
കരുവന്നൂർ സഹകരണ ബാങ്ക് വായ്പാതട്ടിപ്പു കേസിലെ ആദ്യ കുറ്റപത്രം എന്ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) കോടതിയിൽ സമർപ്പിച്ചത് ഒരാഴ്ച മുൻപാണ്. അമ്പത്തഞ്ചു പ്രതികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രത്തിനു പന്തീരായിരത്തിലേറെ പേജുകളാണുള്ളത്. കേസിലെ അന്വേഷണം അവിടം കൊണ്ട് അവസാനിക്കുന്നില്ല. തുടർ നടപടികളിലേക്ക് ഇഡി കടന്നിട്ടുണ്ട്. തട്ടിപ്പിലെ ഉന്നത ഇടപെടലിൽ അന്വേഷണം തുടരുകയാണെന്ന് ആദ്യ കുറ്റപത്രത്തിൽ ഇഡി വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം നീളുമെന്ന സൂചനയാണുള്ളത്. രാഷ്ട്രീയ തലത്തിൽ നടന്ന ഉന്നത ഇടപെടലുകളാണ് തട്ടിപ്പ് എളുപ്പമാക്കിയതെന്നാണു നിഗമനം.
സഹകരണ തട്ടിപ്പിന്റെയും കള്ളപ്പണ ഇടപാടുകളുടെയും അമ്പരപ്പിക്കുന്ന വിവരങ്ങളാണ് കരുവന്നൂരിൽ നിന്നു പുറത്തുവന്നിട്ടുള്ളത്. സാധാരണക്കാരായ നിരവധി നിക്ഷേപകരെ വഞ്ചിച്ചു കോടികൾ അടിച്ചുമാറ്റിയവർ എത്രയോ ആളുകളുടെ ജീവിത സ്വപ്നങ്ങളാണു തല്ലിത്തകർത്തത്. ലക്ഷങ്ങൾ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച് വഞ്ചിതരായി ചികിത്സയ്ക്കും മക്കളുടെ വിവാഹത്തിനും പണമില്ലാതെ നരകിച്ചു ജീവിക്കുന്നവരുടെ ദയനീയാവസ്ഥ കേരളം അറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ കേസിന്റെ പുരോഗതി സംസ്ഥാനം മുഴുവൻ സസൂക്ഷ്മം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇഡി തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കിലേക്കും കടന്നിരിക്കുന്നത്.
കണ്ടല ബാങ്കിലും ഉദ്യോഗസ്ഥരുടെ വസതികളിലും ഇന്നലെ നടന്ന ഇഡി റെയ്ഡ് കേന്ദ്രസേനയുടെ സുരക്ഷയിലായിരുന്നു. കരുവന്നൂരിൽ 300 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ആരോപണം ഉയർന്നത്. 90 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് ഇഡി കുറ്റപത്രത്തിൽ പറയുന്നുമുണ്ട്. കണ്ടലയിൽ 100 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നുവെന്നാണു പറയുന്നത്. നിരവധി നിക്ഷേപകർ ഇതു സംബന്ധിച്ചു പൊലീസിൽ പരാതി നൽകിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലാത്ത നിക്ഷേപകർ നൽകിയ പരാതിയിലാണ് ഇപ്പോൾ ഇഡിയുടെ അന്വേഷണവും ആരംഭിച്ചിരിക്കുന്നത്. കണ്ടലയിലെ തട്ടിപ്പു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് അടുത്തിടെ സഹകരണ രജിസ്ട്രാർ ഇഡിക്കു കൈമാറിയിരുന്നു. ബാങ്കിന്റെ പ്രസിഡന്റായിരുന്ന സിപിഐ നേതാവിനെതിരേ തന്നെ നിരവധി പരാതികളാണുള്ളത്.
തട്ടിപ്പുകാർക്കെതിരേ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ല എന്ന പരാതി വളരെ ഗൗരവമായി കാണേണ്ടതാണ്. രാഷ്ട്രീയ സ്വാധീനമുള്ളവർ നടത്തുന്ന തട്ടിപ്പുകൾക്കെതിരേ പൊലീസ് മെല്ലപ്പോക്കു നയം സ്വീകരിക്കുന്നത് സ്വാഭാവികമായും കേന്ദ്ര അന്വേഷണ ഏജൻസികളുടെ കടന്നുവരവിനു സാധ്യത വർധിപ്പിക്കുകയാണ്. കുറ്റക്കാർ ശിക്ഷിക്കപ്പെടാൻ കേന്ദ്ര ഏജൻസികളുടെ ഇടപെടൽ ഉണ്ടാവണമെന്നു വരുന്നത് ജനങ്ങളുടെ വിശ്വാസവും അവരിൽ മാത്രമാക്കിമാറ്റും. സഹകരണ മേഖലയിൽ ഇഡിയുടെ കടന്നുകയറ്റത്തെക്കുറിച്ച് ആക്ഷേപങ്ങൾ ഉന്നയിക്കുമ്പോൾ തട്ടിപ്പുകളിൽ രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കാനുള്ള ആർജവവും സർക്കാർ കാണിക്കേണ്ടിയിരിക്കുന്നു.
കണ്ടലയിൽ വർഷങ്ങളായി തുടർന്ന ഭരണസമിതിയുടെ കെടുകാര്യസ്ഥത സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ 2021ൽ തന്നെ കണ്ടെത്തിയതാണ്. 57 കോടിയിലേറെ രൂപ മുൻ ഭാരവാഹികളിൽ നിന്നും സെക്രട്ടറിമാരിൽ നിന്നും തിരിച്ചുപിടിക്കണമെന്ന് അന്വേഷണ റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. പ്രസിഡന്റായിരുന്ന സിപിഐ നേതാവിൽ നിന്നു മാത്രം അഞ്ചു കോടിയിലേറെ രൂപയാണു തിരിച്ചുപിടിക്കാൻ നിർദേശിച്ചത്. അനധികൃത വായ്പകൾ അനുവദിച്ചതും അനധികൃതമായി ജീവനക്കാരെ നിയമിച്ചതും അടക്കമുള്ള ക്രമക്കേടുകൾ അന്വേഷണത്തിൽ ചൂണ്ടിക്കാണിച്ചതാണ്. നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടെങ്കിലും തുടർ നടപടികൾ എങ്ങുമെത്തിയില്ല. പണം നഷ്ടപ്പെട്ട 1,500ൽ അധികം നിക്ഷേപകരുടെ ദുഃഖവും കണ്ണീരുമാണു കാണാതെ പോയത്.
കരുവന്നൂരും കണ്ടലയും മാത്രമല്ല, ക്രമക്കേടും തട്ടിപ്പുകളും നടന്ന സഹകരണ ബാങ്കുകൾ വേറെയുമുണ്ട്. കാലാവധി പൂർത്തിയായിട്ടും നിക്ഷേപം തിരികെ നൽകാനാവാത്ത 164 സഹകരണ സംഘങ്ങളുണ്ടെന്ന് കഴിഞ്ഞ വർഷം നിയമസഭയിൽ വ്യക്തമാക്കപ്പെട്ടതാണ്. ഇതിൽ തന്നെ കണ്ടല അടക്കം മുപ്പത്തേഴു സംഘങ്ങളും തിരുവനന്തപുരത്താണ്. സഹകരണ മേഖലയിൽ നിക്ഷേപകരുടെ താത്പര്യം പൂർണമായി സംരക്ഷിക്കപ്പെടുന്നുവെന്ന് ഇനിയും ഉറപ്പുവരുത്താൻ കഴിയുന്നില്ലെങ്കിൽ മേഖലയിലുണ്ടാകാവുന്ന പ്രതിസന്ധിക്ക് മറ്റാരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.