കേരളത്തിനും മറികടക്കണം, യുഎസ് തീരുവയുടെ ആഘാതം

കേരളത്തിൽ നിന്ന് അമെരിക്കയിലേക്കു കയറ്റിഅയയ്ക്കുന്ന പല വസ്തുക്കളും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അമിത തീരുവയിൽ അകപ്പെടും
കേരളത്തിനും മറികടക്കണം, യുഎസ് തീരുവയുടെ ആഘാതം | Kerala also faces US tariff war

കേരളത്തിൽ നിന്ന് അമെരിക്കയിലേക്കു കയറ്റിഅയയ്ക്കുന്ന പല വസ്തുക്കളും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അമിത തീരുവയിൽ അകപ്പെടും.

Updated on

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് അമെരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവ രാജ്യത്തെ മൊത്തം കയറ്റുമതിയെ ഗുരുതരമായി ബാധിച്ചേക്കാമെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. ഈ പ്രതിസന്ധി എങ്ങനെ മറികടക്കാമെന്ന് ബന്ധപ്പെട്ട എല്ലാവരും ആലോചിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിനും അങ്ങനെയൊരു ആലോചനയും പരിശോധനയുമൊക്കെ വളരെ ഗൗരവത്തിൽ നടത്തേണ്ടിവന്നിരിക്കുകയാണ്. കേരളത്തിൽ നിന്ന് അമെരിക്കയിലേക്കു കയറ്റിഅയയ്ക്കുന്ന പല വസ്തുക്കളും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അമിത തീരുവയിൽ അകപ്പെടും. കയറ്റുമതിയിലുണ്ടാവുന്ന ഇടിവ് കേരളത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയിൽ പ്രതിഫലിക്കാം. അതുകൊണ്ടുതന്നെ സാഹചര്യങ്ങളുടെ വിശദമായ വിലയിരുത്തൽ അനിവാര്യമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ചൂണ്ടിക്കാണിക്കുന്നതുപോലെ കേരളത്തിന്‍റെ കാർഷികോത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് അമെരിക്ക. കശുവണ്ടി, അരി, പച്ചക്കറികൾ, സംസ്കരിച്ച പഴങ്ങൾ, ധാന്യപ്പൊടി എന്നിവയുടെ കയറ്റുമതിയുടെ 20 ശതമാനത്തിലധികവും അമെരിക്കയിലേക്കാണ്.

രാജ്യത്ത് ഏറ്റവും കൂടുതൽ സമുദ്രോത്പന്ന സംസ്കരണ യൂണിറ്റുകളുള്ളതും കേരളത്തിലാണ്. അമെരിക്കയുടെ അധിക തീരുവ നമ്മുടെ സമുദ്രോത്പന്ന കയറ്റുമതിയെയും സാരമായി ബാധിക്കും. സമീപകാലത്തായി സമുദ്രോത്പന്ന കയറ്റുമതിയിൽ നല്ല മുന്നേറ്റം കാഴ്ചവയ്ക്കാൻ കേരളത്തിനു കഴിയാതിരിക്കുകയാണ്. രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് കേരളമുള്ളത്; ആന്ധ്ര പ്രദേശിനും തമിഴ്നാടിനും പിന്നിൽ. കയറ്റുമതി വർധിപ്പിക്കുന്നതിന് മൂല്യവർധിത ഉത്പന്നങ്ങളിലേക്കു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുപോലുള്ള നടപടികൾ ആവശ്യമായിരിക്കെയാണ് അമെരിക്കയുടെ തീരുവ ഭീഷണിയും ഉയരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയുടെ 36 ശതമാനവും അമെരിക്കയിലേക്കാണ്. 17 ശതമാനമുള്ള ചൈനയാണു രണ്ടാം സ്ഥാനത്ത്. യൂറോപ്പിലേക്ക് 15 ശതമാനവും ദക്ഷിണേഷ്യയിലേക്ക് 13 ശതമാനവുമാണ് സമുദ്രോത്പന്ന കയറ്റുമതിയുടെ വിഹിതം. രാജ്യത്ത് ഏറ്റവുമധികം സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന തുറമുഖങ്ങളിൽ മൂന്നാം സ്ഥാനത്ത് കൊച്ചിയുണ്ട്. അമെരിക്കയിലേക്കുള്ള കയറ്റുമതി ദുർബലപ്പെട്ടാൽ അതു കേരളത്തെ എത്രമാത്രം ബാധിക്കുമെന്ന് ഇതിൽ നിന്നൊക്കെ വ്യക്തമാണ്. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിപ്പിക്കുക, പുതിയ വിപണി കണ്ടെത്തുക തുടങ്ങിയ മാർഗങ്ങളിലൂടെ തിരിച്ചടി സാധ്യത ഒഴിവാക്കാൻ ശ്രമിക്കേണ്ടതുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിന്‍റെ കാർഷികോത്പന്ന കയറ്റുമതി വലിയ മുന്നേറ്റമാണുണ്ടാക്കിയത്. 4,699 കോടി രൂപയുടെ കാർഷികോത്പന്നങ്ങൾ 2024-25 സാമ്പത്തിക വർഷം കേരളത്തിൽ നിന്ന് കയറ്റി അയച്ചു. 6.86 ലക്ഷം ടൺ ഉത്പന്നങ്ങൾ എന്നാണു കണക്ക്. 2023-24ൽ 4,520 കോടി രൂപയുടെ കാർഷികോത്പന്ന കയറ്റുമതിയാണുണ്ടായത്. 6.77 ലക്ഷം ടൺ ഉത്പന്നങ്ങളാണ് കയറ്റി അയച്ചത്. ആഗോള തലത്തിൽ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും കേരളത്തിന്‍റെ കാർഷികോത്പന്ന കയറ്റുമതിയിൽ ഇടിവുണ്ടായില്ല എന്നതു ശ്രദ്ധേയമാണ്. ഈ കയറ്റുമതിയൊക്കെയും നടന്നത് കേരളത്തിലെ തുറമുഖങ്ങളും വിമാനത്താവളങ്ങളും വഴിയാണ്. കാർഷികോത്പന്ന കയറ്റുമതിയിൽ ഇനിയും വലിയ സാധ്യതകൾ കേരളത്തിനു മുന്നിലുണ്ട്. അത് ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാവണം. അമെരിക്കയുടെ തീരുവ ഭീഷണി അതുവഴി മറികടക്കാനാവണം. യുഎഇ കഴിഞ്ഞാൽ ഇന്ത്യൻ കാർഷികോത്പന്നങ്ങളുടെ പ്രധാന ആവശ്യക്കാർ അമെരിക്കയാണ്. അവിടെ തിരിച്ചടിയേൽക്കുന്നത് ഒട്ടും ചെറിയ കാര്യമല്ല.

കേരളത്തെ പ്രമുഖ ക‍യറ്റുമതി കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ കയറ്റുമതി പ്രോത്സാഹന നയത്തിനു രൂപം നൽകിയിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ കയറ്റുമതി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതു പോലുള്ള നടപടികൾ ഇതിന്‍റെ ഭാഗമാണ്. കയറ്റുമതി യൂണിറ്റുകളുടെ മത്സരശേഷി മെച്ചപ്പെടുത്തുന്നതിന് നൈപുണ്യ വികസനവും ശേഷി വികസനവും പ്രോത്സാഹിപ്പിക്കുമെന്നും നയം പറയുന്നുണ്ട്. പരമ്പരാഗത മേഖലകൾക്ക് അകത്തും പുറത്തുമുള്ള പുതിയ കയറ്റുമതി അവസരങ്ങളും സാധ്യതയുള്ള വിപണികളും സർക്കാർ കണ്ടെത്തുമെന്നും നയം പറയുന്നു. കയറ്റുമതിയിൽ ഉയർന്ന വളർച്ചാ സാധ്യതയുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതും ലക്ഷ്യമാണ്. പ്രോത്സാഹന നയം ഏറ്റവും കാര്യക്ഷമമായി നടപ്പാക്കേണ്ട അവസരമാണിത്. അമെരിക്കൻ തീരുവ ഉയർത്തുന്ന ഭീഷണി മറികടക്കുന്നതിന് ഇന്ത്യൻ വ്യവസായ മേഖലയ്ക്കായി 2,250 കോടി രൂപയുടെ കയറ്റുമതി പ്രോത്സാഹന മിഷൻ ഉപയോഗപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച കയറ്റുമതി പ്രോത്സാഹന മിഷൻ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ലളിതമായ വായ്പാ പദ്ധതികൾ അടക്കം ഉൾക്കൊള്ളുന്നതാണ്. കയറ്റുമതിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ പ്രയോജനപ്പെടുത്താൻ കേരളത്തിനും കഴിയേണ്ടതുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com