ഏതു സ്വാതന്ത്ര്യത്തിനും പരിധിയുണ്ട് | മുഖപ്രസംഗം

കലയെ അടുത്തറിഞ്ഞിട്ടുള്ള നർത്തകിയും നൃത്താധ്യാപികയുമാണ് സത്യഭാമ. എന്നിട്ടും അവർ കലയിൽ നിറം കലർത്തുന്നതാണ് സമൂഹത്തെ അത്ഭുതപ്പെടുത്തിയത്.
kalamandalam sathyabhama controversy editorial
kalamandalam sathyabhama controversy editorial

ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത് നർത്തകി കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശങ്ങളാണ്. നേരിട്ടു പേരു പറഞ്ഞില്ലെങ്കിലും പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ഉദ്ദേശിച്ച് എന്ന സൂചന ലഭിക്കുന്ന തരത്തിൽ വംശീയമായി അധിക്ഷേപിച്ച് ഒരു ചാനൽ അഭിമുഖത്തിൽ സംസാരിച്ച സത്യഭാമ പൊതുസമൂഹത്തിന് അംഗീകരിക്കാനാവാത്ത വാക്കുകൾക്കാണ് കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നീടും തന്‍റെ വാക്കുകളെ മാധ്യമങ്ങൾക്കു മുന്നിൽ വീണ്ടും വീണ്ടും ന്യായീകരിച്ച് വിമർശനത്തിനു സ്വയം ശക്തി കൂട്ടുകയായിരുന്നു അവർ. സ്വാഭാവികമായും സോഷ്യൽ മീഡിയയിലും ഈ വിവാദം നിറഞ്ഞു.

അതിശക്തമായ സൈബർ അധിക്ഷേപമാണ് താൻ ഇപ്പോൾ നേരിടുന്നതെന്ന് കഴിഞ്ഞദിവസം സത്യഭാമ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുകയുണ്ടായി. തന്‍റെ കുടുംബത്തെയും സ്വകാര്യതയെയും സൈബർ ആക്രമണം നടത്തുന്നവർ വലിച്ചിഴയ്ക്കുന്നുണ്ടെന്നും അവർക്കു പരാതിയുണ്ട്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല തന്‍റെ പരാമർശങ്ങളെന്നും അവർ വിശദീകരിക്കുന്നു. താൻ ചില യുട്യൂബ് ചാനലുകളോടു പറഞ്ഞ കാര്യത്തെ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും അവർ ആരോപിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെടുന്നതും റീലുകൾ വരുന്നതും സത്യഭാമയെ പരിഹസിച്ചുകൊണ്ടാണ് എന്ന യാഥാർഥ്യം തള്ളിക്കളയാവുന്നതല്ല. ഇത്തരത്തിൽ അതിക്രൂരമായ സൈബർ ആക്രമണം നടത്തുന്നത് ആർക്കായാലും വേദനയുണ്ടാക്കും.

എന്നാൽ, ഇതുപോലുള്ള ആക്രമണങ്ങൾക്കു സ്വയം അവസരമുണ്ടാക്കിക്കൊടുക്കാതിരിക്കാൻ കൂടി വിവാദ പ്രസ്താവനകൾ നടത്തുന്നവർ ശ്രദ്ധ നൽകേണ്ടതാണ്. വ്യക്തിസ്വാതന്ത്ര്യം എന്നു പറയുന്നത് മറ്റുള്ളവരെ അധിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമല്ല. പരിഷ്കൃത സമൂഹത്തിനു യോജിക്കാത്ത പരാമർശങ്ങളുണ്ടായാൽ സമൂഹത്തിൽ നിന്ന് തിരിച്ചും മറുപടിയുണ്ടാവും. അത് ചിലപ്പോൾ വളരെ കടുപ്പമുള്ളതുമാവും. ഞാൻ എന്തു പറഞ്ഞാലും കേട്ടുകൊള്ളണം എന്നു ധരിക്കുന്ന എല്ലാവരും അതു തിരിച്ചറിയേണ്ടതാണ്. തെറ്റു പറ്റിയാൽ അതു സമ്മതിക്കാനുള്ള മനസ് കാണിക്കുന്നതു കുറച്ചിലൊന്നുമല്ല. അബദ്ധം സംഭവിച്ച ശേഷവും ദുർവാശി കാണിക്കുന്നത് സാഹചര്യം കൂടുതൽ വഷളാക്കുകയേയുള്ളൂ.

""കറുത്ത നിറമുള്ളവർ മോഹിനിയാട്ടം മത്സരത്തിന് ഇറങ്ങരുത്, പുരുഷൻമാർ- പ്രത്യേകിച്ച് സൗന്ദര്യമില്ലാത്തവർ മോഹിനിയാട്ടം കളിക്കരുത്'' തുടങ്ങിയ സത്യഭാമയുടെ പരാമർശങ്ങളാണു വിവാദമായത്. അതിൽ തന്നെ കറുത്ത നിറത്തെ അധിക്ഷേപിക്കുന്ന തരത്തിൽ ""കാക്കയുടെ നിറമാണ്, പെറ്റ തള്ള പോലും കണ്ടാൽ സഹിക്കില്ല'' തുടങ്ങിയ പരാമർശങ്ങളും അവർ നടത്തിയിരുന്നു. കറുത്തവർക്കെതിരായ സത്യഭാമയുടെ നിലപാടിനാണ് സമൂഹത്തിൽ നിന്ന് അതിനിശിതമായ വിമർശനം നേരിടേണ്ടിവന്നത്. രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക നേതാക്കളടക്കം മുഴുവൻ ആളുകളും ഈ നിലപാടിനെതിരേ രംഗത്തുവന്നതു സ്വാഭാവികമാണ്.

സത്യഭാമയുടെ പ്രസ്താവനയെയും പ്രതികരണങ്ങളെയും അപലപിച്ചുകൊണ്ട് കേരള കലാമണ്ഡലം തന്നെ രംഗത്തുവരികയുണ്ടായി. പരിഷ്കൃത സമൂഹത്തിനു നിരക്കാത്ത പ്രസ്താവനയാണ് സത്യഭാമയുടേത് എന്നായിരുന്നു വിസിയും രജിസ്ട്രാറും വാർത്താകുറിപ്പിൽ വ്യക്തമാക്കിയത്. സത്യഭാമയെപ്പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്‍റെ പേരു ചേർക്കുന്നത് സ്ഥാപനത്തിനു കളങ്കമാണെന്നും പൂർവ വിദ്യാർഥി എന്നതിനപ്പുറം സത്യഭാമയ്ക്ക് കലാമണ്ഡലവുമായി ഒരു ബന്ധവുമില്ലെന്നും അവർ പ്രസ്താവനയിൽ വിശദീകരിച്ചു.

കലയെ അടുത്തറിഞ്ഞിട്ടുള്ള നർത്തകിയും നൃത്താധ്യാപികയുമാണ് സത്യഭാമ. എന്നിട്ടും അവർ കലയിൽ നിറം കലർത്തുന്നതാണ് സമൂഹത്തെ അത്ഭുതപ്പെടുത്തിയത്. ശരീര സൗന്ദര്യം നോക്കി കലയെ അളക്കുന്നതാണ് അതിശയിപ്പിക്കുന്നത്. കലയിൽ ഇതുപോലെ വേർതിരിവുകൾ ഉണ്ടാക്കുന്നത് പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവുന്നതല്ല. കലാപഠനത്തിന് ഒരു വിഭാഗം ആളുകൾക്കു മാത്രം അവസരമുണ്ടായിരുന്ന പഴയ കാലമൊക്കെ മാറിപ്പോയെന്ന് ഇപ്പോഴും അംഗീകരിക്കാനാവാത്ത ആളുകൾ ഇവിടെയുണ്ട് എന്നു വരുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഒരു കലാകാരനെ അയാളുടെ നിറത്തിന്‍റെ പേരിൽ പരസ്യമായി അധിക്ഷേപിക്കാനോ പരിഹസിക്കാനോ ഇറങ്ങിപ്പുറപ്പെടുമ്പോൾ അതെത്ര നിന്ദ്യമാണെന്ന് എന്തുകൊണ്ടാണ് ആലോചിക്കാതെ പോകുന്നത്. കല ഒരു വരദാനമാണ്. അതിനെ ആ അർഥത്തിൽ തന്നെ കാണാനാവണം.

Trending

No stories found.

Latest News

No stories found.