ചെസിൽ വീണ്ടും ഇന്ത്യൻ തിളക്കം

ലോക വനിതാ ചെസിലെ ഏക്കാലത്തെയും മികച്ച താരമായി അറിയപ്പെടുന്ന ജൂഡിറ്റ് പോൾഗർ എക്സിൽ കുറിച്ചതു പോലെ ഇന്ത്യൻ ചെസിലെ അവിശ്വസനീയ കുതിപ്പാണിത്
Editorial on Indian surge in chess Divya Deshmukh

ദിവ്യ ദേശ്മുഖ്

Updated on

ലോക ചെസിൽ ഇന്ത്യയുടെ യുവതാരങ്ങൾ ഏറെ അഭിമാനകരമായ നേട്ടങ്ങൾ സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനു ചെസ് പ്രേമികൾക്ക് ആവേശം പകരുന്ന പ്രകടനങ്ങളാണു ലോക മത്സര വേദികളിൽ നിന്നുണ്ടാവുന്നത്. ചെസിലെ ലോകകപ്പ് നേടാനുള്ള അത്ഭുത ബാലൻ ആർ. പ്രജ്ഞാനന്ദയുടെ കുതിപ്പ് ഫൈനലിലെ ടൈബ്രേക്കർ വരെ എത്തിയത് 2023ൽ ആണ്. ലോക ചെസിലെ ഒന്നാം നമ്പറുകാരനും അഞ്ചു ലോക ചാംപ്യൻഷിപ്പ് കിരീടങ്ങളുടെ ഉടമയുമായ നോർവേയുടെ മാഗ്നസ് കാൾസണോടു പൊരുതിയാണ് അന്ന് പതിനെട്ടു വയസു മാത്രം പ്രായമുണ്ടായിരുന്ന പ്രജ്ഞാനന്ദ കീഴടങ്ങിയത്. ലോക രണ്ടാം നമ്പറുകാരൻ ഹികാരു നകമുറ, മൂന്നാം നമ്പറുകാരൻ ഫാബിയാനോ കരുവാന തുടങ്ങിയവരെ വമ്പൻ അട്ടിമറികളിലൂടെ പിന്തള്ളാൻ പ്രജ്ഞാനന്ദയ്ക്കു കഴിഞ്ഞു. ഫൈനലിലാകട്ടെ രണ്ടു ഗെയിമുകളും സമനിലയിൽ പിടിച്ച് മത്സരം ടൈബ്രേക്കറിലേക്കു നീട്ടുകയും ചെയ്തു. റാപ്പിഡ് ഫോർമാറ്റിലുള്ള ടൈബ്രേക്കറിൽ മുപ്പത്തിരണ്ടുകാരനായ കാൾസന്‍റെ അനുഭവ പരിചയം മാത്രമാണു പ്രജ്ഞാനന്ദയ്ക്കു പ്രശ്നം സൃഷ്ടിച്ചത്. ലോകകപ്പിന്‍റെ ഫൈനൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ഈ ചെന്നൈക്കാരൻ അന്നു സ്വന്തം പേരിലാക്കി.

അതിനു പിന്നാലെയാണ് കഴിഞ്ഞ വർഷം മറ്റൊരു ചെന്നൈ താരം പുതിയൊരു അദ്ഭുതത്തിലേക്കും കരുനീക്കിയത്. ഡി. ഗുകേഷ് എന്ന പതിനെട്ടുകാരൻ ലോക ചെസ് ചാംപ്യൻഷിപ്പ് കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായപ്പോൾ അത് ഇന്ത്യൻ ചെസിനൊരു വഴിത്തിരിവായി മാറി. വിശ്വനാഥൻ ആനന്ദിനു ശേഷം ലോക ചെസ് ചാംപ്യൻഷിപ്പ് കിരീടം നേടിയ ഇന്ത്യക്കാരൻ എന്നതാണ് ഗുകേഷിന്‍റെ തിളക്കം കൂട്ടുന്നത്. നിലവിലുള്ള ചാംപ്യൻ ചൈനയുടെ ഡിങ് ലിറനെതിരേ 14 റൗണ്ട് പോരാട്ടത്തിൽ അവസാന മത്സരത്തിലെ അട്ടിമറി വിജയത്തിലൂടെയായിരുന്നു ഗുകേഷിന്‍റെ ചാംപ്യൻ പട്ടം ഉറച്ചത്. ഇപ്പോഴിതാ വനിതാ ചെസിലും അഭിമാനിക്കാവുന്ന നേട്ടം ഇന്ത്യ കൈവരിച്ചിരിക്കുന്നു. ജോർജിയയിലെ ബാതുമിയിൽ നടന്ന വനിതാ ചെസ് ലോകകപ്പിൽ മഹാരാഷ്ട്രയിൽ നിന്നുള്ള യുവതാരം ദിവ്യ ദേശ്മുഖാണ് ജേതാവായിരിക്കുന്നത്. പത്തൊൻപതുകാരിയായ ദിവ്യ കലാശപ്പോരിൽ തോൽപ്പിച്ചത് ഇന്ത്യൻ ചെസിലെ ഇതിഹാസ താരങ്ങളിലൊരാളായ കൊനേരു ഹംപിയെയാണ് എന്നതും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. വനിതാ ചെസിലെ ചൈനയുടെ ആധിപത്യത്തെയാണ് ഈ ലോകകപ്പിലൂടെ ഇന്ത്യ ചോദ്യം ചെയ്തിരിക്കുന്നത്. ചൈനയിൽ നിന്നു വന്ന ഒമ്പതംഗ വനിതാ സംഘത്തിന് മൂന്നാം സ്ഥാനത്തിനപ്പുറം മുന്നോട്ടു പോകാനായില്ല.

ലോക വനിതാ ചെസിലെ ഏക്കാലത്തെയും മികച്ച താരമായി അറിയപ്പെടുന്ന ജൂഡിറ്റ് പോൾഗർ എക്സിൽ കുറിച്ചതു പോലെ ഇന്ത്യൻ ചെസിലെ അവിശ്വസനീയ കുതിപ്പാണിത്. രണ്ട് ഇന്ത്യൻ വനിതകൾ തമ്മിൽ ലോകകപ്പിന്‍റെ ഫൈനലിൽ പൊരുതുക എന്നത് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നു തന്നെ കരുതണം. ഇന്ത്യൻ വനിതാ ടീം കഴിഞ്ഞവർഷം ചെസ് ഒളിംപ്യാഡ് സ്വർണമെഡൽ നേടിയതിനു പിന്നാലെയാണ് ഈ നേട്ടം എന്നതു കൂടി ഓർക്കണമെന്ന് ജൂഡിറ്റ് ചൂണ്ടിക്കാണിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി വനിതാ ചെസിലെ പ്രമുഖ ശക്തിയാണു ചൈന. വനിതാ ലോക ചാംപ്യൻഷിപ്പ് ചരിത്രത്തിലെ 17 ചാംപ്യൻമാരിൽ ആറു പേരും ചൈനയിൽ നിന്നുള്ളവരാണ്. എന്നാൽ, ലോകകപ്പിന്‍റെ കഴിഞ്ഞ മൂന്നു പതിപ്പിലും വിജയിക്കാൻ ചൈനയ്ക്കായിട്ടില്ല എന്നതു കൂടി ഇതോടു ചേർത്തു പറയണം. ലോക ചെസിലെ ഏതു താരത്തെയും നേരിടാൻ തയാറാണ് ഇന്ത്യൻ യുവതലമുറ എന്നാണ് ദിവ്യയുടെ വിജയം കാണിക്കുന്നത്. ഇനി ചൈനയ്ക്ക് ഇന്ത്യയെ ചെറുതായി കാണാനേ കഴിയില്ല. ലോകകപ്പിലെ സ്വർണവും വെള്ളിയും ഇന്ത്യക്കാരുടെ കൈയിലാണെന്ന് അവർക്ക് ഓർക്കേണ്ടിവരും.

കൊനേരു ഹംപിയുടെ പകുതി പ്രായം മാത്രമാണു ദിവ്യയ്ക്കുള്ളത്. താരതമ്യത്തിൽ അനുഭവ പരിചയവും കുറവ്. ലോകകപ്പ് തുടങ്ങുമ്പോൾ കീരീടസാധ്യതയുള്ളവരുടെ കൂട്ടത്തിലൊന്നും ദിവ്യ ഉണ്ടായിരുന്നില്ല. പക്ഷേ, അത്ഭുതകരമായ നീക്കങ്ങളിലൂടെ സകലരെയും ഞെട്ടിച്ചു ഈ യുവതാരം. കലാശപ്പോരിൽ റാപ്പിഡ് ടൈബ്രേക്കറിലെ രണ്ടാം മത്സരത്തിൽ കൊനേരുവിനെ പരാജയപ്പെടുത്തിയാണു ദിവ്യ ചരിത്രം കുറിച്ചത്. ഇതോടെ ഇന്ത്യയുടെ എൺപത്തിയെട്ടാം ഗ്രാൻഡ് മാസ്റ്ററായും ദിവ്യ മാറിയിട്ടുണ്ട്. ഗ്രാൻഡ് മാസ്റ്റർ പട്ടം ലഭിക്കുന്ന നാലാമത്തെ ഇന്ത്യൻ വനിതയുമാണു ദിവ്യ. കൊനേരുവും ആർ. വൈശാലിയും ഹരിക ദ്രോണവല്ലിയുമാണു മറ്റു മൂന്നു പേർ. ക്ലാസിക്കൽ റൗണ്ടിലെ രണ്ടു മത്സരങ്ങളും സമനിലയിൽ കലാശിച്ചതോടെയാണു ദിവ്യയും കൊനേരുവും കിരീടത്തിനായി ടൈബ്രേക്കറിൽ പോരടിച്ചത്. ഇന്ത്യയിലെ ഒന്നാം നമ്പറും റാപ്പിഡ് ചെസിലെ ലോക ചാംപ്യനുമായ കൊനേരുവിന് ടൈബ്രേക്കറിൽ മുൻതൂക്കം ലഭിക്കുമെന്നു സകലരും കരുതിയിരുന്നു. ടൈബ്രേക്കറിലെ ആദ്യ ഗെയിം സമനിലയിലാണു പിരിഞ്ഞത്. രണ്ടാം ഗെയിമിൽ സമ്മർദ്ദത്തിലായ കൊനേരു തുടർച്ചയായ പിഴവുകൾ വരുത്തിയപ്പോൾ അതു മുതലാക്കുകയായിരുന്നു ദിവ്യ ചെയ്തത്. നാലാം റൗണ്ടിൽ ചൈനയുടെ സു ജിനറിനെയും ക്വാർട്ടറിൽ ഇന്ത്യയുടെ ഹരികയെയും സെമിയിൽ ചൈനയുടെ ടാൻ സോങ് യിയെയുമാണ് ദിവ്യ തോൽപ്പിച്ചത്. ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റ്സ് എന്നിങ്ങനെയുള്ള ചെസിന്‍റെ എല്ലാ ഫോർമാറ്റിലും മികവു കാണിക്കുന്ന താരമാണു ദിവ്യ. ഇനിയും നിരവധിയായ നേട്ടങ്ങൾ ഈ താരം സ്വന്തമാക്കാനിരിക്കുന്നതേയുള്ളൂ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com