വൈകാതെ നടപ്പാവട്ടെ, ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ ഗംഭീര വിജയത്തിന് "ഇന്ദിരാ ഗാരന്‍റി' പ്രഖ്യാപനം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
 May it be implemented soon, Umman Chandy Health Insurance

വൈകാതെ നടപ്പാവട്ടെ,

ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ്

Updated on: 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ ഗംഭീര വിജയത്തിന് "ഇന്ദിരാ ഗാരന്‍റി' പ്രഖ്യാപനം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്ര, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെ മെഡിക്കൽ പരിരക്ഷ ഉറപ്പാക്കുന്ന ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി, യുവാക്കൾക്കും ചെറുകിട സംരംഭകർക്കും ബിസിനസുകൾ ആരംഭിക്കുന്നതിന് അഞ്ചു ലക്ഷം രൂപ വരെ പലിശരഹിത വായ്പ, കോളെജ് വിദ്യാർഥിനികൾക്കു പ്രതിമാസം 1000 രൂപ വീതം ധനസഹായം, ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർധിപ്പിക്കൽ എന്നിവ ഇന്ദിരാ ഗ്യാരന്‍റിയിൽ യുഡിഎഫ് നൽകിയ വാഗ്ദാനങ്ങളാണ്. കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്ര പ്രിയദർശിനി പദ്ധതിയെന്ന പേരിൽ പുതിയ സർക്കാർ അധികാരത്തിലേറി വൈകാതെ തന്നെ നടപ്പാക്കി. ഇക്കഴിഞ്ഞ 22നാണ് പദ്ധതി 100 ദിനം പിന്നിട്ടത്. പദ്ധതി നടപ്പായതോടെ കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണുണ്ടായത്. പ്രതിദിനം ശരാശരി 12.93 ലക്ഷം സ്ത്രീകൾ ഇങ്ങനെ സൗജന്യമായി യാത്ര ചെയ്യുന്നു എന്നാണു കണക്ക്. ദിവസവും യാത്ര ചെയ്യേണ്ടി വരുന്ന ലക്ഷക്കണക്കിനു സ്ത്രീകൾക്കു പ്രതിമാസം നല്ലൊരു തുക മിച്ചം പിടിക്കാൻ സൗജന്യ യാത്ര ഉപകരിക്കുന്നു എന്നാണു സർക്കാർ പറയുന്നത്. കുടുംബ ബജറ്റിനെ ഇതു സ്വാധീനിക്കും എന്നതു മാത്രമല്ല സ്ത്രീശാക്തീകരണത്തിലും പുതിയൊരു ചുവടായി ഇതു മാറുകയാണ്.

ഇന്ദിരാ ഗ്യാരന്‍റിയിലെ അതിപ്രധാനമായ മറ്റൊരു പദ്ധതിയാണ് ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ്. ജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പദ്ധതി. ആരോഗ്യ മേഖലയിലെ സർക്കാർ സഹായം എത്രമാത്രം വലുതായാലും അധികമാവില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ഓരോ ദിവസം ചെല്ലുന്തോറും ചികിത്സാചെലവ് കുത്തനെ വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ചികിത്സാ ചെലവ് പല മടങ്ങായി വർധിച്ചിട്ടുണ്ട്. പല വൻകിട ആശുപത്രികളും ബഹുരാഷ്ട്ര കമ്പനികൾ ഏറ്റെടുത്തിരിക്കുന്നു. കുത്തകകളുടെ കുത്തൊഴുക്കിൽ ചെറുകിട ചികിത്സാ കേന്ദ്രങ്ങൾക്കു പിടിച്ചുനിൽക്കാനാവാതെ വരുന്നു. സർക്കാർ ആശുപത്രികളിൽ വേണ്ടത്ര ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും കഴിയുന്നില്ല. സ്വകാര്യ ആശുപത്രികളിലേക്കു വൻ തോതിൽ നിക്ഷേപമൊഴുകുന്നതിനൊപ്പം ചികിത്സാ ചെലവുകളും കുതിച്ചുയരുന്നുണ്ട്. പലപ്പോഴും ചികിത്സയ്ക്ക് ലക്ഷക്കണക്കിനു രൂപ ആവശ്യമായി വരുന്നു.

ജീവിതശൈലീ രോഗങ്ങൾ അടക്കം പലവിധ രോഗങ്ങൾ പിടിപെട്ട് ദീർഘകാല ചികിത്സ ആവശ്യമായിട്ടുള്ള ലക്ഷക്കണക്കിനാളുകൾ കേരളത്തിലുണ്ട്. വയോജനങ്ങൾ വർധിച്ചുവരുന്ന നാട് എന്ന നിലയിൽ പ്രത്യേക പ്രാധാന്യം തന്നെ ചികിത്സാ രംഗത്തിനു നൽകേണ്ടതുമുണ്ട്. അപ്രതീക്ഷിതമായ ചികിത്സാചെലവുകൾ പല കുടുംബങ്ങൾക്കും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതു നമുക്കറിയാം. സമ്പാദ്യം പൂർണമായും ചോർത്തുന്നതു മാത്രമല്ല കുടുംബം കടക്കെണിയിലാവുകയും ചെയ്യുന്നു. വേണ്ടപ്പെട്ടവരുടെ ചികിത്സ കഴിയുമ്പോൾ മുന്നോട്ടുള്ള ജീവിതം പ്രതിസന്ധിയിലായിത്തീരുന്ന കുടുംബങ്ങൾ ഇന്നു സംസ്ഥാനത്തുണ്ട്. ഓരോ കുടുംബത്തിനും ആരോഗ്യ ഇൻഷ്വറൻസ് പോളിസി ഉണ്ടായിരിക്കണം എന്നതു കാലത്തിന്‍റെ അനിവാര്യതയാണ്. പക്ഷേ, എല്ലാവർക്കും അതു സാധ്യമാവുന്നില്ല. ചെറിയ പോളിസികളൊന്നും പോരാതെ വരും എന്നതും വസ്തുതയാണ്.

ഗുരുതരമായ രോഗങ്ങൾ പിടിപെടുന്ന ആളുകൾക്ക് ചികിത്സിക്കാൻ പണമില്ലാതെ വരുമ്പോൾ ജീവിതത്തിൽ അവർക്കുള്ള പ്രതീക്ഷ തന്നെ നഷ്ടപ്പെടുകയാണ്. ഇവിടെയാണ് കൈ പിടിക്കാൻ സർക്കാർ ഒപ്പമുണ്ടാവേണ്ടതിന്‍റെ ആവശ്യകത. അതിനാൽ തന്നെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വരെ മെഡിക്കൽ പരിരക്ഷ ഉറപ്പാക്കുമെന്നു സർക്കാർ ഉറപ്പു നൽകുമ്പോൾ ജനങ്ങൾ എത്രമാത്രം ആശ്വാസത്തോടെയാണ് അതിനെ കാണുന്നത് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. സംസ്ഥാനത്ത് ഇതുവരെ നടപ്പിലാക്കിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളെക്കാളൊക്കെ വലിയ പരിരക്ഷയാണു സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എത്രയും വേഗം അതു നടപ്പായി കാണാൻ നാട് ആഗ്രഹിക്കുന്നു.

പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡിപിആർ) തയാറാക്കുന്നതിനായി ഇൻഷ്വറൻസ് രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് നാലു മാസത്തിനകം സമർപ്പിക്കാനാണു സമിതിക്കു സർക്കാർ നിർദേശം നൽകിയിരിക്കുന്നതത്രേ. വരുമാനത്തിന്‍റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ പരമാവധി കുറച്ച് സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നു മന്ത്രി വ്യക്തമാക്കുന്നുണ്ട്. എംപാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുന്ന രീതിയിൽ കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേന പദ്ധതി നടപ്പാക്കുന്നതും പരിഗണനയിലുണ്ടെന്നു പറയുന്നു. ‌നിലവിലുള്ള ആരോഗ്യ ഇൻഷ്വറൻസ്, പൊതുജനാരോഗ്യ ധനസഹായ പദ്ധതികളുമായി പുതിയ പദ്ധതിയെ ഏകോപിപ്പിക്കുന്നതും പരിശോധിക്കപ്പെടുന്നുണ്ട്. ഇൻഷ്വറൻസ് പദ്ധതിയുടെ പ്രാരംഭ നടപടിക്രമങ്ങളെല്ലാം അലംഭാവമില്ലാതെ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയണം.

logo
Metro Vaartha
www.metrovaartha.com