപത്യ വിരുദ്ധ' നീക്കങ്ങൾക്കെതിരായ വിജയമായാണ് പ്രതിപക്ഷം ഇതിനെ കാണുന്നതും. കഴിഞ്ഞ വർഷം ജൂണിലാണ് ശിവസേനയിലെ പിളർപ്പിനെത്തുടർന്ന് സർക്കാരിനു മാറ്റം വരുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ ഉണ്ടാകുന്നത്. സഭയിൽ വിശ്വാസ വോട്ടിനു കാത്തുനിൽക്കാതെ രാജിവച്ചതു കൊണ്ട് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിസ്ഥാനത്തു പുനഃസ്ഥാപിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കുകയാണ്. അപ്പോഴും ഗവർണറുടെയും സ്പീക്കറുടെയും ഭരണഘടനാ വിരുദ്ധമായ നീക്കങ്ങൾ ഇനി എവിടെയും ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പായി തുടരും. ഈ വിധിയോടെ ഷിൻഡെ സർക്കാരിനു തുടരാനുള്ള ധാർമിക അവകാശം നഷ്ടപ്പെട്ടതായി പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഡൽഹിയിൽ ആം ആദ്മി പാർട്ടി (എഎപി) സർക്കാരിന്റെ സ്വതന്ത്രമായ പ്രവർത്തനങ്ങൾക്കു കടിഞ്ഞാണിടുന്ന കേന്ദ്ര നിലപാടുകൾക്കെതിരേയാണ് ഭരണഘടനാ ബെഞ്ചിന്റെ മറ്റൊരു വിധി. ഡൽഹിയിലെ ഭരണപരമായ അധികാരം ആർക്കെന്ന വിഷയത്തിൽ കോടതിയുടെ തീർപ്പ് അരവിന്ദ് കെജരിവാൾ സർക്കാരിനെ സന്തോഷിപ്പിക്കുന്നതാണ്. പൊതുക്രമം, പൊലീസ്, ഭൂമി എന്നിവയൊഴികെ എല്ലാ വിഷയങ്ങളിലും ഡൽഹി സർക്കാരിന് നിയമ നിർമാണത്തിനും അതു നടപ്പാക്കാനുമുള്ള അധികാരമുണ്ടെന്നു കോടതി വിധിച്ചു. അതുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെ മേലും സംസ്ഥാന സർക്കാരിന് അധികാരമുണ്ടായിരിക്കും. ലഫ്. ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന ഡൽഹി സർക്കാരിന്റെ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഉദ്യോഗസ്ഥർക്കു മേൽ നിയന്ത്രണമുണ്ടാവണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡൽഹിയിലെ ലഫ്. ഗവർണർ സർക്കാരിന്റെ ഉപദേശം പാലിക്കാൻ ബാധ്യസ്ഥനാണെന്ന് 2018ൽ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. ഇത് കോടതി ആവർത്തിച്ചിരിക്കുകയാണ്.
ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഭരണസംവിധാനത്തിന്റെ ലക്ഷ്യം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരേയാണ് കോടതിയുടെ ഉത്തരവ് വിരൽചൂണ്ടുന്നത്. സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പാക്കേണ്ടത് ഉദ്യോഗസ്ഥരാണ്. അവരെ നിയന്ത്രിക്കാൻ സംസ്ഥാനത്തെ മന്ത്രിമാർക്ക് അധികാരമില്ലെങ്കിൽ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ നോക്കുകുത്തിയായി മാറുന്ന അവസ്ഥയുണ്ടാവും. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരിന് അധികാരമുള്ള എല്ലാ വിഷയങ്ങളിലും ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിനും അധികാരം വേണ്ടതാണ്. ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും അടിസ്ഥാന തത്വങ്ങൾ ഈ വിധിയിൽ കോടതി ഓർമിപ്പിക്കുന്നുണ്ട്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നതാണത്.
കേന്ദ്ര സർക്കാരും ഡൽഹി സർക്കാരും തമ്മിലുള്ള അധികാര വടംവലികൾക്ക് 2014 മുതലുള്ള ചരിത്രമുണ്ട്. ലഫ്. ഗവർണറും സംസ്ഥാന സർക്കാരും സഹകരിച്ചു പ്രവർത്തിക്കണമെന്ന് 2018ലെ വിധിയിൽ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാണിച്ചിരുന്നു. 2019 ഫെബ്രുവരി 14ന് ഇതുമായി ബന്ധപ്പെട്ട് രണ്ടംഗ ബെഞ്ചിന്റെ മറ്റൊരു വിധിയുണ്ടായി; വിഭിന്നമായ അഭിപ്രായങ്ങളോടെ. സേവനങ്ങൾക്കു മേൽ ഡൽഹി സർക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൻ വിധിച്ചപ്പോൾ ജസ്റ്റിസ് എ.കെ. സിക്രി ഇതിനോടു യോജിച്ചില്ല. ജസ്റ്റിസ് അശോക് ഭൂഷന്റെ 2019ലെ വിധിയോടു യോജിപ്പില്ലെന്ന് ഭരണഘടനാ ബെഞ്ച് വിശദീകരിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന് ജനകീയ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാൻ കോടതി വിധി ഉപകരിക്കട്ടെ. ഉദ്യോഗസ്ഥർ സഹകരിക്കാത്തതിനാൽ സർക്കാർ പദ്ധതികൾ പരാജയപ്പെടുന്ന അവസ്ഥ എവിടെയായാലും ഉണ്ടാവരുത്. ഉദ്യോഗസ്ഥർ മന്ത്രിമാർക്കു റിപ്പോർട്ട് ചെയ്യുന്നില്ലെന്നു വന്നാൽ കോടതി ചൂണ്ടിക്കാണിക്കുന്നതു പോലെ കൂട്ടുത്തരവാദിത്വത്തെയാണ് അതു ബാധിക്കുക.