കാരുണ്യം വഴിമുട്ടരുത് | മുഖപ്രസംഗം

നിർഭാഗ്യവശാൽ സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി തുടർച്ചയായി കാരുണ്യ പദ്ധതിക്കു വിഘ്നങ്ങളുണ്ടാക്കുകയാണ്
കാരുണ്യം വഴിമുട്ടരുത് | മുഖപ്രസംഗം

പാവപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങൾക്കു പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ വരെ ചികിത്സ സൗജന്യമായി നൽകുന്ന സർക്കാർ പദ്ധതിയായ "കാരുണ്യ' പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുന്നതു വളരെ നിർഭാഗ്യകരമാണെന്നു പ്രത്യേകം പറയേണ്ടതില്ല. 42 ലക്ഷത്തോളം കുടുംബങ്ങളുടെ ആശ്രയമായ ഈ പദ്ധതി ഏറ്റവും പ്രാധാന്യത്തോടെ നടത്തിക്കൊണ്ടുപോകേണ്ടതാണ്. 64 ലക്ഷത്തോളം ഗുണഭോക്താക്കളാണ് ഈ പദ്ധതിക്കുള്ളത് എന്നാണു കണക്ക്. ഇവരുടെ ചികിത്സയിൽ ഏതു സമയത്തും ഒരു തടസവും നേരിടാതെ ‌പദ്ധതി നടത്തിക്കൊണ്ടുപോയാൽ പൊതുജനാരോഗ്യ രംഗത്ത് കേരളത്തിന്‍റെ യശസ് ഒരു പടി കൂടി ഉയരും. ദരിദ്രരും ദുർബലരുമായവർ വേണ്ടസമയത്തു വേണ്ട ചികിത്സ കിട്ടാതെ ദുരിതം അനുഭവിക്കുന്നത് ഒഴിവാകുകയും ചെയ്യും. നിർഭാഗ്യവശാൽ സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി തുടർച്ചയായി കാരുണ്യ പദ്ധതിക്കു വിഘ്നങ്ങളുണ്ടാക്കുകയാണ്.

സർക്കാരിന്‍റെ കാരുണ്യം വഴിമുട്ടുന്നത് പാവപ്പെട്ട രോഗികൾക്കു വിനയാകുന്നുവെന്നു പലവട്ടം റിപ്പോർട്ടുകളുണ്ടായി. യഥാസമയം ചികിത്സാ ചെലവ് ആശുപത്രികൾക്കു നൽകാൻ സർക്കാരിനു കഴിയാത്തതാണു പ്രശ്നമാവുന്നത്. ഇങ്ങനെ കുടിശ്ശിക കുന്നുകൂടിയതോടെ പല സ്വകാര്യ ആശുപത്രികളും പദ്ധതിയിൽ നിന്നു പിൻമാറുകയും ചെയ്തു. ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കാനുള്ള പാവപ്പെട്ടവരുടെ അവസരമാണ് ഇതുവഴി ചുരുങ്ങുന്നത്. ഏറെ പരാതികൾ ഉയർന്നിട്ടും ഈ ചികിത്സാ പദ്ധതിക്കുള്ള ഫണ്ട് തടസമില്ലാതെ ലഭ്യമാക്കാൻ സർക്കാരിനൊരു പദ്ധതിയില്ല എന്നതു നിരാശപ്പെടുത്തുന്നതാണ്. മുൻപ് 400ൽ ഏറെ ആശുപത്രികൾ ഈ പദ്ധതിയിൽ അംഗങ്ങളായിരുന്നു. അതിപ്പോൾ 350 ആയി ചുരുങ്ങിയിട്ടുണ്ട്. ഇനിയും പല ആശുപത്രികളും പദ്ധതിയിൽ നിന്നു പിന്മാറാനുള്ള ആലോചനകളിലാണത്രേ.

ഇപ്പോൾ സ്വകാര്യ ആശുപത്രികൾക്ക് 500 കോടിയോളം രൂപയുടെ കുടിശ്ശികയാണു സർക്കാർ നൽകാനുള്ളത്. ഏഴു മാസത്തെ ചികിത്സാ ചെലവാണ് ഇതെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ പറയുന്നു. വായ്പയെടുത്തും മറ്റു പലവിധത്തിൽ പണം സ്വരൂപിച്ചും ആശുപത്രികൾ നടത്തിക്കൊണ്ടുപോകുന്നവർക്ക് കോടികളുടെ കുടിശ്ശിക എന്നുകിട്ടുമെന്നുപോലും അറിയാതെ ബാക്കികിടക്കുന്നത് വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുക. ഇനിയും പണം കിട്ടാതെ സൗജന്യ ചികിത്സ നടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്നാണു പല ആശുപത്രികളും പറയുന്നത്. കുടിശ്ശിക കിട്ടിയില്ലെങ്കിൽ അത്യാഹിത വിഭാഗങ്ങളിൽ എത്തുന്നവർക്കു മാത്രമേ പദ്ധതിയുടെ ആനുകൂല്യം നൽകൂവെന്ന് സ്വകാര്യ ആശുപത്രികൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ആശുപത്രികൾ കാരുണ്യ ചികിത്സ പരിമിതപ്പെടുത്തിയാൽ അതു പാവപ്പെട്ടവരെ നല്ലതുപോലെ ബാധിക്കും എന്നുറപ്പാണ്. സ്വകാര്യ മെഡിക്കൽ കോളെജുകൾക്ക് ഇരുപതും ഇരുപത്തഞ്ചുമൊക്കെ കോടി രൂപ വീതം കുടിശ്ശികയുണ്ടെന്നാണ് പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ വ്യക്തമാക്കുന്നത്. കുടിശ്ശിക കൂടിക്കൊണ്ടിരിക്കുമ്പോഴും സർക്കാരിൽ നിന്നു കിട്ടുന്നതു ചെറിയൊരു വിഹിതം മാത്രമാണത്രേ. കുടിശ്ശിക തീർക്കാൻ അനുവദിക്കുന്ന തുകയിൽ കൂടുതലും സർക്കാർ ആശുപത്രികൾക്കാണു നൽകുന്നതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാൽ, സർക്കാർ ആശുപത്രികളിലെ ചികിത്സയും പ്രതിസന്ധി നേരിടുന്നുണ്ട് എന്നതാണു വാസ്തവം. മെഡിക്കൽ കോളെജുകളിൽ ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ക്ഷാമം നേരിടുന്നുവെന്നു റിപ്പോർട്ടുകളുണ്ട്. ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുന്നതടക്കം പ്രശ്നങ്ങളാണു പറഞ്ഞുകേൾക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലാത്തതിനാൽ ആൻജിയോ ഗ്രാമും ആൻജിയോ പ്ലാസ്റ്റിയും മുടങ്ങുമെന്ന ആശങ്ക കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നു. ഇതു ഹൃദ്രോഗികളെ ആശങ്കപ്പെടുത്തുന്നതാണ്. കോടിക്കണക്കിനു രൂപയുടെ കുടിശ്ശിക നൽകാത്തതിനാൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ വിതരണം ചെയ്തിരുന്ന കമ്പനി വിതരണം നിർത്തിയതാണു പ്രതിസന്ധിയുണ്ടാക്കുന്നത്. വളരെ അത്യാവശ്യമുള്ള ശസ്ത്രക്രിയ മാത്രമേ നടത്താനാവൂ എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സംസ്ഥാനത്തെ മറ്റു ചില സർക്കാർ മെഡിക്കൽ കോളെജുകളിലും ശസ്ത്രക്രിയാ ഉപകരണങ്ങൾ വളരെ കുറച്ചു മാത്രമേ ബാക്കിയുള്ളൂ. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിസന്ധി രൂക്ഷമായേക്കും.

മെഡിക്കൽ കോളെജുകളിലെ ശസ്ത്രക്രിയാ മുറികളും കാത്ത് ലാബും പൂട്ടിയിടേണ്ട അവസ്ഥ ഒരു ദിവസം പോലും ഉണ്ടാവാതെ നോക്കേണ്ടതുണ്ട്. വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികളിലായി കോടിക്കണക്കിനു രൂപയാണ് സർക്കാരിൽ നിന്നു മെഡിക്കൽ കോളെജുകൾക്കു ലഭിക്കേണ്ടത്. അതു കൃത്യസമയത്തു നൽകാൻ കഴിഞ്ഞില്ലെങ്കിൽ സാധാരണക്കാരുടെ ആശ്രയ കേന്ദ്രങ്ങളാണ് പ്രതിസന്ധിയിലാവുക. പണം മുടക്കുന്നവർക്കു മാത്രം ചികിത്സ എന്ന നിലയിലേക്കു കാര്യങ്ങൾ എത്താൻ അനുവദിച്ചുകൂടാ. ഗുരുതരമായി രോഗം ബാധിച്ചവരുടെ പോലും ശസ്ത്രക്രിയകൾ ഉപകരണങ്ങളുടെ അഭാവത്തിൽ മാറ്റിവയ്ക്കേണ്ടിവരും. അത് അവരുടെ ജീവനു ഭീഷണിയാവുകയും ചെയ്യും. അതു തിരിച്ചറിയേണ്ടതു സർക്കാരാണ്.

ഹൃദ്രോഗ ചികിത്സയ്ക്കായുള്ള സ്റ്റെന്‍റിനു കുറവു വന്നാൽ അതു പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. ഏതെങ്കിലും മെഡിക്കൽ കോളെജിൽ സ്റ്റെന്‍റിനു കുറവുണ്ടായാൽ അത് ആശുപത്രികളിൽ നേരിട്ട് എത്തിക്കുമെന്നാണ് മന്ത്രി പറയുന്നത്. ഓരോ ആശുപത്രിയും സ്റ്റെന്‍റിന്‍റെ സ്റ്റോക്ക് വിവരം കൃത്യമായി വിലയിരുത്തണമെന്നും കുറവു വരാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും ആശുപത്രി സൂപ്രണ്ടുമാർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെടുന്നു. ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങാതിരിക്കാൻ ആരോഗ്യ മന്ത്രാലയം അടിയന്തര ശ്രദ്ധ നൽകുന്നു എന്നതു നല്ലകാര്യം തന്നെയാണ്. അതിനൊപ്പം വിതരണക്കാർക്കും ആശുപത്രികൾക്കും നൽകാനുള്ള കുടിശ്ശിക യഥാസമയം തീർത്ത് ചികിത്സാ രംഗത്ത് ഉയരുന്ന ആശങ്ക എന്നേക്കുമായി അവസാനിപ്പിക്കാനും സർക്കാരിനു കഴിയണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com